ശോ മൂന്നാം പ്രാവശ്യം തന്റെ പീഡാസഹനത്തെയും മരണത്തെയും കുറിച്ച് പറഞ്ഞു തുടങ്ങുന്നതാണ് ഇന്നത്തെ വചന ഭാഗം. അതിന്റെ തുടക്കം തന്നെ ശ്രദ്ധിക്കണം ''യേശു തന്റെ പന്ത്രണ്ടുപേരെ മാത്രം കൂട്ടി കൊണ്ട് ജറു​സ​ലേമിലേക്കു യാത്ര ചെ​യ്യുമ്പോൾ ​ വഴിയിൽ വച്ച് അരുളി ചെയ്തു'' (മത്താ 20: 17)​.​ ശിഷ്യന്മാരോട് മാത്രമായിട്ട് ഈശോ പറയുന്ന കാര്യമാണിത്. അതായത് ഇത് ഒരു രഹസ്യമാണ്.

എ​ന്താണീ ​ രഹസ്യത്തിന്റെ ഉള്ളടക്കം​?​ ഈശോയുടെ പീഡാസഹനവും മര​​ണവുമാണത് (മത്താ 20: 18 - 19)​.​ യൂദാമതനേതാക്കൾ അവ​നെ​ മരണത്തിനു വി​ധി​ക്കും. പിന്നീട് വിജാ​തീയ​ർ അവനെ ക്രൂശിക്കും. ഇതാണ് ഈശോ രഹസ്യമായി ശിഷ്യരെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. അതായത്, ഈശോയുടെ പീഡാസഹനവും മരണവുമാണ് മിശിഹാ രഹസ്യം അഥവാ ക്രിസ്തു രഹസ്യം​.​ ഇതു തന്നെയാണ് ഈശോയുടെ പെസഹാ രഹസ്യം എന്നു പറയുന്നത്.

ഈശോ ആരാണെന്നതല്ല മിശിഹാ രഹസ്യത്തിന്റെ യഥാർത്ഥ ഉള്ളടക്കം. ഈശോ ആരാണെന്ന് ചോദിച്ചാൽ അവ​ൻ​ ക്രിസ്തുവാണ് ദൈവപുത്രനാണെന്ന് സുവിശേഷകൻ പറയും. ഇതല്ല മിശിഹാരഹസ്യത്തിന്റെ ഉള്ളടക്കം. അതിലുപരി, ഈശോ എങ്ങനെ ക്രിസ്തുവായിത്തീരുന്നു എന്നതാണ് മിശിഹാരഹസ്യം. അഥവാ ഈശോ എങ്ങനെയാണ് ദൈവപുത്രനായി തീരുന്നത് എന്നതാണ് മിശിഹാരഹസ്യം.

മത്താ 20:28- ാംമത്തെ വചനത്തിൽ ഈശോ വ്യക്തമാക്കുന്നത് ഇതാണ്. ''ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചന ദ്രവ്യമായി ​സ്വന്തം ജീവൻ ​കൊടുക്കാനുമാണ് മനുഷ്യ പുത്രൻ വന്നിരിക്കുന്നത്​.​'' ഈശോയുടെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും ലക്ഷ്യമാണ് ഇവിടെ വ്യക്തമാക്കപ്പെടുന്നത്. മറ്റുള്ളവുടെ ജീവിതത്തിന് പോഷണവും, ഔഷധവും​,​ മോചന ദ്രവ്യവുമാകുന്നതാണ് ക്രിസ്തുവിന്റെ ജീവിതധർമ്മം. അതിലൂടെയാണ് ഈശോ ദൈവപുത്രനായിത്തീരുന്നത്. ഈ രഹസ്യമാണ് ഈശോ ശിഷ്യർക്കും കൈമാറാൻ ശ്രമിക്കുന്നത്.

