ന്നത്തെ സുവിശേഷത്തിൽ ശ്രദ്ധിക്കേണ്ട വചനം മർക്കോസ് 16:15 ആണ്: ''നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ.''

ഇത് പറയുന്നത് ഈശോയാണ്. തന്റെ മരണത്തിനും പുനരുദ്ധാനത്തിനും ശേഷം ശിഷ്യരോട് യാത്ര പറയുന്നതിന് മുൻപ് അവൻ അവരെ ഏൽപ്പിക്കുന്ന ദൗത്യമാണിത് - 'സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക.'

ഈ ദൗത്യം ഏൽപ്പിക്കുന്ന ഈശോ തന്നെയാണ് സുവിശേഷ പ്രഘോഷണത്തിന് ഏറ്റവും നല്ല മാതൃക. കാരണം അവൻ തന്റെ പരസ്യ ജീവിതം ആരംഭിക്കുന്നത് തന്നെ സുവിശേഷം പ്രസംഗിച്ചു കൊണ്ടായിരുന്നു: ''യോഹന്നാൻ ബന്ധസ്ഥനായപ്പോൾ ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു കൊണ്ട് ഈശോ ഗലീലിയിലേക്ക് വന്നു'' (മർക്കോ 1:14)

ഈശോ പ്രഘോഷിക്കുന്നത് സുവിശേഷമാണ്. അതായത് 'നല്ല വാർത്ത' 'സന്തോഷം പകരുന്ന വാർത്ത.' എന്തായിരുന്നു ഈശോയ്ക്ക് സന്തോഷം പകർന്ന ഏറ്റവും വലിയ വാർത്ത?

അത് അറിയണമെങ്കിൽ ഈശോ പ്രഘോഷണം തുടങ്ങുന്നതിനു മുമ്പുള്ള സംഭവം എന്താണെന്ന് നോക്കണം. അവന്റെ സ്‌നാനത്തിന്റെ സമയത്ത് ആകാശം പിളരുന്നതും ആത്മാവ് അവന്റെ ഉള്ളിലേക്ക് ഇറങ്ങി വരുന്നതും ഈശോ കണ്ടു (മർക്കോ 1:10). സ്വർഗ്ഗത്തിൽ നിന്ന് ഒരു സ്വരമുണ്ടായി - ''നീ എന്റെ പ്രിയപുത്രൻ നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു'' (മർക്കോ 1:11).

ഇതായിരുന്നു ഈശോയ്ക്ക് ഏറ്റവുമധികം സന്തോഷം പകർന്നു കൊടുത്ത അനുഭവം. അതായത് അവൻ 'ദൈവത്തിന്റെ മകനാണ്' എന്ന അനുഭവം. ഏറ്റവുമധികം സന്തോഷം പകരാൻ മറ്റെന്തിനാണ് കഴിയുന്നത്?

ഞാൻ വെറും ശരീരമല്ല; ഞാൻ എന്റെ മനസ്സുമല്ല. അതിലുമുപരിയായിട്ടു 'ഞാൻ ദൈവത്തിന്റെ മകനാണ്, മകളാണ്.' എന്റെ ശരീരത്തിനും മനസ്സിനും പിറകിലുള്ള 'എന്നിലെ ജീവൻ ദൈവിക ജീവന്റെ അംശമാണ്,' 'ഞാൻ ദൈവത്തിന്റെ തന്നെ ഒരു ഭാഗമാണ്'- ഞാൻ ദൈവത്തിന്റെ മകനാണ്/ മകളാണ്‌ എന്നതിന്റെ അർത്ഥമിതാണ്. ഏറ്റവും വലിയ സദ്‌വാർത്ത ഇതല്ലാതെ മറ്റെന്താണ്?

താൻ ദൈവത്തിന്റെ മകനാണെന്ന് തിരിച്ചറിയുന്ന ഈശോയാണ് നല്ല വാർത്ത/ സുവിശേഷം പ്രഘോഷിക്കാൻ ആരംഭിക്കുന്നത് (മർക്കോ 1:11,14). അതിനാൽ തന്നെ നല്ല വാർത്തയാകുന്ന സുവിശേഷം പ്രഘോഷിക്കണമെങ്കിൽ ആദ്യം 'നല്ല വാർത്ത അനുഭവിക്കണം.' താൻ ദൈവത്തിന്റെ തന്നെ ഭാഗമാണെന്ന് തിരിച്ചറിയുന്നവന് മാത്രമേ. നല്ല വാർത്തയുടെ/സുവിശേഷത്തിന്റെ പ്രഘോഷകനാകാൻ പറ്റൂ.

ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കാൻ ഈശോ കൽപ്പിക്കുമ്പോൾ (മർക്കോ 16:15), അതിന് മുൻപ് സദ്‌വാർത്ത അനുഭവിച്ചറിയാനും ഈശോ ഉദ്ദേശിക്കുന്നു.

ഏപ്രിൽ 15ാം തീയതി ഫ്രാൻസിസ് പാപ്പാ റോമിലെ ഒരു ഇടവക സന്ദർശിച്ച സംഭവം. അപ്പൻ മരിച്ച ഇമ്മാനുവലിന് പാപ്പാ എങ്ങനെയാണ് സദ്‌വാർത്ത പകരുന്നത് (ഓഡിയോ കേൾക്കുക).

