തിരുവനന്തപുരം: രാഷ്ട്രീയമായാലും സിനിമ ആയാലും വെള്ളിവെളിച്ചത്തിൽ നിന്നാൽ മാത്രമേ ആളുകൾ ഒപ്പം കാണൂ. ഈ വെള്ളിവെളിച്ചത്തിന്റെ വഴിയിൽ നിന്നും മാറി സഞ്ചരിച്ചാൽ അവരെ ജനക്കൂട്ടം വിസ്മരിക്കപ്പെടും. കേരളം കണ്ട ഏറ്റവും ജനപ്രിയനായ നേതാവായിരുന്ന കെ കരുണാകരൻ പോലും കോൺഗ്രസ് വിട്ടു പോയപ്പോൾ ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ഭീഷ്മാചാര്യനായ അദ്ദേഹത്തെ തിരികെ കോൺഗ്രസിൽ എത്തിക്കാൻ മുൻകൈയെടുക്കാൻ നേതാക്കൾ തീരുമാനിച്ചത് അദ്ദേഹം ഒറ്റപ്പെടുന്നു എന്നു മനസിലാക്കിയാണ്. അതേ കെ കരുണാകരൻ കൈപിടിച്ചു വളർത്തിയ നേതാവ് ഇന്ന് വീടിന് വെളിയിൽ പോലും ഇറങ്ങാൻ മടിച്ച് കടുത്ത ഒറ്റപ്പെടൽ നേരിടുകയാണ്.

മുൻ മന്ത്രിയും കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ഒരാളുമായ ഡോ. എം എ കുട്ടപ്പനാണ് ഒന്നര വർഷമായി പുറത്തിറങ്ങാൻ പോലും മടിച്ച് ഓർമ്മകൾ മറഞ്ഞ് ജീവിക്കുന്നത്. ഒരു കാലത്ത് അണികളുടെ തിരക്കും നേതാക്കളുടെ നിത്യസന്ദർശനവും കൊണ്ട് ബഹളമയം ആയിരുന്ന അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിൽ ഇപ്പോൾ അധികമാരും എത്താറില്ല. കോൺഗ്രസ് എന്ന പ്രസ്താനത്തോട് ഇപ്പോഴും കൂറു പുലർത്തുന്ന നേതാവിന് പാർട്ടി വേദികളിൽ എത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും മുതിർന്ന നേതാക്കൾ പോലും അദ്ദേഹത്തെ മറഞ്ഞ അവസ്ഥയാണ്. വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ സ്വയം നല്ലകാല ഓർമ്മകളിൽ ജീവിക്കുകയാണ് എം എ കുട്ടപ്പൻ.

പുറംലോകം കാണാനോ പുറത്ത് നടക്കുന്നത് അറിയാനോ എം എ കുട്ടപ്പന് ഇപ്പോൾ താൽപര്യമില്ല. മന്ത്രിയായും പാർട്ടി ഭാരവാഹിയായും ഡോക്ടറായും പതിറ്റാണ്ടുകളോളം പൊതുജന സേവനം ചെയ്തിട്ടുണ്ട് എംഎ കുട്ടപ്പൻ. നല്ലകാലത്ത് അദ്ദേഹം സഹായിച്ചവർ ഏറെ, അവരിൽ ചുരുക്കം ചിലർ ആരോഗ്യാവസ്ഥ തിരക്കി വിളിക്കും. എന്നാൽ, മറ്റുചിലർ അദ്ദേഹത്തെ തീർത്തും മറന്ന മട്ടാണ്. രാഷ്ട്രീയത്തിന്റെ വെളിവെളിച്ചത്തിൽ നിന്നും നാല് ചുവരുകൾക്ക് മുന്നിൽ നിന്നും ഈ 71കാരന്റെ ജീവിതം ഇപ്പോൾ സ്വന്തം പാർട്ടിയുടെപോലും ഓർമകൾക്ക് പുറത്താണ്.