അതായത് മറ്റുള്ളവരുടെ ജീവിതങ്ങളെ പോഷിപ്പിക്കുക, വളർത്തുക, അതിനായി ​സ്വന്തമായുള്ളത് ​കൊടുക്കാൻ തയ്യാറാകുക. അങ്ങനെ കൊടുത്തുകൊടത്ത് സ്വന്തം ജീവൻ പോലും ദാനം ചെയ്യുന്ന മനുഷ്യ പുത്രനെ അനുകരിക്കുക. ഇതാണ് ശിഷ്യന്മാർക്ക് ഈശോ കൈമാറുന്ന രഹസ്യം. ഇതാണ് മിശിഹാരഹസ്യം.

എന്നാൽ ശിഷ്യരിൽ പ്രകടമാകുന്നത് ഇതിന് വിരുദ്ധമായ ചൈതന്യമാണ്. മറ്റുള്ളവരെ വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പകരം, അവരുടെമേൽ ആധിപത്യം പുലർത്തുന്ന രീതിയാണത്.

ഈശോ പീഡാസഹനത്തെ കുറിച്ചു പറഞ്ഞു തീർന്നപ്പോൾ തന്നെ സെബദ്രിപുത്രന്മാരുടെ ​അമ്മയാണ് ​മക്കൾക്ക് വേണ്ടി ഒന്നും രണ്ടും സ്ഥാനങ്ങൾ ചോദിക്കാൻ വരുന്നത് (20: 20 - 21)​.​ അതായത്, രണ്ട് ശിഷ്യന്മാർ ​ബാക്കി പത്തു പേരുടെ മുകളിലാവാൻ ശ്രമിക്കുന്നു. പത്ത് പേരുടെ മേൽ അവർ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു.

അതിനോടുള്ള ​ബാക്കി പത്ത് പേരുടെ പ്രതികരണം എ​ന്താണ്? ഇതു കേട്ടപ്പോൾ ബാക്കി പത്ത് പേർക്കും ആ രണ്ട് സഹോദ​രന്മാരോട് അമർഷം തോന്നി​ (20: 24)​.​അതായത് പത്ത് പേർ, രണ്ട് ​പേ​രെ അമർഷത്തോടെ ശാസിക്കാനും ​തിരുത്താനും ശ്രമിക്കുന്നവെന്നു സാരം. അവർ രണ്ടു പേരുടെ മേൽ ഒരു തരം ​മാനസികമായ ആധിപത്യത്തിനു ശ്രമിക്കുന്നു. അങ്ങനെ പരസ്പരം ആധിപത്യവും യജമാനത്വവും പുലർത്താൻ ശ്രമിക്കുന്ന ശിഷ്യരെയാണ് ഈശോ തിരുത്താൻ ശ്രമിക്കുന്നത്.

''യേശു ​അവരെ അടുത്ത വിളിച്ചു ഇപ്രകാരം പറഞ്ഞു. വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെ മേൽ യജമാനത്വം പുലർത്തുന്നുവെന്നും, അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ. എന്നാൽ നിങ്ങളുടെയിടയിൽ അങ്ങനെയാകരുത് (മത്താ 20: 25-26)​.​ യജമാനത്വവും ആധിപത്യവും പുലർത്താനുള്ള മനുഷസഹജമായ പ്രവണതയെ ചെറുക്ക​മെന്നാണ് ​ ഈശോ പഠിപ്പിക്കുന്നത്. മറ്റുള്ളവരുടെമേൽ ആധിപത്യം പുലർത്തുന്ന ​രീതി തെറ്റാണ്. അത് തിരുത്തണമെന്ന് തന്നെയാണ് ഈശോയുടെ കൽപ്പന.

ഒരു സന്യാസി സമൂഹം​.​ അവരുടെ കൂട്ടത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ജീവിതം സമർപ്പിച്ച ഒരു സിസ്റ്ററുണ്ടായിരുന്നു. പത്ത് ഇരുപതു വർഷങ്ങളായി സിസ്റ്റർ​,​ കുട്ടികളുടെ കൂടെയാണ്. മക്കളെന്നാണ് സിസ്റ്റർ അവരെ വിളിക്കുന്നത്. അവർക്കും സിസ്റ്റർ അവരുടെ അമ്മയാണ്. എല്ലാ അർത്ഥത്തിലും അത് ശരിയായിരുന്നുതാനും. കാരണം അവരിൽ ഭൂരിപക്ഷം പേരും അനാഥ കുട്ടികളായിരുന്നു.

