സോഷ്യൽ മീഡിയയിൽ നടന്ന ചില വിമർശനങ്ങളെ കുറിച്ച് നിഷ്പക്ഷമായി വാർത്ത എഴുതിയതിന്റെ പേരിൽ മറുനാടൻ മലയാളിക്കെതിരെ കാഹളം മുഴക്കുവാൻ ചില തീവ്രവാദ കത്തോലിക്കർ അറിയാതെ പ്രചരിപ്പിക്കുന്നത് അതിഭയങ്കരമായ ഒരു ആശയത്തെ ആണ് എന്ന് ഇന്നലെ ഈ ലേഖകൻ കുറിച്ചിരുന്നു. കത്തോലിക്ക സഭയുടെ പ്രമാണങ്ങളെയും നേതൃത്വത്തെയും യാതൊരു അടിസ്ഥാനവുമില്ലാതെ വിമർശിക്കുകയും പുലഭ്യം വിളിക്കുകയും ചെയ്യുന്ന അനേകം ലേഖനങ്ങൾ ഇസ്രയേൽ ജോസഫ് എന്ന പേരിലും ആംസ്‌ട്രോങ് ജോസഫ് എന്ന പേരിലും ശ്രീ ആന്റണി ജോസഫ് എഴുതിയിട്ടുണ്ട്. ഇതിലെ ഒന്നോ രണ്ടോ എണ്ണം പരിശോധിച്ച് പ്രസക്തമായ ചില ഭാഗങ്ങൾ എടുത്തു നൽകുകയാണ് ഇവിടെ:  

ഈ പറയുന്ന ആശയവുമായി മറുനാടൻ മലയാളിക്കോ ഈ ലേഖകനോ ഒരു ബന്ധവുമില്ല എന്നറിയിക്കട്ടെ. നിസ്സാരമായ ഒരു വിമർശനം സഹിക്കാനാവാതെ കത്തോലിക്ക വിശ്വാസികൾ എടുത്തു ചാടിയത് പാതാളത്തിലേയ്ക്ക് എന്നു മനസിലാക്കാൻ വേണ്ടിയാണ് ഇതെഴുതുന്നത് എന്നു മാത്രം. മറുനാടനെതിരെയുള്ള മനോവയുടെ ലേഖനം പ്രചരിപ്പിക്കുകയും പൊക്കി പിടിക്കുകയും ചെയ്യുന്നവർ മനോവയുടെ മറ്റ് നിലപാടുകളെയും കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നു എന്നു വേണം മനസിലാക്കാൻ. അങ്ങനെയാണ് നിങ്ങൾ എന്ന് ഉറപ്പുണ്ടെങ്കിൽ ഒരു തെറ്റുമില്ല.

ചെകുത്താന്റെ ളോഹ ഇട്ടു നടക്കുന്ന ഫാ. നെട്ടിക്കാടൻ; പിശാചിന്റെ ആഗ്രഹപൂർത്തീകരണത്തിനായി കഠിന യജ്ഞത്തിലേർപ്പെട്ടിരിക്കുന്ന മാർ ആലഞ്ചേരി

ആന്റണി നെട്ടിക്കാടൻ എന്ന വൈദികൻ എഴുതി ശ്രദ്ധ നേടിയ ഒരു പുസ്തകമാണ് സഭയ്ക്ക് ഉത്തരം ഉണ്ടോ എന്ന പുസ്തകം. ഈ പുസ്തകത്തിൽ പ്രവാചകനെയും ഖുറാനേയും അംഗീകരിച്ചത് ശ്രീ ആന്റണി ജോസഫിന് ഇഷ്ടപ്പെട്ടില്ല. എല്ലാ മതങ്ങളും ഒരേ പോലെയാണ് എന്നു ഒരു വൈദികൻ പറഞ്ഞാൽ അത് ഏറ്റവും വലിയ തിന്മയായി കാണുന്നയാളാണ് ശ്രീ ആന്റണി. അതുകൊണ്ട് ആ വൈദികനെ മാത്രമല്ല ആ പുസ്തകത്തിന് ആമുഖം എഴുതിയ സീറോ മലബാർ സഭാ തലവൻ മാർ ആലഞ്ചേരിയെയും ആന്റണി തെറി വിളിക്കുന്നു. ആന്റണിയുടെ നേരിട്ടുള്ള വാക്കുകളിലേയ്ക്ക് തന്നെ പോവാം:

