തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ടതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണുമരിച്ചതാണെന്നുമുള്ള പ്രസ്താവന വിവാദമായതിന് പിന്നാലെ അഭയയുടെ കുടുംബത്തോടും സമൂഹത്തോടും മാപ്പ് പറഞ്ഞ് ഫാ.മാത്യു നായ്ക്കാംപറമ്പിൽ.  പ്രസംഗത്തിനെതിരെ കന്യാസ്ത്രീ സമൂഹത്തിൽ നിന്നുൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് മാപ്പുപറഞ്ഞ് വിഷയത്തിൽ നിന്നും തലയൂരാൻ ഫാദർ മാത്യുവിന്റെ നീക്കം.

സിസ്റ്റർ അഭയയുടെ ആത്മാവ് പ്രത്യക്ഷപ്പെട്ട് താൻ കൊല്ലപ്പെട്ടതല്ലെന്ന് വെളിപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസം ആരാധനയ്ക്കിടെ ഫാദർ മാത്യു നായ്ക്കാംപറമ്പിൽ പറഞ്ഞത്. അഭയയുടെ ആത്മാവ് മറ്റൊരു കന്യാസ്ത്രീക്ക് പ്രത്യക്ഷപ്പെട്ട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയെന്ന വാട്‌സ്ആപ്പ് സന്ദേശം കണ്ടുവെന്ന് പറഞ്ഞുകൊണ്ടായിരന്നു ഫാദർ മാത്യു നായ്ക്കാംപറമ്പലിന്റെ പ്രസംഗം.

'അടുത്ത ദിവസങ്ങളിൽ ഒരു വാട്‌സ്ആപ്പ് വാർത്ത കണ്ടിരുന്നു'. 'മരിച്ച സിസ്റ്റർ അഭയയെ കുറിച്ച് വന്ന വാർത്ത ഇങ്ങനെയായിരുന്നു, ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ കാര്യമാണ്. എന്നെ ആരും കൊന്നതുമല്ല, ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല'.

'ഞാൻ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പുരുഷന്മാരാൽ ദുരുപയോഗിക്കപ്പെട്ട്, പുരുഷന്മാരെ കാണുമ്പോൾ പേടി. പല ധ്യാനങ്ങൾ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാൻ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാൻ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണ്. കിണറ്റിൽ വീണ് മരിച്ചു'.

'അന്ന് തൊട്ട് കൊലപാതകമാണെന്നാണ് പറയുന്നത്. 28 കൊല്ലമായി ഒരാളും എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നില്ലെന്നും സിസ്റ്റർ അഭയ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു സന്ദേശമാണെന്ന് എനിക്ക് മനസ്സിലായി.' എന്നായിരുന്നു ആരാധനയ്ക്കിടയിൽ ഫാദർ മാത്യു നായ്ക്കംപറമ്പിൽ പറഞ്ഞത്' .

ഈ സന്ദേശം പലർക്കും അയച്ചുകൊടുക്കാൻ താൻ നിർദ്ദേശം നൽകിയെന്നും അങ്ങനെ മഠങ്ങളിൽ സിസ്റ്റർ അഭയക്കായി പ്രാർത്ഥനകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫാ.മാത്യുവിന്റെ പ്രസംഗത്തിനെതിരെ കന്യാസ്ത്രീ സമൂഹത്തിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മാപ്പപേക്ഷിച്ച് ഫാദർ മാത്യു നായ്ക്കംപറമ്പിൽ രംഗത്തെത്തിയത്.

''ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിസ്റ്റർ അഭയയെ സംബന്ധിച്ച് പ്രചരിച്ച ഒരു വാട്സ്ആപ്പ് സന്ദേശത്തെക്കുറിച്ച് വേണ്ടത്ര മനസിലാക്കാതെ ആരാധനയ്ക്കിടയിൽ ഞാൻ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങൾ പലർക്കും വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായി എന്ന് മനസിലാക്കുന്നു. അതേകുറിച്ച് ഞാൻ ഖേദിക്കുകയും എന്റെ സംസാരം ഉളവാക്കിയ ബുദ്ധിമുട്ടുകൾക്ക് സിസ്റ്റർ അഭയയുടെ കുടുംബങ്ങളോടും സമൂഹത്തോടും ക്ഷമ ചോദിക്കുകയും പറഞ്ഞ കാര്യങ്ങൾ പിൻവലിക്കുകയും ചെയ്യുന്നു,''

തനിക്ക് ലഭിച്ച വാട്സ്ആപ്പ് സന്ദേശത്തെ വേണ്ടത്ര മനസിലാക്കാതെയാണ് പ്രതികരിച്ചതെന്നും ഇത് പലർക്കും വിഷമമുണ്ടാക്കിയത് മനസിലാക്കുന്നുവെന്നും അതിനാൽ പ്രസ്താവന പിൻവലിക്കുന്നുവെന്നും ഫാദർ വ്യക്തമാക്കി.

