- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്ക് പൊലീസിൽ രക്ഷയില്ല; വനിതാ ഓഫീസർമാർ ചൂഷണത്തിന് ഇരയായിട്ടുണ്ട്; ഒരു ഡിഐജി വനിതാ എസ്ഐയെ ദുരുപയോഗം ചെയ്തത് തനിക്ക് നേരിട്ടറിയാം; രാഷ്ട്രീയ പിൻബലമുള്ള പൊലീസുകാർക്ക് എന്തും ചെയ്യാം, ആരെയും തെറിവിളിക്കാമെന്നാണ് അവസ്ഥ; തുറന്നു പറച്ചിലുമായി മുൻ ഡിജിപി ആർ.ശ്രീലേഖ
കൊച്ചി: സംസ്ഥാന പൊലീസിൽ വനിതാ പൊലീസുകാർ ചൂഷണത്തിന് ഇരായയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് മുൻ ഡിജിപി ആർ.ശ്രീലേഖ. കേരള പൊലീസിൽ വനിതാ ഉദ്യോഗസ്ഥർക്ക് കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നു. സ്ത്രീയെന്ന നിലയിൽ നിരന്തരം ആക്ഷേപങ്ങൾ നേരിടേണ്ടിവന്നു. രാഷ്ട്രീയ പിൻബലമുള്ള പൊലീസുകാർക്ക് എന്തും ചെയ്യാം. ഡിജിപി ഉൾപ്പെടെ ഏതു മേലധികാരിയേയും തെറി വിളിക്കാം എന്നതാണ് അവസ്ഥയെന്ന് അവർ പറഞ്ഞു.
വനിതാ എസ്‌ഐയ്‌ക്കെതിരെ ഒരു ഡിഐജിയുടെ അതിക്രമം നേരിട്ടറിയാം. ആലുവ ജയിലിൽ നടൻ ദിലീപിനെ സഹായിച്ചത് മാനുഷിക പരിഗണന വച്ച് മാത്രമാണ്. ജയിൽ ഡിജിപി എന്ന നിലയിൽ നൽകിയത് റിമാൻഡ് പ്രതി അർഹിക്കുന്ന പരിഗണന മാത്രമെന്നും ശ്രീലേഖ മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ പറഞ്ഞു. ഒരു ഡിഐജി പൊലീസ് ക്ലബിൽ വന്നാൽ അവരെ വിളിപ്പിക്കും. ഏത് പുരുഷ ഓഫീസറിനോടാണ് ഇക്കാര്യം അവർക്ക് പറയാൻ സാധിക്കുക എന്നും ശ്രീലേഖ ചോദിച്ചു. ആ പൊലീസുകാരി മാഡം സഹായിക്കണം എന്നു പറഞ്ഞ് എന്നെ സമീപിക്കുകയയാിരുന്നു. ഞാൻ വിളിച്ച് സാർ അവർ എന്റെ കൂടെയാണ് എന്നു പറയുകയാണ് ഉണ്ടായതെന്നും ശ്രീലേഖ പറഞ്ഞു.
ജയിൽ ഡിജിപിയായിരിക്കേ ആലുവ ജയിലിൽ നടൻ ദിലീപിന് നൽകിയത് റിമാൻഡ് പ്രതിക്കുള്ള മാനുഷിക പരിഗണന മാത്രമാണെന്നും ശ്രീലേഖ വ്യക്തമാക്കി. അന്ന ജയിലിൽ ദിലീപിന് കമ്പിളി അടക്കം ലഭ്യമാക്കാൻ ശ്രീലേഖയായിരുന്നു ഇടപെട്ടത്. ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകാൻ ആഗ്രഹിച്ചിരുന്നുവെന്നും ഫയർ ഫോഴ്സ് ഡിജിപിയായിരിക്കേ യാത്രയയപ്പ് വേണ്ടെന്ന് വച്ചത് അതുവരെ നേരിട്ട അവഗണന കൊണ്ടാണെന്നും ശ്രീലേഖ. രാഷ്ട്രീയ പിൻബലമുള്ള പൊലീസ് ഓഫീസർമാർക്ക് അഴിമതി ഉൾപ്പെടെ എന്തുമാകാം. അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ ഒരു മുഖ്യമന്ത്രി പരസ്യമായി പിന്തുണച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്നും ശ്രീലേഖ മനോരമ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.
