- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കള പറിക്കരുത്! നിന്റെ എതിരാളിയെ നിഹനിക്കരുത്!'
ഈശോ വീണ്ടും ഒരു കഥ പറയുകയാണ്. മനുഷ്യജീവിതത്തിൽ ആവർത്തിച്ചാവർത്തിച്ച് സംഭവിക്കാവുന്ന ഒരു ജീവിതാനുഭവത്തോട് എങ്ങനെയാണ് ക്രിസ്തീയമായി നമ്മൾ പ്രതികരിക്കേണ്ടത്? ഇതാണ് ഈശോ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്ന പാഠം. അതായത്, നിന്നോട് എതിരഭിപ്രായം പറയുന്നവനോടു നീ എങ്ങനെയാണ് പ്രതികരിക്കേണ്ടത്? നിന്റെ ശത്രുവാണെന്ന് നിനക്ക് തോന്നുന്നവനോട് നീ എങ്ങനെയാണ് പ്രതികരിക്കേണ്ടത്? ഒരു കൃഷിക്കാരൻ നല്ല വിത്ത് വിതച്ചു. രാത്രിയായപ്പോൾ അയാളുടെ ശത്രു വന്ന് കളകളും വിതച്ചു. പിന്നീട് വിളയോടൊപ്പം കളയും വളർന്നു വന്നു. അതുകണ്ട വേലക്കാരുടെ ചോദ്യം ശ്രദ്ധിക്കണം: ''അതിനാൽ ഞങ്ങൾ പോയി കളകൾ പറിച്ചു കൂട്ടണമെന്ന് നീ ആഗ്രഹിക്കുന്നുവോ'' (മത്താ 13:28). 'ഞങ്ങൾ കളകൾ പറിക്കെട്ടയോ'എന്നാണ് വേലക്കാർ ചോദിക്കുന്നത്. അതാത്, ഞങ്ങൾ കളകളെ നശിപ്പിക്കട്ടെയോ? കളകളെ ഇല്ലാതാക്കട്ടെയോ? അവയെ ഉന്മൂലനം ചെയ്യട്ടെയോ? ഇത് വളരെ സ്വാഭിവാകമായ ഒരു പ്രതികരണമാണ്, പ്രത്യേകിച്ച് വേലക്കാർ തീഷ്ണമതികളാണെങ്കിൽ. സമാനമായൊരു പ്രതികരണം തീഷ്ണമതികളായ അപ്പസ്‌തോലന്മാരിൽ നിന്നും ഉണ്ടാക
ഈശോ വീണ്ടും ഒരു കഥ പറയുകയാണ്. മനുഷ്യജീവിതത്തിൽ ആവർത്തിച്ചാവർത്തിച്ച് സംഭവിക്കാവുന്ന ഒരു ജീവിതാനുഭവത്തോട് എങ്ങനെയാണ് ക്രിസ്തീയമായി നമ്മൾ പ്രതികരിക്കേണ്ടത്? ഇതാണ് ഈശോ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്ന പാഠം. അതായത്, നിന്നോട് എതിരഭിപ്രായം പറയുന്നവനോടു നീ എങ്ങനെയാണ് പ്രതികരിക്കേണ്ടത്? നിന്റെ ശത്രുവാണെന്ന് നിനക്ക് തോന്നുന്നവനോട് നീ എങ്ങനെയാണ് പ്രതികരിക്കേണ്ടത്?
ഒരു കൃഷിക്കാരൻ നല്ല വിത്ത് വിതച്ചു. രാത്രിയായപ്പോൾ അയാളുടെ ശത്രു വന്ന് കളകളും വിതച്ചു. പിന്നീട് വിളയോടൊപ്പം കളയും വളർന്നു വന്നു. അതുകണ്ട വേലക്കാരുടെ ചോദ്യം ശ്രദ്ധിക്കണം: ''അതിനാൽ ഞങ്ങൾ പോയി കളകൾ പറിച്ചു കൂട്ടണമെന്ന് നീ ആഗ്രഹിക്കുന്നുവോ'' (മത്താ 13:28).
