കാസർകോട്: കാസർകോട് ഷവർമ ഭക്ഷ്യവിഷബാധയുണ്ടായ ഐഡിയൽ ഫുഡ് പോയിന്റിന്റെ കാർ തീവെച്ച് നശിപ്പിച്ച നിലയിൽ. സ്ഥാപനത്തിന്റെ സമീപം നിർത്തിയിട്ട വാഹനമാണ് കത്തിയത്. ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് വാഹനം മാറ്റി. വിദ്യാർത്ഥിനിയുടെ മരണത്തിൽ രോഷാകുലരായ ആരെങ്കിലുമാകും തീവെച്ച് നശിപ്പിച്ചതെന്നാണ് വിലയിരുത്തൽ.

ചെറുവത്തൂരിൽ ഷർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിന് പിന്നാലെയാണിത്. പെൺകുട്ടിയുടെ മരണത്തിൽ ഐഡിയൽ കൂൾബാറിന്റെ മാനേജിങ് പാർട്ണർ മംഗൽരു സ്വദേശി അനക്സ്, ഷവർമ്മ മേക്കർ നേപ്പാൾ സ്വദേശിനി സന്ദേശ് റായി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവ്വമല്ലാത്ത നരഹസ്യകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ചന്ദേര പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ കരിവെള്ളൂർ സ്വദേശിയിനി 15കാരി ദേവനന്ദയായിരുന്നു ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയായിരുന്നു മരണം. 31 പേരെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദ്ദേശം. സംസ്ഥാനത്തെ ഷവർമ വില്പന കേന്ദ്രങ്ങളിൽ പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷ കമ്മീഷണർ വി.ആർ. വിനോദ് നിർദ്ദേശം നൽകിയത്. ഷവർമ വിൽക്കുന്ന സ്ഥാപനങ്ങളിലെ വൃത്തി, ഉപയോഗിക്കുന്ന മാംസം, മയണൈസ്, സ്ഥാപനത്തിന് ലൈസൻസുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക.

അതേസമയം, ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്ഥാപനത്തിന്റെ ഉടമയെ കൂടി പ്രതിചേർക്കുമെന്ന് പൊലീസ് അറിയിച്ചു. കാലിക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞഹമ്മദാണ് ചെറുവത്തൂരിലെ ഐഡിയൽ ഫുഡ്പോയിന്റ് എന്ന കൂൾബാറിന്റെ ഉടമ. ഇദ്ദേഹം നിലവിൽ വിദേശത്താണെന്നാണ് വിവരം. സ്ഥാപനത്തിന്റെ മറ്റൊരു മാനേജിങ് പാർട്ണറും പൊലീസിന്റെ കസ്റ്റഡിയിലാണ്. വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയും പൊലീസും ഭക്ഷ്യ സുരക്ഷാവകുപ്പും സ്ഥാപനത്തിൽ പരിശോധന നടത്തി.

ഭക്ഷ്യ വിഷബാധയേറ്റ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും സംഭവത്തിൽ വിശദമായ പരിശോധന നടത്താനും അഞ്ചംഗ മെഡിക്കൽ സംഘത്തെ രൂപവത്കരിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് അടക്കമുള്ളവരാണ് സംഘത്തിലുള്ളത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്ന് കുട്ടികളും നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

മരിച്ച ദേവനന്ദയുടെ പോസ്റ്റ്മോർട്ടം നടപടികൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് എ.വി. സ്മാരക ഹൈസ്‌കൂളിലും പെരളം ഇ.എം.എസ്. മന്ദിരത്തിലും പൊതുദർശനത്തിന് വെച്ചിരിക്കയാണ്. നൂറു കണക്കിന് പേരാണ് ദേവാനന്ദക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.