ലണ്ടൻ: പത്തു ദിവസം മുൻപേ കാണാതായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ എഡിൻബറോയിലെ മലയാളി വൈദികൻ മാർട്ടിൻ സേവ്യറുടെ മൃദദേഹം അന്വേഷണ നടപടികളുടെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ തന്നെ.

മൃതദേഹം കണ്ടെത്തുമ്പോൾ തന്നെ മരണ കാരണം ആണെന്ന് സംശയിക്കവിധം മുറിവുകളോ പരുക്കുകളോ പുറമെ കാണാതിരുന്നതിനാൽ വ്യാഴാഴ്ച നടന്ന പോസ്റ്റ്‌മോർട്ടം നടപടികളുടെ ഭാഗമായി ആന്തരിക അവയവ പരിശോധന നടത്തിയതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. മരണ കാരണമായത് ശരീരത്തിൽ വിഷ പദാർത്ഥങ്ങളോ മറ്റോ എത്തിയതാണോ എന്ന് സ്ഥിരീകരിക്കാൻ പൊലീസ് തേടുന്ന മാർഗ്ഗമാണ് പാത്തോളജി ടെസ്റ്റുകൾ. അസ്വാഭാവിക മരണങ്ങളിൽ പ്രത്യക്ഷ കാരണങ്ങൾ കണ്ടെത്താൻ കഴിയാതെ വരുന്ന സാഹചര്യങ്ങളിൽ മരണ കാരണം കണ്ടെത്താൻ പൊലീസിനെ സഹായിക്കുന്നതും ഇത്തരം ആന്തരിക അവയവ പരിശോധന ഫലമാണ്.

പരിശോധന ഫലത്തിൽ സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാൽ വീണ്ടും മൃദദേഹ പരിശോധന ആവശ്യമാണെങ്കിൽ അതിനുള്ള സാഹചര്യം ഒരുകുന്നതിനാണ് പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടം കഴിഞ്ഞിട്ടും വിട്ടു നൽകാത്തത്. ഇക്കാര്യം മാർട്ടിയച്ചന്റെ ഉറ്റ ബന്ധുവായി പൊലീസ് രേഖകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സിഎംഐ സഭ അംഗം തന്നെയായ ഫാ: ടെബിൻ പുത്തൻപുരയിലിനെയും അറിയിച്ചിട്ടുണ്ട്. മരണത്തെ കുറിച്ച് ബന്ധുക്കൾ തന്നെ പൊലീസിൽ സംശയം അറിയിച്ചിരിക്കുന്നതിനാൽ മൃതദേഹം വിട്ടു നൽകും മുന്നേ നിയമ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം പൊലീസ് ആവശ്യപ്പെട്ടേക്കും. അതിനിടയിൽ പൊലീസ് അന്വേഷണത്തിനു സഹായകം ആകണം എന്നതിനാൽ, മൃതദേഹം വേഗത്തിൽ വിട്ടുകിട്ടണം എന്ന ആവശ്യം ഉന്നയിച്ചു അന്വേഷണ നടപടികളെ തടസ്സപ്പെടുത്താൻ ബന്ധുക്കൾ ആഗ്രഹിക്കുന്നില്ലെന്ന് ഫാ: മാർട്ടിന്റെ കുടുംബ അംഗങ്ങൾ വീട്ടിൽ എത്തിയ നേതാക്കൾ ഉൾപ്പെടെ ഉള്ളവരെ അറിയിച്ചിട്ടുണ്ട്. ഇതേ തീരുമാനം തന്നെയാണ് സഭയും കൈക്കൊണ്ടിരിക്കുന്നത്.

ബ്രിട്ടനിലെ നടപടിക്രമങ്ങൾ വിശദമായി നാട്ടിലെ ബന്ധുക്കളെയും സഭ അധികൃതരെയും ധരിപ്പിച്ചതിനാൽ മൃതദേഹം വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടു പൊലീസിനെ അടിക്കടി സമീപിക്കുന്നത് അന്വേഷണ നടപടികളെ ബാധിച്ചേക്കും എന്നാണ് ഇപ്പോൾ ഉരുത്തിരിയുന്ന പൊതു വികാരം. ഏതു കാരണവശാലും ഫാ: മാർട്ടിന്റെ മരണ കാരണം അറിയുക എന്നതാണ് ഇനി സമൂഹത്തിനു പ്രധാനം എന്നും അച്ചനെ അടുത്തറിയുന്നവർ കരുതുന്നു. കാരണം, കാണാതാകുന്നതിനു രണ്ടു നാൾ പോലും അദ്ദേഹവുമായി സംസാരിച്ച അയൽവാസികളും സുഹൃത്തുക്കളുമായ യുകെ മലയാളികൾ ഒരു തരത്തിലും മാനസിക പ്രയാസമോ അസ്വസ്ഥതയോ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല എന്ന് വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ അയൽവാസികളും സ്റ്റോക് ഓൺ ട്രെന്റ്, മാഞ്ചസ്റ്റർ നിവാസികളുമായവർ ഫാ: മാർട്ടിനുമായി ഏറെ അടുപ്പം പുലർത്തിയിരുന്നവരാണ്. സ്വയം ജീവനൊടുക്കാൻ കാരണമായ ഒരു തരം പ്രയാസവും അദ്ദേഹത്തെ അലട്ടിയിരുന്നതായി തോന്നിയിരുന്നില്ലെന്നു ഇവർ പറയുന്നു.

