കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ സേവ് ഔർ സിസ്റ്റേഴ്സിന്റെ പേരിൽ സമരത്തിനിറങ്ങിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഫാ.അഗസ്റ്റിൻ വട്ടോളിക്കെതിരെ അച്ചടക്ക നടപടിയുടെ വാളോങ്ങിയിരിക്കുകയാണ് സീറോ-മലബാർ സഭാ നേതൃത്വം. ഫാദർ അഗസ്റ്റിൻ വട്ടോളിക്ക് കാരണം കാണിക്കൽ നോട്ടീസും മുന്നറിയിപ്പുമാണ് നൽകിയിരിക്കുന്നത്. തനിക്കെതിരെ സഭ പുറപ്പെടുവിച്ച നോട്ടീസ് ചില തെറ്റിദ്ധാരണകളുടെ പുറത്താണെന്നാണ് ഫാ.അഗസ്റ്റിൻ വട്ടോളിയുടെ പ്രതികരണം. വൈദികനെന്ന നിലയിൽ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ല. ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് എന്ന രീതിയിലാണ് അപ്പോസ്തലിക് അഡ്‌മിന്‌സ്‌ട്രേറ്റർ സൂചിപ്പിച്ചിരിക്കുന്നത്. മറ്റാരൊക്കെയോ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാകാം ഈ നോട്ടീസ് എന്നാണ് കരുതുന്നത്. റിപ്പോർട്ടർ ടിവിയുടെ ക്ലോസ് എൻകൗണ്ടർ പരിപാടിയിലാണ് ഫാ.അഗസ്റ്റിൻ വട്ടോളിയുടെ പ്രതികരണം.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

വട്ടോളിയച്ചന് തീവ്രസ്വാഭാവമുള്ള വ്യക്തികളും സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം. സീറോ-മലബാർ സഭയിലെ ഭൂമി വിവാദം, ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട കന്യാസ്ത്രീ പീഡനക്കേസ് എന്നിവയിലെല്ലാം വട്ടോളിയച്ചന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വരെ ചിലർ ആരോപിച്ചിരുന്നു?

ജനകീയ സമരങ്ങളിൽ ഏർപ്പെടുന്ന ആർക്കെതിരെയും ഇത്തരം തീവ്രവാദി ആരോപണങ്ങൾ ഉണ്ടാകാമെന്നാണ് മറുപടി. മൂലമ്പള്ളി, കൂടംകുളം, ചെങ്ങറ സമരങ്ങളിൽ ഇത്തരം ആരോപണങ്ങൾ ഉയർന്നുവന്നത് കണ്ടതാണ്. ഇവിടെയും അത്തരം ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. സഭ അത്തരം ഒരുനിലപാടിലേക്ക് വരുന്നത് ഇതാദ്യമാണ്. ഇത്തരത്തിൽ ഇന്ത്യയിലും കേരളത്തിലും നടക്കുന്ന പല ജനകീയ സമരങ്ങളിലും താനടക്കം പല വൈദികരും ബന്ധപ്പെട്ടിട്ടുണ്ട്. 2013 ലെ ആദിവാസികളുടെ നിൽപ് സമരത്തിൽ 162 ദിവസമാണ് പങ്കാളിയായത്. അന്ന് പള്ളികളിൽ പോലും പോയി സംസാരിച്ചിട്ടുണ്ട്. അന്ന് ചമ്പക്കരയിലെ പള്ളിയിൽ നിന്ന് 25,000 രൂപ വരെ സമാഹരിച്ച് സി.കെ.ജാനുവിന് നൽകുകയുണ്ടായി.

