കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സമരം നടത്തിയ കന്യാസ്ത്രീകളെ സ്വാധീനിക്കാൻ കോടനാട് ഇടവക വികാരി ഫാദർ നിക്കോളാസ് മണിപ്പറമ്പിൽ ശ്രമിച്ചെന്ന് കന്യാസ്ത്രീകൾ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. ഫാദർ നിക്കോളാസ് കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീകളെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. എന്നാൽ കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്താൻ ശ്രമം നടന്നുവെന്ന് വ്യക്തമാക്കി അച്ചനൊപ്പം മഠത്തിലെത്തിയ വ്യക്തിയുടെ വിവരങ്ങൾ പുറത്ത്.

അങ്കമാലി മുക്കന്നൂർ വധക്കേസ് പ്രതി സജി മുക്കന്നൂരിനൊപ്പമാണ് കന്യാസ്ത്രീകളെ കാണാൻ അച്ചനെത്തിയത്. കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തി ഫ്രാങ്കോയ്ക്ക് അനുകൂല സാഹചര്യമുണ്ടാക്കാനായിരുന്നു ശ്രമമെന്ന വാദത്തിന് ഇതോടെ ശക്തികൂടുകയാണ്. സജി മുക്കന്നൂർ ഓടിച്ച കാറിലാണ് അച്ചൻ മഠത്തിലെത്തിയത്. ഫ്രാങ്കോ കേസ് നിർണ്ണായക വഴിത്തിരിവിലെത്തുമ്പോൾ അച്ചന്റെ സന്ദർശനത്തിന് ഏറെ പ്രാധാന്യം കിട്ടി. അച്ചൻ പോയ ഉടൻ തന്നെ മാനസിക സമ്മർദമുണ്ടാക്കാനായിരുന്നു ഫാദർ നിക്കോളാസിന്റെ ശ്രമമെന്ന് കന്യാസ്ത്രീകൾ പറയുകയും ചെയ്തു. സമരവും പരാതികളും സഭയ്‌ക്കെതിരാണെന്നു പറഞ്ഞ് കുറ്റബോധമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കന്യാസ്ത്രീകൾ പറഞ്ഞു.

ഇതിന് പിന്നാലെയാണ് ഒപ്പമെത്തിയതുകൊലക്കേസ് പ്രതിയാണെന്ന വിവരങ്ങൾ പുറത്തു വന്നത്. തന്റെ ഒപ്പമുണ്ടായിരുന്നത് സജിയാണെന്ന് അച്ചനും സമ്മതിക്കുന്നു. തന്റെ സുഹൃത്താണ്. കൊലക്കേസ് പ്രതിയാണെന്ന് നോക്കിയല്ല വിളിച്ചു കൊണ്ടു പോയത്. കാർ ഓടിക്കാൻ വിളിച്ചപ്പോൾ വരാമെന്ന് പറഞ്ഞു. കൂടെ കൊണ്ടു പോയി. പഴയ സുഹൃത്താണ്. പഴയ ഇടവകക്കാരൻ. കൊലക്കേസ് പ്രതിയാണോ എന്ത് പ്രതിയാണോ എന്ന് എനിക്ക് അറിയാമോ. കുന്നൂർ പള്ളിയിലെ പഴയ പരിചയമാണ്. കേസിലെ പ്രതികളുമായി യാതൊരു ബന്ധവും പാടില്ലെന്ന് കോടതിയൊന്നും പറയുന്നില്ലല്ലോ?-വിവാദത്തെ കുറിച്ച് മറുനാടനോട് നിക്കോളാസ് മണിപ്പറമ്പിൽ പ്രതികരിച്ചത് ഇങ്ങനെയാണ്.

നേരത്തെ, ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പൊലീസിനു മൊഴി നൽകിയ ഫാ.നിക്കോളാസ്, പിന്നീട് മലക്കം മറിഞ്ഞത് വിവാദത്തിലായിരുന്നു. ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ പക്കൽ ശക്തമായ തെളിവുകളുണ്ടെന്നും അതിൽ ചിലത് താൻ കണ്ടുവെന്നുമായിരുന്നു വൈദികന്റെ മൊഴി. എന്നാൽ കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന നിലപാടിലാണ് ഇപ്പോൾ ഫാ.നിക്കോളാസ്. ഞായറാഴ്ച കുർബാനയ്ക്കിടയിലെ പ്രസംഗത്തിൽ കന്യാസ്ത്രീയെ വിമർശിക്കുകയും ചെയ്തു. പരാതിക്കാരിയായ കന്യാസ്ത്രീ പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത് ഫാദർ നിക്കോളാസിനോടായിരുന്നു.

