കണ്ണൂർ: ആറളം വന്യജീവി സങ്കേതത്തിനോട് ചേർന്നൊഴുകുന്ന ചീങ്കണ്ണിപ്പുഴയിൽ ചൂണ്ടയിട്ട് മീൻപിടിച്ച മുൻ സൈനികനെതിരെ കേസെടുത്ത് വനംവകുപ്പ്. കണ്ണൂർ കേളകം സ്വദേശിയും മുൻ സൈനികനുമായ പ്രിൻസിനെതിരെയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. വനത്തിൽ അതിക്രമിച്ചുകയറി എന്ന വകുപ്പ് ചേർത്താണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. എന്നാൽ കേസെടുത്തതിന് പിന്നിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുൻവൈരാഗ്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രിൻസും നാട്ടുകാരും രംഗത്തെത്തി.

നാട്ടുകാർ എംഎൽഎയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. പേരാവൂർ എംഎൽഎ സണ്ണി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് ആദിവാസി ചെറുപ്പക്കാർക്കൊപ്പം പ്രിൻസും ചീങ്കണ്ണിപ്പുഴയിൽ ചൂണ്ടയിട്ട് മീൻപിടിച്ചത്. പ്രിൻസിൽ നിന്ന് ബലമായി ചൂണ്ട പിടിച്ചുവാങ്ങുകയും ചെയ്തു. നിന്നെ വനം വകുപ്പ് കേസിൽ കുടുക്കുമെന്നും ജയിലിൽ അടക്കുമെന്നും ഭീഷണിപ്പെടുത്തുകയും എന്ത് നിയമലംഘനമാണ് താൻ നടത്തിയതെന്ന് ചോദിച്ചപ്പോൾ അസഭ്യം പറയുകയും ചെയ്തെന്നും പ്രിൻസ് പറയുന്നു.

വനം വകുപ്പ് ഉദ്യോഗസഥർക്ക് തന്നോടുള്ള മുൻവൈരാഗ്യമാണ് കേസിന് പിന്നിലെന്നും പ്രിൻസ് പറയുന്നു. കഴിഞ്ഞ മാസം ഇതേ പുഴയിൽ പ്രിൻസ് വലയിട്ട് മീൻപിടിച്ചിരുന്നു. ഇതിന്റെ പേരിൽ അന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി പ്രിൻസ് വാക്കുതർക്കത്തിൽ ഏർപ്പെടുകയും പ്രിൻസ് മീൻപിടിക്കുന്നത് വനം വകുപ്പ് തടയുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ വീണ്ടും തനിക്കെതിരെ വനം വകുപ്പ് നടപടിക്കൊരുങ്ങുന്നത് എന്നാണ് പ്രിൻസിന്റെ ആരോപണം.

അതേ സമയം കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ അന്നു തന്നെ ഒത്തുതീർ്പ്പിലെത്തിയതാണെന്നും ഇപ്പോൾ വനത്തിൽ അതിക്രമിച്ച് കയറിയതിനാലാണ് കേസെടുത്തിട്ടുള്ളത് എന്നുമാണ് വനം വകുപ്പ് ഇക്കാര്യത്തിൽ വിശദീകരിക്കുന്നത്. പ്രിൻസിനെതിരൊയുള്ള വനം വകുപ്പ് നടപടിക്കെതിരെ നാട്ടുകാർ ആറളം വനം വന്യജീവി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.