ഇത്തരം സമരങ്ങളിലൊക്കെ പങ്കെടുത്തപ്പോൾ, ഇടതുതീവ്രവാദിയെന്ന് മുദ്രകുത്താതിരുന്ന സഭ ഇപ്പോൾ അതിന് മുതിരുന്നത് എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമി വിവാദത്തിൽ കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരെ വൈദികരെ കൂട്ടി ശബ്ദമുയർത്തിയതുകൊണ്ടാണോയെന്ന ചോദ്യം ഉയരുന്നു. ഭൂമി വിവാദത്തിൽ ഇടപെടുന്നത് അതിന്റെ ശരിയായ ഒരുകാരണമന്വേഷിച്ചുകൊണ്ടാണ്. അന്വേഷണം നടത്തുമ്പോഴും ആരോപണങ്ങൾ തെറ്റായിരിക്കണമേയെന്ന് പ്രാർത്ഥിച്ചിരുന്നു. എന്നാൽ, അതിന്റെ തെളിവുകളിലേക്കും, രേഖകളിലേക്കും അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കുറെ കാര്യങ്ങൾ കണ്ടെത്തിയത്.

ഈ വിഷയം ആദ്യം ഉന്നയിക്കപ്പെടുന്നത് സഭാവേദികളിലാണ്. എറണാകുളം രൂപതയിലെ മുഴുവൻ അച്ചന്മാർക്കും ഇതിന്റെ പൂർണ വിവരങ്ങൾ ലഭ്യമാക്കാൻ മേഖലാസമ്മേളനങ്ങൾ വരെ നടന്നു. ഈ വിഷയത്തിൽ ആലഞ്ചേരി പിതാവിനെ ടാർജറ്റ് ചെയ്യുക എന്നതല്ല, സത്യം എന്തെന്ന് മനസ്സിലാക്കുകയാണ് പ്രധാനം. കർദ്ദിനാൾ ആലഞ്ചേരിക്ക് ഒരു അബദ്ധം പറ്റിപ്പോയതാണെന്നും ഒരു സമവായത്തിലെത്തേണ്ടതാണെന്നും തോന്നാത്തത് എന്തുകൊണ്ടാണ്? ഈ വിഷയത്തിൽ കർദ്ദിനാൾ അടക്കമുള്ളവരുടെ തെറ്റ് വളരെ പ്രകടമായിരുന്നു. കർദ്ദിനാൾ അറിയാതെ അത്തരമൊരു കച്ചവടം നടക്കുക സാധ്യമല്ല എന്നുതന്നെയാണ് വിശ്വസിക്കുന്നത്. സാജുവർഗീസ് കുന്നേലെന്ന ഇടനിലക്കാരനായ ആളെ ജോഷി പുതുവ എന്ന വൈദികന് പരിചയപ്പെടുത്തി കൊടുക്കുന്നത് കർദ്ദിനാൾ പിതാവാണ്. അപ്പോൾ അദ്ദേഹം അറിയാതെ കച്ചവടം നടക്കുക അസാധ്യമാണ്.

കർദ്ദിനാൾ ആലഞ്ചേരിയുടെ ഉദ്ദേശ്യ ശുദ്ധി മാനിക്കേണ്ടതല്ലേയെന്ന ചോദ്യത്തിന് ഫാ.അഗസ്റ്റ്യൻ വട്ടോളിയുടെ മറുപടി ഇങ്ങനെ: അത് പരിശോധിക്കേണ്ടതാണ്. എന്തുതാൽപര്യത്താലാണ് അദ്ദേഹം അങ്ങനെ ചെയ്യേണ്ടി വന്നത് എന്നത് അദ്ദേഹം തന്നെ പറയേണ്ടതാണ്. എന്തുകൊണ്ട് ചെയ്തുവെന്ന കാര്യമാണ് എറണാകുളം രൂപതയിലെ വൈദികർ ആവർത്തിച്ച് ചോദിക്കുന്നത്.

