- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറുകൾ പൂട്ടിയിട്ടും ബിജു രമേശ് മാത്രം മിണ്ടുന്നില്ല; കോഴ ആരോപണമെല്ലാം ആവിയാക്കാനുള്ള ഒത്തുതീർപ്പ് ലക്ഷ്യത്തിലേക്ക്; രാജധാനി ബിൽഡിങ് പൊളിക്കാതിരിക്കാൻ ഹൈക്കോടതിയിലെ സർക്കാർ അപ്പീലിലും കള്ളക്കളി
കൊച്ചി: ബാറുകൾ അടച്ചു പൂട്ടിയിട്ടും സർക്കാരിനെ വെട്ടിലാക്കുന്ന പരാമർശങ്ങളുമായി ബാർ ഉടമാ അസോസിയേഷൻ നേതാവ് ബിജു രമേശ് എത്താത്തതിന്റെ കാരണം വ്യക്തമാകുന്നു. ബാർ കോഴയിൽ കെഎം മാണിയുടെ മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിക്ക് ശേഷമുള്ള ബിജുവിന്റെ മൗനം ഏവരേയും അത്ഭുതപ്പെടുത്തി. എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ത്വരിത പരിശോധനയ്ക്ക് തൃശൂർ
കൊച്ചി: ബാറുകൾ അടച്ചു പൂട്ടിയിട്ടും സർക്കാരിനെ വെട്ടിലാക്കുന്ന പരാമർശങ്ങളുമായി ബാർ ഉടമാ അസോസിയേഷൻ നേതാവ് ബിജു രമേശ് എത്താത്തതിന്റെ കാരണം വ്യക്തമാകുന്നു. ബാർ കോഴയിൽ കെഎം മാണിയുടെ മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിക്ക് ശേഷമുള്ള ബിജുവിന്റെ മൗനം ഏവരേയും അത്ഭുതപ്പെടുത്തി. എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ത്വരിത പരിശോധനയ്ക്ക് തൃശൂർ വിജിലൻസ് കോടതി ഉത്തരവ് വന്നതിന് ശേഷം ബിജു ഒന്നും മിണ്ടിയിട്ടില്ല. ഈ കേസിൽ കൈക്കൂലി കൊടുത്തതിനാൽ ബിജുവും പ്രതിയാണ്. ഈ കേസ് കടുക്കാതിരിക്കാൻ സർക്കാരും ബിജു രമേശും ഒത്തുതീർപ്പിലെത്തിയത് മറുനാടൻ നേരത്തെ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു.
ഇത് ശരിവയ്ക്കുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതും. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ ബിജു രമേശിന്റെ കെട്ടിടം പൊളിച്ചു സ്ഥലം ഏറ്റെടുക്കുന്നതു തടഞ്ഞ സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. ഭൂ സംരക്ഷണ നിയമമോ ഭൂമിയേറ്റെടുക്കൽ നിയമമോ അനുസരിച്ചുള്ള നടപടികളല്ലാതെ ദുരന്തകൈകാര്യ അഥോറിറ്റിയുടെ നടപടി സാധ്യമല്ലെന്നു വിലയിരുത്തിയായിരുന്നു സിംഗിൾ ജഡ്ജിയുടെ നടപടി. അതായത് ബിജു രമേശിനെതിരായ സർക്കാർ അപ്പീലിൽ കെട്ടിടത്തെ രക്ഷിക്കാനുള്ള എല്ലാ പഴുതുകളും ഉണ്ട്.
എന്നാൽ, ഭാവിദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടികളെടുക്കാൻ ദുരന്ത നിവാരണ അഥോറിറ്റിക്കു സാധ്യമാണെന്നാണു സർക്കാർ അപ്പീലിലെ വാദം. തെക്കനക്കര കനാൽ കയ്യേറ്റം ബോധ്യപ്പെട്ടതിനാൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായാണു നടപടിക്കു മുതിർന്നതെന്നു പറയുന്ന അപ്പീൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു പരിഗണിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സർക്കാർ അപ്പീൽ തള്ളുമെന്നാണ് സൂചന. വികസനത്തിന്റെ പേരിൽ ഏറ്റെടുക്കാവുന്ന ഭൂമിയാണ് ബിജു രമേശിന്റേത്. ഇതിന് സർക്കാരിന് അവകാശവുമുണ്ട്. ഭൂമിയിൽ ന്യായ വില നൽകിയാൽ മതിയാകും. എന്നാൽ ബിജുവിന് തുണയാകാൻ വേണ്ടി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. വെള്ളക്കെട്ട് മാറ്റുകയെന്നത് തിരുവനന്തപുരത്തിന്റെ വികസ അധ്യായത്തിൽ തന്നെ നിർണ്ണായകമാണ്.
