തൃശൂർ: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭത്തിന്റെ ഉത്തരവാദിത്തം പിതാവിന്റെ തലയിൽ കെട്ടിവച്ച റോബിനു പിന്നാലെ കാത്തോലിക്കാ സഭയ്ക്ക് നാണക്കേടുണ്ടാക്കി മറ്റൊരു വൈദികനും.

തൃശൂരിലെ സിഎംഐ സഭയ്ക്ക് കീഴിലുള്ള ചിയ്യാരം പള്ളിയിലെ വൈദികനായിരുന്നു സോണി ആന്റണി ആണ് വൈദികർക്കും സഭയ്ക്കും തീരാകളങ്കമായി മാറിയിരിക്കുന്നത്. റോബിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസിലാണ് പിടിക്കപ്പെട്ടതെങ്കിൽ സോണി ആന്റണി ഭർതൃമതിയും രണ്ടു കുട്ടികളുടെ മാതാവുമായി യുവതിക്കൊപ്പം ഒളിച്ചോടിയാണ് കുപ്രസിദ്ധനായത്.

സംഭവം നടന്നത് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണെങ്കിലും വൈദികരുടെ പീഡനവും ഒളിച്ചോട്ടവും സഭയ്ക്കു കൂടുതൽ ചീത്തപ്പേരുണ്ടാക്കുമെന്നതിനാൽ സഭാ നേതൃത്വം ഇടപെട്ട് ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ചിയ്യാരം പള്ളിയുടെ സൺഡേ സ്‌കൂളിൽ ബൈബിൾ പഠിപ്പിക്കാൻ എത്തിയിരുന്ന യുവതിയുമായാണ് ഈ വൈദികൻ ഒളിച്ചോടിയത്.

ഇതേത്തുടർന്ന് ഭാര്യയെ കാണാനില്ലെന്നു കാട്ടി വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ സഭയ്ക്കു കീഴിലെ വിശ്വാസിയായ ഭർത്താവ് പരാതി നൽകി. ഇതേത്തുടർന്ന് ഫാ സോണി ആന്റണിയെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ ഘട്ടത്തിലും സംഭവം പുറത്തറിയാതിരിക്കാൻ തൃശൂരിലെ ഉന്നതരായ വൈദികർ ഇടപെട്ടെന്നാണ് വിവരം.

തൃശൂരിൽ സിഎംഐ സഭയുടെ ഉടമസ്ഥതയിലുള്ള ചേതന സ്റ്റുഡിയോയുടെ ഡയറക്ടറായും സെന്റ് അലോഷ്യസ് കോളജിലെ അദ്ധ്യാപകനായും സോണി പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇയാൾ ചിയ്യാരം പള്ളിയിൽ വൈദികനായെത്തുന്നത്. ചെറുപ്പക്കാരൻ എന്നതിലുപരി കലാകാരനും സുമുഖനുമായിരുന്നു സോണി.

ചേതന സ്റ്റുഡിയോയുടെ ചുമതല വഹിക്കുകയും നിരവധി സംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്ത ഫാദർ സോണിയെ സൗണ്ട് എൻജനീയറിങ് പഠനത്തിനായി വിദേശത്ത് അയയ്ക്കാനും സഭാ നേതൃത്വം അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് പള്ളിയിലെ ബൈബിൾ അദ്ധ്യാപികയുമായി വൈദികൻ ഒളിച്ചോടിയത്.

ചിയ്യാരം ഇടവകയിലെ അറിയപ്പെടുന്ന ധനിക കുടംബത്തിലെ അംഗമായ ഭർതൃമതിയായ യുവതിയുമായാണ് വൈദികൻ പ്രണയത്തിലായത്. യുവതി സൺഡേ സ്‌കൂളിലെ അദ്ധ്യാപിക ആയതിനാൽ തന്നെ ഇരുവരും അടുത്തിടപഴകുന്നത് വിശ്വാസികലാരും സംശയിച്ചുമില്ല. വളരെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് നാട്ടുകാർ ഇപ്പേൾ പറയുന്നത്. വൈദികൻ ഇടയ്ക്കിടെ യുവതിയുടെ വീട്ടിലെത്തുന്നതും പതിവായിരുന്നു. എന്നാൽ സോണിയുടെ സന്ദർശനം നാട്ടുകാർക്കിടയിൽ ഒരു സംശയത്തിനും ഇടനൽകിയിരുന്നില്ല.

സൺഡേ സ്‌കൂൾ അദ്ധ്യാപികയെ ഒരിക്കൽ പള്ളിയുടെ ചാപ്പലിൽ വൈദികനൊപ്പം വിശ്വാസി കണ്ടിരുന്നെങ്കിലും ഇടവകയിലെ മറ്റ് അംഗങ്ങളൊന്നും അന്ന് അത് വിശ്വസിക്കാൻ തയാറായിരുന്നില്ല. ഫാദർ സോണിക്ക് ഇടവകയിലെ അംഗങ്ങൾക്കിടയിൽ വൻസ്വാധീനമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഇദ്ദേഹത്തെ അവിശ്വസിക്കാൻ അക്കാലത്ത് ആരും തയാറായില്ലെന്നതാണ് വാസ്തവം.

എന്നാൽ ഒരിക്കൽ എല്ലാം കൈവിട്ടു പോയി. പള്ളിക്കുള്ളിൽ നിന്ന് തന്നെ നാട്ടുകാർ വൈദികനെയും യുവതിയെയും പിടികൂടുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർക്ക് അച്ചന്റെ തനിസ്വരൂപം ബോധ്യമായത്. സംഭവത്തെ തുടർന്ന് യുവതിയെ ഭർത്താവ് യുവതിയെ അവരുടെ വീട്ടിലേക്ക് മാറ്റി. ഇതു മനസിലാക്കിയ ഫാദർ സോണി യുവതിയുടെ വീട്ടിലെത്തി അവരെയും കൂട്ടി മുംബെയിലേക്ക് മുങ്ങുകയായിരുന്നു. പള്ളീലച്ചനൊപ്പം ഭാര്യ ഒളിച്ചോടിയതിനെ തുടർന്നാണ് യുവതിയുടെ ഭർത്താവ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ യുവതി കുട്ടികളുമായി പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇതിനിടെ വൈദികൻ യുവതിയെ ഉപേക്ഷിച്ച് മുങ്ങുകയും ചെയ്തു.

അതേസമയം യുവ വൈദികൻ പെണ്ണുകേസിൽപ്പെട്ടിട്ടും സഭാ നേതൃത്വം നടപടി എടുക്കാതെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന പരാതിയുമായി സഭയിലെ ഒരു വിഭാഗം വൈദികർ രംഗത്തെത്തിയിട്ടുണ്ട്.

വീട്ടമ്മയ്‌ക്കൊപ്പം ഒളിച്ചോടിയ സോണിയെ വൈദിക പദവിയിൽ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നുമാണ് ഇവരുടെ ആരോപണം. കൊട്ടിയൂരുലെ റോബിൻ എന്ന വൈദികനെ സംരക്ഷിച്ചതു പോലെ സോണിയെയും സംരക്ഷിക്കുന്ന സഭാ നേതൃത്വത്തിനെതിരെ വിശ്വാസികൾക്കിടയിൽ അതൃപ്തി ശക്തമായിട്ടുണ്ട്.