കൊച്ചി: ലോകം മുഴുവൻ ഇളകി മറിഞ്ഞുവന്നാലും നിങ്ങൾ ഹൃദയം മെത്രാനോടൊപ്പം ഉറപ്പിച്ചുനിർത്തണമെന്ന പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ മുൻ പ്രസംഗം വീണ്ടും വൈറലാകുകയാണ് കത്തോലിക്കാ സഭയിലെ ചിലർ. ജലന്ധർ ബിഷപ്പിന്റെ പീഡന വിവാദത്തോടെ മെത്രാന്മാരോട് വിശ്വാസികൾക്ക് അടുപ്പം കുറയുന്നുവെന്ന ഭയമാണ് ഇതിന് കാരണം. എന്നോട്ട് വട്ടായിൽ പറഞ്ഞത് വൈറലാക്കുമ്പോൾ അതിനെ ട്രോളുകയാണ് സോഷ്യൽ മീഡിയ.

മെത്രാനോട് വിശ്വാസികൾക്ക് പ്രത്യേകമായ ഇഷ്ടവും വൈകാരികമായ അടുപ്പവും ഉണ്ടാകണം. മെത്രാനോടും സഭയോടും വിശ്വാസികളുടെ ബന്ധത്തിൽ നിസംഗത പാടില്ലെന്നും വട്ടായിൽ പറയുന്നു. വിശ്വാസികളോട് നടത്തിയ പ്രഭാഷണമാണ് വീണ്ടും വൈറലാകുന്നത്. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഓടി നടക്കുകയാണ് ഈ വീഡിയോ. ധ്യാനകേന്ദ്രത്തിന്റെ കീഴിലുള്ള സെഹിയോൻ ടെലിവിഷനിൽ വന്ന ഒരു മിനിറ്റും പതിനഞ്ച് സെക്കന്റുമുള്ള വീഡിയോ ക്ലിപ്പിങ്ങാണ് സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചർച്ചയാക്കുന്നത്. എന്നാൽ ഇതിനെ കടന്നാക്രമിക്കുകയാണ് സോഷ്യൽ മീഡിയ. ഇതിന് മുന്നിൽ പെട്ടത് വട്ടായിലച്ചനും. മെത്രാനും വൈദികനും പീഡിപ്പിച്ചാൽ കുഞ്ഞാടുകൾ വിശുദ്ധ പീഡനമായി കരുതി ആസ്വദിക്കണമോ എന്ന ചോദ്യാണ് അച്ചന് മുന്നിലേക്ക് ട്രോളർമാർ പ്രധാനമായും ഇടുന്നത്.

ഫാദർ വട്ടായിലിന്റെ പ്രസംഗം ഇങ്ങനെയാണ്. പ്രെയിസ് ദി ലോർഡ്.. അനവധി വ്യക്തികൾ മെത്രാന്മാരെ ദുഷിക്കുന്നതും പുച്ഛിക്കുന്നതും സോഷ്യൽ മീഡിയയിലൂടെ ചിലപ്പോൾ കാണാൻ പറ്റും. ചില പ്രശ്നങ്ങൾ വരുമ്പോൾ ഇടവക ഒന്നടങ്കം ബിഷപ്പിനെ ദുഷിക്കുന്നതും കാണാൻ പറ്റും. ചിലപ്പോൾ വൈദികർ ബിഷപ്പിനെ എതിർക്കുന്നത് നമ്മൾക്ക് കാണാൻ പറ്റും. ഇങ്ങനത്തെ ഒരു അവസരത്തിൽ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന കർത്താവിന്റെ സഭയിലെ ഒരംഗം എന്ന നിലയിലും മറ്റ് മതങ്ങളിൽ വിശ്വസിക്കുന്ന നാനാജാതി മതസ്ഥർ എന്ന നിലയിലും നമ്മുടെ നിലപാടിനെ സംബന്ധിച്ച് വ്യക്തത വേണം. മെത്രാനുമായി വൈകാരികമായ അടുപ്പവും പ്രത്യേക ഇഷ്ടവും ഉണ്ടാകണം. നിസംഗത പാലിക്കാനുള്ള മേഖലയല്ല മെത്രാനുമായും സഭയുമായുള്ള ബന്ധം. ലോകം മുഴുവൻ ഇളകിമറിഞ്ഞാലും ഹൃദയം മെത്രാനോട് ഉറപ്പിച്ചുനിർത്തുക. കർദിനാളിന്റെ കൂടെ ഉറപ്പിച്ച് നിർത്തുക. ഹാലേല്ലുയ്യ..