ഭൂമി വിവാദത്തിൽ കർദ്ദിനാൾ ആലഞ്ചേരിക്കെതിരെയും, കന്യാസ്ത്രീപീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെയും സമരം നടത്തേണ്ടി വരികയെന്നത് സഭയ്ക്കുള്ളിൽ പെട്ട ഞങ്ങൾക്ക് വിഷമമുള്ള കാര്യമാണ്. എന്നാൽ, പ്രധാന ചോദ്യം ഒരുവൈദികന്റെ, ബിഷപ്പിന്റെ, കർദ്ദിനാളിന്റെ ധാർമികമായി നിലനിലനിൽപ് എന്ന് പറയുന്നത് ധാർമികതയിലും ആത്മീയതയിലും ഊന്നിയാണ് എന്ന കാര്യമാണ്.

ഫ്രാങ്കോയ്‌ക്കെതിരെ ആരോപണമുന്നയിച്ച കന്യാസ്ത്രീ ആദ്യം ഉന്നയിച്ചത് തന്നെ ബിഷപ്പിന്റെ അധികാരപരിധിയിൽ പെടാത്ത ഒരിടത്തേക്ക് തന്നെ മാറ്റണമെന്നാണ്. പിന്നീട് അവർക്കെതിരെയും, അവരുടെ സഹോദരനെതിരെയും പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ് അവർ പൊലീസിനെ സമീപിച്ചത്. അതുവരെ അവർ സഭാവേദികളെയാണ് സമീപിച്ചത്. ഭൂമി വിവാദമായാലും, കന്യാസ്ത്രീപീഡനക്കേസായാലും, സഭയ്ക്കുള്ളിൽ തന്നെ പരിഹരിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. കന്യാസ്ത്രീ സമരത്താണെങ്കിൽ കുറ്റാരോപിതനായ വ്യക്തി മാറി നിൽക്കണമെന്ന് ഇവർ എന്തുകൊണ്ടുപറഞ്ഞില്ല എന്നതാണ് ചോദ്യം.

99 ആടുകളെ വിട്ട് ഒരാടിന്റെ രോദനം കേൾക്കണമെന്ന പഠിപ്പിച്ച ക്രിസ്തുവിന്റെ പാഠമാണ് പിന്തുടരുന്നത്. അതുനമുക്ക് അവഗണിക്കാൻ കഴിയില്ല. അതുകൊണ്ടാണ് കന്യാസ്ത്രീസമരം പോലുള്ള സമരം വരുമ്പോൾ നമ്മൾ ഇരയുടെ കൂടെ നിൽക്കണമെന്ന ദർശനം അവിടെയാണ്. ഏററവും പാർശ്വവൽകൃതരുടെയും ദരിദ്രരുടെയും കണ്ണിലൂടെ ബൈബിൾ വായിക്കുക എന്നതാണ് താനടക്കമുള്ള വൈദികർ ചെയ്യുന്നതെന്നും, ഇക്കാര്യത്തിൽ തന്നെ കമ്യൂണിസ്റ്റെന്ന് വിളിച്ചാൽ തെറ്റില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

സഭ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി അതിന്റെ സ്ഥാപനവൽകരണവും, ക്രിസ്തുദർശനവും എങ്ങനെ ഒരുമിച്ചുകൊണ്ടുപോകാമെന്നുള്ളതാണ്. വിശുദ്ധ കുർബാന അർപ്പിക്കുന്നതിലല്ല, മറ്റുപല കാര്യങ്ങളിലുമാണ് താൽപര്യമെന്ന സഭയുടെ ആരോപണത്തെ കുറിച്ച്: ഒരിക്കലുമില്ല. കുർബാന എന്നുപറയുന്നത് ഞങ്ങളുടെ അന്തസ്സത്തയാണ്. യാത്രകളിലും സമരങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴും ഒഴിച്ചുള്ള സമയങ്ങളിൽ കുർബാന അർപ്പിക്കുന്നതിൽ നിഷ്ഠ പുലർത്താറുണ്ട്. സ്വകാര്യമായി താൻ മൂന്ന് മണിക്കൂർ വരെ കുർബാന അർപ്പിക്കാറുണ്ടെന്നും അഗസ്റ്റിൻ വട്ടോളി പറഞ്ഞു. തന്റെ ആത്മീയത് കാണുന്നത് പ്രവൃത്തിയിലൂടെയാണ്. ഞാൻ എങ്ങനെയാണ് നിങ്ങളോട് പെരുമാറുന്നത്..ഞാൻ എങ്ങനെയാണ് നിങ്ങളുടെ സംഘർഷങ്ങളിൽ നിങ്ങളോട് ഇടപെടുന്നത് എന്നതൊക്കെ. അതാണ് എന്റെ ആത്മീയതയുടെ സാരവും സത്തയും.