'ഞങ്ങൾ കളകൾ പറിക്കെട്ടയോ'എന്നാണ് വേലക്കാർ ചോദിക്കുന്നത്. അതാത്, ഞങ്ങൾ കളകളെ നശിപ്പിക്കട്ടെയോ? കളകളെ ഇല്ലാതാക്കട്ടെയോ? അവയെ ഉന്മൂലനം ചെയ്യട്ടെയോ? ഇത് വളരെ സ്വാഭിവാകമായ ഒരു പ്രതികരണമാണ്, പ്രത്യേകിച്ച് വേലക്കാർ തീഷ്ണമതികളാണെങ്കിൽ.
സമാനമായൊരു പ്രതികരണം തീഷ്ണമതികളായ അപ്പസ്‌തോലന്മാരിൽ നിന്നും ഉണ്ടാകുന്നുണ്ട്. ഈശോ ജറുശലേമിലേക്ക് യാത്ര ചെയ്യുന്നതാണ് സന്ദർഭം. അവന് സമരിയാക്കാരുടെ ഒരു ഗ്രാമത്തിലൂടെ കടന്നു പോകേണ്ടിയിരുന്നു. അവൻ ജറുശലേമിലേക്ക് പോകുകയായിരുന്നതിനാൽ അവനെ സ്വീകരിക്കാൻ സമരിയക്കാർ വിസമ്മതിച്ചു. അപ്പോഴാണ് യാക്കോബിന്റെയും യോഹന്നാന്റെയും പ്രതികരണം: ''കർത്താവേ, സ്വർഗ്ഗത്തിൽ നിന്ന് അഗ്നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങൾ പറയാൻ നീ മനസ്സാകുന്നുവോ?'' (ലൂക്കാ 9:54).
അതായത് 'കള പറിക്കാൻ' അനുവാദം ചോദിക്കുന്ന വേലക്കാരുടെ മനോഭാവം രണ്ട് അപ്പസ്‌തോലന്മാർ പ്രകടിപ്പിക്കുന്നു. ഈശോയെ സ്വീകരിക്കാൻ വിസമ്മതിക്കുന്ന 'സമരിയാക്കാരെ നശിപ്പിക്കട്ടെയോ?' കള പറിക്കുക, നശിപ്പിക്കുക, ഇല്ലാതാക്കുക, ഒഴിവാക്കുക - ഇതൊക്കെ മാനുഷികമായ പ്രതികരണരീതിയാണ്. ആരെയൊക്കെ? എന്നോട് വിയോജിക്കുന്നവരെ, എനിക്കെതിരെ എതിരഭിപ്രായം പറയുന്നവരെ, എന്നെ വിമർശിക്കുന്നവരെ, എന്റെ തെറ്റിനു നേരെ വിരൽ ചൂണ്ടുന്നവരെ, എന്റെ
ശത്രുപക്ഷത്താണെന്നു ഞാൻ കരുതുന്നവരെയൊക്കെ നശിപ്പാക്കാനും ഇല്ലാതാക്കാനുമുള്ള പ്രേരണ മാനുഷികമായ പ്രതികരണരീതിയാണ്.
അത്തരമൊരു പ്രതികരണത്തോട് 'മനുഷ്യപുത്രാനായ കൃഷിക്കാരൻ' എങ്ങനെയാണ്പ്രതികരിക്കുന്നത്? 'അരുത്, കള പറിക്കരുത്!' ഇതാണ് ക്രിസ്തുവിന്റെ പ്രതികരണം. അതായത്, നിനക്കെതിരെ എതിരഭിപ്രായം പറയുന്നവനെയും നിന്നെ വിമർശിക്കുന്നവനെയും നീ നശിപ്പിക്കരുത്, ഒഴിവാക്കരുത്. ചുരുക്കത്തിൽ നിന്റെ ശത്രുവെന്നു നിനക്ക് തോന്നുന്നവനെ നീ കൊല്ലരുത് എന്നർത്ഥം. ഇതാണ് ക്രിസ്തുവിന്റെ സമീപനം. ഇതായിരിക്കണം ഏതൊരു ക്രിസ്തുശിഷ്യന്റെയും സമീപന രീതിയെന്ന് ക്രിസ്തു നിർദ്ദേശിക്കുന്നു.
