കണ്ണൂർ: വൈദിക വിദ്യാർത്ഥിയുടെ പിതാവിന്റെ സ്‌കൂട്ടിയിൽനിന്നും ഒന്നരക്കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവം ഒരു മുൻ വൈദികന്റെ സഹോദരങ്ങൾ ചേർന്നു സൃഷ്ടിച്ചത്. സിനിമാക്കഥയെ വെല്ലുന്നതരത്തിൽ പ്രതികാരം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി മെനഞ്ഞതായിരുന്നു ചന്ദനക്കാംപാറ കഞ്ചാവ് കേസ്. പീഡന പരാതി നൽകിയ വൈദിക വിദ്യാർത്ഥിയെ കുരുക്കാൻ ജെയിംസ് തെക്കേമുറിയുടെ സഹോദരങ്ങൾ കെണിയൊരുക്കുകയായിരുന്നു. സ്‌കൂട്ടിയിൽ കഞ്ചാവ് ഒളിപ്പിച്ചശേഷം കഞ്ചാവ് വിൽപ്പന നടത്തുന്നെന്നു ശ്രീകണ്ഠപുരം എക്‌സൈസിന് രഹസ്യവിവരം നൽകി.

നാട്ടുകാരുടെ ഇടപെടലിൽ കുടുംബത്തിന്റെ നിരപരാധിത്വം മനസിലാക്കിയ ഉദ്യോഗസ്ഥർ രഹസ്യവിവരം നൽകിയ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. അന്വേഷണത്തിൽ ജോസഫിനെ കുടുക്കാനുള്ള ശ്രമമാണു നടന്നതെന്നു മനസിലായി. അന്വേഷണം ഒടുവിൽ യഥാർഥ പ്രതികളിലേയ്ക്കെത്തുകയായിരുന്നു. ഒരു വൈദികൻ ചെയ്യാൻ പാടില്ലാത്തതൊക്കെയായിരുന്നു ജെയിംസ് തെക്കേമുറി ചെയ്തത്. ജെയിംസ് തെക്കേമുറിയെന്ന വൈദികന്റെ ലൈംഗിക ഭീകരതയെ പുറം ലോകത്തിന് മുൻപിൽ നിർഭയം വിളിച്ചു പറഞ്ഞ ഈ വൈദിക വിദ്യാർത്ഥിയെ ഇല്ലായ്മ ചെയ്യുവാൻ ഫാദർ ജെയിംസ് തെക്കേമുറിയുടെ സഹോദരങ്ങൾ തീർത്ത കെണിയായിരുന്നു ഈ കഞ്ചാവ് കേസ്.

ഇരിട്ടിക്കടുത്ത പട്ടാരം ദേവമാതാ സെമിനാരിയിലെ വൈദികനായിരുന്ന ജെയിംസ് തെക്കേമുറിയിൽ അവിടെ പഠനം നടത്തിയ തന്റെ മകനെ നിരന്തരം ലൈംഗികമായും മറ്റ് തരത്തിലും പീഡിപ്പിച്ചതിന് കുടുബം സഭാ അധികാരകൾക്കും പൊലീസിലും കൊടുത്ത കേസിന്റെ ഫലമായി അയാൾക്ക് സഭാപട്ടം നഷ്ടപ്പെടുകയും പീഡനക്കേസിൽ വിചാരണ നേരിടുകയുമാണ്. ഈ കേസിന്റെ സാക്ഷിവിസ്താരത്തിന് മുമ്പ് സാക്ഷികളെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി ജെയിംസ് തെക്കേമുറിയും ബന്ധുക്കളും ചേർന്ന് കള്ളക്കേസിൽ കുടുക്കാൻ ഞങ്ങളുടെ വീട്ട്മുറ്റത്ത് നിർത്തിയിട്ട സ്‌ക്കൂട്ടറിൽ കഞ്ചാവ് കൊണ്ടുവെക്കകയായിരുന്നുവെന്ന പരാതിയാണ് നിർണ്ണായകമായത്.

പശുവളർത്തിയും ടാപ്പിങ് ജോലി ചെയ്തും ജീവിക്കുന്ന തന്റെ കുടുംബത്തെ ഇല്ലാതാക്കാൻ മുൻ വൈദികൻ ജെയിംസ് തെക്കേമുറിയും ബന്ധുക്കളും നടത്തിയ ശ്രമമാണ് ഇതോടെ പൊളിയുന്നത്.

