ന്നത്തെ സുവിശേഷത്തിൽ ഈശോ ഒരു ഉപമ പറയുകയാണ് - ന്യായാധിപന്റെയും വിധവയുടെയും കഥ. രണ്ട് ജോഡി കഥാപാത്രങ്ങളെ തമ്മിൽ താരതമ്യം ചെയ്യുന്നുണ്ടിവിടെ. ന്യായാധിപനും വിധവയും ഒരു വശത്ത്. മറുവശത്ത് ദൈവവും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും. ഉപമാനവും ഉപമേയയും. ഇതുതമ്മിലുള്ള വ്യത്യാസത്തിലേയക്കാണ് നാം ശ്രദ്ധിക്കേണ്ടത്.

അധാർമികനായ ന്യായാധിപനെയും ശല്യപ്പെടുത്തുന്ന വിധവയെയും താരതമ്യം ചെയ്ത് പറയുന്നത് ആരോടാണെന്ന് ശ്രദ്ധിക്കണം. ലൂക്കാ 18:17 'രാവുംപകലും തന്നെ വിളിച്ചുകരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ?' അതായത് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും തമ്പുരാനും തമ്മിലുള്ള ബന്ധമാണ് പ്രധാനം എന്നു സാരം. നീ ദൈവത്തിന്റെ പ്രിയപ്പെട്ടവനാണ്; നീ ദൈവത്തിന്റെ പ്രിയപ്പെട്ടവളാണ്. ദൈവം നിന്റെ പിതാവാണ്. ഇതാണ് ഈശോ ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നത്.

ചുരുക്കത്തിൽ നീ ദൈവത്തിന്റെ പ്രിയപ്പെട്ട മകനാണ്, മകളാണ്. ദൈവം നിന്റെ അപ്പനാണ്. ഈ ബന്ധത്തിലേയ്ക്കാണ് ഈശോ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. പ്രാർത്ഥനയെക്കുറിച്ച് പറയുമ്പോഴാണ് ഈശോ ഈ കഥ പറയുന്നതെന്ന് നാം മറക്കരുത് (18:1). പ്രാർത്ഥനയുടെ മർമ്മംതന്നെ ഈ ബന്ധമാണ് - അതായത്, ദൈവം നിന്റെ അപ്പനാണ്; നീ ദൈവത്തിന്റെ പ്രിയ സന്താനമാണ്. ഈ തിരിച്ചറിവും, തുടർ അനുഭവവുമാണ് പ്രാർത്ഥനയുടെ ഹൃദയം.

പ്രാർത്ഥനയെക്കുറിച്ചുള്ള ഫ്രാൻസീസ് പാപ്പായുടെ നിർവ്വചനവും അതിന്റെ വിശദീകരണവും ഏറ്റവും അനുയോജ്യമാണ് (ഓഡിയോ കേൾക്കുക).

തമ്പുരാൻ എന്റെ പിതാവാണ്. ഞാൻ എപ്പോഴും അവന്റെ കൺവെട്ടത്താണ്. ഈ തിരിച്ചറിവും അനുഭവവുമാണ് പ്രാർത്ഥനയുടെ ആത്മാവ്.

ഇന്നത്തെ സുവിശേഷത്തിലെ 8-ാമത്തെ വചനം കൂടിശ്രദ്ധിക്കണം: 'എങ്കിലും മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?'. ഒരുവന് തമ്പുരാനോടുള്ള ബന്ധത്തെക്കുറിച്ചുള്ള വിശ്വാസമാണിത്. തമ്പുരാൻ എന്റെ പിതാവാണെന്ന തിരിച്ചറിവാണിത്. ഞാൻ ദൈവത്തിന്റെ പ്രിയപ്പെട്ട മകനും മകളുമാണൈന്ന തിരിച്ചറിവാണിത്. ഈ വിശ്വാസം കണ്ടെത്തുമോ എന്നു തന്നെയാണ് ഈശോ ചോദിക്കുന്നത്.