'അഭയക്കൊപ്പം ഞാനും'എന്ന കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന സിസ്റ്റർ ടീന ജോസ് സി.എം.സിയാണ് ഫാ. മാത്യു നായ്ക്കാംപറമ്പിലിനെതിരെ രംഗത്തെത്തിയത്. എങ്ങനെയെങ്കിലും കുറ്റവാളികളെ രക്ഷിച്ചേ മതിയാകൂ എന്ന അഭിനിവേശവുമായി സഭ രംഗത്തിറങ്ങിയിരിക്കുകയാണ് എന്നാണ് ഫാദർ മാത്യു നായ്ക്കാംപറമ്പലിന്റെ പ്രസ്താവനയിൽ നിന്നും മനസ്സിലാകുന്നതെന്ന് ആരോപണം ഉയർന്നിരുന്നു.

അഭയയുടെ ആത്മാവ് പ്രത്യക്ഷപ്പെട്ട് പറഞ്ഞ കാര്യങ്ങൾ എന്ന പേരിൽ പ്രചരിപ്പിക്കുന്നതെല്ലാം ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോട്ടൂരിനെയും സെഫിയെയും രക്ഷിക്കാനുള്ള കുതന്ത്രമാണ്. എത്രയോ ബീഭത്സവും വൃത്തികെട്ടതുമായ രീതിയാണ് സഭ ഇപ്പോഴും അവലംബിക്കുന്നത് എന്നോർത്ത് ലജ്ജ തോന്നുന്നുവെന്നാണ് സിസ്റ്റർ ടീന  പറഞ്ഞു. ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു സിസ്റ്ററുടെ പ്രതികരണം.

'നായ്ക്കാംപറമ്പിലച്ചൻ എന്ന് ഇപ്പോൾ വിളിക്കാൻ തോന്നുന്നില്ല. പണ്ടത്തെ ബഹുമാനം ഇപ്പോഴില്ല. ഫ്രാങ്കോയെ കാണാൻ പോയപ്പോഴേ ആ ബഹുമാനം പോയി. കുറ്റവാളികളായ അച്ചന്മാരെയും കന്യാസ്ത്രീകളെയും രക്ഷപ്പെടുത്താനായി ഓടിനടക്കുന്ന ധ്യാനഗുരുവാണ് അദ്ദേഹം. നിരപരാധികളായ കൊല ചെയ്യപ്പെട്ടവർക്ക് വേണ്ടി അച്ചൻ ഒരിക്കലും രംഗത്ത് വന്നിട്ടില്ല. സഭയെ അധപതിപ്പിച്ച് മുന്നോട്ടുനീങ്ങുന്ന രീതിയാണ് എന്നും അദ്ദേഹം ചെയ്യുന്നത്.' സിസ്റ്റർ.ടീന തുറന്നടിച്ചിരുന്നു. സഭ ഒരിക്കലും നിരപരാധിത്വം തെളിയിച്ച് വരുന്നവരെ വിശുദ്ധരാക്കാറില്ല. സഭ എന്നും വിശുദ്ധരാക്കുന്നത് വേട്ടക്കാരെയാണെന്നും സിസ്റ്റർ ടീന കൂട്ടിച്ചേർത്തു.

അഭയ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ വേണ്ടി ന്യായീകരണ തൊഴിലാളികൾ ആയിട്ടുള്ള ചിലർ നുണ ഫാക്ടറി നിർമ്മിക്കുന്നവരാണ് എന്ന് പറഞ്ഞിരുന്നു. അത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് മുരിങ്ങൂർ ധ്യാന കേന്ദ്രത്തിലെ ഫാ.മാത്യു നായ്ക്കംപറമ്പിൽ വിശ്വാസികളെ പറ്റിക്കുന്ന വീഡിയോയെന്ന് അഭയ ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ വ്യക്തമാക്കി.


സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണെന്നും പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്നും തിരുവനന്തപുരം സിബിഐ കോടതി കഴിഞ്ഞ മാസം വിധി പുറപ്പെടുവിച്ചിരുന്നു. കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നത്.

കുറ്റക്കാരായ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ജീവപര്യന്തത്തിന് പുറമേ അഞ്ച് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി പറഞ്ഞു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നുണ്ട്.