തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസുകാരെ മർദിച്ച കേസിൽ മുഖ്യപ്രതിയെ രക്ഷിക്കാൻ നീക്കമെന്ന് പരാതി. എസ്എഫ്ഐ ജില്ലാ നേതാവ് നസീമിനെ കേസിൽ നിന്നൊഴിവാക്കിയെന്നാണ് ആക്ഷേപം. മർദനമേറ്റ സിപിഒ ശരത് അന്വേഷണ ഉദ്യോഗസ്ഥന് ഇതുസംബന്ധിച്ച് പരാതി നൽകി. നസീമിനെതിരേ കൂടുതൽ കേസുകളുള്ളതിനാലാണ് ഒഴിവാക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇന്നലെ നാലു പ്രതികൾ കീഴടങ്ങിയ സാഹചര്യമുണ്ടായിട്ടും നസീമിനെ അറസ്റ്റ് ചെയ്തിരുന്നില്ല. കേസിൽ നാല് എസ്എഫ്ഐ പ്രവർത്തകരാണ് അറസ്റ്റിലുള്ളത്. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളാണിവർ.

തുടക്കം മുതലേ പൊലീസ് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതായി സ്പെഷൽ ബ്രാഞ്ച് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസുദ്യോഗസ്ഥന്റെ പരാതിയും പുറത്തുവന്നിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് പാളയത്ത് എസ്എഫ്ഐക്കാരുടെ ട്രാഫിക് നിയമലംഘനം ചോദ്യം ചെയ്ത പൊലീസുകാർക്ക് മർദനമേറ്റത്. നേതാക്കളായ ആരോമൽ അശോകും നസീമുമാണ് മർദിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാക്കിയിരുന്നു. പൊലീസുകാരനെ മർദ്ദിച്ചിട്ടും കേസ് ഒഴിവാക്കാനാണ് ഇടത് അനുകൂലികളായ പൊലീസുകാർ ശ്രമിച്ചത്. എന്നാൽ തല്ല് കിട്ടിയ പൊലീസുകാരും വലത് പക്ഷ യൂണിയനും ഒരുമിച്ച് നിൽക്കുകയും മറ്റ് വിഭാഗത്തിൽ നിന്ന് ആവശ്യത്തിന് പിന്തുണ ലഭിക്കുകയും ചെയ്തതോടെയാണ് ക്രിമിനൽ സ്വഭാവത്തിലുള്ള കുറ്റം ചെയ്ത പ്രതികൾ വലയിലായത്.

സിസിടിവി ദൃശ്യങ്ങൾ മാച്ചും പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നു. മർദ്ദനമേറ്റ പൊലീസുകാരെ ആശുപത്രിയിൽ നിന്ന് അതിവേഗം ഡിസ്ചാർജ്ജ് ചെയ്യിച്ചതും കള്ളക്കളിയുടെ ഭാഗം. അതിനിടെ പൊലീസിനെ മർദിച്ച എസ്.എഫ്.ഐ. പ്രവർത്തരെ അറസ്റ്റു ചെയ്യുന്നതിൽ കന്റോൺമെന്റ് പൊലീസിനു വീഴ്ചപറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും എത്തി. ഇതോടെ എസ് എഫ് ഐക്കാരെ രക്ഷിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്നാണ് വ്യക്തമാകുന്നത്. അക്രമികളുടെ സംഘത്തിൽ തലസ്ഥാനത്തെ ഒരു സിപിഎം. എംഎൽഎ.യുടെ പി.എ.യുടെ മകനും ഉള്ളതായി സൂചനയുണ്ട്. ഈ കുട്ടിയെ രക്ഷിക്കാനാണ് പൊലീസ് തന്ത്രപരമായി കള്ളക്കളി നടത്തിയത്.

പൊലീസുകാരെ ആക്രമിക്കുമ്പോൾ നിരീക്ഷണ ക്യാമറ നിയന്ത്രിക്കുന്നവർ രംഗങ്ങൾ സൂം ചെയ്തു നോക്കുന്നുണ്ട്. വിവരം അപ്പോൾത്തന്നെ കന്റോൺമെന്റ് പൊലീസിനെ അറിയിച്ചതായാണ് വിവരം. എന്നാൽ, കന്റോൺമെന്റ് ഇവരെ പിടികൂടാതെ വീഴ്ചവരുത്തിയതായാണ് സെപ്ഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് നസീമിന്റെയും പ്രവർത്തകനായ ആരോമലിന്റെയും നേതൃത്വത്തിലായിരുന്നു മർദനം. ഇത് തിരിച്ചറിഞ്ഞാണ് പൊലീസ് കേസ് ഒതുക്കാൻ ശ്രമിച്ചത്.