ഇന്നലെ ഫാദർ നിക്കോളാസിന്റെ സന്ദർശനത്തോടെ കേസ് ഏത് വിധേനയും ഒതുക്കി തീർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സഭ എന്നു വ്യക്തമായിരിക്കുകയാണ്. ''ശനിയാഴ്ച രാവിലെ 11.30 -ഓടെ മഠത്തിലെത്തിയ വികാരി 12.12-ഓടെയാണ് മടങ്ങിയത്. കന്യാസ്ത്രീ ഇടവകാംഗമായതിനാൽ സന്ദർശിക്കാനെത്തി എന്നാണ് നിക്കോളാസ് മണിപ്പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞത്. വിവാദങ്ങൾ ഉണ്ടായത് തെറ്റിദ്ധാരണമൂലമാണ്.'' താൻ നേരത്തെ നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി ഫാദർ പറഞ്ഞതായും വാർത്തകൾ പുറത്തുവന്നു. ഇതിന് പിന്നാലെ ഫാദർ നിക്കോളാസിന്റെ വിശദീകരണത്തെ ഖണ്ഡിക്കുന്നതായിരുന്നു കുറവിലങ്ങാട്ടെ സിസ്റ്റർ അനുപമയുടെ വെളിപ്പെടുത്തലും എത്തി.

വികാരി എത്തിയത് തങ്ങളെ സ്വാധീനിക്കാൻ എത്തിയതായിരുന്നു എന്നാണ് അനുപമ മാധ്യമങ്ങളോട് പറഞ്ഞത്. ''പൊലീസിൽ പരാതി നൽകിയതും സമരപ്പന്തലിൽ പോയതും ശരിയായില്ലെന്ന് നിക്കോളാസ് മണിപ്പറമ്പിൽ പറഞ്ഞു. സഭയെ അധിക്ഷേപിക്കാൻ ശ്രമിച്ചെന്നു കുറ്റപ്പെടുത്തി.'' സിസ്റ്റർ അനുപമ പറഞ്ഞു. എന്നാൽ കേസ് പിൻവലിക്കാൻ ഫാദർ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിസ്റ്റർ അനുപമ വ്യക്തമാക്കി. ''വിജാതീയരെക്കൂട്ടി സഭയ്‌ക്കെതിരെ തെരുവിൽ സമരം നടത്തിയെന്നും'' ഫാദർ പറഞ്ഞതായി ആരോപണമെത്തി. പരാതിയുമായി മുന്നോട്ട് പോകുന്ന കന്യാസ്ത്രീകളെ മാനസിക സമ്മർദത്തിൽ ആക്കാനുള്ള നീക്കങ്ങൾ പല തരത്തിൽ നടക്കുന്നു എന്നതിന്റെ സൂചനയാണ് കോടനാട്ട് അച്ചന്റെ സന്ദർശനം ചർച്ചയായത്.

പരാതിക്കാരിയുടെ ഇടവകയിലെ വികാരി തന്നെ ആ ദൗത്യം ഏറ്റെടുത്തുവെന്ന വിലയിരുത്തലാണ് സജീവമായതും. ഇതിന് പിന്നാലെയാണ് കൊലക്കേസ് പ്രതി ഒപ്പമുണ്ടെന്ന വാദം സജീവമായത്. നേരത്തെ ഫാദർ ജെയിംസ് ഏർത്തയിൽ പത്തേക്കർ സ്ഥലവും പുതിയ മഠവും സ്ഥാപിച്ചു കൊടുക്കാമെന്ന വാഗ്ദാനവുമായി രംഗത്തുവന്നിരുന്നു. കൂടാതെ ജലന്ധറിൽ മിഷണറീസ് ഓഫ് ജീസസിലെ ഒരു സംഘം കന്യാസ്ത്രീകൾ പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. പൊതുസമൂഹത്തിലും വിശ്വാസികളുടെ ഇടയിലും നിയമത്തിന്റെ മുൻപിലും ഫ്രാങ്കോയെ വിശുദ്ധനാക്കാനുള്ള ആസൂത്രിത തിരക്കഥയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നതിന് ഇതിൽ കൂടുതൽ തെളിവുകളൊന്നും വേണ്ട.

ഇതിനിടെ സാക്ഷികളായ അഞ്ചു കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം കോട്ടയം സി ജെ എം കോടതിയിൽ അപേക്ഷ നൽകി. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം തടയാനാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. ഇത് കേസിന് കൂടുതൽ ബലം നൽകുമെന്നാണ് കണക്കുകൂട്ടൽ. അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ തിങ്കളാഴ്ച തീരുമാനം ഉണ്ടാകും. ഇതിനിടെയാണ് ഇടവക വികാരിയുടെ കുറവിലങ്ങാട് മഠത്തിലെ സന്ദർശനം.