സെമിനാരിയിലെ ഓരോ വിദ്യാർത്ഥിക്കും ഓരോ മുറി

വൈദികനാകാനാണ് 16 വയസുള്ളപ്പോൾ 2012ൽ വിദ്യാർത്ഥി സെമിനാരിയിൽ ചേർന്നത്. ഒരു ദിവസം അടുക്കളയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥിയുടെ പിന്നിലൂടെ വന്ന് റെക്ടറായിരുന്ന ഫാ ജെയിംസ് തെക്കുമുറി ചന്തിക്ക് പിടിച്ചമർത്തി. അന്ന് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥിയുടെ പഠനച്ചെലവുകൾ സഭയാണ് വഹിച്ചിരുന്നത്. ഇംഗിതത്തിന് വഴങ്ങാതിരുന്നയാളോട് ജയിംസ് പകപോക്കൽ തുടങ്ങി. ഇതോടെ പലവട്ടം വൈദികന്റെ വൈകൃതങ്ങൾക്ക് ബാലന് വഴങ്ങി.

സെമിനാരിയിലെ ഓരോ വൈദികവിദ്യാർത്ഥികൾക്കും സ്വന്തമായി മുറികൾ ഉണ്ടായിരുന്നു. ഇയാൾക്കെതിരെ മറ്റ് 30 സെമിനാരി വിദ്യാർത്ഥികളും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വൈദികന്റെ പീഡനത്തിനിരയായവരിൽ പ്രായപൂർത്തിയാകാത്ത ഒരു വൈദികവിദ്യാർത്ഥിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഓരോ വിദ്യാർത്ഥിക്കും വെവ്വേറെ മുറി അനുവദിച്ചത് പീഡിപ്പിക്കാൻ ലക്ഷ്യം വച്ചാണെന്നതാണ് മറ്റൊരാരോപണം. ഇതിനിടെ പഠനത്തിന്റെ അടുത്ത ഘട്ടത്തിനായി വിദ്യാർത്ഥിയെ റാഞ്ചിയിലെ മേജർ സെമിനാരിയിലേക്ക് പോകേണ്ടിവന്നു. ഈ യാത്രയിൽ അനുഗമിച്ച വൈദികൻ ട്രെയിനിൽ വച്ചുപോലും പീഡനം നടത്തി. പിന്നേയും വിടാതെ പിന്തുടർന്ന് പീഡിപ്പിക്കുകയായിരുന്നു ചെയ്തത്.

ഫോണിലൂടെയും ലൈംഗികാധിക്ഷേപങ്ങൾ തുടർന്നു. ഇതിനിടെ 2015ലെ ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് വന്നപ്പോൾ സെമിനാരിയിലേക്കാണ് പോയത്. ഈ സമയത്തും വൈദികൻ പീഡിപ്പിക്കാൻ ശ്രമിച്ചു. ശല്യം സഹികെട്ടതോടെ വൈദികനെതിരെ സഭാ കോടതിയിൽ പരാതി കൊടുത്തു. പരാതിയോടൊപ്പം നൽകിയ ഫോൺ സംഭാഷണങ്ങളടക്കമുള്ള തെളിവുകൾ ജെയിംസ് തെക്കേമുറിക്ക് വിനയായി. ഇതോടെ സഭാകോടതി ഇയാളെ റെക്ടർ സ്ഥാനത്തുനിന്ന് നീക്കി. ഈ സംഭവത്തോടെ പുരോഹിത സ്ഥാനത്ത് നിന്നും സഭ ജയിംസിനെ നീക്കിയേക്കാമെന്ന സാഹചര്യമുണ്ടായി. ഇത് ജെയിംസിന് വൈരാഗ്യം കൂട്ടി.

തന്റെ വൈദിക പട്ടം നഷ്ടമായാൽ പരാതിക്കാരനേയും കുടുംബത്തേയും ലോകത്തുനിന്നും ഇല്ലാതാക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കി. പിന്നീട് പരാതി ഇല്ലാതാക്കാനായി ശ്രമം. പല മോഹനവാഗ്ദാനങ്ങളും നൽകി. തന്റെ അസിസ്റ്റന്റ് ചെയ്ത സാമ്പത്തിക ക്രമക്കേടുകൾ താൻ കണ്ടെത്തി ചോദ്യം ചെയ്തതിന് പ്രതികാരം തീർക്കാൻ വിദ്യാർത്ഥികളെ കൂട്ടി തനിക്കെതിരെ കള്ളപ്പരാതി കൊടുത്തതാണെന്ന് വരുത്താനായിരുന്നു ശ്രമം. പിന്നീട് എല്ലാ പഠന ചെലവുകളും ഏറ്റെടുക്കാമെന്ന ജയിംസിന്റെ പ്രലോഭനത്തിൽ വൈദിക വിദ്യാർത്ഥിയും വീണു. ഇതോടെ താൻ പരാതി കൊടുത്തത് ജയിംസിന്റെ അസിസ്റ്റന്റിന്റെ ഗൂഢാലോചനയുടെ ഫലമാണെന്ന് തിരുത്തിയെഴുതി.