എന്നാൽ മറുനാടൻ അടക്കമുള്ളവർ സിസിടിവി പുറത്തു വിട്ടത് വിനയായി. ഇതോടെ പ്രതികളെ പിടിക്കാൻ നിർബന്ധിതരായി. സമ്മർദ്ദം ശക്തമായപ്പോൾ പ്രതികൾ പൊലീസിന് കീഴടങ്ങി. പൊലീസുകാരെ എസ്.എഫ്.ഐ. പ്രവർത്തകർ മർദിക്കുന്ന ദൃശ്യങ്ങൾ ചോർന്നതിൽ പൊലീസ് അന്വേഷണം തുടങ്ങി. കൺട്രോൾ റൂമിലെ ടി.വി.യിൽനിന്നാണ് ദൃശ്യങ്ങൾ പുറത്തുപോയത്. നിയമസഭാസമ്മേളനം നടക്കുമ്പോൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ദൃശ്യം പുറത്തുവിട്ടത് ഗൗരവമായാണ് കാണുന്നത്. യഥാർത്ഥത്തിൽ ഈ ദൃശ്യങ്ങളാണ് പ്രതികളെ പിടിക്കാൻ പൊലീസിനെ സഹായിച്ചത.

ഇത്തരം തെളിവുകളൊന്നും പുറത്തു വരില്ലെന്ന വിശ്വാസത്തിലാണ് എസ് എഫ് ഐ നേതാക്കളൊന്നും കേസിൽ പെട്ടിട്ടില്ലെന്ന് നേതൃത്വം വിശദീകരിച്ചത്. എന്നാൽ വീഡിയോ പുറത്തു വന്നതോടെ എല്ലാം വ്യക്തമായി എസ് എഫ് ഐയുടെ യൂണിറ്റ് പ്രസിഡന്റായ നസീം ക്യാമ്പസിലെ രാജാവാണ്. യൂണിവേഴ്സിറ്റി കോളേജിനെ മുഴുവൻ നിയന്ത്രിക്കുന്നത് നസീമാണ്. നസീമിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത് എസ് എഫ് ഐയെ വെട്ടിലാക്കി. ഇതോടെ നേതൃത്വം മൗനത്തിലുമായി ഇതിന് പിന്നാലെയാണ് തലസ്ഥാനത്തെ ഒരു സിപിഎം. എംഎൽഎ.യുടെ പി.എ.യുടെ മകനും സംഭവത്തിൽ ഉൾപ്പെട്ടതായി വിവരം പുറത്തുവന്നത്.

ഇതിനിടെ ആരോമൽ, അഖിൽ, ശ്രീജിത്, ഹൈദർ എന്നിവർ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് കന്റോൺമെന്റ് പൊലീസാണ് അറസ്റ്റുചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ നിസ്സാരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ശബരിമലയിൽ ആചാര സംരക്ഷണത്തിന് വേണ്ടി സംശയം തോന്നിയ സ്ത്രീയെ തടഞ്ഞ കേസിൽ ബിജെപിയുടെ ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെ പൊലീസ് വധ ശ്രമക്കേസ് ചുമത്തിയിരുന്നു. എന്നാൽ യൂണിഫോമിലുള്ള പൊലീസുകാരെ 20അംഗ സംഘം ആക്രമിക്കുമ്പോൾ പോലും ഗുരുതര വകുപ്പുകൾ ചുമത്തുന്നില്ല.

കേസിൽ നിന്ന് എസ് എഫ് ഐ നേതാക്കൾക്ക് വേഗത്തിൽ തലയൂരാനാണ് ഇതെന്നാണ് ഉയരുന്ന ആരോപണം. ഇതിനൊപ്പമാണ് പൊലീസുകാരുടെ വീഴ്ചയിലെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും ചർച്ചയാകുന്നത്. അക്രമം നടക്കുന്ന സംഭവമറിഞ്ഞ് കന്റോൺമെന്റ് സ്റ്റേഷനിലെ രണ്ട് അഡീഷണൽ എസ്ഐ.മാർ ഉൾപ്പെടെ സ്ഥലത്തെത്തി. ഇവർ നോക്കിനിൽക്കെയാണ് അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടത്. കൂടുതൽ പൊലീസിനെ ആവശ്യപ്പെടുകയോ സ്ഥിതിഗതികൾ കൺട്രോൾ റൂമിൽ ധരിപ്പിക്കുകയോ ചെയ്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തയ്യാറായില്ല.