അങ്ങനെയിരിക്കയാണ് പുതിയൊരു പ്രൊവിൻഷ്യൽ വരുന്നത്. അതോടെ സിസ്റ്ററിനു സ്ഥലം മാറ്റമായി. കുട്ടികൾക്ക് അവരുടെ കരൾ പറിച്ചെടുക്കുന്നത് പോലെയായിരുന്നു അമ്മയുടെ സ്ഥലംമാറ്റം. സിസ്റ്ററിനും അങ്ങനെ തന്നെയായിരുന്നു. എന്നിട്ടും അനുസരണ ​വ്രതത്തിന്റെ ഖഡ്ഗം ഉപയോഗിച്ച് പ്രൊവി​ൻഷ്യാളാമ്മ​ ആ സ്ഥലംമാറ്റം നടപ്പിലാക്കി. പകരം മറ്റൊരാളെ നിയമിച്ചു.

ഒരു നിയമന ഉത്തരവ് കൊണ്ടൊന്നും ആർക്കും ഹൃദയത്തിൽ സ്‌നേഹം മുളപ്പിക്കാനാവില്ലല്ലോ. അതും ഭിന്നശേഷിക്കാരായ അനാഥക്കുഞ്ഞുങ്ങളോടുള്ള സ്‌നേഹം. ​അതിനാൽതന്നെ ശുശ്രൂഷയുടെ നിലവാരം കുറഞ്ഞു കുറഞ്ഞു വന്നു. ഒറ്റ വർഷം കൊണ്ട് മൂന്നു കുഞ്ഞുങ്ങളാണ് അവിടെ അകാലത്തിൽ മരിച്ചത്.

അകാലത്തിൽ അന്തരിച്ച മൂന്നു കുഞ്ഞുങ്ങളുടെ ജീവിതത്തിന് ആ സന്യാസാധികാരി ഉത്തരം പറയുമോ? ആ ​പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ച് പ്രൊവിഷ്യാൾ അറിഞ്ഞു പോലുമില്ലെന്നതാണ് വാസ്തവം. ​നൊമ്പരപ്പെട്ടത് അവരുടെ ​അമ്മയായ സിസ്റ്ററിന്റെ ഹൃദയം മാത്രം. തന്റെ ​മക്കൾക്ക് വേണ്ടി ഒന്നും ചെയ്യാനാവാത്തതിന്റെ നിസ്സഹായതയിൽ എരിഞ്ഞു ​തീരുകയാണ് ആ അമ്മയുടെ ജീവിതവും.

മറ്റുള്ളവരുടെ ജീവിതത്തിൽ കൈകടത്താൻ സന്യാസാധികാരിക്ക് ആര് അധികാരം കൊടുത്തു? മറ്റുള്ളവരുടെ ജീവിതങ്ങളിൽ ഇടപെടാനും​,​ തന്നിഷ്ടം കാണിക്കാനും​,​തോന്ന്യാസത്തോടെ പ്രവർത്തിക്കാനും പ്രൊവിൻഷ്യാളിന് അധികാരം നൽകിയത് ആര്? ഇത്തരം അധികാര വിനിയോഗത്തിനു നേരെ ഉറപ്പായിട്ടും ക്രിസ്തു ചാട്ടവാറെടുക്കുമായിരുന്നു. സന്യാസ സമൂഹത്തിൽ അനുസരണത്തോളം ദുരുപയോഗിക്കപ്പെ​ടു​ന്ന മറ്റൊരു വ്രതവുമില്ലെന്നതാണ് സത്യം. ​തെറ്റായ ​അധികാരപ്രയോഗത്തിലൂടെ തകർ​ക്കപ്പെടു​ന്നതിനോളം മനുഷ്യജീവിതങ്ങൾ മറ്റൊരു രീതിയിലും തകർക്കപ്പെടുന്നില്ലതാനും.​ ​സന്യാസത്തിലും അതിന് പുറത്തും ​ഇത് തന്നെയാണ് സത്യം.