ഓപ്പറേഷൻ അനന്തയുടെ ഭാഗമായാണ് ബിജു രമേശിന്റെ കെട്ടിടം പൊളിക്കാൻ കളക്ടർ ബിജു പ്രഭാകർ തീരുമാനിച്ചത്. എന്നാൽ റവന്യൂ മന്ത്രി അടൂർ പ്രകാശ് നേരിട്ട് ഇടപെട്ട് എല്ലാം അട്ടിമറിച്ചു. കോടതിയിൽ നിന്ന് അനുകൂല വിധി ബിജു രമേശ് നേടിയതോടെ ഓപ്പറേഷൻ അനന്ത തന്നെ പാളി. ബാർ കോഴയിൽ ബിജു രമേശിനെ അനുനയിപ്പിക്കാൻ സർക്കാർ ഇതും ആയുധമാക്കി. അടൂർ പ്രകാശ് തന്നെ എല്ലാത്തിനും ഇടനിലക്കാരനുമായി. ഇതിനിടെ തിരുവനന്തപുരത്തെ ബിജു രമേശിന്റെ മിക്കവാറും കെട്ടിടമെല്ലാം അനധികൃത നിർമ്മാണമാണെന്നും കണ്ടെത്തി. ഇതു പൊളിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമവും ഉന്നത ഇടപടെലിലൂടെ തടയപ്പെട്ടു. ഇതിനിടെ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് പാറപൊട്ടിക്കാൻ 150 കോടിയുടെ കരാറും ബിജു രമേശിന് സർക്കാർ അനുവദിച്ചു.
ഈ ഒത്തു തീർപ്പ് വ്യവസ്ഥകളുടെ ഭാഗമായാണ് കിഴക്കേക്കോട്ടയിലെ കെട്ടിടം പൊളിക്കാതിരിക്കാനുള്ള സർക്കാരിന്റെ കള്ളക്കളി. ബിജു രമേശിന് അനുകൂല വിധിയുണ്ടാക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള ഫയൽ ഏറെ കാലം റവന്യൂ വകുപ്പ് പൂഴ്‌ത്തി വച്ചിരുന്നു. ഇത് മനസ്സിലാക്കി കേരളാ കോൺഗ്രസ് മാണി വിഭാഗം പരാതിയുമായെത്തി. ഇതോടെയാണ് അപ്പീൽ നൽകാനുള്ള ഫയൽ ചീഫ് സെക്രട്ടറിയുടെ കൈയിലെത്തിയത്. എന്നാൽ അപ്പീൽ നൽകുമ്പോഴും കെട്ടിടം പൊളിക്കാതിരിക്കാൻ എല്ലാ പഴുതുകളും അവശേഷിപ്പിക്കുകയും ചെയ്തു.