കത്തോലിക്കാസഭയിലെ വൈദികരായി വേഷംകെട്ടി നടക്കുന്നവർ പ്രചരിപ്പിക്കുന്ന പൈശാചികത കാണാഞ്ഞിട്ടാണോ കർദ്ദിനാൾ ആലഞ്ചേരി മൗനം അവലംബിക്കുന്നത്? അതോ, അന്ധത അഭിനയിക്കുകയാണോ? എല്ലാ പൈശാചികതയ്ക്കും കയ്യൊപ്പു ചാർത്തുന്ന കർദ്ദിനാൾ ആലഞ്ചേരിയുടെ മൗനത്തിനു മറവിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢത ദൈവജനം അറിയണം. എന്തുകൊണ്ടാണ് സെമിനാരിയിലേക്കു കടന്നുവരാൻ പരിശുദ്ധാത്മാവിന്റെ നിറവുള്ള യുവാക്കൾ തയ്യാറാകാത്തതെന്ന് അപ്പോൾ മനസ്സിലാകും. കത്തോലിക്കാസഭയിലെ ഒരു വൈദീകവേഷധാരി എഴുതിയുണ്ടാക്കിയ പൈശാചിക ഗ്രന്ഥത്തെ വാനോളം പുകഴ്‌ത്തിക്കൊണ്ട് ആലഞ്ചേരി എഴുതിയ അവതാരിക വായിക്കുന്നവർക്ക് കത്തോലിക്കാ മെത്രാന്മാരുടെ അജണ്ട തിരിച്ചറിയാൻ കഴിയും! ആലഞ്ചേരിയുടെ അവതാരികയിലെ വരികൾ കുറിക്കുന്നതിനുമുൻപ്, ആന്റണി നെറ്റിക്കാടന്റെ നെറികെട്ട പുസ്തകത്തിലെ ചില ഭാഗങ്ങൾ വ്യക്തമാക്കാം.

'സഭയ്ക്ക് ഉത്തരമുണ്ടോ' എന്നപേരിൽ ആന്റണി നെറ്റിക്കാട്ട് സി. എം എഴുതിയ പൈശാചിക പുസ്തകത്തിലെ മുപ്പതാമത്തെ പേജിൽ ഇങ്ങനെ വായിക്കുന്നു: 'ഖുറാൻ മുസ്ലീങ്ങളുടെ വിശുദ്ധഗ്രന്ഥമാണ്. അത് ഏതെങ്കിലും വ്യക്തിയാൽ വിരചിതമല്ല. മനുഷ്യഭാഷയിലുള്ള യഥാർത്ഥ ദൈവവചനമാണത്. അതിൽ 114 അദ്ധ്യായങ്ങൾ അഥവാ സൂറാകൾ ഉണ്ട്. മെക്കയ്ക്ക് സമീപം ഹീറാഗുഹയിൽവച്ച് മുഹമ്മദിന് 'ഗബ്രിയേൽ' ദൂതൻ വെളിപ്പെടുതിയതായിരുന്നു അവ. ഈ 'വിശുദ്ധ' ഗ്രന്ഥം ദൈവത്തിൽനിന്നും നേരിട്ടുവന്നതാണ്. അതിനാൽ മനുഷ്യരായ ഗ്രന്ഥകർത്താക്കൾ എഴുതിയതല്ല അത്. ഖുറാൻ ദൈവത്തിന്റെ മനുഷ്യാവതാരംപോലെയാണ് എന്ന് പറയപ്പെടുന്നു. അത് വിശുദ്ധഗ്രന്ഥം പോലെയാണ് എന്നതിനേക്കാൾ, യേശുവിനെപ്പോലെയാണ്.'

