ന്ന് ഉയിർപ്പു തിരുന്നാളാണ്. ഈശോ തന്റെ മരണത്തിനുശേഷം ജീവനിലേക്കും നിത്യജീവനിലേക്കും തിരിച്ചു വന്ന ദിവസം.

ഈശോ തന്റെ ഉത്ഥാനത്തിനു ശേഷം ആദ്യം പ്രത്യക്ഷപ്പെടുന്നത് ആർക്കാണെന്നത് കൗതുകകരമായ കാര്യമാണ്. ഏറ്റവും പഴയ സുവിശേഷമായ മർക്കോസ് പറയുന്നു: ''ഉയർത്തെഴുന്നേറ്റ ശേഷം, ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ യേശു ആദ്യം മഗ്ദലേന മറിയത്തിനു പ്രത്യക്ഷപ്പെട്ടു'' (മർക്കോ 16: 9).

ഇതേ കാര്യം തന്നെ യോഹന്നാൻ വളരെ നാടകീയമായി അവതരിപ്പുക്കുന്നുണ്ട് - യോഹ 20: 1 - 18 ൽ. ഈശോ ആദ്യം പ്രത്യക്ഷപ്പെടുന്നത് മഗ്ദലേന മറിയത്തിനാണെന്നുള്ളത്‌ വളരെ ശ്രദ്ധേയമായ കാര്യമാണ്.

അതായത്, ഉത്ഥിതനായ ഈശോ ആദ്യം പ്രത്യക്ഷപ്പെടുന്നത് ശിഷ്യപ്രമുഖനായ പത്രോസിനല്ല, പ്രേഷ്ടട്ശിഷ്യനായ യോഹന്നാനല്ല, ധൈര്യശാലിയായ തോമാശ്ലീഹയ്ക്കല്ല; എന്തിന്? സ്വന്തം അമ്മയ്ക്ക് പോലുമല്ല അവൻ മരണത്തിനു ശേഷം ആദ്യം പ്രത്യക്ഷപ്പെടുന്നത്.

ഉത്ഥിതനായ ഈശോ ആദ്യം പ്രത്യക്ഷപ്പെടുന്നത് മഗ്ദലേന മറിയത്തിനാണെന്ന സത്യം ആദിമസഭ ഒരു ഉതപ്പായി കണ്ടില്ല എന്നതാണ് വാസ്തവം. മറിച്ച് ഒരു വിശ്വാസ രഹസ്യമായിട്ടാണു ആദിമ സഭ ഇതിനെ സ്വീകരിച്ചത്. അതിനാലാണ് ഈ പ്രത്യക്ഷപ്പെടലിന്റെ കഥ കൈമാറി കൈമാറി സുവിശേഷത്തിലേക്കും, നമ്മിലേക്കും എത്തിചേർന്നത്.

ആദിമസഭ ഈ സംഭവത്തെ വിശുദ്ദ പാരമ്പര്യമായി കരുതിയെന്നു സാരം. അങ്ങയെങ്കിൽ ഈശോ ആദ്യമായി മഗ്ദലേന മറിയത്തിനാണ് പ്രത്യക്ഷപ്പെട്ടത് എന്നതിന്റെ പിറകിലുള്ള ദൈവികസന്ദേശം എന്താണ്?

ഇത് തിരിച്ചറിയണമെങ്കിൽ ഈശോയും മഗ്ദലേന മറിയയും തമ്മിലുള്ള ബന്ധം തന്നെ അറിയണം.

ശിഷ്യരുടെകൂടെ ഈശോയെ അനുഗമിച്ച സ്ത്രീകളെക്കുറിച്ചു പറയുമ്പോഴാണ് ലൂക്കാ മറിയത്തെ അവതരിപ്പിക്കുന്നത് - ഏഴു ദുഷ്ടാത്മാക്കൾ വിട്ടുപോയ മഗ്ദലേന എന്നു വിളിക്കപ്പെടുന്ന മറിയം (ലൂക്കാ 8:2). ഇതേ കാര്യം മർക്കോസും പറയുന്നുണ്ട് - മഗ്ദലേന മറിയത്തിൽ നിന്നാണ് അവൻ ഏഴു പിശാചുക്കളെ ബഹിഷ്‌കരിച്ചത് (മർക്കോ 16:9).

