- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് വീട്ടിലെത്തി പരിശീലിപ്പിച്ച ജിം ട്രെയിനറുമായി അടുപ്പത്തിലായി കോളേജ് പ്രൊഫസർ; ഗൗരി അകലാൻ ശ്രമിച്ചപ്പോൾ പിന്നാലെ കൂടി ശല്യപ്പെടുത്തി; സൗഹൃദം നഷ്ടമായ ഗൗരവ് കാറിൽവെച്ച് കൊന്ന് യുവതിയുടെ മൃതദേഹം കാട്ടിൽ തള്ളി; പിടിയിലായത് അണ്ടർ-19 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഫിസിയോ ട്രെയിനർ
പനാജി: ഓൺലൈനിൽ തുടങ്ങിയ സൗഹൃദം വഴിമാറിയപ്പോൾ കോളേജ് അദ്ധ്യാപികയായ യുവതിക്ക് ജീവൻ നഷ്ടമായി. യുവതിയെ കാറിൽ വെച്ച് കൊലപ്പെടുത്തിയ ജിംനേഷ്യം പരിശീലകൻ അറസ്റ്റിലായി. ഗോവയിലെ പനാജിയിലാണ് നാടിനെ നടുക്കിയ സംഭവം. കോർലിം സ്വദേശിനിയും ഖണ്ടാല സർക്കാർ കോളേജ് പ്രൊഫസറുമായ ഗൗരി ആചാരിയാണ്(35) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശിയും ജിം പരിശീലകനുമായ ഗൗരവ് ബിദ്രയാണ്(36) അറസ്റ്റിലായത്.
ഓൾഡ് ഗോവ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. എന്നാൽ ഗൗരി ആചാരി സൗഹൃദത്തിന് നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാവിലെ കോളേജിലേക്ക് പോയ മകൾ രാത്രിയായിട്ടും മടങ്ങിയെത്താതായതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. അതിനിടെ ഗൗരി സഞ്ചരിച്ച നാനോ കാർ വഴിയരികിൽ കണ്ടെത്തി.
അതിനിടെ യുവതിയുടെ ഫോണിലേക്ക് അവസാനമായി വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗൗരവ് ബിദ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. കോവിഡ് കാലത്താണ് ഇവർ തമ്മിൽ വളരെ അടുപ്പത്തിലായത്. ജിംനേഷ്യം പരിശീലകനായ ഗൗരവിനെ 2021-ലാണ് യുവതി പരിചയപ്പെടുന്നത്. കോവിഡ് നിയന്ത്രണമുള്ള സമയത്ത് വീട്ടിൽ വന്ന് ഫിറ്റ്‌നസ് ട്രെയിനിങ്ങ് നൽകുന്നവർക്കായുള്ള അന്വേഷണത്തിലാണ് ഇന്റർനെറ്റിൽ നിന്ന് ഗൗരവ് ബിദ്രയുടെ നമ്പർ യുവതിക്ക് ലഭിച്ചത്.
തുടർന്ന് ഇയാൾ ഗൗരിക്ക് വീട്ടിൽ വന്ന് പരിശീലനം നൽകി. അതിനിടെ ഇരുവരും ഉറ്റ സുഹൃത്തുക്കളായി മാറി. എന്നാൽ കഴിഞ്ഞ മാസം മുതൽ യുവതി ഗൗരവ് ബിദ്രയിൽനിന്ന് അകലാൻ തുടങ്ങി. ഫിറ്റ്‌നെസ് ട്രെയിനിങ് അവസാനിപ്പിച്ച യുവതി ഗൗരവ് വിളിക്കുമ്പോൾ ഫോൺ എടുക്കാതെയായി. ഇതോടെ ഇയാൾ നിരന്തരം പിന്നാലെ ശല്യപ്പെടുത്തിയതോടെ സൗഹൃദം തുടരാൻ താത്പര്യമില്ലെന്നും യുവതി തുറന്നുപറഞ്ഞു. ഇതോടെയാണ് യുവതിയെ വകവരുത്താൻ ഗൗരവ് തീരുമാനിച്ചത്.
സംഭവദിവസം വൈകിട്ട് നാലരയോടെ യുവതിയുടെ വീട്ടിലേക്ക് പോകുന്ന റോഡിൽ പ്രതി കാത്തുനിന്നു. കോളേജ് വിട്ട് കാറിൽ വരുകയായിരുന്ന യുവതിയെ ഇയാൾ കൈകാട്ടി നിർത്തിക്കുകയും, കാറിനകത്ത് കയറി സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച് പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ച യുവതിയെ ഇയാൾ ബലമായി കാറിനുള്ളിലേക്ക് പിടിച്ചിടുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുവതി മരിച്ചെന്ന് ഉറപ്പായതോടെ ഇയാൾ കാറോടിച്ച് മുന്നോട്ടുപോകുകയും കോർലിമിലെ പാർക്കിന് സമീപത്ത് എത്തുകയുമായിരുന്നു. അവിടെ പാർക്ക് ചെയ്തിരുന്ന സ്വന്തം കാറിലേക്ക് മൃതദേഹം മാറ്റി. പിന്നീട് ഗോവ ബൈപ്പാസ് റോഡിന് സമീപത്തെ കാട്ടിനുള്ളിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
പ്രതിയിൽനിന്ന് ലഭിച്ച വിവരം അനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ മൃതദേഹം കാട്ടിനുള്ളിൽനിന്ന് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പിന്നീട് ബാംബോലിം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ ഗൗരവിന് ഭാര്യയും ഒരു കുട്ടിയും ഉണ്ടെന്നാണ് റിപ്പോർട്ട്. മുംബൈയിൽ നേരത്തെ ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഗൗരവ് നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാൾ അണ്ടർ-19 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫിസിക്കൽ ട്രെയിനറായി പ്രവർത്തിച്ചിട്ടുണ്ടെന്നു മാധ്യമങ്ങൾ പറയുന്നു. ഒരു മാസം മുമ്പ് പ്രതി ഗോവയിലെ ഭീകരവിരുദ്ധ സേനയിലെ അംഗങ്ങൾക്കും ഫിസിക്കൽ ട്രെയിനിങ് നൽകിയിരുന്നു.
മറുനാടന് ഡെസ്ക്