കണ്ണൂർ: കൊട്ടിയൂരിൽ പതിനാറു വയസുള്ള പ്ലസ് വൺ വിദ്യാർത്ഥിനി പീഡനത്തിനിരയായി പ്രസവിച്ച കേസിൽ അറസ്റ്റിലായ ഫാ. റോബിൻ വടക്കുഞ്ചേരിയെ രണ്ടാഴ്ചത്തേയ്ക്കു റിമാൻഡ് ചെയ്തു. തലശേരി സെഷൻസ് കോടതിയാണ് ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. നേരത്തെ ഫാ. റോബിൻ കുറ്റം സമിതിച്ചിരുന്നു. പീഡനം നടന്ന കൊട്ടിയൂർ നീണ്ടുനോക്കി പള്ളിമേടയിൽ ഫാ. റോബിനെ എത്തിച്ച് തെളിവെടുത്തിരുന്നു. കുട്ടിയുടെ പിതാവിനെ പ്രതിയാക്കാനും കേസ് പണം നൽകി ഒതുക്കിത്തീർക്കാനും ശ്രമിച്ചതായി പ്രതി പൊലീസിനോടു സമ്മതിച്ചതായാണു പുറത്തുവരുന്ന വിവരങ്ങൾ.

തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രിയിലാണ് പെൺകുട്ടി പ്രസവിച്ചത്. സംഭവം മറച്ചുവച്ച ആശുപത്രി അധികൃതർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പെൺകുട്ടിക്ക് പ്രായപൂർത്തിയായതായി മാതാവ് പറഞ്ഞുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. അതിനാലാണ് പൊലീസിൽ വിവരം അറിയിക്കാതിരുന്നതെന്നും ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

നെടുമ്പാശേരി വഴി കാനഡയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫാ. റോബിനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കുട്ടികൾക്കെതിരായ പീഡനം തടയാനുള്ള പോക്‌സോ നിയമത്തിലെ വകുപ്പുകൾ അടക്കമാണ് ഫാ. റോബിനെതിരേ ചുമത്തിയിരിക്കുന്നത്. പോക്‌സോ ചുമത്തിയതിനാൽ വിചാരണ കഴിയുന്നത് വരെ പ്രതിക്ക് ജാമ്യം ലഭിക്കില്ല.

ഇതിനിടെ, ഫാ. റോബിനെ പുരോഹിതവൃത്തിയിൽ നിന്ന് വിലക്കിക്കൊണ്ടും കൊട്ടിയൂർ സെൻ സെബാസ്റ്റ്യൻസ് പള്ളി വികാരി സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടും മാനന്തവാടി രൂപതാ ബിഷപ് മാർ ജോസഫ് പൊരുന്നേടം ഉത്തരവിറക്കിയിട്ടുണ്ട്. വിശുദ്ധ കുർബാന അർപ്പിക്കുന്നത് അടക്കം എല്ലാവിധ പൗരോഹിത്യ പ്രവർത്തികളും പാടില്ലെന്നാണു നിർദ്ദേശം. അധികൃതർ ആവശ്യപ്പെടുമ്പോൾ സഭാ കോടതിയിലും സിവിൽ കോടതിയിലും ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്.

കൊട്ടിയൂരിലെ സെൻ സെബാസ്റ്റ്യൻ പള്ളിയുടെ ചുമതയിൽനിന്ന് നീക്കം ചെയ്യുന്നതോടെ ഇവിടുത്തെ സ്‌കൂൾ മാനേജർ പദവിയിൽനിന്നും അദ്ദേഹം മാറ്റപ്പെട്ടു. കാക്കനാടുള്ള സീറോ മലബാർ സഭാകാര്യാലയത്തിലും ആരോപണവിധേയനായ വൈദികന്റെ പേരിൽ മാനന്തവാടി രൂപത സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ലൈംഗിക പീഡനക്കേസുകളിൽ കത്തോലിക്കാസഭയുടേത് സീറോ ടോളറൻസ് നിലപാടാണെന്നും ഫാ. റോബിനെതിരെ ഉയർന്ന പരാതിയെ രൂപത അതീവ ഗൗരവപരമായി കാണുകയും ആഗോളസഭയുടേയും അഖിലേന്ത്യാ മെത്രാൻ സമിതിയുടേയും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പിന്റേയും വിവിധ കാലഘട്ടങ്ങളിലുണ്ടായിട്ടുള്ള ഉത്തരവുകളുടേയും നിർദ്ദേശങ്ങളുടേയും പശ്ചാത്തലത്തിൽ രാജ്യത്തെ സിവിൽ ക്രിമിനൽ നിയമങ്ങളോടും എല്ലാവിധത്തിലും മാനന്തവാടി രൂപത സഹകരിക്കുമെന്നും രൂപത അധ്യക്ഷൻ മാർ ജോസ് പൊരുന്നേടം വാർത്താകുറിപ്പിൽ വ്യക്തമാക്കി.ആരോപണത്തെക്കുറിച്ച് സഭാപരമായ അന്വേഷണങ്ങൾക്കായി കാനോൻ നിയമാനുസൃതം പ്രത്യേക കമ്മിറ്റിയെയും ബിഷപ് നിയോഗിച്ചിട്ടുണ്ട്.

പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി 20 ദിവസം മുമ്പ് ജന്മംനൽകിയ ആൺകുഞ്ഞിനെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വന്തം പിതാവാണ് പീഡിപ്പിച്ചതെന്നാണ് കുട്ടി ആദ്യം മൊഴി നല്കിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഫാ. റോബിന്റെ പീഡനം സമ്മതിച്ചത്.

വയനാട്ടിലെ ഒരു അനാഥാലയത്തിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്.കുഞ്ഞിനെയും മാതാവിനെയും പൊലീസ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ ഉന്നതതലത്തിൽ നിന്നുള്ള ഇടപെടൽ സംഭവത്തിൽ നടന്നെന്നും വീട്ടുകാരെ സ്വാധീനിച്ച ചിലരാണ് കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റിയതെന്നുമാണ് വിവരം.

ജില്ലാ ചൈൽഡ്‌ലൈൻ പ്രവർത്തകർക്കു ലഭിച്ച വിവരത്തെത്തുടർന്നാണു പീഡനവിവരം പുറംലോകമറിയുന്നത്. കുട്ടിയുടെ പിതാവാണു പീഡിപ്പിച്ചതെന്ന തരത്തിൽ കേസിനെ വഴിമാറ്റിവിടാനുള്ള നീക്കങ്ങൾ നടന്നെങ്കിലും ഇതെല്ലാം ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടൽ അപ്രസക്തമാക്കി.