- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിന് ഉപകാരപ്പെടാതെ കൊണ്ടുപോകുന്നതു പ്രതിവർഷം കുറഞ്ഞത് 7,200 കോടി; ഇവിടത്തെ മൂന്നരക്കോടിയിൽ പണിയില്ലാത്തവർ 30 ശതമാനം: കേരളത്തിനു ദാരിദ്യം വരുന്ന വഴി ഇങ്ങനെ
ഇടുക്കി: ഈ കാശെല്ലാം എവിടെപ്പോകുന്നു? ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ ദാരിദ്ര്യത്തിൽ അകപ്പെടുന്ന സാദാ മലയാളിയുടെ ചോദ്യമാണിത്. ആശുപത്രിയിൽ പോകാൻ ചോദിച്ചാൽ പോലും അയൽക്കാരന്റെ പക്കൽ കടം തരാൻ പണമില്ല. കൃത്യസമയത്ത് തിരിച്ചുകിട്ടില്ലെന്നോർത്ത് വായ്പ തരാത്തതോ, അതോ ഇല്ലാഞ്ഞിട്ടോ? പണത്തിന്റെ കാര്യം പറയുമ്പോൾ എവിടെയും 'ഒരു രക്ഷയുമ
ഇടുക്കി: ഈ കാശെല്ലാം എവിടെപ്പോകുന്നു? ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ ദാരിദ്ര്യത്തിൽ അകപ്പെടുന്ന സാദാ മലയാളിയുടെ ചോദ്യമാണിത്. ആശുപത്രിയിൽ പോകാൻ ചോദിച്ചാൽ പോലും അയൽക്കാരന്റെ പക്കൽ കടം തരാൻ പണമില്ല. കൃത്യസമയത്ത് തിരിച്ചുകിട്ടില്ലെന്നോർത്ത് വായ്പ തരാത്തതോ, അതോ ഇല്ലാഞ്ഞിട്ടോ? പണത്തിന്റെ കാര്യം പറയുമ്പോൾ എവിടെയും 'ഒരു രക്ഷയുമില്ലെ'ന്ന വിലാപത്തിന്റെ ആവർത്തനം. വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടമില്ല, പൊതുവാഹനങ്ങൾ സഞ്ചാരികളില്ലാതെ നഷ്ടത്തിൽ. തീയേറ്ററുകളിൽ ആളില്ല, വിനോദകേന്ദ്രങ്ങളിൽ പണ്ടേപ്പോലെ തിരക്കില്ല. സന്ധ്യയ്ക്കുപോലും കവലകളിൽ കൂട്ടംചേർന്ന് വാചകമടിക്കാൻ നാലാളെ കാണുന്നില്ല. എന്തിന്, ആരാധാനാലയങ്ങളിലെ ഉത്സവങ്ങൾക്കുപോലും പൊലിമയും ജനസാന്നിധ്യവും കുറഞ്ഞു. എന്താണ് കാരണമെന്നു ചോദിച്ചാൽ ഒറ്റവാക്കിലുണ്ട് ഉത്തരം, 'കാശില്ല'.
സാക്ഷരതയിൽ മുമ്പിൽ നിൽക്കുന്ന, കാർഷിക,വ്യവസായ രംഗങ്ങളിൽ ഏതൊരു സംസ്ഥാനത്തോടും കിടപിടിക്കുന്ന, സാമാന്യത്തിലധികം ബുദ്ധികൊണ്ട് ലോകമെമ്പാടും ജോലി ചെയ്യുന്ന മലയാളി സമൂഹത്തിൽ പണമില്ലെന്നു പറയാനാകുമോ? വിലക്കയറ്റം, തൊഴിലില്ലായ്മ, ജീവിത സൂചികയിലെ വർധന ഇതൊക്കെയാണോ കാരണം? ഇതൊക്കെ കാരണമാകാമെന്നു സാമ്പത്തിക വിദഗ്ദ്ധർ നിഗമനം നടത്തുമ്പോൾ ഞെട്ടിക്കുന്ന ഒരു സത്യം നമ്മുടെ മുമ്പിൽ മഹാമേരുപോലെ നിൽക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ ആധിക്യം കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ തൊഴിൽ കുടിയേറ്റം ശക്തമായതോടെ കോടിക്കണക്കിന് രൂപയാണ് ഓരോ ദിവസവും അന്യസംസ്ഥാനങ്ങളിലേക്കൊഴുകുന്നത്. മൂന്നു നാലുപതിറ്റാണ്ടു മുമ്പുവരെ ഓരോ മലയാളി കുടുംബവും അധ്വാനിച്ചുണ്ടാക്കുന്ന വരുമാനത്തിന്റെ മഹാഭൂരിപക്ഷവും കേരളത്തിൽതന്നെ ചെലവാക്കപ്പെടുകയും വികസന വഴികളിൽ പ്രയോജനപ്രദമാകുകയും ചെയ്തിരുന്ന സമ്പത്താണ് ഇപ്പോൾ പുത്തൻ തൊഴിൽ സംസ്‌കാരത്തിലൂടെ അന്യദേശങ്ങളെ പുഷ്ടിപ്പെടുത്തുകയും മലയാളികളെ പട്ടിണിയിലേയ്ക്ക് നയിക്കുകയും ചെയ്തിരിക്കുന്നത്. മലയാളികളുടെ ഉപഭോഗ സ്വഭാവവും അലസതയും വൈറ്റ് കോളർ' ജോലിയോടുള്ള അമിതാസക്തിയും ആഡംബരഭ്രമവുമെല്ലാം ദാരിദ്ര്യാവസ്ഥയ്ക്കുള്ള കാരണങ്ങളിൽ ചിലതു മാത്രമാണെന്ന് ഈ രംഗത്തെ പഠനങ്ങൾ തെളിയിക്കുന്നു.