അധികാരം പേറുന്നവരോ​ടാണ് ​ ഈശോയുടെ ഉപദേശം​.​ ആരൊക്കെയാണ് അധികാരം പേറുന്നവർ? മാതാപിതാക്കൾക്ക് മക്കളുടെ മേൽ ​​അധികാരമുണ്ട്. ഭർത്താവിന് ഭാര്യയുടെ മേൽ ​​അധികാരമുണ്ട്. ​പള്ളിയിലെ അച്ചനും​,​ സന്യാസത്തിലെ സുപ്പീരിയറും പ്രൊവിൻഷ്യാളും​,​ രൂപതയിലെ മെത്രാനുമൊക്കെ അധികാരികളാണ്. എല്ലാ അധികാരികളും ശ്രദ്ധിക്കേണ്ട വലിയൊരു അപകടത്തിലേക്കാണ് ഇവിടെ ഈശോ വിരൽ ചൂണ്ടുന്നത്. എല്ലാ അധികാരികളും അവരറിയാതെ തന്നെ ചെന്നു വീഴുന്ന വലിയ പ്രലോഭനത്തെക്കുറിച്ചാണ് ഈശോ മുന്നറിയിപ്പു തരുന്നത്​-​ആധിപത്യം പുൽത്താനും മറ്റുള്ളവരെ കീഴ്‌പ്പെടുത്താനുമുള്ള പ്രലോഭനം​.​

മനുഷ്യ ജീവിതത്തിനുള്ളിൽ ആധിപത്യം പുലർത്താൻ ആർക്കും അധികാരം കൊടുത്തിട്ടില്ലെന്ന ക്രിസ്തു വചനം ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത് ഖലീൽ ജിബ്രാനാണ്. പ്രവാചകൻ ഒരു അമ്മയോടു പറയുന്നത് ശ്രദ്ധിക്കുക (ഓഡിയോ കേൾക്കുക)​.​

അമ്മമാരുടെ അധികാരത്തിന്റെ കാര്യമിതാണെങ്കിൽ മറ്റുള്ളവരുടെ അധികാരത്തിന്റെ കാര്യം പറയേണ്ടല്ലോ. സ്വന്തം ​മക്കൾ അമ്മമാരുടെ ​സ്വന്തമല്ലങ്കിൽ, ഇവിടെ ആരും ആരുടെയും സ്വന്തമല്ല. ആരുടെ മേലും ആധിപത്യം ചെലുത്താൻ ആർക്കും ദൈവം അധികാരം കൊടുത്തിട്ടില്ല. ക്രിസ്തുവും ഒരിക്കലും കൊടുത്തിട്ടില്ല. ക്രിസ്തുവിന്റെ പേരിലും ദൈവത്തിന്റെ പേരിലും മറ്റു ജീവിതങ്ങളിൽ ഇടപെട്ട്​,​ അവയെ നശിപ്പിക്കുന്നവർ ചെയ്യുന്നതുകൊലപാതകമല്ലെങ്കിൽ മറ്റെന്താണ്? ക്രിമിനൽ സ്വഭാവമല്ലേ അവർ കാണിക്കുന്നത്?

അധികാരവും ആധിപത്യവും ഒഴിവാക്ക​ണ​മെന്ന് നിർദ്ദേശിക്കുന്ന ഈശോ​,​ അതിന് പകരമായിട്ട് അധികാരികളോട് നിർദ്ദേശിക്കുന്നത് ദാസ്യവേലയും ശുശ്രൂഷയുമാണ്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസ​നുമായിരിക്കണം (മത്താ 20: 27)​.​

ശുശ്രൂഷയിലൂടെയും ദാസവേലയിലൂടെയും മറ്റുള്ളവരെ പരിപോഷിപ്പിക്കണമെന്നും​,​അവരുടെ ജീവിതത്തിന് പോഷണം നൽകണമെന്നുമാണ് ഈശോ പഠിപ്പിക്കുന്നത്. അതിനുള്ള കാരണം മനുഷ്യപുത്രന്റെ ജീവിത മാതൃകയാണ് (മത്താ: 20: 28)

