തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയ്ക്ക് ഒരു മേധാവിയുണ്ടെന്ന് വ്യക്തമായത ടിവി അനുപമ ഐഎഎസ് മേധാവിയായിരുന്നപ്പോഴാണ്. വൻകിടക്കാരെന്നോ ചെറുകിടക്കാരെന്നോ വ്യത്യാസമില്ലാതെ നടപടികളുമായി മുന്നോട്ടു പോയ അനുപമയ്ക്ക് വലിയ ജനപിന്തുണ ലഭിക്കുകയും ചെയ്തു. യുഡിഎഫ് സർക്കാറിന്റെ കാലത്ത് അനുപമ തുടങ്ങിവച്ച നടപടിക്രമങ്ങളിൽ വിട്ടുവീഴ്‌ച്ചയില്ലാതെ മുന്നോട്ടു പോകുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഉൽപ്പന്നങ്ങളിൽ മായം ചേർക്കുന്നത് തടയാൻ വേണ്ടി പരിശോധനകൾ കർക്കശമാക്കാൻ പുതിയ സർക്കാറും നിർദ്ദേശം നൽകി. ഭക്ഷ്യസുക്ഷാ മേധാവിയായ അനുപമ പ്രസവാവധിയിൽ പോയെങ്കിലും ഉദ്യോഗസ്്ഥർ പരിശോധനാ നടപടികളിൽ വീഴ്‌ച്ച വരുത്തിയിട്ടില്ല.

ഗുണനിലവാരമില്ലാത്തതും മായം കലർന്നതുമായ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനായി കർശന നിലപാടുകൾ സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷന് സർക്കാർ നിർദ്ദേശം നൽകിയതോടെ സംസ്ഥാനത്ത് വ്യാപകമായി തന്നെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ആദ്യ രണ്ട് ദിവസത്തെ പരിശോധനയിൽ ബ്രാഹ്മിൺസ് അടക്കമുള്ള വൻകിട കമ്പനികളിൽ റെയ്ഡ് നടത്തുകയും സാമ്പിളുകൾ പരിശോധനയ്ക്കായി പിടിച്ചെടുക്കുകയും ചെയ്തു. വരും ദിവസങ്ങളിലെ പരിശോധനയിൽ കൂടുതൽ കൂടുതൽ കമ്പനികൾ സന്ദർശിക്കുകയും സാമ്പിളുകൾ പരിശോധിക്കുന്നത് തുടരുമെന്നും സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷമറേറ്റ് അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.

സംസ്ഥാനത്തെ വിപണികളിൽ ലഭ്യമായിട്ടുള്ള കറിപൗഡറുകൾ, മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ആട്ട, മൈദ, ഗോതമ്പ് എന്നിവയിൽ മായം കലരുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് ഇവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി വരുന്നത്. പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി കെ.കെ ശൈലജയുടെ പ്രത്യേക നിർദ്ദേശപ്രകാരം സംസ്ഥാനവ്യാപകമായി ഇവയുടെ ഉൽപാദനകേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിനും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനും ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഗോകുൽ ജി.ആർ. നിർദ്ദേശം നൽകിയിരുന്നു.

കഴിഞ്ഞ 2 ദിവസങ്ങളിലായി 60 വൻകിട നിർമ്മാണ യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്. ഇതിൽ 9 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസ് നൽകുകയും 6 സ്ഥാപനങ്ങൾക്ക് പിഴയിനത്തിൽ 33000 രൂപ ഈടാക്കുകയും ചെയ്തു.ഗുണനിലവാരം പരിശോധിക്കുന്നതിനായി കറിമസാലകളുടെ 41 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 94 സർവ്വയലൻസ് സാമ്പിളുകളും ശേഖരിച്ചിരുന്നു.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊല്ലം ജില്ലാ അസിസിറ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് പരിശോധന നടത്തിയത്.

ജൂൺ 20 മുതൽ തിരുവനന്തപുരം ജില്ലയിൽ കൊല്ലം അസിസ്റ്റന്റ് ഫുഡ് കമ്മിറ്റി കമ്മീഷണർ കെ.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം (8943346182), ആലപ്പുഴ (8943346586), ഇടുക്കി (8943346586), എറണാകുളം (8943346188), പാലക്കാട് (8943346191), മലപ്പുറം (8943346192), കണ്ണൂർ (8943346557) എന്നിവിടങ്ങളിൽ പരിശോധന ആരംഭിച്ചു. ഭക്ഷ്യ വസ്തുക്കളിലെ തട്ടിപ്പും മായം ചേർക്കലും, ഗുണനിലവാരമില്ലായ്മയും വർദ്ധിച്ച് വരുന്നുവെന്ന പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ മന്ത്രി പരിശോധനയ്ക്ക് ഉത്തരവിട്ടത്.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കറിപൗഡറുകൾ പരിശോധിക്കുന്നതിന് തിരുവനന്തപുരം അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 17 വൻകിട ഉൽപാദക യൂണിറ്റുകൾ പരിശോധിച്ചതിൽ 4 സ്ഥാപനങ്ങൾക്ക് ഇപ്രൂവ്‌മെന്റ് നോട്ടീസ് നൽകുകയും രണ്ട് സ്ഥാപനങ്ങൾക്ക് പിഴയിനത്തിൽ 25000 രൂപയീടാക്കുകയും ചെയ്തു.അന്യ സംസ്ഥാന ഉത്പന്നങ്ങളിലെ വമ്പന്മാരായ ആശിർവാദ് ആട്ടയുടെ സാമ്പിളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള കുത്തുവിളക്ക് ബ്രാന്റിന്റെയും സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

ഇപ്പോൾ അവധിയിലുള്ള ഭക്ഷ്യ സുരക്ഷാ കമ്മിഷണർ അനുപമാ ഐഎഎസ് നേരത്തെ ഇത്തരം ഗുണനിലവാരമില്ലാത്തതും മായം ചേർത്ത് വിൽക്കുന്നതുമായ ബ്രാന്റുകൾക്കെതിരെ കർശന നിലപാട് സ്വീകരിച്ചിരുന്നു. നിറപറയുടെ മുളക് പൊടി സാമ്പിൽ പരിശോധിച്ചപ്പോൾ അരിപ്പൊടിയുടെ അംശം കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം തട്ടിപ്പുകളെകുറിച്ച് ജനങ്ങൾ കൂടുതൽ അറിഞ്ഞ് തുടങ്ങിയത്.

എന്തായാലും ഇത്തരം പരിശോധനകൾ തുടരാനുള്ള തീരുമാനം തന്നെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കൈകൊണ്ടിരിക്കുന്നത്. എത്ര വല്യ ഉദ്പാതകരായാലും ഭക്ഷ്യ സുരക്ഷയിൽ വീഴ്ചവരുത്തിയാൽ നടപടിയുണ്ടാകും. വരും ദിവസങ്ങളിലെ പരിശോധനയിൽ വമ്പന്മാരടക്കം കുടുങ്ങുന്നുമെന്നും ഇതിലൂടെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ മികച്ച നിലവാരത്തിലേക്കുയർത്താനാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.