ഈശോ ശിഷ്യരോട് കൽപ്പിക്കുന്നതിന്റെ ഒരു സവിശേഷത ശ്രദ്ധിക്കണം. അവൻ പറയുന്നത് 'സകല സൃഷ്ടികളോടും' സുവിശേഷം പ്രഘോഷിക്കാനാണ്. നമ്മൾക്ക് പറ്റുന്ന ഒരു തെറ്റിദ്ധാരണയുണ്ട് - സുവിശേഷം മനുഷ്യരോട് മാത്രം പ്രഘോഷിച്ചാൽ മതിയെന്ന്. അത് പോരെന്നാണ് ഈശോ പറയുന്നത് - 'സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കണം.' അതായത്, സൃഷ്ടപ്രപഞ്ചത്തിലെ സകലചരാചരങ്ങളോടും. കാരണം അവയൊക്കെ ദൈവമാകുന്ന ജീവന്റെ അംഗങ്ങളും ഭാഗങ്ങളുമാണ്.

അതിനാൽ മൃഗങ്ങളോടും പക്ഷികളോടും നമ്മൾ സദ്‌വാർത്ത പ്രഘോഷിക്കണം. താൻ ദൈവത്തിന്റെ മകനാണെന്ന് തിരിച്ചറിയുന്ന വ്യക്തി, പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളുമായി ബന്ധത്തിലാകുന്നു. കാരണം അവയിലൊക്കെ ദൈവത്തിന്റെ ജീവൻ തന്നെയാണ് നിലനിൽക്കുന്നത്. അത്തരമൊരു ആത്മബന്ധം തിരിച്ചറിയുന്നവന്, സകല ചരാചരങ്ങളോടും തന്റെ ഉള്ളിലെ ആനന്ദം പങ്കുവയ്ക്കാതിരിക്കാനാവില്ല.

ഏറ്റവും നല്ല ഉദാഹരണം ഫ്രാൻസിസ് അസ്സീസിയാണ്. റോമിൽ നിന്നുമുള്ള മടക്കയാത്രയിൽ ഫ്രാൻസിസ് കുരുവികളെ കണ്ട് അവയെ, 'സഹോദരി കുരുവികളെ' എന്ന് വിളിച്ച് പ്രസംഗിക്കുന്നു (ഓഡിയോ കേൾക്കുക).

താൻ ദൈവത്തിന്റെ മകനാണെന്ന് അനുഭവിച്ചറിഞ്ഞ ഫ്രാൻസിസിന്, പിന്നെ കണ്ടുമുട്ടുന്നവരിലെല്ലാം ദൈവത്തിന്റെ അംശം കാണാനായി. അതിനാലാണ് മൃഗങ്ങളും പക്ഷികളും ചെടികളുമൊക്കെ ഫ്രാൻസിസിന് സഹോദരനും സഹോദരിയുമായി മാറിയത്. എന്തിന്, അവസാനം കടന്നു വന്ന മരണം പോലും അദ്ദേഹത്തിന് സഹോദരിയായിരുന്നു. അങ്ങനെ ഫ്രാൻസീസ്‌ അനുഭവിച്ച സദ്‌വാർത്ത അദ്ദേഹത്തെ കണ്ടുമുട്ടിയ സകല ചരാചരങ്ങൾക്കും അനുഭവിക്കാനായി. അതിലൂടെ സകല സൃഷ്ടികളോടും സദ്വാർത്ത, സുവിശേഷം പ്രസംഗിക്കുന്ന ജീവിതമായി മാറി ഫ്രാൻസിസിന്റെ ജീവിതം.

ക്രിസ്തു ഇന്നത്തെ ശിഷ്യരായ നമ്മളോടും ആവശ്യപ്പെടുന്നത് ഇതു തന്നെയാണ് - 'സകല സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുക.' അതിന് ആദ്യം സന്തോഷകരമായ വാർത്ത സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിയണം. നീ ആരാണെന്ന തിരിച്ചറിവാണത്. നീ വെറും ശരീരമല്ല, മനസ്സല്ല, സമൂഹത്തിലെ നിന്റെ സ്ഥാനമാനങ്ങളുമല്ല. അതിലുപരി ഇതിനെല്ലാം ആധാരമായി നിൽക്കുന്നത് നിന്നിലെ ജീവനാണ്. അത് ദൈവത്തിന്റെ ജീവന്റ തന്നെ അംശമാണ്. അതിനാൽ നീ ദൈവത്തിന്റെ മകനാണ്/ മകളാണ്. ഈ സത്യം അനുഭവിക്കുന്നവൻ അനുഭവിക്കുന്ന ആനന്ദം അതിരില്ലാത്തതാണ്. ആ വ്യക്തി, അവൻ കണ്ടുമുട്ടുന്ന വ്യക്തികളിലും ചരാചരങ്ങളിലും തന്റെ തന്നെ അംശത്തെ തിരിച്ചറിയും. അവർക്കെല്ലാം തന്റെ ഉള്ളിലെ ആനന്ദം പകർന്നു നൽകും; തന്റെ സദ്‌വാർത്ത പകർന്നു കൊടുക്കും. അവൻ സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുന്നവനാകും.