ബ്രിയേൽ ദൈവദൂതൻ സ്‌നാപകയോഹന്നാന്റെ ജനന വാർത്ത സക്കറിയായെ അറിയിക്കുന്നതും അതിന്റെ പരിണിതഫലങ്ങളുമാണ് ഇന്നത്തെ സുവിശേഷത്തിൽ. സക്കറിയ-എലിസബത്ത് ദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരം സുവിശേഷകൻ വിവരിക്കുന്നതാണ് ശ്രദ്ധിക്കേണ്ടത്: ''അവർക്ക് മക്കളുണ്ടായിരുന്നില്ല; എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു'' (ലൂക്കാ 1:7).
അവരുടെ ജീവിതത്തിന്റെ ഏറ്റവും വലിയ സങ്കടവും ഏറ്റവും വലിയ പരാജയവുമായിരുന്നു അത് - അവർക്ക് മക്കളില്ലായിരുന്ന അവസ്ഥ. അതിന്റെ കാരണമോ, അവരുടെ വന്ധ്യതയും പ്രായാധിക്യവും. അത് രണ്ടും അവരുടെ കഴിവില്ലാമകളെ തന്നെയാണ് സൂചിപ്പിക്കുന്നത്.

അവരുടെ പരാജയവും, സങ്കടവും, ജീവിതസഹനവും അവരുടെ ഹൃദയത്തെ ഏറെ മഥിക്കുന്നതായിരുന്നു. അതുകൊണ്ടാണ് ദൈവദൂതനോട് സഖറിയാ മറുപടി പറയുമ്പോൾ അത് പുറത്തേക്ക് വരുന്നത്: ''ഞാൻ ഇത് എങ്ങനെ അറിയും? ഞാൻ വൃദ്ധനാണ്. എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്' (1:18). അതായത് സഖറിയായുടെ ഹൃദയവും മനസ്സും, അവരുടെ കഴിവില്ലായ്മയിലും അവരുടെ ജീവിത പരാജയത്തിലും മുങ്ങിത്താണു കിടക്കുകയായുരുന്നു എന്ന് സാരം. അവരുടെ ജീവിതത്തെ ആകമാനം ബാധിച്ചിരുന്ന നൊമ്പരമായിരുന്നു അവരുടെ ഈ ജീവിതപരാജയം.

അങ്ങനെ ജീവിതത്തിന്റെ പരാജയവും കഴിവില്ലായ്മയും സമ്മാനിച്ച ഹൃദയനൊമ്പരത്തിൽ ആണ്ടിരിക്കുന്നവനോടാണ് ദൈവദൂതൻ പറയുന്നത്: ''സഖറിയാ, ഭയപ്പെടേണ്ട. നിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തിൽ നിനക്ക് ഒരു പുത്രൻ ജനിക്കും. നീ അവന് യോഹന്നാൻ എന്നു പേരിടണം'' (1:13).

അതായത് അവരുടെ കഴിവുകൾ അവസാനിക്കുന്നിടത്ത്, ദൈവത്തിന്റെ ശക്തി പ്രവർത്തിക്കാൻ തുടങ്ങുന്നുവെന്നർത്ഥം. അവരുടെ പരാജയത്തിന്റെ പടുകുഴിയിലേക്കാണ് ദൈവകരം ഇറങ്ങിച്ചെല്ലുന്നത്; അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ കഷ്ടകാലമാണ് ദൈവിക പ്രവർത്തനത്തിന്റെ തിരുമുഹൂർത്തമായി മാറുന്നത്. അതിനാൽ നിരാശപ്പെടരുത്. ഇതാണ് സഖറിയയോടുള്ള മാലാഖയുടെ സന്ദേഹത്തിന്റെ ഹൃദയം.

ഏറ്റവും നല്ല ഉദാഹരണം ഫ്രാൻസിസ് പാപ്പാ ബ്രസീലിലെ യുവജന സമ്മേളനത്തിൽ ചെയ്ത പ്രസംഗമാണ്. അപ്പരസീദയെന്ന തുറമുഖ പട്ടണത്തിൽ ഒരുമിച്ചു കൂടിയ ലക്ഷോപലക്ഷം യുവജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട്, അവിടെ മീൻ പിടിക്കാൻ പോയ മൂന്ന് മുക്കുവരുടെ കഥ അദ്ദേഹം പറഞ്ഞു (ഓഡിയോ കേൾക്കുക).

