മുസ്ലീം വിരുദ്ധതയാണ് പാശ്ചാത്യ നാടുകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കൈയടി കിട്ടുന്ന കാര്യങ്ങളിലൊന്ന്. മറ്റൊന്ന് കുടിയേറ്റ വിരുദ്ധ നിലപാടും. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ  പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് പയറ്റുന്നത് ഈ തന്ത്രങ്ങളാണ്. ഇപ്പോഴിതാ ഫ്രാൻസിലെ വലതുപക്ഷ നേതാവ് മറീൻ ലെ പെന്നും അതേ വഴിയിലൂടെ പ്രചാരണത്തിന് തിരികൊളുത്തിയിരിക്കുന്നു.

സമീപകാലത്ത് ഒട്ടേറെ തീവ്രവാദി ആക്രമണങ്ങൾക്ക് വേദിയായ ഫ്രാൻസിൽ ഏറ്റവും കൂടുതൽ ചെലവാകുക മുസ്ലിം വിരുദ്ധതയാണെന്ന് ലെ പെന്നിന് നന്നായറിയാം. തീവ്ര വലതുപക്ഷ കക്ഷിയായ നാഷണൽ ഫ്രണ്ടിന്റെ നേതാവ് കൂടിയായ അവർ ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമർത്തും എന്ന വാഗ്ദാനമാണ് ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആദ്യമായി മുന്നോട്ടുവെക്കുന്നത്.

മുസ്ലിം വിരുദ്ധതയ്‌ക്കൊപ്പം കുടിയേറ്റ നിയന്ത്രണവും ലെ പെൻ മുഖ്യ പ്രചാരണ ആയുധമായി കാണുന്നു. ദേശീയ ഐക്യത്തിനും പുരോഗതിക്കും കുടിയേറ്റം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെനന് കഴിഞ്ഞ ദിവസം നടന്ന റാലിയിൽ പ്രസംഗിക്കവെ ലെ പെൻ ഊന്നിപ്പറഞ്ഞു. യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രെക്‌സിറ്റിലൂടെ ബ്രിട്ടൻ വിടുതൽ നേടിയതുപോലെ, ഫ്രാൻസിൽ ഫ്രെക്‌സിറ്റ് ഹിതപരിശോധന നടത്തുമെന്നും അവർ പറയുന്നു.

വിസ്മരിക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരും ശബ്ദമില്ലാത്തവരുമായ ഫ്രഞ്ചുകാരുടെ പ്രതിനിധിയായി താൻ രംഗത്തുണ്ടാവുമെന്നാണ് ലെ പെന്നിന്റെ വാഗ്ദാനം. ഏതാനും മാസങ്ങൾക്കുമുമ്പുതന്നെ അവർ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ബ്രാക്കെയിൽ നടന്ന റാലിയിൽ പ്രസംഗിക്കവെയാണ് തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അവർ പ്രഖ്യാപിച്ചത്.

തങ്ങൾ ഉയർ്ത്തുന്ന ആശയങ്ങൾക്കാണ് ഇപ്പോൾ ഫ്രഞ്ച് ജനത മുൻതൂക്കം നൽകുന്നതെന്ന് ലെ പെൻ പറയുന്നു. അതുകൊണ്ടുതന്നെ മറ്റ് പ്രസിഡന്റ് സ്ഥാനാർത്ഥികളെക്കാൾ താൻ ഏറെ മുന്നിലാണെന്നും അവർ അവകാശപ്പെടുന്നു. മുസ്ലീങ്ങളും അല്ലാത്തവരുമായ ഫ്രഞ്ചുകാർക്കിടയിലെ അകൽച്ചയും ആശങ്കയും കുറയ്ക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അവർ ഉറപ്പുപറയുന്നു.