- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംഗീകാരമില്ലാത്ത ലാബുകളുടെ പരിശോധനാഫലം കോടതികൾ തള്ളും; വിഷം നിറച്ച് ഷവർമ്മ വിറ്റാലും കേസിനൊടുവിൽ രക്ഷപ്പെടുക ഹോട്ടലുടമകൾ; ഭക്ഷ്യ സുരക്ഷയിൽ വീഴ്ചയായി ഈ കുറവുകൾ; അക്രെഡിറ്റേഷൻ ലാബുകൾ അനിവാര്യതയാകുമ്പോൾ
തിരുവനന്തപുരം:കേരളത്തിൽ എന്തു ഭക്ഷണം ആരു കൊടുത്താലും ഒന്നും സംഭവിക്കില്ല. ഭക്ഷ്യസാംപിളുകളുടെ പരിശോധനയ്ക്കുള്ള കേരളത്തിലെ മൂന്നു മേഖലാ ലാബുകളിലും മൈക്രോബയോളജി വിഭാഗത്തിന് എൻ.എ.ബി.എൽ. (നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ ലബോട്ടറീസ്) അക്രെഡിറ്റേഷനില്ലാത്തതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ കേസുകൾക്ക് ബലമുണ്ടാകില്ല.
അംഗീകാരമില്ലാത്ത ലാബുകളുടെ പരിശോധനാഫലം കോടതികൾ തള്ളും. അതുകൊണ്ട് തന്നെ ഭക്ഷ്യ സുരക്ഷാ കേസുകളിൽ വിധി എപ്പോഴും പ്രതിക്ക് അനുകൂലമാകും. തിരുവനന്തപുരം ഗവ.അനലിസ്റ്റ്സ് ലാബ്, കാക്കനാടും കോഴിക്കോടുമുള്ള റീജണൽ അനലറ്റിക്കൽ ലാബ് എന്നിവിടങ്ങളിലെ മൈക്രോബയോളജി വിഭാഗത്തിന് എൻ.എ.ബി.എൽ. അംഗീകാരം കിട്ടാത്തതിനുകാരണം അടിസ്ഥാനസൗകര്യക്കുറവാണ്. കെമിക്കൽ വിഭാഗത്തിന് അംഗീകാരമുണ്ട്.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യമുണ്ടാകുമ്പോൾ മൈക്രോ ബയോളജി ലാബുകളുടെ പരിശോധനാഫലം നിർണായകമാണ്. തിരുവനന്തപുരത്ത് മൂന്നുമൈക്രോ ബയോളജിസ്റ്റ് തസ്തികയിൽ ഒരെണ്ണം ഒഴിഞ്ഞുകിടക്കുന്നു. ഒരു റിസർച്ച് ഓഫീസറുണ്ട്. കാക്കനാട്ടും കോഴിക്കോടും ഓരോ മൈക്രോബയോളജിസ്റ്റേയുള്ളു. ഇത് ജോലിഭാരം കൂട്ടും. ഇതെല്ലാം അക്രഡിറ്റേഷൻ കിട്ടാൻ തടസ്സമാണ്. സർക്കാരിന് അതിവേഗം പരിഹരിക്കാവുന്ന പ്രശ്‌നമാണ് ഇത്. എന്നാൽ ഒന്നും ചെയ്യുന്നില്ല.
സ്ഥലം ഉൾപ്പെടെ ലാബിനുവേണ്ട പ്രാഥമിക സൗകര്യക്കുറവ് പരിഹരിക്കുന്നില്ലെന്നതാണ് വസ്തുത. യന്ത്രവത്കൃത സൂക്ഷ്മാണു പരിശോധനാസംവിധാനമില്ലാത്തതും തിരിച്ചടിയാണ്. ഓരോ ലാബിലും ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ റിസർച്ച് ഓഫീസർ, റിസർച്ച് ഓഫീസർ, അനലിസ്റ്റുമാർ എന്നിവർ വേണമെന്നാണ് ചട്ടം. എന്നാൽ ഇതൊന്നും ചെയ്യാൻ സർക്കാർ നടപടി എടുക്കുന്നില്ല. അതുകൊണ്ട് തന്നെ വിഷ ഷവർമ്മ വിറ്റാലും കേസിൽ ജയം ഹോട്ടലുടമയ്ക്കാകും.
സംസ്ഥാനത്ത് എൻഫോഴ്സ്മെന്റ് നടപടികൾക്ക് മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെക്കൂടി ഉൾപ്പെടുത്തി സ്‌ക്വാഡുണ്ടാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉത്തരവിട്ടിരുന്നു. ഇതോടെ സീനിയർ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ പരിശോധനയ്ക്കിറങ്ങി. ഇതും ചട്ടപ്രകാരം ശരിയല്ല. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിശ്ചിത യോഗ്യതയുള്ളവരേ പരിശോധിക്കാവൂ എന്നിരിക്കയാണ് ഈ ഉത്തരവ്.
ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിൽ, സംസ്ഥാനത്തെ പരിശോധനാനടപടികൾ ഏകോപിപ്പിക്കേണ്ട ജോയന്റ് കമ്മിഷണറുടെ തസ്തികയിൽ രണ്ടുവർഷമായി ആളില്ല.
മറുനാടന് മലയാളി ബ്യൂറോ