ഒരു സംഭവം. സ്‌കൂട്ടർഓടിക്കുന്ന യുവതിയായ അമ്മയുടെയും മകന്റെയും സംഭവം. (ഓഡിയോ കേൾക്കുക).

തമ്പുരാൻ ഒരു പൈലറ്റുവാഹനം പോലെ നിന്റെ കൂടെയുണ്ട്. അവന്റെ പരിപാലനയുടെ കരവലയത്തിലാണ് നീ. അവന്റെ കൺവെട്ടത്താണ് നിന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും മുമ്പോട്ട് പോകുന്നത്. ഇത് അനുഭവിക്കുക, അത്തരമൊരു അനുഭവത്തിൽ ജീവിച്ചു മുന്നേറുക.

ഇന്നത്തെ സുവിശേഷത്തിലെ ഒന്നാമത്തെ വചനംകൂടി ശ്രദ്ധിക്കണം; 'നിരാശരാകാതെ എപ്പോഴും പ്രാർത്ഥിക്കണം എന്നു കാണിക്കാൻ യേശു അവരോട് ഒരുഉപമ പറഞ്ഞു' (18:1). നിരാശരാകാതെ പ്രാർത്ഥിക്കുന്നതിനുള്ള ന്യായമായിട്ടാണ് ഈശോ ഈ കഥ പറയുന്നത്. പ്രാർത്ഥിക്കണമെന്ന ന്യായത്തിന്റെ ആത്മാവ് എന്താണ്? തമ്പുരാനുമായുള്ള നിന്റെ ബന്ധം നീ തിരിച്ചറിയുക. എന്താണ് ആ ബന്ധം? നീ ദൈവത്തിന്റെ പ്രിയപ്പെട്ട സന്താനമാണ്; ദൈവം നിന്റെ അപ്പനാണ്. ഈ ബന്ധം തിരിച്ചറിയുന്നിടത്താണ് നിരാശരാകാതെ പ്രാർത്ഥിക്കാൻ പറ്റുന്നത്. ഈ ബന്ധം അനുഭവിക്കുന്നവൻ എപ്പോഴും പിതൃസന്നിധിയിലേയ്ക്ക് തിരികെവരും.

അതിലും ഉപരിയായിട്ട് ഒരു കാര്യം കൂടിയുണ്ട്. ചോദിക്കുന്നത് ലഭിക്കാത്ത ഓരോ അനുഭവവും പിതൃസന്നിധിയിലേയ്ക്ക് തിരികെ വരാനുള്ള അവസരമായി മാറും. അപേക്ഷിച്ചത് ലഭിക്കാത്ത ഓരോ സംഭവവും അപ്പന്റെ അടുത്തേയ്ക്ക് തിരികെ വിളിക്കുന്ന ക്ഷണക്കത്തുകളായി മാറും.

ചോദിക്കുന്നതെല്ലാം കൃത്യമായി എടുത്തുതരുന്ന സൂപ്പർമാർക്കറ്റിലെ സെയിൽസ്മാനല്ല ദൈവം. മറിച്ച് നിന്റെ ജീവിതവും അതിന്റെ വിശദാംശങ്ങളും അറിയുകയും നോക്കി നടത്തുകയും ചെയ്യുന്ന പിതാവാണ് ദൈവം. ഈ തിരിച്ചറിവാണ് നിന്റെ ജീവിതത്തെ നയിക്കേണ്ടത്.

ദൈവം നിന്റെ പിതാവാണ്. നീ ദൈവത്തിന്റെ പ്രിയപ്പെട്ട മകനും. ദൈവത്തിന്റെ പരിപാലനയുടെ കരവലയത്തിനുള്ളിലാണഅ നിന്റെ ജീവിതം. അവന്റെ സംരക്ഷണത്തിന്റെ കൺവെട്ടത്താണ് നിന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും നീങ്ങുന്നത്.