മുഹമ്മദു പറയുന്ന ജിബ്രീൽ മലക്കിനെ ദൈവദൂതനായ ഗബ്രിയേലാക്കിയ 'നെറ്റിക്കാടൻ' യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നുണ്ടോ? താങ്കൾ ഖുറാൻ മുഴുവൻ വായിച്ചിട്ടുതന്നെയാണോ ഈ ആഭാസത്തിനു തുനിഞ്ഞിറങ്ങിയത്? യേശുക്രിസ്തു ദൈവപുത്രനല്ലെന്നും അവിടുന്ന് കുരിശിൽ മരിച്ചുവെന്നത് ക്രിസ്ത്യാനികൾ പ്രചരിപ്പിക്കുന്ന കള്ളക്കഥയാണെന്നും എഴുതിവച്ചിരിക്കുന്ന ഖുറാൻ ദൈവത്തിന്റെ നേരിട്ടുള്ള തിരുമൊഴിയാണെന്നു പ്രഖ്യാപിക്കാൻ എത്ര പണം കിട്ടി? ക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്ന ഗ്രന്ഥം നെറ്റിക്കാടനു വിശുദ്ധമായത് താൻ പിശാചിന്റെ സന്തതിയായതുകൊണ്ടാണ് ദൈവപുത്രനെ നിഷേധിക്കുന്ന പൈശാചിക ഗ്രന്ഥത്തെ ദൈവം നേരിട്ടു നൽകിയ ഗ്രന്ഥമാണെന്നു പറയുക മാത്രമല്ല, ഈ ശപിക്കപ്പെട്ട പുസ്തകത്തെ യേശുവിനു തുല്യമാക്കുകയും ചെയ്ത ആന്റണി നെറ്റിക്കാടനെപ്പോലെയുള്ള ചെകുത്താന്മാർ ളോഹയിട്ടു നടക്കുമ്പോൾ, ദൈവമക്കൾ സെമിനാരിയെ അവജ്ഞയോടെ തള്ളുമെന്ന് എന്തുകൊണ്ട് കർദ്ദിനാൾ മനസ്സിലാക്കുന്നില്ല! ഈ പുസ്തകത്തിന് അവതാരികയെഴുതിയ ആലഞ്ചേരിക്കും ഒഴിഞ്ഞുമാറാൻ കഴിയാത്തവിധം ഇതിൽ പങ്കുണ്ട്. കാരണം, ആലഞ്ചേരി എഴുതിയ അവതാരികയിൽ ഈ പുസ്തകത്തെ മഹത്വപ്പെടുത്തിയിരിക്കുന്നു. ആറു മീറ്റർ തുണികൊണ്ടുള്ള കുപ്പായമണിഞ്ഞു വരുന്ന ഏതൊരു ശുംഭന്റെ പുസ്തകങ്ങൾക്കും അവതാരികയെഴുതാനാണോ ആലഞ്ചേരി അഭിഷിക്തനായിരിക്കുന്നത്? യേശുവിനെ ദൈവപുത്രനായി ആലഞ്ചേരി അംഗീകരിക്കുന്നുണ്ടെങ്കിൽ, നെറ്റിക്കാടൻ എന്ന നെറികെട്ടവന്റെ പുസ്തകത്തിൽ ഒപ്പുവയ്ക്കുമായിരുന്നില്ല.- മാർ ആലഞ്ചേരിക്കെതിരെയുള്ള മനോവയുടെ അക്രമണം അവസാനിക്കുന്നത് ഇങ്ങനെയാണ്.

ജോൺ പോൾ രണ്ടാമൻ വിശുദ്ധനാകുന്നത് ദുരന്തം; പോപ് ഫ്രാൻസിസ് പൈശാചിക തീരുമാനങ്ങൾ എടുക്കുന്ന ക്രിസ്തു വിരുദ്ധനും ബൈബിൾ പറയുന്നത് വ്യാജ പ്രവാചകനും

മാർപാപ്പമാരോടുള്ള ആന്റണി ജോസഫിന്റെ വിരോധം പ്രശസ്തമാണ്. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെക്കുറിച്ച് മാത്രമല്ല ഇപ്പോഴത്തെ മാർപ്പാപ്പ ഫ്രാൻസിസ് പിതാവിനെക്കുറിച്ചും ആന്റണി ജോസഫ് എഴുതുന്നത് തെമ്മാടികളുടെ ഭാഷയിലാണ്. പരിശുദ്ധാത്മാവിന്റെ കൃപയാൽ നിന്നാണ് എഴുതുന്നത് എന്നാണ് ഇയാളുടെ അവകാശ വാദം എന്നതാണ് ഇതെലെല്ലാം ഏറ്റവും ശ്രദ്ധേയം. മറ്റു മതങ്ങളെ കുറിച്ചുള്ള ഇയാളുടെ വാചകങ്ങൾ മാത്രം മതി ഇയാളുടെ ഉദ്ദേശ ശുദ്ധി വ്യക്തമാക്കാൻ. ലോകം ഏറ്റവും ആദരിച്ച ജോൺ പോൾ രണ്ടാമനെ വിശുദ്ധനാകുന്നതിനെ കുറിച്ച് ആന്റണിയുടെ നിലപാട് ഇതാണ്:

