തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരവേ പഴകിയ ഭക്ഷണം വ്യാപകമായി പിടികൂടുന്നു. പരിശോധന നടക്കുമ്പോൾ പോലും പഴകിയ ഭക്ഷണം ഹോട്ടലുകളിൽ സൂക്ഷിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. സംസ്ഥാനത്തെ ഹോട്ടലുകളിൽ കുറച്ചു ദിവസങ്ങളായി തുടർന്നു പോന്ന പരിശോധന ഇന്നും തുടരുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്.

തിരുവനന്തപുരം, കണ്ണൂർ, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് തിങ്കളാഴ്ചയും പരിശോധന നടന്നത്. അതിനിടെ, ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയ്ക്കെതിരേ ഒരു വിഭാഗം വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം നടക്കുകയാണെന്നാണ് ഇവരുടെ ആരോപണം. പരിശോധനകൾ ശക്തമാക്കുന്ന വേളയിലാണ് അട്ടിമറി ശ്രമമെന്ന വിധത്തിൽ വ്യാപാരികൾ രംഗത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

തിങ്കളാഴ്ച നടന്ന പരിശോധനയിൽ തിരുവനന്തപുരം നഗരത്തിലെ മൂന്ന് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി. നന്തൻകോട് ഇറാനി കുഴിമന്തി, പൊട്ടക്കുഴി മൂൺസിറ്റി ബിരിയാണി സെന്റർ, കവടിയാർ ഗീതാഞ്ജലി ടിഫിൻ സെന്റർ എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഈ ഹോട്ടലുകൾക്ക് അധികൃതർ നോട്ടീസ് നൽകി. കുന്നുകുഴിയിലെ കെ.പി. സ്റ്റുഡന്റ്സ് ഹോട്ടലിൽനിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

തിരുവനന്തപുരം കല്ലറയിൽ ഇറച്ചികടകളിൽ നടത്തിയ പരിശോധനയിൽ ഫ്രീസറിൽ നിലവാരമില്ലാത്ത കവറുകളിലാണ് കോഴിയിറച്ചി സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. മത്സ്യമാർക്കറ്റിൽനിന്ന് പഴകിയ മത്സ്യവും പിടികൂടി. ആലപ്പുഴയിലെ ഹരിപ്പാട്ട് തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവന്ന 25 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. നാഗപട്ടണത്തുനിന്ന് വില്പനയ്ക്കായി എത്തിച്ച മത്തിയാണ് പിടികൂടി നശിപ്പിച്ചത്. ലൈസൻസില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഹരിപ്പാട് ദേവു ഹോട്ടലും അധികൃതർ പൂട്ടിച്ചു.

കണ്ണൂർ എസ്.എൻ. പാർക്ക് റോഡിലെ സാഗർ റെസ്റ്റോറന്റ്, ബ്ലൂനെയിൽ ഹോട്ടൽ എന്നിവിടങ്ങളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ വിഴിഞ്ഞം സോണൽ പരിധിയിൽ പഴകിയ ഭക്ഷണം സൂക്ഷിച്ച ഹോട്ടൽ അധികൃതർ അടച്ചുപൂട്ടി. പഴകിയ ഭക്ഷണം വിൽപനക്കായി സൂക്ഷിച്ച അലാവുദീൻ റെസ്റ്റാറന്റിന് എതിരെയാണ് നടപടി.

വിഴിഞ്ഞം പ്രദേശത്തെ ഹോട്ടലുകളായ ഫാത്തിമ ഹോട്ടൽ, ബിസ്മി ഹോട്ടൽ, അനസ് ഹോട്ടൽ, ലഹർ തട്ടുകട എന്നീ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ അപാകതകൾ കണ്ടെത്തി. ഇവ പരിഹരിക്കുന്നതിനായി ഹോട്ടലുകൾക്ക് നോട്ടീസും നിർദേശവും നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് എമ്മിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്.

ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ തുടർ ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് തിരുവനന്തപുരം നഗരസഭാ അധികൃതർ അറിയിച്ചു. ഹോട്ടലുകളിൽ നടത്തുന്ന പരിശോധനകളിൽ അപാകതകൾ കണ്ടെത്തിയാൽ കർശന നടപടികൾ തുടരുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

അതേസമയം, അധികൃതരുടെ പരിശോധനയ്ക്കെതിരേ ഒരുവിഭാഗം വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരിശോധനയുടെ പേരിൽ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് ഇവർ ആരോപിച്ചു. വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകളെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പിടിച്ചെടുക്കുന്ന സാധനങ്ങൾ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കാൻ വൈകുന്നതായും വ്യാപാരി വ്യവസായി നേതാവ് എസ്.എസ്. മനോജ് ആരോപിച്ചു. സംസ്ഥാനത്ത് ഒരാഴ്ചയിലേറെയായി തുടരുന്ന പരിശോധനയിൽ 160-ലേറെ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.