ഇത് തിരിച്ചറിഞ്ഞ ഫ്രാൻസീസ് പാപ്പാ ഈയിടെ സഭയുടെ നിലപാടിൽ വരുത്തിയ വലിയൊരു തിരുത്തലുണ്ട്. വധശിക്ഷയെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ ഔദ്യോഗികാഭിപ്രായം പാപ്പാ തിരുത്തിക്കുറിച്ചു. നീതിപൂർണ്ണമായ വിചാരണയ്ക്കു ശേഷം ന്യായമായ ഒരധികാര കേന്ദ്രം അപൂർവ്വങ്ങളിൽ അപൂർവ്വമായ കുറ്റകൃത്യത്തിന് വധശിക്ഷ വിധിച്ചാൽ അത് അനുവദനീയമാണെന്നായിരുന്നു സഭ ഇതുവരെ പഠിപ്പിച്ചിരുന്നത്. എന്നാൽ 2018 ഓഗസ്റ്റ് 2 ന് കത്തോലിക്കാ സഭയുടെ മതബോധനത്തിന്റെ 2267ാം മത്തെ നമ്പർ തിരുത്തി കൊണ്ട് ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചു "ഏതു കാരണത്താലായാലും സുവിശേഷത്തിന്റെ വെളിച്ചത്തിൽ വധശിക്ഷ ഒരുതരത്തിലും സ്വീകാര്യമല്ല.'
ക്രിസ്ത്യാനിക്ക് 'വധശിക്ഷ' അംഗീകരിക്കാനാവില്ല. കള പറിക്കൽ, വ്യക്തികളെ നശിപ്പിക്കൽ എന്നിവ - ക്രിസ്തു ശിഷ്യൻ ചെയ്യരുത്. അതാണ് ക്രിസ്തുവിന്റെ കൽപ്പന. കള പറിക്കൽ, ക്രൈം, ഇല്ലാതാക്കൽ, അക്രമം മുതലായവ ക്രിസ്തുശിഷ്യൻ ചെയ്യാൻ പാടില്ല. കാരണം അത് ക്രിസ്തുവിന്റെ സ്വഭാവത്തിന് ചേർന്നതല്ല.
നമ്മൾ ഓർമിക്കേണ്ട ഒരു സംഗതിയുണ്ട്. പണ്ട് വൈദികാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. ഒരുവന്റെ അടുത്ത രക്തബന്ധത്തിലുള്ളവർ - മാതാപിതാക്കളോ സഹോദരങ്ങളോ - കൊലപാതകം ചെയ്തിട്ടുണ്ടെങ്കിൽ അഥവാ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവനെ വൈദികാർത്ഥിയായി സ്വീകരിക്കില്ലായിരുന്നു. കാരണം ക്രൈം, ക്രിമിനൽ സ്വഭാവം ക്രിസ്തു ശിഷ്യന് ചേർന്നതല്ല; ക്രിമിനൽരക്തം ക്രിസ്തു ശിഷ്യനുമായി ചേർന്നുപോകില്ല. അതിനാൽ കള പറിക്കുന്നത്, മറ്റുള്ളവരെ അവസാനിപ്പിക്കുന്നത്, മറ്റുള്ളവരെ ഇല്ലാതാക്കുന്നത് ക്രിസ്തു ശിഷ്യന് ചേർന്ന പണിയല്ല.
മലയിലെ പ്രസംഗത്തിൽ ഈശോ ഇത് വ്യക്തമായി പറയുന്നു: ''അയൽക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നു പറഞ്ഞിരിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു ശത്രുക്കളെ സ്‌നേഹിക്കുവിൻ" (മത്താ 5:43- 44). ശത്രുക്കളെ നശിപ്പിക്കാനല്ല അവരെ സ്‌നേഹിക്കാനാണ് ഈശോ കൽപ്പിക്കുന്നത്.