ഏറ്റവും കുറഞ്ഞ തുക കണക്കാക്കിയാൽ, അന്യസംസ്ഥാന തൊഴിലാളികളിലൂടെ പ്രതിദിനം കേരളത്തിൽ നിന്നൊഴുകി പോകുന്നത് ശരാശരി 20 കോടി രൂപയാണ്. അതായത് പ്രതിവർഷം 7200 കോടി രൂപ !. മറുനാടൻ തൊഴിലാളികളുടെ എണ്ണവും വരുമാനവും സംബന്ധിച്ച് സംസ്ഥാനത്ത് കൃത്യമായ യാതൊരു രേഖയുമില്ല എന്നതാണ് വാസ്തവം. തൊഴിൽ കുടിയേറ്റം സംജാതമാക്കുന്ന സാമ്പത്തിക വെല്ലുവിളിയെക്കുറിച്ച് വേണ്ടവിധമുള്ള ഒരു പഠനവും നടന്നിട്ടില്ലെന്നതും കാണേണ്ടിയിരിക്കുന്നു. സർക്കാർ നിർദ്ദേശ പ്രകാരം പ്രമുഖ സ്ഥാപനം രണ്ടുവർഷം മുമ്പ് അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചു പഠനം നടത്തി. 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇവിടെ ഇത്തരം തൊഴിലാളികളെ രണ്ടായി പരിഗണിക്കണം. അവരുടെ ദേശങ്ങളിൽ തന്നെ സ്ഥിരതാമസമാക്കിക്കൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നവരും കേരളത്തിൽ സ്ഥിരതാമസമാക്കി പണിയെടുക്കുന്നവരും. അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും തമിഴ് വംശജരാണ്. ഇവരിൽ നല്ലൊരു ശതമാനം ആളുകളും തോട്ടം മേഖലകളിലും മറ്റുമായി സ്ഥിരതാമസമാക്കി കഴിയുകയാണ്. തമിഴ്‌നാട്ടുകാരല്ലാത്ത ഇതരസംസ്ഥാനക്കാരായ ആളുകൾ വർഷങ്ങളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചേക്കേറി തൊഴിൽ ചെയ്തും ഇവിടെത്തന്നെ അധിവസിക്കുന്നുണ്ട്. ഈ രണ്ടുവിഭാഗത്തെയും ഒഴിവാക്കിയാൽ അന്യസംസ്ഥാന തൊഴിലാളികൾ പത്തുലക്ഷമെങ്കിലും വരും.