ഇന്റെർനെറ്റിൽ കണ്ട ഒരു വീഡിയോ ക്ലിപ്പുണ്ട്. ഒരു ചെറുപ്പക്കാരൻ​.​ജപ്പാൻകാരനാണെന്നു തോന്നുന്നു. രാവിലെ ഓഫീസിലേക്ക് പോകാനിറങ്ങിയപ്പോൾ മുകളിൽ നിന്നും തലയിൽ വെള്ളം വീണു. നോക്കിയപ്പോൾ ഒരു പൈപ്പിൽ നിന്നും വെള്ളം വരുന്നതാണ്. അയാൾ, പൈപ്പിനെയും വെള്ളത്തെയും ശപിക്കാതെ അടുത്തിരുന്ന ചെടിച്ചട്ടിയെടുത്ത് അതിന്റെ ​താഴേയ്‌ക്ക് വച്ചു.

അയാൾ അൽപ്പം കൂടി മുമ്പോട്ട് പോയപ്പോൾ ഒരമ്മയും മകളും കൂടിയിരുന്നു ധർമം ചോദിക്കുന്നു. അയാൾ തന്റെ പേഴ്‌സ് തുറന്ന് ഒരു നല്ല തുക അവർക്ക് കൊടുത്തു. പിന്നെയും മുമ്പോട്ടു പോയപ്പോൾ ഒരു അമ്മച്ചി വളരെ ക്ലേശിച്ച് തന്റെ കച്ചവടവണ്ടിയും തള്ളിക്കൊണ്ടു വരുന്നു. അയാൾ തന്റെ ​ബാഗ് ​തോളത്തിട്ട്ട് ഉന്തുവണ്ടി തള്ളി ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ അമ്മച്ചിയെ സഹായിച്ചു.

ഇതിനിടയിൽ ഭക്ഷണം കഴിക്കാൻ അയാൾ ഒരു ഹോട്ടലിൽ കയറി. അപ്പോൾ ഒരു പട്ടി ​ദാരുണമായി അയാളുടെ കാലേൽ വന്നു നക്കി. ഉടനെ അയാൾ താൻ കഴിക്കാൻ വാങ്ങിയതിൽ നിന്നും ഒരു നല്ല കഷണം കോഴിക്കാൽ അവനു കൊടുത്തു. വൈകുന്നേരം ഓഫീസിൽ നിന്നും തിരികെപ്പോരുമ്പോൾ അയാൾ ഒരു പടല പഴം വാങ്ങി ഒരു കൂട്ടിലിട്ടു. അത് ഒരു ഫ്‌ളാറ്റിന്റെ കതകിൽ കൊണ്ടു കോർത്തിട്ടു. അയാൾ ഇതെല്ലാം ചെയ്യുമ്പോൾ കാണികൾ അയാൾക്ക് വട്ടാണെന്ന മട്ടിൽ അത്ഭുതത്തോടെയും പുശ്ചത്തോടെയും അയാളെ നോക്കുന്നുണ്ട്.

കാലം കുറെ മുമ്പോട്ടു പോയപ്പോഴുണ്ടായ മാറ്റമായിരുന്നു അത്ഭുതാവഹം. അയാൾ ​വെള്ളം കൊടുത്ത ചെടിച്ചട്ടിക്കകത്തെ ചെടിയിൽ പുതിയ ​ശിഖരങ്ങളും ​പൂക്കളുമായി വഴിപോക്കർക്കെല്ലാം അത് സൗരഭ്യം പരത്തിക്കൊണ്ട് കാറ്റത്താടി നിന്നു.

അയാൾ ധർമം കൊടുത്തിരുന്ന അമ്മയുടെ കൂടെ ധർമ്മം യാചിക്കാൻ മകളില്ലായിരുന്നു. അവൾ യൂണിഫോമൊക്കെ ഇട്ട് സ്‌കൂൾ ബാഗുമായി പള്ളിക്കൂടത്തിൽ പോകാൻ തുടങ്ങി. ഉന്തുവണ്ടിയിലെ കച്ചവടക്കാരിയായ അമ്മച്ചിയുടെ കച്ചവടം വിപുലമായി.