കള പറിക്കാൻ ആവേശം കൂട്ടുന്ന വേലക്കാരോട്, മനുഷ്യപുത്രൻ പറയുന്നു, അരുത്! സമരിയാക്കാരെ നശിപ്പിക്കാൻ തീഷ്ണതയോടെ നിൽക്കുന്ന അപ്പസ്‌തോലന്മാരോട്, ഈശോ പറയുന്നു, അരുത്! കാരണം അക്രമം, വയലൻസ്, നശിപ്പിക്കൽ, കളപറിക്കൽ - ഇവ ക്രിസ്തുശിഷ്യനു ചേർന്നതല്ല.
'കള പറിക്കരുതെന്ന്' ഈശോ പറയുന്നതിന്റെ കാരണം എന്താണ്? ''കളകൾ പറിച്ചെടുക്കുമ്പോൾ അവയോടൊപ്പം ഗോതമ്പു ചെടികളും നിങ്ങൾ പിഴുതു കളഞ്ഞെന്നു വരാം'' (മത്താ 13:29). ഇതാണ് അരുതെന്ന് പറഞ്ഞ് ഈശോ ശിഷ്യരെ വിലക്കുന്നതിന്റെ അടിസ്ഥാന കാരണം. കളയാണെന്നു കരുതി നമ്മൾ പറിക്കുന്ന പലതും നല്ല ഗോതമ്പു ചെടികളാണെന്നു വരാം. കാരണം, വേലക്കാരന്റെ കണ്ണും ശ്രദ്ധയും കളയിലും കള കണ്ടുപിടിക്കുന്നതിലുമാണെങ്കിൽ, കൃഷിക്കാരന്റെ കണ്ണും മനസ്സും നല്ല വിളയിലും വിള കണ്ടു പിടിക്കുന്നതിലുമാണ്.
ഇക്കാര്യം എളുപ്പം മനസ്സിലാകുന്നത് കുട്ടനാട്ടുകാർക്കാണ്. കാരണം കുട്ടനാട്ടിൽ നെൽച്ചെടിയോടൊപ്പം സർവ്വാസാധാരണമായി വളർന്നു വരുന്ന പ്രധാന കളയാണ് 'കവട.' നെൽച്ചെടിയെയും കവടയെയും വേർതിരിച്ചറിയുക അത്ര എളുപ്പമല്ല. നല്ല പരിചയമുള്ള കർഷകത്തൊഴിലാളികൾക്കേ ഇവയെ തിരിച്ചറിയാനാകൂ. ഇവയുടെ വ്യത്യാസം വേരിലാണ്. ഒന്നിന്റെ വേരുകൾ അൽപ്പം ചെമപ്പ് കലർന്നതായിരിക്കും. മറ്റതിന്റേത് വെളുപ്പു കലർന്നതും. പറിച്ചു കഴിയുമ്പോഴേ, ചെയ്ത അബദ്ധം മനസ്സിലാവുള്ളു - കവടയാണെന്നു കരുതി ഞാൻ പറിച്ചത് നല്ല വിളയാണല്ലോ എന്ന തിരിച്ചറിവ്! കുലയ്ക്കുന്നത് ഇവ തമ്മിൽ ബാഹ്യമായ വ്യത്യാസമില്ല. കുലയ്ക്കുമ്പോൾ നെൽച്ചെടിയിൽ നല്ല കതിരും, മറ്റതിൽ ഉപയോഗ ശ്യൂന്യമായ കവടയുടെ കതിരും പുറത്തുവരും.
അതു കൊണ്ടാണ് ഈശോ നമ്മളോടു പറയുന്നത് 'കള പറിക്കരുത്.' കാരണം നമ്മൾക്ക് തെറ്റു പറ്റാം. മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ പരിമിതിയിലേക്കാണ് ഈശോ ഇതിലൂടെ വിരൽ ചൂണ്ടുന്നത്. കള പറിക്കുമ്പോൾ, നിന്നെ എതിർക്കുന്നവനെ നശിപ്പിക്കുമ്പോൾ, വ്യത്യസ്ത അഭിപ്രായം പറയുന്നവനെ ഇല്ലാതാക്കുമ്പോൾ നിനക്കു തെറ്റു പറ്റാം. നിന്റെ മാനുഷികമായ പരിമിതി അംഗീകരിച്ച് കള പറിക്കുന്നതിൽ നിന്നും പിന്മാറണമെന്നാണ് ഈശോ കൽപ്പിക്കുന്നത്.