മറിയത്തിന്റെ ജീവിതത്തിലെ ഈശോയുടെ നിർണ്ണായകമായ ഇടപെടലിനെയാണ് ഇത് സൂചിപ്പിക്കുന്നത് - ഏഴു പിശാചുകളിൽ നിന്ന് മോചിപ്പിക്കപ്പെട്ടവൾ! ഒരു പിശാച് ബാധിച്ചാൽ തന്നെ ജീവിതം ക്ലേശകരമാകും. അപ്പോൾ ഏഴു പിശാചുക്കൾ ബാധിച്ച മഗ്ദലേന മറിയത്തിന്റെ അവസ്ഥയോ!!! കഷ്ടപ്പാടിന്റെയും ക്ലേശത്തിന്റെയും തിന്മയുടെയും പടുകുഴിയിൽ നരകിച്ചവളായിരുന്നു മഗ്ദലേന. ആ പടുകുഴിയിൽ നിന്നാണ് ഈശോ അവളെ കൈപിടിച്ചു കരകയറ്റുന്നത്.

ഇത്രയും വലിയ കെടുതികളിൽ നിന്നും മോചിക്കപ്പെട്ടവളുടെ പ്രതികരണം എന്തായിരിക്കും? സംശയം വേണ്ട, ഏറ്റവും വലിയ പ്രതിസ്‌നേഹമായിരിക്കും അവൾ കാണിക്കുക. അധികം ക്ഷമിക്കപ്പെടുന്നവർ അധികം സ്‌നേഹിക്കുമെന്ന് ശിമായാനെന്ന ഫരിസേയനോടു ഈശോ പറഞ്ഞത് നമ്മൾ ഇവിടെ ഓർക്കണം (ലൂക്കാ 7:47).

അധികം ക്ഷമിക്കപ്പെട്ടവളായിരുന്നു മഗ്ദലലേന;അധികം വിടുതൽ കിട്ടിയവളായിരുന്നു മറിയം. പോരാ, ഈശോയിൽനിന്ന് അധികം സ്‌നേഹം സ്വീകരിച്ചവളും അനുഭവിച്ചവളുമായിരുന്നു മറിയം മഗ്ദലേന.
എന്തായിരുന്നു അതിന്റെ പരിണതഫലം??
പതിന്മടങ്ങായി ആ സ്‌നേഹം മറിയം തിരിച്ചു കൊടുത്തു.

കുരിശിനടുത്ത് നിൽക്കുന്ന സ്ത്രീകളെ വിവരിക്കുമ്പോൾ മർക്കോസ് പറയുന്നു -
'ഗലീലിയിലായിരുന്നപ്പോൾ അവനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തവരാണിവർ'' (മർക്കോ 14:41). സമാനമായ വിവരണം ലൂക്കായും നടത്തുന്നുണ്ട് (ലൂക്കാ 8:3).

''അനുഗമിക്കുന്നവർ'' ശിഷ്യരാണ്. അങ്ങനെയെങ്കിൽ ഈശോയെ അനുഗമിച്ച ശിഷ്യകളിൽ ഒരുവളായിരുന്നു മഗ്ദലേന എന്നു വരുന്നു. അതും ഗലീലിമുതൽ ഈശോയെ അനുഗമിച്ചവൾ. എവിടെ വരെ? ജറുശലേം വരെ. പോരാ, അവന്റെ കുരിശിൻ ചുവട് വരെ.
പത്രോസും മറ്റ് ശിഷ്യന്മാരും ഈശോയെ വിട്ടു ഓടിപ്പോയപ്പോഴും ഈശോയുടെ കുരിശിന്റെ വഴിയെ അവനെ അനുഗമിച്ച സ്ത്രീകളിൽ ഒരുവളായിരുന്നു മറിയം മഗ്ദലേന (മർക്കോസ് 15:41).