മാത്രമല്ല, ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ പോലും അനേക വർഷം നീണ്ടു നിൽക്കുന്ന വൈദിക പരിശീലന പദ്ധതി വഴി മനസ്സിനെ കരുത്താർജ്ജിപ്പിച്ച ശേഷമാണു ഒരാൾ വൈദിക പട്ടം ഏറ്റെടുക്കുന്നത്. ഫാ: മാർട്ടിൻ ആകട്ടെ നാല് വർഷത്തെ വൈദിക സേവന പാരമ്പര്യവും പ്രയാസം നിറഞ്ഞ ക്രൊസ്റ്റോഫിന് പോലുള്ള സ്ഥലങ്ങളിൽ ദൈവ പരിപാലന സേവനം നടത്തിയ വ്യക്തി കൂടിയാണ്. എപ്പോഴും പഠനമെന്ന ചിന്തയിൽ കഴിഞ്ഞിരുന്ന ഫാ: മാർട്ടിൻ ബ്രിട്ടനിലേക്ക് വിമാനം കയറുന്നത് തന്നെ ഗവേഷണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയും . അതിനാൽ ബ്രിട്ടനിൽ എത്തി ഒരു വർഷത്തിനകം സ്വന്തം ജീവൻ ഹോമിക്കാൻ കാരണമായ സാഹചര്യങ്ങൾ അദ്ധെഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകില്ല എന്ന് വിശ്വസിക്കാൻ ആണ് അദ്ദേഹത്തെ അടുത്തറിയുന്നവർ ആഗ്രഹിക്കുന്നത്. മാത്രമല്ല, അടുത്ത മാസം നാട്ടിൽ ഹ്ര്വസ സന്ദർശനം നടത്താൻ ഉദ്ദേശിച്ചിരുന്ന ഫാ: മാർട്ടിൻ, മരണത്തിന്റെ ഏതാനും ദിവസം മുന്പാണ് നാട്ടിലെ സഹോദരിയെ വിളിച്ചു യാത്ര ഡിസംബറിലേക്കു മാറ്റുക ആണെന്ന് അറിയിച്ചിരുന്നതും.

ക്രൊസ്റ്റോഫിനിലെ ഒറ്റപ്പെട്ട ജീവിതത്തിലെ വിരസത ഒഴിവാക്കാൻ രണ്ടു നാൾ കൂടുമ്പോൾ എങ്കിലും സഹോദരങ്ങളെ മാറി മാറി വിളിച്ചിരുന്ന ഫാ: മാർട്ടിൻ ഒരിക്കൽ പോലും തനിക്കു എന്തെങ്കിലും പ്രയാസം ഉണ്ടായിരുന്നതായി സൂചന നൽകിയിരുന്നില്ല എന്നുമാണ് അറിയാൻ കഴിയുന്നത്. ഇതേ വിവരം തന്നെയാണ് സ്‌കോട്ട്‌ലന്റിലെ സഹപ്രവർത്തകരായ വൈദികരും രൂപത അധികൃതരും പൊലീസിനെയും അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഫാ: മാർട്ടിൻ എങ്ങനെ ദുരൂഹമായി മരണമടഞ്ഞു എന്ന ചോദ്യത്തിന്റെ പൊരുൾ തേടുകയാണ് ഇപ്പോൾ പൊലീസ്. മൃഹദേഹം പോസ്റ്റ്‌മോർട്ടം നടത്തുമ്പോൾ പ്രത്യക്ഷത്തിൽ മരണ കാരണം ആകുന്ന മുറിവുകളും മറ്റും ഇല്ലെങ്കിൽ പിന്നെ പൊലീസിന്റെ പ്രധാന ആശ്രയം ആന്തരിക അവയവ പരിശോധനയാണ്.

കേരളത്തിലെ സാഹചര്യങ്ങളിൽ പലപ്പോഴും ഇത്തരം അവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാറുണ്ടെങ്കിലും ബ്രിട്ടനിൽ മിക്കവാറും അന്വേഷണ ഉദ്യോഗസ്ഥർ മരണ കാരണം സംബന്ധിച്ച് എന്തെങ്കിലും ഊഹത്തിൽ എത്തുന്ന മുറയ്‌ക്കേ മൃതദേഹം വിട്ടു നൽകുന്ന നടപടികളിലേക്ക് കടക്കൂ. ഇത് തന്നെയാണ് മുൻ ധാരണകൾക്കു വിരുദ്ധമായി മൃതദേഹം പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ കാരണമായതും. പ്രിയപ്പെട്ടവർ, സ്‌നേഹത്തോടെ മാർട്ടിയച്ചൻ എന്ന് വിളിച്ചിരുന്ന ഫാ: മാർട്ടിൻ പ്രവാസ തുരുത്തിൽ ഒറ്റപ്പെട്ടിരുന്നെങ്കിലും മരണത്തിലൂടെ കൂടുതൽ സ്‌നേഹിക്കപ്പെടുകയാണ്, അടുത്തറിയുന്നവരിലും അല്ലാത്തവരിലും.