തിരുവനന്തപുരം: 'ഇങ്ങനെയൊക്കെ ചെയ്യാമോ, നാളെ നമ്മൾ കാണേണ്ടേ ' എന്നു സായിപ്പ് ചോദിച്ചാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിന് മറുപടി ഇല്ല. 'ഇവിടെ ഇങ്ങനെയാണ് ഭായി' എന്ന് പറഞ്ഞ് കേസ് രജിസ്റ്റർ ചെയ്തു. കുമാരപുരം പൂന്തി ലൈനിലെ താമസക്കാരനും ടെക്‌നോപാർക്ക് ജീവനക്കാരനുമായ ബ്രയാൻ എന്ന സായിപ്പിനാണ് മൃഗസ്‌നേഹികളുടെ സംഘടന പണി കൊടുത്തത്. സായിപ്പ് വളർത്തുന്ന നായ്ക്കളെ സ്ഥിരമായി ശല്യപ്പെടുത്തിയ മൂന്ന് 'ചട്ടമ്പി നായ്ക്കളെ'യാണ് കൊന്നത്.

ഭക്ഷണത്തിൽ വിഷം കൊടുത്തു കൊന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. അവശനിലയിലായിരുന്ന ഒരു പട്ടിയെ പി.എം.ജിയിലെ സർക്കാർ വെറ്ററിനറി ആശുപത്രിയിൽ പീപ്പിൾ ഫോർ അനിമൽ പ്രവർത്തകർ എത്തിച്ചെങ്കിലും മരിച്ചു. പീപ്പിൾ ഫോർ അനിമൽസിന്റെ തിരുവനന്തപുരം ചാപ്റ്റർ ട്രസ്റ്റി ലതാ ഇന്ദിരയാണ് ബ്രയാനെതിരെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

അനിമൽവെൽഫയർ ബോർഡ് അംഗവും സായിപ്പിന്റെ അയൽക്കാരനുമായ ശരത്‌ലാൽ എ എസ് ആണ് സായിപ്പിന്റെ വീടിനു മുന്നിൽ നായ്ക്കൾ ചത്തു കിടക്കുന്നത് പീപ്പിൾ ഫോർ അനിമൽ പ്രവർത്തകരെ അറിയിച്ചത്. ഇതേതുടർന്ന് നായ്ക്കളെ രക്ഷിക്കാൻ സന്നദ്ധ പ്രവർത്തകരെത്തിയെങ്കിലും രണ്ടു നായ്ക്കൾ മരിച്ചിരുന്നു. ബ്രയാന്റെ വളർത്തു പട്ടികൾക്കുള്ള ആഹാരത്തിൽ വിഷം ചേർത്താണ് തെരുവുനായ്ക്കൾക്ക് നൽകിയത്. അതേസമയം, ഇയാൾ സ്ഥിരമായി തെരുവുനായ്ക്കളെ ഇത്തരത്തിൽ കൊല്ലാറുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്.

മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമം അനുസരിച്ചാണ് മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പി.എഫ്്.എയുടെ പരാതിയെ തുടർന്ന് പട്ടികളുടെ ശരീരം പോസ്റ്റ്‌മോർട്ടത്തിനായി പാലോടുള്ള ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നു മെഡിക്കൽ കോളേജ് സിഐ ഷീൻ തറയിൽ പറഞ്ഞു.

നായ്ക്കൾക്ക് കൊടുത്തെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടവും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഏതായാലും വളർത്തുനായ്ക്കളോടുള്ള സ്‌നേഹം മൂത്ത് ചെയ്തതാണെങ്കിലും, തലസ്ഥാന നഗരിയിലെ മൃഗസ്‌നേഹികളുടെ സംഘടനയ്ക്ക് തെരുവുനായക്കളോട് ഇത്രയും സ്‌നേഹമുണ്ടാകുമെന്ന് സായിപ്പ് സ്വപ്‌നത്തിൽ പോലും വിചാരിച്ചു കാണില്ല.