രണ്ടുവർഷം മുമ്പ് പിടിപെട്ട പക്ഷാഘാതമാണ് കുട്ടപ്പൻ പൊതുരംഗത്തുനിന്ന് തൽക്കാലം മാറിനിൽക്കാൻ കാരണം. വിദഗ്ധ ചികിത്സയിലൂടെ ആരോഗ്യം ഏറെക്കുറെ വീണ്ടെടുത്തെങ്കിലും രാഷ്ട്രീയത്തിൽ നിന്നും അദ്ദേഹം അപ്പോഴേക്കും പുറത്തായിരുന്നു. രാഷ്ട്രീയത്തിലെ പുതുതലമുറ അദ്ദേഹത്തെ പോലൊരു രാഷ്ട്രീയക്കാരനെ അംഗീകരിക്കാൻ പോലും തയ്യാറായില്ല. ഇതോടെ അദ്ദേഹം പോലും അറിയാതെ അദ്ദേഹത്തെ പാർട്ടി പിന്തള്ളി. പാർട്ടിയിലെ അധികാരസ്ഥാനങ്ങൾ പങ്കുവെച്ചവർ കുട്ടപ്പനെ മറന്നു. പൊതുപരിപാടികളിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യം കുറഞ്ഞുവന്നു. ഇതിന്റെ കാരണങ്ങളൊന്നും ഉത്തരവാദിത്തപ്പെട്ടവർ അന്വേഷിച്ചുമില്ല.

മനസ്സും പ്രതീക്ഷകളും തളർന്ന കുട്ടപ്പൻ പരമാവധി വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടാൻ ശ്രമിക്കുകയാണ് ഇപ്പോൾ. ആരെങ്കിലും ക്ഷേമം അന്വേഷിച്ചു വിളിച്ചാൽ ഫോൺ എടുക്കുന്നത് പോലും വിരളം. പത്രം വായിക്കാരില്ല, ചാനലുകൾ കാണാൻ പോലും വിമുഖത. അടുത്തിടെ വീട്ടിലെത്തിയ പഴയ എം.ബി.ബി.എസ് സഹപാഠികളോട് മാത്രമാണ് അൽപമെങ്കിലും സംസാരിച്ചത്. ഇടക്ക് വാക്കുകളുടെയും ഓർമകളുടെയും താളം മുറിയും. സിനിമ പുറത്തിറങ്ങുന്ന അന്നുതന്നെ കാണണമെന്ന് വാശിയുള്ള ആളായിരുന്നു ഒരുകാലത്ത് കുട്ടപ്പൻ. ഇപ്പോൾ ടി.വിയിൽപോലും സിനിമ കാണാൻ ഇഷ്ടമില്ല. അങ്ങനെ അടുപ്പക്കാർക്കുപോലും പൊരുളറിയാത്ത ശീലങ്ങളായി കുട്ടപ്പന്റെ കൂട്ടുകാർ. പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള സുഹൃത്തുക്കളുടെ ശ്രമങ്ങളെയൊക്കെയും നിരസിച്ചു.

ആദ്യമൊക്കെ ചില കോൺഗ്രസ് നേതാക്കൾ കാണാനെത്തിയിരുന്നു. ഇപ്പോൾ എറണാകുളം കലൂർ ലിറ്റിൽ ഫ്‌ളവർ ചർച്ച് റോഡിലെ വീടിന്റെ പടികടന്ന് ആരും വരാറില്ല. ഒപ്പമുള്ള ഭാര്യ ബീബിയോടോ മകനോടോ അതിന്റെ സങ്കടം പറയാറുമില്ല. പേഴ്‌സനൽ സ്റ്റാഫിലുണ്ടായിരുന്ന ചിലർ മാത്രം ഇടക്ക് വിവരങ്ങൾ തിരക്കും. 1980ൽ വണ്ടൂരിൽനിന്നാണ് കുട്ടപ്പൻ ആദ്യമായി നിയമസഭയിലെത്തുന്നത്. '87ൽ ചേലക്കരയിൽനിന്നും '96, 2001 വർഷങ്ങളിൽ ഞാറക്കലിൽനിന്നും വിജയിച്ചു. 2001 മെയ്‌ മുതൽ 2004 ഓഗസ്റ്റ് വരെ എ.കെ. ആന്റണി മന്ത്രിസഭയിൽ പിന്നാക്ക, പട്ടികവിഭാഗക്ഷേമ മന്ത്രിയായി.

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ, സതേൺ റെയിൽവേ റിക്രൂട്ട്മന്റെ് ബോർഡ്, കാലിക്കറ്റ് സർവകലാശാല സെനറ്റ്, കെപിസിസി നിർവാഹകസമിതി എന്നിവയിൽ അംഗമായും പ്രവർത്തിച്ചു. രാഷ്ട്രീയത്തിലെത്തും മുമ്പ് ആലപ്പുഴ മെഡിക്കൽ കോളജിൽ ട്യൂട്ടറായും അഞ്ചുവർഷം ആരോഗ്യ വകുപ്പിൽ അസി. സർജനായും നാലുവർഷം കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആശുപത്രിയിൽ മെഡിക്കൽ ഓഫിസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.