കൊച്ചി : നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിലെ പ്രതിയായ അഞ്ജലി റീമ ദേവിനെ അന്വേഷണസംഘം ചോദ്യം ചെയ്യാൻ ആരംഭിച്ചു. കൊച്ചിയിലെ കമ്മീഷണർ ഓഫീസിലാണ് അഞ്ജലിയെ ചോദ്യം ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അഞ്ജലി റീമാദേവ് ഇന്ന് കോടതിയിൽ ഹാജരായിരുന്നു.

കോടതിയിലെത്തിയ അഞ്ജലിക്ക് അന്വേഷണസംഘം ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടിസ് നൽകുകയായിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി. കേസിൽ എന്നായാലും സത്യം തെളിയുമെന്ന് ഇവർ നേരത്തെ പ്രതികരിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഇവർ വ്യക്തമാക്കി.

അഞ്ജലിക്ക് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായാണ് ഇവർ ഇന്ന് പോക്സോ കോടതിയിൽ ഹാജരായത്. നേരത്തെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇവർ കൈപ്പറ്റിയിരുന്നില്ല. ഒടുവിലാണ് കോടതിയിലെത്തിയ അഞ്ജലിക്ക് അന്വേഷണ സംഘം നോട്ടീസ് നേരിട്ട് നൽകിയത്.

അഞ്ജലി റീമാദേവിനു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായാണ് അഞ്ജലി ബുധനാഴ്ച പോക്സോ കോടതിയിൽ ഹാജരായത്. കോടതിയിലെത്തിയ അഞ്ജലിക്ക് അന്വേഷണസംഘം ചോദ്യംചെയ്യലിനു ഹാജരാകാനുള്ള നോട്ടിസ് നൽകി.

ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് അഞ്ജലിക്ക് നോട്ടിസ് നൽകിയെങ്കിലും ഇവർ കൈപ്പറ്റിയിരുന്നില്ല. കോഴിക്കോട് മാർക്കറ്റിങ് ബിസിനസിൽ ഏർപ്പെട്ടിരുന്ന അഞ്ജലി റീമാദേവ് പെൺകുട്ടികളെ നമ്പർ 18 ഹോട്ടലിൽ എത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ വീഡിയോ തെളിവുകൾ ഉൾപ്പടെ ശേഖരിച്ച ശേഷമാണു പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

വനിതാ ദിനത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ വനിത ആയതുകൊണ്ടും ഇവരുടെ പ്രായം പരിഗണിച്ചും മുൻകൂർ ജാമ്യം അനുവദിക്കുന്നു എന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നിന്നു ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

നേരത്തെ നമ്പർ 18 ഹോട്ടലുടമയും കേസിലെ ഒന്നാം പ്രതിയുമായ റോയ് വയലാട്ട്, രണ്ടാം പ്രതിയായ സൈജു തങ്കച്ചൻ എന്നിവർ കീഴടങ്ങിയിരുന്നു. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് ഇരുവരും കീഴടങ്ങിയത്.