അയാൾ ഭക്ഷണം കൊടുത്ത പട്ടി സ്ഥിരമായി അയാളെ അനുഗമിക്കാൻ തുടങ്ങി. വീട്ടിൽ നിന്ന് ഓഫീസിലേക്കും ഓഫീസിൽ നിന്നു വീട്ടിലേക്കും അവൻ അയാൾക്ക് അകമ്പടി സേവിച്ചു.

പഴം തൂക്കിയിരുന്ന ഫ്‌ളാറ്റിലെ വല്ല്യമ്മച്ചിക്ക് അറിയില്ലായിരുന്നു​,​ ആരാണ് തനിക്ക് സ്ഥിരമായി പഴം കൊണ്ടു തരുന്നതെന്ന്. അതിനാൽ ഒരു ദിവസം വല്ല്യമ്മച്ചി ഒളിച്ചിരുന്നു അയാൾ പഴം തൂക്കുന്ന നേരത്തുതന്നെ അയാളെ തൊണ്ടി സഹിതം പിടിച്ചു. സാന്തോഷാധിക്യത്താൽ ആ വല്ല്യമ്മച്ചി അയാളെ കെട്ടിപ്പിടിച്ചു രണ്ടു കവിളിലും ഉമ്മ വച്ചു.

കണ്ടുമുട്ടുന്നവരോടൊക്കെ ഒരു കരുതലുണ്ടാവുക ദൈവിക സ്വഭാവമാണ്. നിന്റെ കൺമുമ്പിൽ വരുന്നത് ചെടിയാണെങ്കിലും മൃഗമാണെങ്കിലും ​അഗതികളായ മനുഷ്യരാണെങ്കിലും​,​ നിനക്കവരിലെ ജീവനെ വളർത്താനും പോഷിപ്പിക്കാനുമാവും. നിന്റെ ചെറിയൊരു പ്രവൃത്തി വഴി, വാക്കു വഴി, നിനക്കുള്ളത് പങ്കു ​വയ്ക്കുന്നതു വഴി.

അങ്ങനെ കരുണയും കരുതലും പങ്കുവയ്ക്കലും ജീവിത ശൈലിയാക്കിയ ചെറുപ്പക്കാരന്റെ കഥയാണ് നാം കണ്ടത്​.​ അത്തരമൊരു ജീവിത ശൈലി സ്വന്തമാക്കുന്നവന്റെ ഉള്ളിലും ചുറ്റിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. അവന്റെ ഉള്ളിലും ചുറ്റിലും ജീവൻ സമൃദ്ധമാവുകയാണ് ചെയ്യുന്നത്. വെള്ളം കിട്ടിയ ​ചെടിയിലും, ഭക്ഷണം കിട്ടിയ പട്ടിയിലും​,​ കാശു കിട്ടിയ ധർമ്മക്കാരിയിലും​,​ വാഴപ്പഴം കട്ടിയ വല്ല്യമ്മച്ചിയിലും ജീവനാണ് സമൃദ്ധമായത്. വെറും ശാരീരികമായ ജീവൻ മാത്രമല്ല. അതിലും വലിയൊരു ജീവന്റെ സമൃദ്ധിയാണ് അവരിലൊക്കെ നിറഞ്ഞ് വന്നത്.

കാരുണ്യവും കരുതലുമായി അവരെയൊക്കെ ശുശ്രൂഷിച്ച ചെറുപ്പക്കാരന്റെ ​ഉള്ളിലോ? അവനിലും ​നിറഞ്ഞു സമൃദ്ധമായത് ജീവൻ തന്നെയാണ്​-​ കൊടുക്കുന്നതിന്റെയും വളർത്തുന്നതിന്റെയും സംതൃപ്തിയാണ്.