അവിടം കൊണ്ടണ്ടും തീരുന്നില്ല. ഈശോയെ സംസ്‌കരിക്കുത്തിന് സാക്ഷികളാകുന്ന സ്ത്രീകളുടെ കൂട്ടത്തിൽ മറിയമുണ്ട് (മർക്കോ 15:47). അതിനു ശേഷമോ? ഈശോയോടുള്ള സ്‌നേഹം കാരണം ശാന്തമായൊന്നുറങ്ങാൻ പോലും മറിയത്തിനു കഴിയുന്നില്ല. അതിനാലാണ് ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾ തന്നെ മറിയം കല്ലറയിലേക്ക് വരുന്നത് (യോഹ 20:1)

ശ്യൂന്യമായ കല്ലറ കണ്ടശേഷം പത്രോസും മറ്റേ ശിഷ്യനും തിരിച്ചു പോയി. എന്നിട്ടും കല്ലറ വിട്ടുപോകാൻ മറിയത്തെ അവളുടെ സ്‌നേഹം അനുവദിച്ചില്ല. അവൾ കല്ലറയ്ക്കു വെളിയിൽ കരഞ്ഞു കൊണ്ടു നിൽക്കുകയാണ് (യോഹ 20:11). മറ്റുള്ളവരെല്ലാം തിരിച്ചു പോയിട്ടും ശ്യൂന്യമായ കല്ലറ വിട്ടു വെറും കൈയോടെ പോകാൻ മറിയത്തിന്റെ സ്‌നേഹം അവളെ അനുവദിച്ചില്ല.

അങ്ങനെ സ്‌നേഹത്തിന്റെ നിർബന്ധത്താൽ കല്ലറ വിട്ടുപോകാതെ കരഞ്ഞുകൊണ്ടു നിൽക്കുന്നവൾക്കാണ് ഉത്ഥിതനായ ഈശോ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 'മറിയം' എന്ന വിളിപ്പേരു വിളിച്ചപ്പോഴാണ് അവൾ ഈശോയെ തിരിച്ചറിയുന്നത്. ആ വിളിപ്പേരിൽ ഒളിപ്പിച്ചുവച്ചിരുന്ന സ്‌നേഹത്തിന്റെ നിറവിലാണ് അവൾ ഉത്ഥിതനെ തിരിച്ചറിയുന്നത് എന്ന് സാരം. തിരിച്ചുള്ള അവളുടെ പ്രത്യുത്തരവും 'റബ്ബോനി' എന്ന അവളുടെ വിളിപ്പേരു തന്നെയാണ്.

ചുരുക്കത്തിൽ സ്നേഹത്തിന്റെ വഴിയെ നടന്നവളായിരുന്നു മഗ്ദലേന മറിയം. സ്വന്തം ഹൃദയത്തിന്റെ സ്‌നേഹത്തെ അവൾ തിരിച്ചറിഞ്ഞു. അതിനെ അവൾ പിന്തുടർന്നു. ഒരു പ്രതിബന്ധത്തിനും അവളുടെ സ്‌നേഹത്തെ തടസ്സപ്പെടുത്താനായില്ല. ശത്രുക്കളുട എണ്ണവും ബലവും അവളുടെ സനേഹത്തെ ദുർബലപ്പെടുത്തിയില്ല. അതിനാലാണ് ഈശോയുടെ കുരിശിന്റെ വഴിയിലും കുരിശിൻ ചുവട്ടിലും സ്‌നേഹം അവളെ കൊണ്ടുചെന്നു നിർത്തിയത്. കുരിശു മരണത്തിന് പോലും അവളുടെ സ്‌നഹത്തെ തളർത്താനായില്ല. അവളുടെ സ്‌നേഹത്തിന്റെ നിർബന്ധത്താലാണ് ശ്യൂന്യമായ കല്ലറിക്കു മുമ്പിലും അവൾ കരഞ്ഞുകൊണ്ട് നിന്നത്. കല്ലറ വിട്ടുപോകാൻ സ്‌നേഹം മറിയത്തെ അനുവദിച്ചില്ല. അങ്ങനെ നിന്നവൾക്കായിരുന്നു ഉത്ഥിതൻ പ്രത്യക്ഷപ്പെട്ടത്.