അതിന്റെ അവസാനം യുവാക്കളോടായി പാപ്പാ പറഞ്ഞു: 'നിങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ തുടക്കത്തിലാണ്. മുമ്പോട്ടു പോകുമ്പോൾ നിങ്ങളുടെ അദ്ധ്വാനങ്ങൾ പലപ്പോഴും പരാജയപ്പെടുന്നതും നിങ്ങളുടെ സ്വപ്നങ്ങൾ തകർന്നടിയുന്നതും നിങ്ങൾ അനുഭവിച്ചറിയും. അപ്പോഴൊക്കെ നിങ്ങളുടെ ഹൃദയം നിങ്ങളുടെ പരാജയങ്ങളിലും നിങ്ങളുടെ തകർച്ചകളിലും നിങ്ങളുടെ നൊമ്പരങ്ങളിലും നിമഗ്‌നമായി നിങ്ങൾ നിരാശയിലാകരുത്. കാരണം നിങ്ങളുടെ പരാജയത്തിന്റെ നടുവിലും നിങ്ങളുടെ ജീവിത തകർച്ചയിലും തമ്പുരാൻ നിങ്ങൾക്കായി നിങ്ങൾ പ്രതീക്ഷിക്കുന്നതിലും വലിയ സമ്മാനമൊരുക്കി നിങ്ങളെ കാത്തിരിക്കുന്നു. അത് കാണാനുള്ള കണ്ണുണ്ടാവുക. അത് തിരിച്ചറിയാനുള്ള ശ്രദ്ധയുണ്ടാവുക എന്നതാണ് പ്രധാനം.

സഖറായിയായുടെ ജീവിതത്തിൽ സംഭവിച്ചത് അക്ഷരംപ്രതി ഇത് തന്നെയല്ലേ? അയളും ഭാര്യയും അദ്വാനിച്ചതും പ്രാർത്ഥിച്ചതും ഒരു കുഞ്ഞിന് വേണ്ടിയിട്ടായിരുന്നു. അവരുടെ മുഴുജീവിതത്തിന്റെയും സ്വപ്നം ഒരു കുഞ്ഞു മാത്രമായിരുന്നു. എന്നാൽ അവർക്ക് ലഭിക്കുന്നത് അവർ പ്രീക്ഷിച്ചതിലും എത്രയോ വലിയ സമ്മാനമാണ്. അവർ പ്രതീക്ഷിച്ചതിലും എത്രയോ മഹത്വമാർന്ന ശിശുവിനെയാണ് ദൈവം അവർക്കായി ഒരുക്കി കാത്തിരുന്നത്.

ഇതറിയണമെങ്കിൽ പിറക്കാനിരുന്ന ശിശുവിനെക്കുറിച്ച് മാലാഖാ പറയുന്നത് ശ്രദ്ധിക്കണം: ''കർത്താവിന്റെ സന്നിധിയിൽ അവൻ വലിയവനായിരക്കും... അമ്മയുടെ ഉദരത്തിൽ വച്ചു തന്നെ അവൻ പരിശുദ്ധാത്മാവിനാൽ നിറയും... ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ അവൻ കർത്താവിന്റെ മുമ്പേ പോകും'' (ലൂക്കാ 1:15-17). സഖറിയ-എലിസബത്ത് ദമ്പതികളുടെ സർവ്വപ്രതിക്ഷകളെയും അതിലംഘിക്കുന്ന പുത്രനായിരുന്നു അഭിനവ ഏലിയായി അവതരിച്ച യോഹന്നാൻ. തങ്ങളുടെ പരിശ്രമങ്ങളുടെ പരാജയത്തിലും, കഴിവുകളുടെ ഫലമില്ലായ്മയിലും, ജീവിതത്തിന്റെ കഷ്ടകാലത്തിലും നിമഗ്‌നരായി നിരാശയിൽ കഴിഞ്ഞവരുടെ മുമ്പിലേക്കാണ് ദൈവം അവർ പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് വലിയ സമ്മാനവുമായി കടന്നു വന്നത്.

അതിനാൽ സഖറിയാ-ഏലിസബത്ത് ദമ്പതികളുടെ ജീവിതവും ഇന്നത്തെ സുവിശേഷവും നമ്മോടു പറയുന്ന സന്ദേശമിതാണ്. നിന്റെ പരാജയത്തിലും ജീവിതതകർച്ചയിലും ഹൃദയനൊമ്പരങ്ങളിലും മനസ്സിടിഞ്ഞ് നീ നിരാശപ്പെടുന്നത്. കാരണം നിന്റെ പരാജയത്തിലാണ് ദൈവം പ്രവർത്തനം ആരംഭിക്കുന്നത്; നിന്റെ കഴിവില്ലായ്മയിലാണ് ദൈവത്തിന്റെ ശക്തി പ്രകടമാകുന്നത്; നിന്റെ തകർച്ചയിലാണ് ദൈവം പണിയാൻ ആരംഭിക്കുന്നത്. അവന്റെ പ്രവർത്തനവും, അവന്റെ കഴിവും, അവന്റ പണിയും നിന്റേതിനേക്കാൾ പതിന്മടങ്ങ് ശ്രേഷ്ഠമായതിനാൽ ഉണ്ടാകുന്ന പരിണിതഫലവും പതിന്മടങ്ങ് ശ്രേഷഠമായിരക്കും. നീ പ്രതീക്ഷിക്കുന്നതിലും വലിയ സമ്മാനമായി അത് മാറുന്നത് അതുകൊണ്ടാണ്.