ആതായത് എന്ത് വന്നാലും വികാരിയുമായി വികാരപരമായ അടുപ്പം തുടരണമെന്നാണ് ഈ പ്രഭാഷണത്തിന്റെ ഉള്ളടക്കം. ഇതിനെയാണ് ട്രോളുന്നത്. ഏതായാലും വട്ടായിലച്ചൻ പറഞ്ഞതുപോലെ വിശ്വാസികൾക്ക് ഫ്രാങ്കോ തിരുമേനിയോട് വാത്സല്ല്യം തോന്നണമെന്നേ പറയാനുള്ളൂ. അയാളോട് 'വൈകാരികമായ' അടുപ്പവും ആകാം. ഇങ്ങനെയൊക്കെയായ ആ ഫ്രാങ്കോ വഷളന്റെ മഠത്തിലേക്ക് പെൺമക്കളെ കന്യാസ്ത്രീയാകാൻ അയക്കണം. വിശ്വസികൾ അദ്ദേഹത്തിൽ വിശ്വാസം അർപ്പിക്കണം. ദൈവാരൂപി നിറഞ്ഞ ഫാ. സേവ്യഖാൻ വട്ടായിയിലാണ് പറയുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം-ഇതാണ് ഒരു കളിയാക്കൽ. ഇങ്ങനെ വന്ന പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് എത്തുന്നത്. ഇതോടെ അച്ചനെ പിന്തുണച്ചും അഭിപ്രായമെത്തുന്നു.

വട്ടായിലച്ചന്റെ കഴിഞ്ഞ വർഷത്തെ അഭിഷേഗാഗ്‌നി എപ്പിസോഡിലെ ടോക്ക് ആണ് ഇത്. ഇതും ഫ്രാങ്കോ പിതാവിന്റെ കേസും തമ്മിൽ യാതൊരു ബന്ധവും ഇല്ല. കാള പെറ്റു എന്ന് കേൾകുമ്പോളേക്കും കയറെടുക്കല്ലേ.ആദ്യം സത്യം എന്തെന്ന് അറിയണം. എന്നിട്ടേ പറയാവൂ. ഇല്ലെകിൽ സത്യം അറിയുന്നവരുടെ മുന്നിൽ വിഡ്ഢി ആകും-എന്നാണ് വിശ്വാസികളുടെ കുറിപ്പ്. ഏതായാലും ഇപ്പോഴത്തെ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ അച്ചന് പറയാനുള്ളത് എന്താണെന്ന് അറിയാൻ താൽപ്പര്യമുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഒരു വർഷം മുൻപ് വട്ടായിലച്ചൻ മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് പറഞ്ഞ വീഡിയോ എടുത്ത് എഡിറ്റു ചെയ്ത് ചാനലിൽ കാണിച്ചത് മനസ്സിലാകണമെങ്കിൽ ഇടക്കൊക്കെ വട്ടായിലച്ചൻ എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കണം. അല്ലാതെ കാള പെറ്റുന്ന് പറയുമ്പോഴെ കയറെടുക്കാൻ നിൽക്കല്ലേ ചേട്ടാ...ഇങ്ങനെ കുറിക്കുന്നവരും ഉണ്ട്.

ആത്മീയവചന പ്രഘോഷണ രംഗത്ത് ശക്തമായ സാന്നിധ്യവും ശ്രദ്ധേയമായ വചനസാക്്ഷ്യവുമായി മാറിയിരിക്കുന്ന വ്യക്തിത്വമാണ് ഫാ.സേവ്യർഖാൻ വട്ടായിൽ . .1994 ഏപ്രിൽ 28 ന് മാർ ജോസഫ് ഇരുമ്പന്റെ കൈവയ്പ് ശുശ്രൂഷ വഴിയാണ് വട്ടായിലച്ചൻ അൾത്താരയിലെ ബലിയർപ്പകനായി മാറിയത്. പാലക്കാട് രൂപതയിലെ കാരറ ഇടവകയിലായിരുന്നു ആദ്യ നിയമനം. 1998 ഏപ്രിൽ 28 ന് ആയിരുന്നു ഇന്നേറെ പ്രശസ്തമായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ആരംഭം. നിരവധി കൺവൻഷനിലൂടെ ആയിരക്കണക്കിന് പേരുടെ വ്യക്തിജീവിതത്തിലും ആത്മീയജീവിതത്തിലും മാറ്റങ്ങളുണ്ടാക്കാൻ വട്ടായിലച്ചന്റെ വചനശുശ്രൂഷകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസികൾ പറയുന്നത്. അതുകൊണ്ട് കൂടിയാണ് വട്ടായിലച്ചന്റെ വീഡിയോ ചർച്ചകൾക്ക് വിധേയമാകുന്നതും.