'രണ്ടാം വത്തിക്കാൻ സൂനഹദോസിലൂടെ സഭയുടെ ജാലകങ്ങൾ പൈശാചികതയ്ക്കായി തുറന്നുകൊടുക്കുകയും പൂർവ്വീകരായ സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളെ പുച്ഛിച്ചുതള്ളുകയും ചെയ്ത ജോൺ ഇരുപത്തിമൂന്നാമനും അദ്ദേഹത്തിന്റെ 'തുക്ലക്' പരിഷ്‌ക്കാരങ്ങളുടെ ഫലം വേണ്ടവിധം ആസ്വദിച്ച ജോൺ പോൾ രണ്ടാമനുമാണ് പുത്തൻ വിശുദ്ധരെങ്കിൽ, അപ്പസ്‌തോലിക സഭയ്ക്ക് ഇത് തീരാക്കളങ്കമാൺ കാരണം, യേശുകിസ്തു ഏകാരക്ഷകനാണെന്നു പ്രഖ്യാപിച്ചതുവഴി രക്തസാക്ഷികളാകേണ്ടിവന്ന അപ്പസ്‌തോലന്മാരുടെയും അവരെ അനുകരിച്ചവരുടെയും പാരമ്പര്യമാണ് കത്തോലിക്കാസഭയുടേത്. ഈ പാരമ്പര്യങ്ങളെ ആദ്യമായി തള്ളിപ്പറഞ്ഞ വ്യക്തിയാണ് ജോൺ ഇരുപത്തിമൂന്നാമനെങ്കിൽ, ഇദ്ദേഹത്തിന്റെ ആശയങ്ങൾ സ്വജീവിതത്തിൽ പകർത്തിയ വ്യക്തിയായിരുന്നു ജോൺ പോൾ രണ്ടാമൻ! '

ഇന്നു കത്തോലിക്കാ സഭയ്ക്കു ഊർജം പകരുന്നുകൊണ്ടിരിക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പയെ കുറിച്ച് ഒട്ടേറെ ദുഷിച്ച ലേഖനങ്ങൾ ശ്രീ ആന്റണി എഴുതി കഴിഞ്ഞു. അതിലൊന്നു ജനങ്ങളുടെ പ്രതികരണം അറിയാൻ ഞങ്ങൾ കൊടുത്തപ്പോൾ ഉണ്ടായ കോലാഹലം ശ്രദ്ധിക്കേണ്ടതാണ്. അന്നു ഇത്തരം ഒരു പിശാചിന്റെ സന്തതിയുടെ ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മറുനാടനെ ചീത്ത വിളിച്ചവരാണ് ഇന്ന് ഈ മനോരോഗിയോടൊപ്പം നിന്നു മറുനാടനെ ചീത്ത വിളിക്കുന്നത്. ആ ലേഖനം വായിച്ചിട്ടില്ലാത്ത വിശ്വാസികൾ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക. ഫ്രാൻസിസ് മാർപ്പാപ്പ മൂന്നരവർഷം കൊണ്ട് സഭ തകർക്കും എന്നാണ് ആന്റണിയുടെ പ്രവചനം. ബൈബിൾ സൂചിപ്പിക്കുന്ന വ്യാജ പ്രവാചകനായാണ് പോപ് ഫ്രാൻസിസിനെ ആംസ്‌ട്രോങ് ജോസഫ് വിശേഷിപ്പിക്കുന്നത്.