താൻ സഭയോട് ഏറ്റുമുട്ടാനില്ലെന്നും അത് അതിജീവനത്തിന് വേണ്ടി നിലനിൽപ്പിന് വേണ്ടി നടത്തുന്ന ചില പരിശ്രമങ്ങളാണെന്നും ഫാ.അഗസ്റ്റിൻ വട്ടോളി പറഞ്ഞു. ക്രിസ്തുശിഷ്യനായ ഒരുവ്യക്തിക്ക് നിലപാടില്ലാതെ ജീവിക്കാൻ വിഷമമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് നേരേ ഉന്നയിച്ച ആരോപണങ്ങളുടെ സത്യാവസ്ഥ സഭയ്ക്ക് ബോധ്യമാകുമെന്നാണ് ഉത്തമവിശ്വാസം. തന്റെ വൈദികകുപ്പായം അഴിപ്പിക്കുമെന്ന് ഭീഷണി മുഴക്കുന്നവരോടെ വിദ്വേഷമില്ലെന്നും അവർ വിശ്വാസ സംഘർഷം അനുഭവിക്കുന്ന സാധാരണക്കാരുടെ വിഷമതകൾ മനസ്സിലാക്കണമെന്നും ഫാ.അഗസ്റ്റിൻ വട്ടോളി പറഞ്ഞു.

അപ്പോസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ചാൻസലർ ഫാ. ജോസ് പോളയിൽ എന്നിവരാണ് ഫാ.അഗസ്റ്റിൻ വട്ടോളിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. നവംബർ 25 നകം രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ, ഫാദറിനെതിരെ സഭാനിയമപ്രകാരം അച്ചടക്കനടപടിയെടുക്കുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകിയത്. കത്തിനെ ശരിയായ ആത്മാവിൽ ഉൾക്കൊള്ളണമെന്നും ക്രിസ്തുവിൽ സ്വയം മാറണമെന്നും അതിനു പരിശുദ്ധാത്മാവിന്റെ പരിവർത്തനം ഉണ്ടാകട്ടെ എന്നും കത്തിൽ ആശംസിക്കുന്നുണ്ട്.

ധർണ സംഘടിപ്പിക്കുന്നതും പങ്കെടുക്കുന്നതും സഭാ വിരുദ്ധമാണെന്നും ഒരു പുരോഹിതൻ എന്ന നിലയിൽ സഭയ്ക്ക് അപകീർത്തികരമാവുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സഭ അനുശാസിക്കുന്നതു പോലെ വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നില്ലെന്നും സഭാ മാനദണ്ഡം അനുസരിച്ചുള്ള ജീവിത വിശുദ്ധി ഫാ. അഗസ്റ്റിൻ വട്ടോളി പരിപാലിക്കുന്നില്ലെന്നുമുള്ള ഗുരുതര ആരോപണവും കത്തിലുണ്ട്. ഫാ. അഗസ്റ്റിൻ പ്രസംഗങ്ങളിലും പ്രവർത്തികളിലുമെല്ലാം കടുത്ത സഭാ വിരുദ്ധത പ്രകടമാക്കുന്നുണ്ടെന്നും സഭാ വിരുദ്ധനിലപാടുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്നെന്നും സഭയുടെ സൽപേരിനു കളങ്കം വരുത്തുന്ന ഗൂഢാലോചനകൾ നടത്തുന്നതായും കത്തിൽ ആരോപിക്കുന്നു.