അധികാരികൾ 'കള പറിക്കുന്ന' സ്വഭാവം ഉള്ളവരാകുമ്പോഴാണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടാകുന്നത്. കള പറിക്കാനും എതിരഭിപ്രായം പറയുന്നവനെ നശിപ്പിക്കാനുമുള്ള പ്രവണത എല്ലാ ഏകധിപതികളുടെയും പൊതുസ്വഭാവമാണ്. നമ്മുടെ നാടിന്റെ ഇന്നത്തെ സാഹചര്യത്തിലും നാമിതിനെ വായിച്ചെടുക്കണം.
ലോക ചരിത്രത്തിലെ ഏകാധിപതികളൊക്കെ ഈ മനോഭാവം പ്രകടിപ്പിച്ചവരായിരുന്നു - എതിരഭിപ്രായം പറയുന്നവരെയൊക്കെ ഇല്ലാതാക്കുന്ന സ്വഭാവം, കള പറിക്കുന്ന സ്വഭാവം. ഹിറ്റ്‌ലർ കൊന്നൊടുക്കിയത് ഒരു കോടിയിലധികം മനുഷ്യരെയായിരുന്നു! സ്റ്റാലിൻ വധിച്ചത് രണ്ടു കോടി ജനങ്ങളെയായിരുന്നു! കമ്പോദിയായിലെ പോൾപോട്ട് ഇല്ലാതാക്കിയത് പത്ത് ലക്ഷം ആൾക്കാരെയായിരുന്നു! അധികാരത്തിലേറുന്നവന് 'കള പറിക്കുന്ന' സ്വഭാവമുണ്ടെങ്കിൽ കൊടിയ വിധത്തിലേക്കായിരിക്കും ഒരു ജനസമൂഹം മുഴുവൻ ചെന്നു പതിക്കുന്നത്. അതിനാലാണ് ഈശോ പറയുന്നത്, 'കളകൾ പറിക്കരുത്,' ശത്രുവിനെ ഇല്ലാതാക്കരുത്. കാരണം നിങ്ങൾക്ക് തെറ്റു പറ്റാം.
അങ്ങനെയെങ്കിൽ കളയും തിന്മയാണെന്ന് നീ കരുതുന്നതിനോട് എങ്ങനെയാണ് നീ പ്രതികരിക്കേണ്ടത? അതാണ് തൊട്ടടുത്ത രണ്ട് ഉപമകളിലൂടെ ഈശോ പറഞ്ഞു തരുന്നത്: "മൂന്ന് അളവ് മാവിൽ അത് പുളിക്കുവോളം ഒരു സ്ത്രീ ചേർത്ത പുളിമാവിന് സദൃശമാണ് സ്വർഗ്ഗരാജ്യം" (മത്താ 13:33). ഈശോ പറയുന്നു, 'കള പറിക്കരുത്' അതിനു പകരം നീ 'പുളിമാവു പോലെ പ്രവർത്തിക്കണം.' നിന്റെ നന്മകൾ പുളിമാവു പ്രവർത്തിക്കുന്ന പോലെ പ്രവർത്തിക്കണം. അതെങ്ങനെയാണ്? പുളിമാവ് ഓരോ നിമിഷവും അതിന്റ നന്മകൾ അതിന്റെ ചുറ്റുപാടുകളിലേക്കു പടർത്തിപടർത്തി വികസിപ്പിച്ചു കൊണ്ടിരിക്കും. അഭിപ്രായ വ്യത്യാസമുള്ളവരരുടെ നേരെയും, തിന്മയാണെന്ന് നീ കരുതുന്നവരുടെ നേരെയും, നീ പിളിമാവു പോലെ പ്രവർത്തിക്കണം. നിന്നിലെ നന്മയെ നിന്റെ പരിസരങ്ങളിലേക്കൊക്കെ പടർത്തി പടർത്തി നിന്റെ നന്മകൊണ്ട് നിന്റെ പരിസരങ്ങളെ നിറക്കാനാവണം. അത്തരമൊരു പുളിപ്പിക്കലിൽ എതിരഭിപ്രായവും ശത്രുതയും സ്വാഭിവകമായി അപ്രത്യക്ഷമായിക്കൊള്ളും.