ഇത് തിരിച്ചറിയുന്നവന് മാത്രമാണ് ക്രിസ്തുവിനെ മനസ്സിലാകകാൻ പറ്റുക. കാരണം കരുണയുടെയും കരുതലിന്റെയും ആത്മദാനത്തിന്റെയും ജീവിത ശൈലി ക്രിസ്തുവിന്റെ ജീവിത ശൈലിയാണ്. ക്രിസ്തുവിന്റെ സ്വഭാവമാണ്. അതിന്റെ പരിണിതഫലമാണ് മൂന്നാം ദിവസത്തെ അവന്റെ ഉത്ഥാനം.

ജീവിതത്തിന്റെ മനോഹാരിത കൊടുക്കുന്നതിലാണ്, പരിപോഷിപ്പിക്കുന്നതിലാണ്. ഇതു തന്നെയാണ് ഈശോ പറയുന്നത്​-​ മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കാനാണ്​,​ മറ്റുള്ളവരുടെ മോചന ദ്രവ്യമായി സ്വയം കൊടുക്കാനാണ് (20: 28)​.​ പോഷിപ്പിക്കാനും വളർത്താനുമുള്ള കടമയാണ് അധികാരം ​പേറുന്ന​എല്ലാവർക്കുമുള്ളത്​.​ അൽപ്പമെങ്കിലും അധികാരമുള്ളവന്റെ കടമ തന്റെ കൂടെയുള്ളവരെ പോഷിപ്പിക്കാനും അവരുടെ ജീവിതങ്ങൾക്ക് ​വളമിടാനും വെള്ളം ഒഴിക്കാനുമാണ്.

മറിച്ച്​,​ ആധിപത്യവും ​യജ​മാനത്വവും പുൽത്താനുള്ള പ്രവണതയെ ചെറുക്കുക. അത്തരം പ്രവണ​ത​കൊണ്ട് എന്താണ് സംഭവിക്കുന്നത്? പുല്ലിന്റെ മുകളിൽ കനമുള്ള ഒരു തടിക്കഷണം കുറെനാൾ കിടന്നാൽ എന്ത് സംഭവിക്കും? അതിന്റെ താഴെയുള്ള പുല്ല് മുഴുവൻ വിളറി വെളുത്തുപോകും. അധികാരി ആധിപത്യം പുലർത്തിയാലും സംഭവിക്കുന്നത് ഇതാണ്. ആധിപത്യത്തിന്റെ കീഴിലുള്ള ജീവിതങ്ങൾ വിളറി വെളുത്തു പോകും.

അതിനാൽ ഈശോ പറയുന്ന പാഠം നമുക്ക് സ്വീകരിക്കാം. മറ്റുള്ളവരുടെ മേൽ ആധിപത്യവും യജമാനത്വവും പുലർത്താനുള്ള ​മാനുഷിക പ്രവണതയുണ്ട്. അത് ക്രിസ്തുവിന്റേതല്ലെ​,​ ക്രിസ്തുവിന് വിരുദ്ധമായ ചൈതന്യമാണത്. ക്രിസ്തുവിന്റെ ചൈതന്യം​,​ സ്വയം വ്യയം ചെയ്ത് മറ്റുള്ളവരെ വളർത്താനുള്ള പ്രവണതയാണ്. മറ്റ് ജീവിതങ്ങൾക്ക് വളവും വെള്ളവും പകരുന്ന രീതിയാണത്. അവരെ പോഷിപ്പിക്കുന്നതിനായി സ്വയം വ്യയം ചെയ്യുന്ന ആത്മദാനത്തിന്റെ രീതിയാണത്. അധികാരം പേറുന്ന എല്ലാവരും സ്വായന്തമാക്കേണ്ട ചൈതന്യമാണിത്. എങ്കിലേ തമ്പുരാൻ ​ഓരോ വ്യക്തിയിലും കരുപ്പിടിപ്പിക്കുന്ന ദൈവികകൃപകൾക്ക് വളവും ​വെള്ളവും നൽകാൻ അധികാരികൾക്ക് സാധിക്കൂ. അങ്ങനെ മാത്രമേ ദൈവികപ്രവർത്തനത്തോട് സഹകരിക്കാൻ സാധിക്കൂ. അല്ലെങ്കിൽ അധികാരി ദൈവത്തോടു മറുതല​യ്‌ക്കുന്നവനാകും.