1960 മുതൽ 1980 വരെയുള്ള കാലയളവിലാണ് കേരളത്തിലേക്ക് തമിഴ് വംശജർ വൻതോതിൽ തൊഴിൽ തേടി എത്തിയിരുന്നത്. ക്രമേണ കുറഞ്ഞു തുടങ്ങി. കാർഷിക, തോട്ടം മേഖലകളിലെ ജോലിക്കായാണ് തമിഴ്‌നാട്ടുകാർ കൂടുതലായെത്തിയത്. ഏതാണ്ടു നാലുപതിറ്റാണ്ടു മുമ്പ് വിദേശരാജ്യങ്ങളിലേയ്ക്ക് പ്രത്യേകിച്ച് ഗൾഫ് നാടുകളിലേയ്ക്ക് മലയാളികളുടെ ഒഴുക്കുമുണ്ടായി. ഈ കാലയളവിൽ ഉണ്ടായ നിർമ്മാണരംഗത്തെ പുരോഗതി കുടുതൽ തൊഴിലവസരങ്ങളിലേക്ക് നയിച്ചു. ഇത് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളെയും കേരളത്തിലേയ്ക്ക് ആകർഷിച്ചു. എന്നാൽ സകുടുംബതാമസം ഇവരിൽ ഭൂരിഭാഗവും തെരഞ്ഞെടുത്തില്ല. കേരളത്തിൽ താമസിച്ച് ജോലി ചെയ്യുകയും വർഷത്തിൽ രണ്ടോ, മൂന്നോ തവണ വരെ സ്വദേശത്തു പോയിവരികയുമാണ് ഇക്കൂട്ടർ ചെയ്യുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിലാണ് അന്യസംസ്ഥാന തൊഴിലാളികളുടെ അഭൂതപൂർവമായ 'ഇറക്കുമതി' കേരളത്തിലുണ്ടായത്. ഇപ്പോഴും അഭംഗുരം തുടരുകയും ചെയ്യുന്നു. അസാം, ഒഡീഷ,ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവുമധികം തൊഴിലാളികൾ എത്തിയിട്ടുള്ളത്. ഇവരിൽ മിക്കവരും എല്ലാ വർഷവും നാട്ടിൽ പോയി മടങ്ങിയെത്തുന്നവരാണ്.
ആദ്യകാലത്ത് അന്യസംസ്ഥാന തൊഴിലാളികൾ സമയവും കൂലിയും നോക്കാതെ അടിമപ്പണിക്കാരെപ്പോലെ ജോലി ചെയ്തവരാണ്. എന്നാൽ ക്രമേണ കൂലിക്കൂടുതലും ക്ലിപ്തജോലിയും അവരുടെയും ഭാഗമായി. ഇതിനിടെ അന്യസംസ്ഥാന തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നതിനും കൂലി ചോദിച്ചു വാങ്ങുന്നതിനും പ്രത്യേക സംഘങ്ങളും രംഗത്തുവന്നു. ഇപ്പോൾ കൃഷിയിടത്തിലും കെട്ടിട നിർമ്മാണരംഗത്തും മാത്രമല്ല, ചായക്കടകളിലും വ്യവസായ മേഖലയിലും ബാറുകളിലും സുരക്ഷാ ജോലിയിലും കേറ്ററിങ് സർവീസുകളിലും ഉൾനാടൻ ഗ്രാമങ്ങളിൽ കാലിവളർത്തലിൽപ്പോലും അന്യസംസ്ഥാനതൊഴിലാളികളുടെ അതിപ്രസരം ദൃശ്യമാണ്. ഇവരുടെ ജീവിത ശൈലിയും വേറിട്ടതാണ്. സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരാണേറെയും. മൊബൈൽ ഫോണാണ് ഇവരുടെ പ്രധാന വിനോദോപകരണവും ചെലവും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീട്ടിലേയ്ക്ക് വിളിക്കുന്നതിനു വേണ്ടിയുള്ള ചെലവാണ് എടുത്തു പറയാവുന്നത്. നാടുചുറ്റാനോ, സിനിമ കാണാനോ ഒന്നും അധികമാർക്കും താൽപര്യമില്ല. വസ്ത്രങ്ങളോ, ആഭരണങ്ങളോ വാങ്ങാൻ വലിയ താൽപര്യമില്ല. പുകയില ഉപയോഗവും ആഴ്ചയിലൊരിക്കൽ മദ്യപിക്കുന്നതും ദുശ്ശീലങ്ങൾ. ശരാശരി പണച്ചെലവ് ഏറിയാൽ നൂറോ, നൂറ്റമ്പതോ രൂപ.
ഒരു തൊഴിലാളിക്ക് ഇപ്പോൾ ലഭിക്കുന്ന വേതനം 350 മുതൽ 550 വരെ രൂപയാണ്. ഒരാൾ പ്രതിദിനം 200 രൂപയെങ്കിലും വീതം മാറ്റിവയ്ക്കുകയും അത് യഥാസമയം സ്വദേശത്തെത്തിക്കുകയും ചെയ്യുന്നുവെന്നാണ് ഇവരിൽനിന്നു ലഭിക്കുന്ന വിവരം. ബാങ്കുകൾ മുഖേന പണം അയയ്ക്കുന്നവരിൽനിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. കേരളത്തിൽ ആകെയുള്ള 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളിൽ 10 ലക്ഷം പേർ മാത്രം ഇപ്രകാരം വരുമാനം വീട്ടിലെത്തിച്ചാൽ പോലും 7200 കോടി രൂപ ഓരോ വർഷവും കേരളത്തിൽനിന്നു കടത്തപ്പെടുന്നുവെന്നത് സമ്പദ് വ്യവസ്ഥയെ ശക്തമായി പിന്നോട്ടടിക്കുന്ന ഘടകമാണ്.