ഇതു തന്നെയാണ് കടുകുമണിയുടെ ഉപമയിലും ഈശോ പറയുന്നത് (മത്താ 13:31-32). ചെറിയ കടുകുമണി വളർന്ന് വളർന്ന് ആകാശത്തിലെ പറവകൾക്കെല്ലാം അഭയമരുളുന്ന വൃക്ഷിമായിത്തീരുന്നു. ആരെയും ഒഴിവാക്കാതെ സകലരെയും ഉൾക്കൊള്ളുകയും, സകലർക്കും അഭയമരുളുകയും ചെയ്യുന്ന രീതി വളർത്തിയെടുക്കണമെന്നാണ് ഈശോ പഠിക്കുന്നത്.
എല്ലാത്തിനെയും ഉൾക്കൊള്ളുക; സകലർക്കും നന്മ ചെയ്യുക എന്നതായിരിക്കണം ക്രിസ്തുശിഷ്യന്റെ രീതി. അതിനുള്ള കാരണവും മലയിലെ പ്രസംഗത്തിൽ ഈശോ പറയുന്നുണ്ട്: ''അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മക്കളായിരിത്തീരും. എന്തുകൊണ്ടെന്നാൽ അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിക്കുകയും, നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും ചെയ്യുന്നു'' (മത്താ 5:45).
എതിരഭിപ്രായക്കാരനെയും ശത്രുവിനെയും നീ ഇല്ലാതാക്കരുത്. കാരണം നിന്റെ സ്വർഗ്ഗപിതാവ് ദുഷ്ടർക്കും ശിഷ്ടർക്കും ഒരുപോലെ മഴയും വെയിലും നൽകുന്നു. എല്ലാവരിലേക്കും നന്മ വിതറി കൊണ്ടു മാത്രമേ നിനക്കു ദൈവത്തിന്റെ മകനായി തീരാൻ പറ്റൂ. ദൈവത്തിന്റെ മകനായിത്തീരുന്നത് മറ്റുള്ളവരെ ഒതുക്കി കൊണ്ടും, ഒഴിവാക്കി കൊണ്ടും, ഇല്ലാതാക്കി കൊണ്ടുമല്ല. മറിച്ച് അവരെക്കൂടെ ഉൾക്കൊള്ളുന്ന വന്മരമായി മാറികൊണ്ട്; അവരിലേക്ക് പോലും നന്മ പ്രസരിപ്പിക്കുന്ന പുളിമാവായി രൂപാന്തരപ്പെട്ടു കൊണ്ട്.
ഏറ്റവും നല്ല ഉദാഹരണം വിക്ടർ ഹ്യുഗോയുടെ 'പാവങ്ങൾ' എന്ന നോവലിലെ ജിൽവാൽജിൻ കഥ. അയാൾ മെത്രാന്റെ വെള്ളി മെഴുകുതിരിക്കാലുകൾ മോഷ്ടിച്ച കഥ (ഓഡിയോ കേൾക്കുക).
അതിനാൽ 'നീ കള പറിക്കരുത്.' പകരം, നീ നന്മയുടെ പുളിമാവ് പ്രസരിപ്പിച്ചു കൊണ്ടിരിക്കുക. നിന്റെ സ്വർഗ്ഗസ്ഥനായ പിതാവ് ദുഷ്ടരുടെയും ശിഷ്യരുടെയും മേൽ മഴ പെയ്യിക്കുന്ന പോലെ നീയും നിന്റെ എതിരാളികളുടെ മേൽ നന്മയുടെ മഴ പെയ്യിച്ചു കൊണ്ടിരിക്കുക!