അതിനാൽ തമ്പുരാന്റെ സാന്നിധ്യത്തിലേക്കും അവന്റെ പ്രവർത്തനത്തിലേക്കും തുറന്നു പിടിച്ച ഒരു ജീവിതമായിരിക്കണം നിന്റേത്. തമ്പുരാൻ എവിടെയാണ് നിനക്കു സന്നിഹിതനാകുന്നത്? ഒന്നാമതായിട്ട് നിന്റെ ഉള്ളിലാണ് ദൈവം നിനക്ക് സന്നിഹിതനാകുന്നത്. നിന്റെ ശരീരത്തിനും മനസ്സിനും പിറകിലുള്ള നിന്നിലെ ജീവൻ ദൈവത്തിന്റെ ജീവന്റെതന്നെ അംശമാണ്. നിന്നിലെ ദൈവസാന്നിധ്യമാണത്. അതിനാൽ നിന്റെ ആന്തരികതയിലേക്ക് തുറന്നു പിടിച്ചിരിക്കുന്ന ജീവിതായിരിക്കണം നിന്റേത്. അതായത് നിന്നിലെ ജീവനെ നീ തിരച്ചറിയുക. ആ ജീവനോടുള്ള അവബോധത്തിൽ നീ ജീവിക്കുക.

യഥാർത്ഥത്തിൽ നീ ആരാണെന്ന തിരിച്ചറിവിൽ ജീവിക്കുന്നതാണത്. സത്യത്തിൽ നിന്റെ ശരീരത്തിനും മനസ്സിനും പിറകിലുള്ള ജീവൻ തന്നെയല്ലേ നീ? നിന്റെ ശരീരവും മനസ്സും സമൂഹത്തിലെ നിന്റെ സ്ഥാനമാനങ്ങളുമൊക്കെ നിന്റെ ജീവന്റെ ആടയാഭരണങ്ങൾ മാത്രമല്ലേ? അവയൊക്കെ നീ സമ്പാദിച്ചു കൂട്ടിയവയാണ്; നിന്റെ സമ്പാദ്യങ്ങളാണ്. എന്നാൽ നിന്റെ സ്വത്വം നിന്നിലെ ജീവൻ തന്നെയാണ്. ആ ജീവനെക്കുറിച്ചുള്ള അവബോധത്തിലും ജീവനോടുള്ള തുറവിയിലും ജീവിക്കുമ്പോഴാണ് നീ ജീവസ്രോതസ്സായ ദൈവത്തോട് തുറവിയുള്ളവനാകുന്നത്. അപ്പോഴാണ് നീ പ്രതീക്ഷിക്കുന്നതിലും വലിയ സമ്മാനങ്ങളെ നിനക്ക് തിരിച്ചറിയാനാവുന്നത്.

ഒരു കാര്യം കൂടി ഓർമ്മയിൽ വയ്ക്കണം. സഖറിയ-എലിസബത്ത് ദമ്പതികൾക്ക് കിട്ടിയ സമ്മാനത്തിന്റെ പേര് യോഹന്നാൻ എന്നാണ് (1:13). ഈ പേര് രണ്ട് പദങ്ങൾ ഒരുമിച്ചു കൂടിയതാണ് - യാഹ്വെ, ഹനാൻ. അതായത് ദൈവം + കാരുണ്യം. എന്ന് പറഞ്ഞാൽ 'ദൈവകാരുണ്യം.'

നിന്റെ പരാജയങ്ങളിലും നിന്റെ ക്ലേശങ്ങളിലും നിന്റെ ഉള്ളിലെ ജീവനോട് നീ തുറവിയോടിരുന്നാൽ, നിനക്കു ലഭിക്കുന്ന വലിയ സമ്മാനമാണ് 'ദൈവകാരുണ്യം' - 'യോഹന്നാൻ!' അതിനാൽ, നിന്റെ പരാജയങ്ങളിലും ക്ലേശങ്ങളിലും നീ നാരാശപ്പെടാതിരിക്കുക. നിന്റെ ജീവിതത്തിലെ പരാജയവും ക്ലേശവും തകർച്ചയും, ദൈവകാരുണ്യം നിന്നിൽ നിറയാനുള്ള അവസരങ്ങൾ മാത്രമാണ്. നീ ഒന്ന് ശ്രദ്ധിക്കുകയും കണ്ണ് തുറക്കുകയും ചെയ്താൽ മാത്രം മതി. എവിടേക്ക്? നിന്റെ ഉള്ളിലേക്ക്; നിന്റെ ആന്തരികതയിലേക്ക്; നിന്റെ ജീവനിലേക്ക്.