കൊല്ലം: കുട്ടികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കല്ലുവാതുക്കലിലെ അങ്കണവാടി ജീവനക്കാർക്കെതിരെ നടപടി. അങ്കണവാടി വർക്കർ ഉഷാകുമാരിയെയും ഹെൽപ്പർ സജ്ന ബീവിയെയും സസ്പെൻഡ് ചെയ്തു. ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫിസറുടേതാണ് നടപടി.

കല്ലുവാതുക്കൽ അങ്കണവാടിയിലെ നാല് കുട്ടികളാണ് ചികിത്സ തേടിയത്. അന്വേഷണത്തിൽ ഉഷയും സജ്‌നയും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അങ്കണവാടിയിൽനിന്നു ഭക്ഷണം കഴിച്ചാണു കുട്ടികൾക്ക് അവശത അനുഭവപ്പെട്ടതെന്നു രക്ഷിതാക്കൾ ആരോപിച്ചിരുന്നു.

അതേസമയം കായംകുളത്തെ ഭക്ഷ്യ വിഷബാധയിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് ഉടൻ വിവരങ്ങൾ അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

കായംകുളം പുത്തൻ റോഡ് ടൗൺ യുപി സ്‌കൂളിൽ നിന്ന് കഴിഞ്ഞ ദിവസം ഉച്ചഭഷണം കഴിച്ച കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യവും വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. സ്‌കൂളിൽ നിന്ന് ചോറും സാമ്പാറും പയറുമായിരുന്നു കുട്ടികൾ കഴിച്ചത്. 20 കുട്ടികളാണ് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയത്.

സംഭവത്തെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാരോട് റിപ്പോർട്ട് തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സിവിൽ സപ്ലൈസ് കോർപറേഷൻ നൽകിയ സാധനങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊതുവി?ദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തും.

അതിനിടെ കൊട്ടാരക്കര കല്ലുവാതുക്കൽ അങ്കണവാടിയിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച കുട്ടികൾക്കും അസ്വസ്ഥത ഉണ്ടായി. കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ പരിശോധനയിൽ പുഴുവരിച്ച അരി കണ്ടെത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. ചികിത്സ തേടിയ നാല് കുട്ടികളും ആശുപത്രി വിട്ടു.

കഴിഞ്ഞ ദിവസം വിഴിഞ്ഞം വെങ്ങാനൂർ ഉച്ചക്കട എൽഎം എൽപി സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച 35 കുട്ടികൾക്കു ഭക്ഷ്യ വിഷബാധയേറ്റിരുന്നു. വീടുകളിൽ നിന്ന് ഭക്ഷണം കൊണ്ടുവന്ന കുട്ടികൾക്കും പ്രശ്‌നമുണ്ടായെന്നാണു സ്‌കൂൾ അധികൃതർ പറയുന്നത്. ഭക്ഷ്യ വിഷബാധയെ തുടർന്ന് സ്‌കൂൾ അഞ്ച് ദിവസത്തേക്ക് അടച്ചിരുന്നു.