ആലുവ സബ് ജയിലിൽ ദിലീപിന് വിഐപി പരിഗണന ലഭിച്ചു എന്ന ആക്ഷേപമാണ് അക്കാലത്ത് ഉയർന്നിരുന്നത്. പ്രത്യേക ഭക്ഷണം ലഭിച്ചിരുന്നു എന്നും കുളിക്കാനും മറ്റും ഇതര തടവുകാർക്കില്ലാത്ത സൗകര്യം ദിലീപിന് കിട്ടി എന്നുമായിരുന്നു റിപ്പോർട്ടുകൾ. എല്ലാ തടവുകാർക്കുമൊപ്പം ഭക്ഷണം കഴിക്കാൻ ദിലീപിനെ അയച്ചിരുന്നില്ല. അവർ തിരിച്ചെത്തിയ ശേഷം ദിലീപിനെ മാത്രം ഭക്ഷണം കഴിക്കാൻ വിട്ടു എന്ന ആക്ഷേപവും ഉയർന്നിരുന്നു.
എല്ലാ തടവുകാരും കുളിച്ചു വന്ന ശേഷമായിരുന്നു ദിലീപിനെ കുളിക്കാൻ വിട്ടിരുന്നത്. എല്ലാ തടവുകാരും ഭക്ഷണം കഴിച്ച് തിരിച്ചുവന്ന ശേഷമാണ് ദിലീപിനെ ഭക്ഷണം കഴിക്കാൻ കൊണ്ടുപോയിരുന്നത്, ജയിലിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ഭക്ഷണം ദിലീപിനും കിട്ടി, സെല്ലിൽ ഒരു തവവുകാരനെ ദിലീപിന്റെ സഹായത്തിന് അനുവദിച്ചു തുടങ്ങിയ ആരോപണങ്ങളും നടൻ ജയിലിൽ കഴിഞ്ഞ കാലത്ത് ഉയർന്നിരുന്നു.
ദിലീപ് ജയിലിൽ കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ സന്ദർശിച്ച വ്യക്തിയാണ് നിർമ്മാതാവ് സുരേഷ് കുമാർ. ജയിലിൽ ദിലീപിന് മികച്ച സൗകര്യം ലഭിക്കുന്നു എന്ന വാർത്തകൾ അന്ന് തന്നെ സുരേഷ് കുമാർ നിഷേധിച്ചിരുന്നു. മറ്റു തടവുകാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രമാണ് ദിലീപിന് കിട്ടുന്നതെന്നും താരത്തിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായ വേളയിൽ ചികിൽസ നൽകിയതെല്ലാം തെറ്റായി പ്രചരിപ്പിച്ചുവെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.
ഡിജിപിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് സുരേഷ് കുമാർ ദിലീപിനെ സന്ദർശിക്കാൻ ആലുവ ജയിലിൽ എത്തിയത്. വളരെ കുറച്ച് നേരം മാത്രമായിരുന്നു കൂടിക്കാഴ്ച. തെറ്റ് ചെയ്തില്ലെന്നും ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കുന്നു എന്നും ദിലീപ് നിർമ്മാതാവിനോട് പറഞ്ഞിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി പറഞ്ഞ കാര്യങ്ങൾ വച്ച് ദിലീപിനെ പ്രതി ചേർക്കുകയാണുണ്ടായതെന്നും സുരേഷ് കുമാർ അന്ന് ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.
വിവാദമുയർന്ന വേളയിൽ ജയിൽ ഡിജിപി ആയിരുന്ന ആർ ശ്രീലേഖ അന്നുതന്നെ ഇത്തരം വാർത്തകൾ നിഷേധിക്കുകയാണ് ചെയ്തത്. ദിലീപിന് പ്രത്യേക പരിഗണന നൽകുന്നില്ല എന്നാണ് അവർ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ദിലീപിന് ജയിലിൽ സഹായം ലഭിക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്നും വാർത്തകൾ വന്ന സാഹചര്യത്തിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