വിശുദ്ധ കന്യാമറിയത്തിന്റെ മടിയിൽ കിടക്കുന്ന ഈശോയുടെ ചിത്രത്തിനു പകരം കന്യാസ്ത്രീയെ കിടത്തിയുള്ള പോസ്റ്റർ നിർമ്മിക്കുന്നതിനു നേതൃത്വം നൽകിയെന്നതുൾപ്പടെ ക്രീസ്തീയ സഭാ പെരുമാറ്റച്ചട്ടപ്രകാരം നിരവധി ഗുരുതര കുറ്റങ്ങളാണ് ഫാ. അഗസ്റ്റിൻ വട്ടോളിക്കെതിരെ കത്തിൽ ആരോപിക്കുന്നത്. സഭാധികാരികൾക്കെതിരെ കലാപത്തിനും, വിദ്വേഷം സൃഷ്ടിക്കുന്നതിനും പ്രേരകമാണ് ഫാ.അഗസ്റ്റിൻ വട്ടോളിയുടെ പ്രസംഗവും പ്രവൃത്തിയുമെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വിൽപന പുറത്തുകൊണ്ടുവന്നതും കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർ നിയമത്തിനു മുന്നിൽ നിൽക്കേണ്ടിവന്നതും ഫാ.അഗസ്റ്റിൻ വട്ടോളിയുടെ ഇടപെടൽ മൂലമായിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പിനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരങ്ങളുടെ നേതൃനിരയിലും അദ്ദേഹമുണ്ടായിരുന്നു. എന്നാൽ, കത്തിനെ കുറിച്ച് പ്രതികരിക്കാൻ ഫാ.അഗസ്റ്റിൻ വട്ടോളി തയ്യാറായില്ല. ഭൂമി ഇടപാട് പുറത്തുകൊണ്ടുവന്നതു മുതൽ സഭാ നേതൃത്വത്തിന്റെ കണ്ണിലെ കരടായിരുന്നു ഫാ.വട്ടോളി. അതിനിടെയാണ് ബിഷപ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡനം പുറത്തുവരുന്നത്.

കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ രൂപീകരിച്ച സേവ് ഔവർ സിസ്റ്റേഴ്‌സ് (എസ്.ഒ.എസ്) മൂവ്‌മെന്റിന്റെ കൺവീനറും ഫാ.വട്ടോളിയാണ്. ഈ സമരങ്ങൾക്കും പുറമേ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹ മരണത്തിനു പിന്നാലെ കന്യാസ്ത്രീകളുടെ ജീവന് സുരക്ഷാഭീഷണിയുണ്ടെന്ന് കാണിച്ച് ഈ മാസം 14ന് തിരുവനന്തപുരത്ത് നടന്ന സെക്രട്ടേറിയറ്റ് മാർച്ചിലും ഫാ.വട്ടോളി പങ്കെടുത്തിരുന്നു.

14ന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ പോകരുത് എന്നു പറഞ്ഞ് 12-നാണ് കത്തുകൊടുത്തത്. എന്നാൽ, പരിപാടിക്ക് ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാൻ നോട്ടീസിന്റെ കാര്യം ഫാ.വട്ടോളി ആരോടും പറഞ്ഞിരുന്നില്ല. പരിപാടിയിൽ അദ്ദേഹം ഉണ്ടായിരുന്നുവെങ്കിലും ഒന്നിനും മുൻനിരയിലേക്ക് വന്നില്ല. ധർണ്ണ ഉദ്ഘാടനം ചെയ്ത വി എസ്. അച്യുതാനന്ദന് സ്വാഗതം പറയാൻ മാത്രം വന്ന വൈദികൻ പിന്നീട് ചടങ്ങിന്റെ പിൻനിരയിലേക്ക് മാറിയിരുന്നു.