ബംഗളുരുവിലെ ആശ്രമത്തിലെത്തിച്ചത് തന്ത്രപരമായി

ഇതേ സമയത്ത് വൈദികനെതിരെ പരാതി കൊടുത്തതിനാൽ പഠനം തുടരാൻ സാധിക്കില്ലെന്ന് ജയിംസിന്റെ സഹോദരങ്ങൾ വിദ്യാർത്ഥിയുടെ വീട്ടിലെത്തി മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു. ഇത് വിശ്വസിച്ച് വൈദികൻ താമസിച്ചിരുന്ന ബംഗളുരുവിലുള്ള ആശ്രമത്തിലേക്ക് മകനെ മാതാപിതാക്കൾ നിർബന്ധിച്ച് പറഞ്ഞയച്ചു. അവിടെയെത്തിയ ബാലനെ ബലമായി തന്റെ ഇംഗിതത്തിന് വിധേയനാക്കാനായിരുന്നു വൈദികന്റെ ശ്രമം. ഇത് ചെറുത്ത ബാലൻ പിറ്റേദിവസം നാട്ടിലേക്ക് വണ്ടികയറി. ഏതാനും ദിവസത്തിന് ശേഷം റാഞ്ചിയിലുള്ള പഠനസ്ഥലത്തേക്ക് ബാലൻ തിരിച്ചുപോയി. എന്നാൽ 'ബംഗളുരുവിലേക്ക് വരുന്നോ, ഇത്തിരി ആഗ്രഹമുണ്ട്' എന്ന തരത്തിലുള്ള സന്ദേശങ്ങൾ ഇയാൾ തുടർച്ചയായി അയച്ചുകൊണ്ടിരുന്നു.

തന്റെ റെക്ടർ സ്ഥാനം തെറിച്ചിട്ടും ഫാദർ ജെയിംസിന് യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ തെക്കേമുറിയുടെ അസിസ്റ്റന്റിനെതിരെ കൊടുത്ത പരാതിയിൽ മനംനൊന്ത് എല്ലാ വിവരങ്ങളും മെത്രാനെ ധരിപ്പിച്ചു. തുടർന്ന് മെത്രാന്റെ നിർദ്ദേശപ്രകാരം എറണാകുളം സഭാട്രിബ്യുണലിൽ കാര്യങ്ങളെല്ലാം കാണിച്ച് പരാതി നൽകി. എന്നാൽ ഇക്കാര്യങ്ങളറിഞ്ഞ ഫാദർ ജെയിംസ് തെക്കേമുറി നേരിട്ടു ഫോൺ വിളിക്കുന്നത് അവസാനിപ്പിച്ചു. പകരം മറ്റൊരു വിദ്യാർത്ഥിയുടെ സഹായത്തോടെ ഇയാളെ ചതിക്കാനായി ശ്രമം. സുഹൃത്തായ വിദ്യാർത്ഥിയെ കൊണ്ട് സെമിനാരിയിൽ നിന്ന് വിളിച്ചിറക്കി ഫൈഫ് സ്റ്റാർ ഹോട്ടലിൽ എത്തിച്ചു. അപരിചിതനായ ഒരാൾ വന്ന് കൂടെയുള്ള വൈദികവിദ്യാർത്ഥിയെ സ്വീകരിച്ചിരുത്തി സംഭാഷണം തുടർന്നു.

ഇതിനിടയിൽ വൈദികവിദ്യാർത്ഥി 'ഇദ്ദേഹം മറ്റൊരു കോൺഗ്രിഗേഷനിലെ വൊക്കേഷൻ പ്രൊമോട്ടർ ആണെന്നും, അദ്ദേഹത്തോട് ഞാൻ നിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും അതിനാൽ ഇവർ നിന്നെ സ്വീകരിക്കാൻ തയാറാണെന്നും, ഇതിനായി നിന്നോട് സംസാരിക്കാനുമാണ് ഇവിടേക്ക് കൊണ്ടുവന്നതെന്നും' പറഞ്ഞു. അപ്പോൾ അപരിചിതൻ വൈദികവിദ്യാർത്ഥിയോട് റൂമിൽ നിന്ന് പുറത്തു പോകണമെന്നും തനിച്ചു സംസാരിക്കണമെന്നും പറഞ്ഞു. വൈദികവിദ്യാർത്ഥി പുറത്തുപോയി ഏതാനും നിമിഷങ്ങൾക്കകം, സംസാരിച്ചുകൊണ്ടിരുന്ന കുട്ടിയെ കുളിമുറിയിൽ ഒളിച്ചിരുന്ന ജെയിംസ് തെക്കേമുറി പുറകിലൂടെ അപ്രതീക്ഷിതമായെത്തി ചെകിട്ടത്തടിക്കുകയും കഠാര കഴുത്തിൽവച്ച് കൂടെയുള്ളയാളെക്കൊണ്ട് വായിൽ തുണിതിരുകി മർദ്ദിക്കുകയും ചെയ്തു.

വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഭീഷണി

തുടർന്ന് ഫാ. ജെയിംസ് തെക്കേമുറി കുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചു പറിച്ചു അവനെ പൂർണ്ണനഗ്നനാക്കി ക്യാമറയിൽ പകർത്തുകയും അപരിചിതനുമായി കുട്ടിയെ രതിവൈകൃതങ്ങൾക്കു പ്രേരിപ്പിക്കുകയും സമ്മതിക്കാതെ വന്നപ്പോൾ കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇമെയിൽ അക്കൗണ്ടുകളുടെ പാസ്സ്വേർഡുകൾ ഭീഷണിപ്പെടുത്തി വാങ്ങുകയും ക്യാമറയിൽ പകർത്തിയതൊക്കെ ഫേസ്‌ബുക്കിലും യൂട്യൂബിലും അപ്ലോഡ് ചെയ്യുമെന്നും, അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ തങ്ങൾ പറയുന്നതുപോലെ എഴുതിത്ത്ത്ത്തരണമെന്നും ഭീഷണിപ്പെടുത്തി. ഭയന്ന് വിറച്ചുപോയ ബാലൻ ജെയിംസ് ആവശ്യപ്പെട്ടതുപോലെ എഴുതിക്കൊടുത്തു. രക്ഷപ്പെട്ടെത്തിയ യുവാവ് മുഖ്യമന്ത്രി പിണറായിക്ക് പരാതി നൽകി. ഇതോടെ ജെയിംസ് തെക്കേമുറി അറസ്റ്റിലായി.

എന്നാൽ ലൈംഗിക പീഡനക്കേസിൽ പ്രതിയായ ഫാ: ജെയിംസ് തെക്കേമുറിക്ക് 14 ദിവസത്തിനകം ജാമ്യം ലഭിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 377 (പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം), 342 (അന്യായമായി തടങ്കലിൽ വയ്ക്കുക), 506 (2) (വധഭീഷണി) എന്നീ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡിൽ കഴിയുകയായിരുന്ന ഫാ: ജെയിംസിന് 14 ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുകയായിരുന്നു. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വൈദികനെതിരെ ചുമത്തിയിരുന്നത്. ഇത്തരം കേസുകളിൽ കുറ്റാരോപിതരുടെ റിമാൻഡ് കാലാവധി 90 ദിവസം വരെ നീട്ടുകയാണ് പതിവെന്ന് അഭിഭാഷകർ പറയുന്നു. എന്നാൽ ഇരയെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതകൾ നിലനിൽക്കെ വൈദികന് ജാമ്യം ലഭിച്ചത് പൊലീസിന്റെ വീഴ്ചയാണെന്ന ആരോപണം ശക്തമായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇരയ്‌ക്കെതിരെ കഞ്ചാവ് കേസ് ഉണ്ടാക്കിയെടുത്തത്.

14 ദിവസത്തിനുള്ളിൽത്തന്നെ ഫാദറിന് ജാമ്യം ലഭിച്ചത് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് ദുർബലമായതുകൊണ്ടാണെന്നാണ് അന്ന് ഉയർന്ന പ്രധാനപ്പെട്ട ആരോപണം. 164 വകുപ്പ് പ്രകാരം പീഡനത്തിനിരയായ ഇരയോട്് മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി നൽകാനെത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷനിലെത്തി സിവിൽ പൊലീസ് ഓഫീസറോടൊപ്പം പോയി മജിസ്ട്രേട്ടിന് മൊഴി കൊടുക്കാനായിരുന്നു ഇദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ ഇതുപ്രകാരം വേണ്ടപ്പെട്ടവരോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ മജിസ്ട്രേറ്റ് അവധിയിലാണെന്നും 22,23 തീയതികളിലേ മൊഴി രേഖപ്പെടുത്താനാകൂവെന്ന ഉദാസീന മറുപടിയാണ് ലഭിച്ചത്.

ഇതോടെ കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മൊഴി നൽകാനാകാതെ ഇരയ്ക്ക് തിരികെ പോരേണ്ടി വന്നു. ഇതിനിടെയാണ് വൈദികന് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ മുൻ വൈദികൻ പ്രതികാരത്തോടെ കരുനീക്കം തുടർന്നു. ഇതാണ് കഞ്ചാവ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്.