കൊച്ചി: ടാറിങ്ങ് പ്രവൃത്തി നടക്കുന്ന സ്ഥലത്ത് മൂന്നറിയിപ്പ് ബോർഡ് വെക്കാത്തത് ചോദ്യം ചെയ്ത യാത്രക്കാരന് നേരെ തിളച്ച ടാർ ഒഴിച്ച് ഇതരസംസ്ഥാന തൊഴിലാളി.വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ചിലവന്നൂരിൽ റോഡ് പണിക്കിടെയാണ് കാറിലുണ്ടായിരുന്ന മൂന്ന് യാത്രികരും ടാർ തൊഴിലാളികളും തമ്മിൽ തർക്കമുണ്ടായത്.

ചിലവന്നൂരിൽ വഴിയിൽ കുഴിയടയ്ക്കുന്ന പണി നടക്കുന്നതിനിടെ ഇതുവഴി കാറിൽ വന്ന വിനോദ്,ജിജോ എന്നീ സഹോദരങ്ങൾക്കും സംഭവം കണ്ട് ഓടിയെത്തിയ വിനു എന്നയാൾക്കും നേരെയാണ് ടാറിങ് തൊഴിലാളി തിളച്ച ടാർ കോരിയൊഴിച്ചത്.ടാറിങ് നടക്കുന്നയിടത്ത് ഇതിന്റെ സൂചനാ ബോർഡുകളൊന്നും സ്ഥാപിച്ചിരുന്നില്ല.

ഇത് ചോദ്യം ചെയ്ത വിനോദിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്.വാഹനങ്ങൾ ബ്ലോക്ക് ചെയ്യുന്നത് കണ്ട്, ടാർ ഇടുന്നുണ്ടെങ്കിൽ ബോർഡ് വെക്കാൻ പാടില്ലേ എന്ന് ചോദിച്ചു. ഇതര സംസ്ഥാന തൊഴിലാളിയാണ് ആക്രമിച്ചതെന്നാണ് സൂചന. ചെറിയ തോതിൽ ഇവർ തമ്മിൽ തർക്കമുണ്ടായതായാണ് വിവരം. വിനോദിനെ ആക്രമിക്കുന്നത് കണ്ട് കാറിൽ നിന്നും ഓടിയെത്തിയ ജിജോയ്ക്കും വിനുവിനും നേരെയും അക്രമണമുണ്ടായി.

ടാർ കോരിയൊഴിച്ച ശേഷം തൊഴിലാളി ഓടിപ്പോയി. റോഡ് പണി ഏറ്റെടുത്തിരുന്ന കമ്പനിയിലെ മലയാളി ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരാരും സംഭവത്തിൽ ഇടപെട്ടില്ല. പരിക്കേറ്റ വിനോദിന്റെ ഇരുകൈകളിലെയും തൊലി പൊള്ളി ഇളകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. മറ്റ് രണ്ടുപേരുടെയും നില ഗുരുതരമാണ്. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.