ഖലീൽ ജിബ്രാന്റെ
പ്രവാചകൻ എന്ന ഗ്രന്ധം. അൽമുസ്തഫ സ്‌നേഹത്തെ കുറിച്ചു പറയുന്നത് കേൾക്കുക (ഓഡിയേ കേൾക്കുക).

ഈശോയുടെ ഇടപെടലിലൂടെ തന്നിൽ
ഉരുവായ ഹൃദയത്തിന്റെ സ്‌നേഹത്തെ പിന്തുടർന്നവളായിരുന്നു മറിയം മഗ്ദലേന. തന്റെ ഹൃദയ സ്‌നേഹത്തിന്റെ നിർബന്ധത്താൽ ഈശോയെ ഗലീലി മുതൽ അനുഗമിച്ചതവളായിരുന്നു മഗേദലേന. എവിടെ വരെ? കല്ലറ വരെ, അവസാനം കല്ലറ പോലും വിട്ടു പോകാതിരിക്കുന്ന അവളുടെ സ്‌നേഹത്തിന്റെ നിർബന്ധത്തിലാണ് ഉത്ഥിതൻ മറിയത്തിനു പ്രത്യക്ഷനാകുന്നത്.

അങ്ങനെയെങ്കിൽ ഈശോ മറിയത്തിന് ആദ്യമായി പ്രത്യക്ഷപ്പെടുന്നതിന്റെ സന്ദേശമിതാണ് - നിന്റെ ഹൃദയത്തിലെ സ്‌നേഹത്തെ നീ തിരിച്ചറിയുക. ഹൃദയത്തിന്റെ സ്‌നേസ്പന്ദനങ്ങളെ നീ പിന്തുടരുക. എന്തു വിലകൊടുക്കേണ്ടി വന്നാലും നീ നിന്റെ ഹ്രുദയ സ്നേസ്നേഹത്തിൽ നിന്നും
പിന്മാറരുത്. എത്ര പ്രതിബന്ധങ്ങളുണ്ടായാലും നീ നിന്റെ ഹൃദയത്തിന്റെ പ്രണയത്തെ തന്നെ
പിൻ ചെല്ലുക.

അപ്പോൾ അതിന്റെ പരിണിതഫലം അത്ഭുതാവഹമായിരിക്കും. നിന്നിലെ ജീവൻ കൂടതൽ കൂടുതൽ സജീവമാകും. ഹൃദയത്തിന്റെ സ്‌നേഹത്തെ പിന്തുടരുന്നിടത്തോളം നിന്നിലെ ജീവൻ ഉണർവ്വിലായിരിക്കും. അവസാനം മരണത്തിനു പോലും നിന്നിലെ ജീവനെ ഇല്ലാതാക്കാനാവില്ല. മരണമെന്ന അവസാന പ്രതിബന്ധത്തെയും പ്രണയം അതിജീവിക്കും. സ്‌നേഹം മരണത്തിനപ്പുറത്തുള്ള നിത്യജീവനിലേക്ക് നിന്നെ നയിക്കും. നിന്റെ ഹൃദയത്തിലെ സ്‌നേഹത്തെ പിന്തുടർന്നു കൊണ്ടിരുന്നാൽ നിന്നിലെ ജീവന് നിത്യ ജീവനായി പരിണമിക്കുമെന്നു സാരം. മഗ്ദലേന മറിയത്തിനു പ്രത്യക്ഷപ്പെടുന്ന ഉത്ഥിതൻ നമുക്ക് തരുന്ന ഉറപ്പാണിത്‌.
(സോഷ്യൽ മീഡിയായിലെ ഒരു വീഡിയോ. ഓഡിയോ കേൾക്കുക)