സർക്കാരും ബിജു രമേശും തമ്മിലെ ഒത്തുതീർപ്പിലെ വ്യവസ്ഥ പ്രകാരം ഓപ്പറേഷൻ അനന്തയിൽ നിന്ന് രാജധാനി ബിൽഡിംഗിനേയും ഒഴിവാക്കാൻ ധാരണയുണ്ട്. ഫലത്തിൽ മൂന്നൂറ് കോടി രൂപയുടെ നേട്ടമാകും ബിജുവിന് കിട്ടുക. കിഴക്കേ കോട്ടയിൽ രണ്ടര ഏക്കർ സ്ഥലത്താണ് ബിജുവിന്റെ രാജധാനിയുള്ളത്. ഓപ്പറേഷൻ അനന്തയിൽ പൊളിച്ചാൽ പിന്നീട് പണി ചെയ്യുക അസാധ്യമാണ്. ഇതിലൂടെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും. ഇതിനൊപ്പം ബിജു രമേശിനെതിരെ മന്ത്രി കെ. ബാബു നൽകിയ മാനനഷ്ടക്കേസും അപ്രസക്തമാകും. ഈ കേസിലെ നടപടികൾ ഹൈക്കോടതി ജനുവരി 18 വരെ സ്‌റ്റേ ചെയ്തിട്ടുണ്ട്. കേസ് റദ്ദാക്കാനാവശ്യപ്പെട്ട് ബിജു രമേശ് നൽകിയ ഹർജി ജസ്റ്റിസ് ബി. കെമാൽപാഷ വിശദമായ വാദം കേൾക്കാൻ ജനുവരി 18 ലേക്ക് മാറ്റിയിരിക്കുകയാണ്.
മന്ത്രി കെ. ബാബു പത്തു കോടി രൂപ കോടി രൂപ കൈപ്പറ്റിയെന്ന് ബിജു രമേശ് പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ മേയിലാണ് ബിജു രമേശിനെതിരെ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ മന്ത്രി ബാബു കേസ് ഫയൽ ചെയ്തത്. ഇത് തന്നെയാണ് തൃശൂർ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് വിധേയമാക്കാൻ വിജിൻസിനോട് ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ്. ഈ സാഹചര്യത്തിൽ ബിജു രമേശിന്റെ വാർത്താ സമ്മേളനം വച്ചുതന്നെ കേസ് എടുക്കാം. അതുകൊണ്ട് ബിജുവിന്റെ ഇനിയുള്ള നിലപാട് നിർണ്ണായകമാണ്. ഇത് മനസ്സിലാക്കിയാണ് ഒത്തുതീർപ്പ്. തിരുവനന്തപുരം ജില്ലാ കളക്ടറാണ് ഓപ്പറേഷൻ അനന്ത നടപ്പാക്കുന്നത്. അതിൽ റവന്യൂ മന്ത്രിയെന്ന നിലയിൽ അടൂർ പ്രകാശ് ഇടപെടും. ഇതോടെ ബിജു രമേശ് രക്ഷപ്പെടുകയും ചെയ്യും. ഇതുകൊണ്ടാണ് തൃശൂർ കോടതി വിധി വന്നശേഷം ബിജു രമേശ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്താത്തത്. പരസ്യമായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കില്ല.
തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ അനന്ത രൂപീകരിച്ചത്. കനാലിന്റെ പുറമ്പോക്ക് കൈയേറിയാണ് ഹോട്ടലിന്റെ ഒരു ഭാഗം പണിതതെന്ന് ജില്ലാ കലക്ടർ ബിജുപ്രഭാകർ റിപ്പോർട്ട് നൽകിയിരുന്നു. നേരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭൂമി കൈയേറിയെന്ന കേസിൽ കെട്ടിടം പൊളിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ റവന്യൂ വകുപ്പിന്റെ ഇടപെടലോടെ എല്ലാം ബിജു രമേശിന് അനുകൂലമായി. ഇതിനിടെയാണ് ഓപ്പറേഷൻ അനന്തയുടെ വരവ്. അതും അട്ടിമറിക്കാൻ റവന്യൂവകുപ്പ് ശ്രമിച്ചിരുന്നു. എന്നാൽ ബാർ കോഴയിൽ ബിജുവിനെ സമ്മർദ്ദത്തിലാക്കാൻ ഈ ആയുധത്തിലൂടെ മുഖ്യമന്ത്രി ശ്രമിച്ചു.
എന്നാൽ ബിജു വഴങ്ങിയില്ല. നിലപാടുമായി മുന്നോട്ട് പോയി. ഇതിനിടെയാണ് തൃശൂർ വിജിലൻസ് കോടതിയുടെ ത്വരിതാന്വേഷണ റിപ്പോർട്ട്. ബാബു കുടുങ്ങുമെന്ന് വന്നതോടെ ബിജുവുമായി ഒത്തുതീർപ്പിന് മുഖ്യമന്ത്രി തന്നെ തയ്യാറാവുകയായിരുന്നു.