- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശ്ശേരി അപകടം: അതിഥി തൊഴിലാളികൾ കുടുങ്ങിയത് 18 അടി താഴ്ചയിൽ; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം; തിരച്ചിൽ അവസാനിപ്പിച്ചു; അന്വേഷണം നടത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്; മൃതദേഹങ്ങൾ വിമാനത്തിൽ നാട്ടിലെത്തിക്കും
കൊച്ചി: കളമശ്ശേരിയിലെ ഇലക്ട്രോണിക് സിറ്റിയുടെ നിർമ്മാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടവർക്കായി നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചു. കുഴിയിൽ അകപ്പെട്ട എല്ലാവരേയും പുറത്തെത്തിച്ചതായി സ്ഥിരീകരിച്ചതോടെയാണ് രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചത്.
ഏഴ് പേരായിരുന്നു മണ്ണിടിഞ്ഞു വീണയിടത്ത് ജോലി ചെയ്തിരുന്നത്. ഇവരിൽ ഒരാൾ ആദ്യം സ്വയം രക്ഷപ്പെട്ടു. ബാക്കി ആറ് പേരിൽ 2 പേരെ തുടക്കത്തിൽ തന്നെ രക്ഷപ്പെടുത്തി. മണ്ണിന് അടിയിലായിപ്പോയ ബാക്കി നാല് പേരെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പുറത്തെത്തിച്ചത്. ഇവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്ന് ജില്ലാ ഫയർ ഓഫീസർ ജോജി അറിയിച്ചു.
രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണുനീക്കുമ്പോഴാണ് അപകടമുണ്ടായത്. രക്ഷപ്പെടുത്തി ആദ്യം ആശുപത്രിയിൽ എത്തിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. മറ്റുനാല് പേരെ മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് മണ്ണിനടിയിൽനിന്ന് പുറത്തെടുക്കാനായത്. കൂടുതൽ സമയം മണ്ണിനുള്ളിലായിപ്പോയതിനാലാണ് ഇവരെ രക്ഷിക്കാൻ കഴിയാതെ വന്നത്.
നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാല് പേരാണ് മരിച്ചത്. ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നിവരാണ് മരിച്ചത്.
അപകടത്തെ കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. അഞ്ചുദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ അവശ്യപ്പെട്ടതായി ജില്ലാ കളക്ടർ കലക്ടർ ജാഫർ മാലിക്ക് അറിയിച്ചു. തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യും. മൃതദേഹങ്ങൾ വിമാനത്തിൽ നാട്ടിൽ എത്തിക്കും. പോസ്റ്റ് മോർട്ടം നടത്തണോ എന്നു ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴുത്തറ്റം വരെ മണ്ണ് വന്ന് നിറഞ്ഞുവെന്നും കരഞ്ഞപ്പോൾ അടുത്തുള്ളവർ തന്നെ പിടിച്ച് ഉയർത്തിയതിനാലാണ് രക്ഷപ്പെട്ടതെന്നും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മോനി മണ്ഡൽ പറഞ്ഞു. അടുത്തുള്ള കുന്ന് നികത്തിയ മണ്ണാണ് ഇവിടെ എത്തിച്ച് നികത്തിയത്. ബലമില്ലാത്ത മണ്ണിൽ ജോലിയെടുക്കുക ബുദ്ധിമുട്ടെന്ന് നേരത്തെ കോൺട്രാകറെ അറിയിച്ചിരുന്നുവെന്നും എന്നാൽ അനുകൂല നടപടിയൊന്നും ഉണ്ടായില്ലെന്നും തൊഴിലാളികൾ ആരോപിച്ചു.
18 അടി താഴ്ചയോളമുള്ള കുഴിയിലാണ് തൊഴിലാളികൾ അകപ്പെട്ടത്. കുഴിയെടുക്കുന്നതിനിടെ ഇവരുടെ ദേഹത്തേക്ക് ഏകേദശം ഏഴടിയോളം ഉയരത്തിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നിർമ്മാണ പ്രവർത്തനത്തിനായി എത്തിച്ച ജെസിബിയുടെ സഹായത്തോടെയാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. കുഴിയിലേക്ക് വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസും അഗ്‌നിരക്ഷാ സേനയും വളരെ ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന കൃത്യമായ സ്ഥലം കണ്ടെത്താൻ ഡോഗ് സ്‌ക്വാഡിനേയും ഇങ്ങോട്ടെത്തിച്ചിരുന്നു. കൂടുതൽ ഫയർ ഫോഴ്സ് സംഘങ്ങളും സ്ഥലത്തെത്തിച്ചിരുന്നു. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് പ്രദേശത്ത് നിർമ്മാണ പ്രവർത്തനം നടന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സുരക്ഷാ വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