കോഴിക്കോട്: വനം മേധാവി (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് ഹോഫ്) സ്ഥാനത്തേക്ക് ദേവേന്ദ്ര കുമാർ വർമയെ നിയമിച്ച സർക്കാർ നടപടിയിലെ വിവാദം പുതിയ തലത്തിലേക്ക്. ഈ നിയമനത്തിലെ വിവാദം മറുനാടൻ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു.ഇത് സർക്കാരിന് തലവേദനയായി മാറുകയാണ്.

വനം മേധാവിയുടെ തസ്തികയിലേക്ക് നടന്നത് ഐഎഫ്എസ് നിയമന ചട്ടങ്ങൾ തീർത്തും ലംഘിച്ചുള്ളതാണെന്നും ഉയർന്ന ആനുകൂല്യങ്ങൾ നൽകാനായി കരുതിക്കൂട്ടി നടത്തിയ ക്രമക്കേടിൽ വിശദീകരണം നൽകണമെന്നും അക്കൗണ്ടന്റ് ജനറൽ (എജി) സർക്കാരിനോട് ആവശ്യപ്പെട്ടു. വനം വകുപ്പിലെ ഏറ്റവും ഉയർന്ന സ്ഥാനത്തേക്കുള്ള നിയമനത്തിൽ സർക്കാർ അറിഞ്ഞുകൊണ്ടു നടത്തിയ നിയമലംഘനങ്ങൾ അക്കമിട്ടു നിരത്തുന്ന അക്കൗണ്ടന്റ് ജനറലിന് കൃത്യമായ മറുപടി നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഹൈക്കോടതിയിലെ കേസും നിർണ്ണായകമാകും.

ഹോഫ് സ്ഥാനത്തുള്ള പി.കെ.കേശവൻ ഒന്നര വർഷത്തെ സർവീസ് ബാക്കിനിൽക്കെ, 29 ദിവസത്തേക്ക് അവധിയെടുക്കുകയും സീനിയോറിറ്റിയിൽ തൊട്ടു താഴെയുള്ളതും എന്നാൽ കേശവനു മുൻപേ വിരമിക്കേണ്ടതുമായ ഡി.കെ.വർമയെ ആ ഇടവേളയിൽ 'ഹോഫ്' ആക്കി നിയമിച്ച് വിരമിക്കാൻ അനുവദിക്കുന്നതുമായിരുന്നു വനം വകുപ്പ്. ഇതിലൂടെ ഉയർന്ന ശമ്പളവും അതിനനുസൃതമായ ഉയർന്ന പെൻഷനും ഉറപ്പാക്കിക്കൊടുത്തു. ഇതാണ് ചോദ്യം ചെയ്യപ്പെടുന്നത്. നഗ്നമായ അഴിമതിയായിരുന്നു ഇതും. ഇത് മൂലം സർക്കാർ ഖജനാവിനും നഷ്ടം ഏറെയാണ്.

കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയായിരുന്നു ഇത്. 2021 മെയ്‌ 3 മുതൽ 31 വരെയാണ് പി.കെ.കേശവൻ ആർജിത അവധി എടുത്തത്. ഈ ചുരുങ്ങിയ കാലത്തേക്ക് ഹോഫ് ആക്കിയതോടെ ഡി.കെ.വർമയ്ക്ക് വകുപ്പിലെ ഏറ്റവും ഉയർന്ന ശമ്പളം നൽകാൻ സർക്കാർ തീരുമാനിച്ചു. 2 പേർക്ക് ആ ഘട്ടത്തിൽ വകുപ്പിലെ ഉയർന്ന ശമ്പളം നൽകണമെന്നതായി സ്ഥിതി. ഇതിനൊപ്പം ഡികെ വർമ്മയ്ക്ക് കൂടുതൽ പെൻഷനും മറ്റും നൽകേണ്ട സ്ഥിതിയും. ഇത്തരം ഇടപെടലുകൾ പല വകുപ്പുകളിലും നടക്കാറുണ്ട്. എന്നാൽ വനം വകുപ്പിൽ അത് പരാതിയായി മാറുകയായിരുന്നു.

സർവീസിലെ അവസാന മാസം കൈപ്പറ്റിയ ഉയർന്ന ശമ്പളവും ആനുപാതികമായ ആജീവനാന്ത പെൻഷനും ഡികെ വർമ്മയ്ക്ക് ലഭിക്കാനായിരുന്നു ഇതെല്ലാം. സംസ്ഥാന വനംവകുപ്പു മേധാവിക്കൊപ്പം കർണാടക, തമിഴ്‌നാട് വനമേധാവികളും ചീഫ് സെക്രട്ടറിയും ഉൾപ്പെട്ട സമിതിയാണ് 'ഹോഫി'നെ ശുപാർശ ചെയ്യേണ്ടത്. മന്ത്രിസഭയുടെ അംഗീകാരത്തോടെ വേണം നിയമനം. എന്നാൽ നിലവിൽ ഹോഫ് ആയിട്ടുള്ള പി.കെ.കേശവൻ മെയ് 3 മുതൽ 29 ദിവസത്തെ ആർജിത അവധിക്ക് അപേക്ഷിക്കുകയും സീനിയോറിറ്റിയിൽ രണ്ടാമനായ ദേവേന്ദ്രകുമാർ വർമയെ ഹോഫ് ആയി നിയമിക്കാൻ ശുപാർശ ചെയ്യുകയുമാണുണ്ടായത്.

പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് എന്നീ ചുമതലകൾ നൽകുന്നതിനൊപ്പം, മെയ് 31നു വിരമിക്കാനിരിക്കുന്ന ഇദ്ദേഹത്തിന് 2,25,000 രൂപയുടെ ഉയർന്ന ശമ്പളം അനുവദിക്കണമെന്നും പി.കെ.കേശവൻ ശുപാർശ ചെയ്തിരുന്നു്. ശുപാർശ പരിഗണിച്ച സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനു രണ്ടു ദിവസം മുൻപു പുതിയ 'ഹോഫി'നെ നിയമിച്ച് ഉത്തരവിറക്കി. കേശവന് അവധി അനുവദിക്കുകയും 2,25,000 രൂപയുടെ ഉയർന്ന ശമ്പളത്തിൽ വർമയെ ഹോഫ് ആക്കുകയും ചെയ്തു.

അവധിയെടുത്ത കേശവനും പുതുതായി ചുമതലയേറ്റ വർമയ്ക്കും മെയ് മാസത്തിൽ ഹോഫിന്റെ ഉയർന്ന ശമ്പളം നൽകേണ്ട സ്ഥിതിയുണ്ടായി. മാത്രമല്ല, ഇതിന് ആനുപാതികമായ പെൻഷനും വർമയ്ക്കു ഭാവിയിൽ നൽകേണ്ടി വന്നു.