കേരളത്തിലെ ജനസംഖ്യ മൂന്നര കോടിയിലെത്തിയിരിക്കുന്നു. അതിൽ പത്തു ശതമാനത്തിലധികം പേർ അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരാണ്. നാൽപത് ലക്ഷത്തോടടുത്താണ് ഇവരുടെ എണ്ണം. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത്, കൃത്യമായി പുതുക്കി, തൊഴിൽ കാത്തിരിക്കുന്നവരുടെ എണ്ണം മാത്രമാണിത്. രജിസ്റ്റർ ചെയ്യപ്പെടാത്തവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ ജനസംഖ്യയുടെ മൂന്നിലൊന്ന് പണിയില്ലാത്തവരുടെ ഗണത്തിൽ വരും. 2007-ലെ സാമ്പത്തിക സർവേ പ്രകാരം സംസ്ഥാനത്ത് തിരുവനന്തപുരം ഉൾപ്പെടെയുള്ള പല ജില്ലകളിലും 30-35 ശതമാനം പേരും തൊഴിൽരഹിതരാണ്. തൊഴിൽരാഹിത്യത്തിന്റെ പേരിൽ 230 രൂപയ്ക്ക് തൊഴിലുറപ്പ് പദ്ധതിയിൽ പണിക്കു പോകുന്ന പലരുടെയും കുടുംബങ്ങളിൽ പല ജോലികൾക്കും 400-ഉം 500-ഉം രൂപ ചെലവിൽ അന്യസംസ്ഥാനക്കാരെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. തൊഴിൽരാഹിത്യവും തൊഴിലാളി കുടിയേറ്റവും വിരോധാഭാസമായി കേരളത്തിൽ തുടരുന്നതിനു പിന്നിൽ ഇഷ്ടപ്പെട്ട ജോലി മാത്രം ചെയ്യാനുള്ള മലയാളിയുടെ മാനസികനിലയാണ് വെളിപ്പെടുന്നത്.
ഗൾഫിലെ മണലാരണ്യത്തിൽ 20,000-40,000 രൂപ ശമ്പളത്തിൽ ഇടത്തരം ജോലി ചെയ്യാൻ ആസക്തി കാട്ടുന്ന മലയാളി പുരുഷന്മാർ കേരളത്തിൽ കായികാധ്വാനമുള്ള ജോലി ചെയ്താൽ കുറഞ്ഞത് 30,000 രൂപ വരെ ലഭിക്കും. കായികാധ്വാനത്തിനു താൽപര്യമില്ലെങ്കിൽ മാർക്കറ്റിങ് തുടങ്ങിയ മേഖലകളിൽ 15,000-20,000 രൂപ കിട്ടും. എന്നാൽ വിദേശ ജോലിക്കു പോകുന്നവരിൽ മിക്കവർക്കും അവിടുത്തെ ഉയർന്ന തരത്തിലുള്ള നിത്യച്ചെലവുകളും താമസച്ചെലവും നാട്ടിലേക്കും തിരിച്ചുമുള്ള യാത്രാക്കൂലിയുമൊക്കെ കഴിഞ്ഞാൽ കിട്ടുക 15,000-25000 രൂപയാണ്. സ്വന്തം നാടും കുടുംബവും ആരോഗ്യവും സ്വാതന്ത്ര്യവുമെല്ലാം കണക്കിലെടുത്താൽ മെച്ചം നാട് തന്നെയാണെന്ന് തീർച്ച. ഇവിടെയാണ് മലയാളിയുടെ ദുരഭിമാനവും അലസതയും വെളിവാകുന്നത്. ഏറെക്കാലം വിദേശവാസം കഴിഞ്ഞെത്തുന്നവർക്കു മുമ്പിൽ ദരിദ്രമാകുന്ന കേരളത്തിന്റെ ചിത്രമാണ് കാണാനാകുക. അന്യദേശ തൊഴിലാളികൾക്ക് കേരളം ഗൾഫാണെങ്കിൽ മലയാളിയുടെ അലസത കേരളത്തെ മരൂഭൂമിയാക്കാൻ അധികനാൾ വേണ്ടിവരില്ലെന്നു തീർച്ച.