'വ്യക്തമായ അജണ്ടയുമായി കത്തോലിക്കാസഭയുടെ അമരത്ത് കടന്നുകൂടിയ വ്യക്തിയാണ് ഫ്രാൻസീസ്! അധികാരമേറ്റ് ഒന്നരവർഷം പൂർത്തിയായപ്പോൾ ഇയാൾ നടത്തിയ ഒരു വെളിപ്പെടുത്തലിൽ ഒളിഞ്ഞിരുന്ന ദുരന്തം തിരിച്ചറിയാൻ അധികമാർക്കും കഴിഞ്ഞില്ല. ഇനിയും രണ്ടു വർഷങ്ങൾക്കൂടി മാത്രമേ താൻ അധികാരത്തിൽ തുടരുകയുള്ളൂ എന്നതായിരുന്നു ആ വെളിപ്പെടുത്തൽ. അതായത്, തന്റെ ഭരണകാലം മൂന്നര വർഷമായിരിക്കുമെന്ന് ഫ്രാൻസീസ് തുറന്നുപറഞ്ഞു! വെളിപാട് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: 'നാല്പത്തിരണ്ടു മാസം അവർ വിശുദ്ധനഗരത്തെ ചവിട്ടിമെതിക്കും'(വെളി:11;2). ഫ്രാൻസീസ് പ്രഖ്യാപിച്ച മൂന്നരവർഷം ഏതാണെന്ന് ജ്ഞാനമുള്ളവർ ഗ്രഹിക്കട്ടെ! ലോകത്തുള്ള സകല പിശാചുകളെയും വിശുദ്ധനഗരത്തിലേക്ക് ക്ഷണിച്ചുവരുത്തിയത് ഇതിന്റെ ഭാഗമാണ്. അല്ലാഹുവിനു സ്തുതിഗീതങ്ങൾ ആലപിക്കാൻ ദൈവത്തിന്റെ ആലയം തുറന്നുകൊടുത്തതും, മഹാവേശ്യയായ അമൃതാനന്ദമയിയെ അതിഥിയായി സ്വീകരിച്ചതും വചനത്തിന്റെ പൂർത്തീകരണമായിരുന്നു! വിശുദ്ധനഗരത്തെ ചവിട്ടിമെതിക്കാൻ പിശാചിന്റെ സന്തതികൾക്ക് അവസരമൊരുക്കുകയെന്ന പൈശാചിക ദൗത്യമാണ് ഫ്രാൻസീസിൽ നിക്ഷിപ്തമായിരിക്കുന്നത് . പൈശാചിക നിയമങ്ങൾ സഭയുടെ നിയമമാക്കുകയെന്ന അജണ്ടയാണ് ഫ്രാൻസീസിന്റെ തലയിൽ കുടികൊള്ളുന്നത്! ദൈവത്തെ നിഷേധിക്കാൻ ലഭിക്കുന്ന ഏതൊരു അവസരവും വേണ്ടവിധം ഉപയോഗിക്കാൻ ഇക്കാലമത്രയും പോപ് ഫ്രാൻസീസ് ശ്രമിച്ചിട്ടുണ്ട്. അനാവശ്യ സമയത്ത് മഹാവിസ്‌ഫോടന സിദ്ധാന്തത്തെ ഉയർത്തിപ്പിടിച്ചതും ഈ ലക്ഷ്യം മുൻനിർത്തിയാണ്.

സുവിശേഷം പ്രചരിപ്പിക്കുന്നതിനെ പരിഹസിക്കുകയും തന്നെക്കുറിച്ചുള്ള കീർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അഭിനവ പോപ്പിനെ രണ്ടുവർഷത്തിലേറെയായി നാം കണ്ടുകൊണ്ടിരിക്കുന്നു. വാർത്തകളിൽ സ്ഥാനംപിടിക്കാനും തന്റെ നാമം ലോകത്തിന്റെ അതിർത്തികളിൽ എത്തിക്കാനുമായി ഈ പോപ്പ് നടത്തുന്ന ശ്രമങ്ങൾ കുപ്രസിദ്ധമാണ്. തന്റെ പ്രചരണം ഏറ്റെടുത്തിരിക്കുന്ന ഫ്രീമേസൺ മാദ്ധ്യമങ്ങളെ വത്തിക്കാനിൽ ക്യാമ്പ് ചെയ്യിപ്പിച്ചിരിക്കുന്നതും പരസ്യമായ രഹസ്യമാണ്. തന്നെ എതിരിടുന്നവരെ സ്ഥാനഭ്രാഷ്ടരാക്കുകയും പ്രധാനസ്ഥാനങ്ങളിൽ സ്തുതിപാടകരെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിൽ പോപ്പ് ഫ്രാൻസീസ് ജാഗരൂകനാണ് - ഫ്രാൻസിസ് മാർപ്പാപ്പയെ പിശാചിന്റെ മകൻ എന്നു വിശേഷിപ്പിച്ചുകൊണ്ട് ആന്റണി ലേഖനം എഴുതിയിട്ടുണ്ട്. മനോവയുടെ താളുകൾ പരിശോധിച്ചാൽ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നതിൽ ഏറെയും ഇത്തരം നട്ടാൽ കിളിർക്കാത്ത നുണകളും സാഹിത്യങ്ങളും ആണെന്നു മനസിലാക്കാം. ലോകത്തനു സമാധാനം വിതയ്ക്കുകയും എല്ലാവരെയും സമത്വഭാനയുടേയും കാരുണ്യത്തിന്റേയും ഭാഗമായി പോപ് നടത്തുന്ന ഇടപെടലുകൾ പൈശാചിക തീരുമാനങ്ങൾ ആയാണ് ആംസ്‌ട്രോങ് വിശേഷിപ്പിക്കുന്നത്. ബൈബിൾ പറയുന്ന വ്യാജ പ്രവാചകനായും ആംസ്‌ട്രോങിന്റെ ലേഖനങ്ങളിൽ സൂചനയുണ്ട്.