- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടൻ ഓമിക്രോണിനെ തോൽപിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ വാക്സിൻ പാസ്സ്പോർട്ട് ഏർപ്പെടുത്തി കടുപ്പിച്ച് ഫ്രാൻസ്; വാക്സിൻ നിയമപരമായി നിർബന്ധമാക്കുന്ന ആദ്യ രാജ്യമായി ആസ്ട്രിയ
പാരിസ്: ഓമിക്രോണിനെ ഏതാണ്ട് പിടിച്ചുകെട്ടിയ ബ്രിട്ടൻ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാനൊരുങ്ങുമ്പോൾ ചാനലിനക്കരെ ഫ്രാൻസിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. അടുത്തയാഴ്‌ച്ച മുതൽ കഫേകളിലും റെസ്റ്റോറന്റുകളിലും പ്രവേശനം ലഭിക്കുവാൻ കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കിയിരിക്കുകയാണ് ഫ്രാൻസിൽ. ഇന്നലെ വൈകിട്ട് ടി വി ലൈവ് പ്രോഗ്രാമിലൂടെയാണ് പ്രധാനമന്ത്രി ജീൻ കാസ്ടെക്സ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഫേകളും റെസ്റ്റോറന്റുകളും ഉൾപ്പടെ നിരവധി ബിസിനസ്സ് സ്ഥാപനങ്ങൾ സന്ദർശിക്കുവാൻ കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാണ് എന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്.
അതേസമയം ഫെബ്രുവരി 1 മുതൽ രാജ്യത്തെ പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും കോവിഡ് വാക്സിൻ നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം ആസ്ട്രിയൻ പാർലമെന്റിൽ പാസ്സായി. ഇനിയിത് പാർലമെന്റിലെ ഉപരിസഭയുടെ പരിഗണനയ്ക്ക് വരും. ഇതോടെ യൂറോപ്യൻ യൂണീയനിലെ അംഗരാജ്യങ്ങളിൽ വാക്സിൻ നിർബന്ധമാക്കുന്ന ആദ്യ രാജ്യം എന്ന പദവിക്ക് തൊട്ടടുത്ത് എത്തിയിരിക്കുകയാണ് ആസ്ട്രിയ. യൂറോപ്പ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം കനക്കുന്ന സാഹചര്യത്തിലാണ് ഫ്രാൻസിന്റെയും ആസ്ട്രിയയുടെയും ഈ നടപടികൾ.
ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത് ഫ്രാൻസിൽ രോഗവ്യാപനതോത് കുതിച്ചുയരുന്നു എന്നാണ്. പോർച്ചുഗൽ, ജർമ്മനി, ആസ്ട്രിയ, സ്വീഡൻ, ചെക് റിപ്പബ്ലിക് എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇറ്റലിയിലും സ്പെയിനിലും കോവിഡ് ബാധിതരുടെ എണ്ണം വളരെ കൂടുതലാണെങ്കിലും, അടുത്ത ഏതാനും ദിവസങ്ങളായി രോഗവ്യാപനതോത് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. യൂറോപ്യൻ ഭൂഖണ്ഡത്തിൽ കോവിഡ് വ്യാപനം കനക്കുമ്പോൾ ബ്രിട്ടനിലെ കണക്കുകൾ കാണിക്കുന്നത്, ബ്രിട്ടന്റെ ദുരിതകാലം ഏതാണ്ട് അവസാനിക്കാറായി എന്നാണ്.
ഇതുവരെ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് മതിയായിരുന്നു ഫ്രാൻസിൽ കഫേകളിലും റെസ്റ്റോറന്റുകളിലും അതുപോലെ മറ്റ് ഹോസ്പിറ്റാലിറ്റി ബിസിനസ് സ്ഥപനങ്ങളിലും പ്രവേശനത്തിന്. എന്നാൽ അടുത്തയാഴ്‌ച്ച മുതൽ വാക്സിന്റെ രണ്ടു ഡോസുകളും എടുത്തതിനുശേഷം ലഭിക്കുന്ന കോവിഡ് പാസ്സ്പോർട്ട് തന്നെ ഇതിന് നിർബന്ധമാക്കിയിരിക്കുന്നു. വരുന്ന തിങ്കളാഴ്‌ച്ച മുതലായിരിക്കും ഈ പുതിയ നിയന്ത്രണം നിലവിൽ വരിക.
നിയന്ത്രണങ്ങൾ ഏറെ എർപ്പെടുത്തിയിട്ടും വ്യാപനം കുതീച്ചുയരുന്നത് ഫ്രാൻസിനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്‌ച്ച പുതിയ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് ഇടുകയായിരുന്നു ഫ്രാൻസ്. 4,64,769 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ആറു വയസ്സ് ഉള്ള കുട്ടികൾക്ക് വരെ മാസ്‌ക് നിർബന്ധമാക്കിയിട്ടും, കഫേകളിലും ബാറുകളിലും, നിന്ന് കുടിക്കുന്നത് വിലക്കിയിട്ടുമൊന്നും വ്യാപനം തടയുവാൻ ഫ്രാൻസിനാകുന്നില്ല. അത്തരത്തിലുള്ള നിയന്ത്രണങ്ങൾ എല്ലാം അടുത്ത രണ്ടാഴ്‌ച്ചകൾക്കുള്ളിൽ എടുത്തുമാറ്റുമെന്നാണ് സൂചന. ജനുവരി 24 മുതൽ 12 മുതൽ 17 വയസ്സുവരെയുള്ളവർക്കുള്ള വാക്സിനേഷൻ ആരംഭിക്കും. 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കും വാക്സിൻ നൽകേണ്ടതുണ്ടെന്നാണ് ഫ്രഞ്ച് പ്രധാനമന്ത്രി പറയുന്നത്.
വെളിയിൽ ഇറങ്ങുമ്പോൾ മാസ്‌ക് ധരിക്കണം എന്ന നിയമം ഫെബ്രുവരി 2 ആകുമ്പോഴേക്കും പിൻവലിക്കും. അതുപോലെ വർക്കിങ് ഫ്രം ഹോം നിബന്ധനയും ഇല്ലാതെയാകും. ബ്രിട്ടനിൽ ഇളവുകൾ നൽകുമ്പോൾ കോവിഡ് പാസ്സ്പോർട്ടിലൂടെ കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് ഫ്രാൻസ്. അതേസമയം, രോഗവ്യാപനം നിയന്ത്രണാതീറ്റമായതോടെ കഴിഞ്ഞ നവംബറിൽ തന്നെ വാക്സിൻ നിർബന്ധമാക്കുന്ന കാര്യം ആസ്ട്രിയ പറഞ്ഞിരുന്നു. 18 വയസ്സു മുതൽക്കുള്ളവർക്കായിരിക്കും വാക്സിൻ നിർബന്ധമാക്കുക.
ഇനി ആ ബിൽ പാർലമെന്റിന്റെ ഉപരിസഭ പാസ്സാക്കി പ്രസിഡണ്ട് ഒപ്പുവച്ചാൽ അത് നിയമമാകും. വാക്സിൻ നിർബന്ധമാക്കും എന്ന് പ്രഖ്യാപിച്ചതു മുതൽ തന്നെ അതിനെതിരെ കനത്ത പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, തീവ്ര വലതുപക്ഷ ചിന്ത പുലർത്തുന്ന ഒരു പർട്ടി ഒഴിച്ച് മറ്റ് എല്ലാ രാഷ്ട്രീയ പാർട്ടികളൂം ഈ നീക്കത്തെ അനുകൂലിക്കുന്നവരാണ് . അതിനാൽ തന്നെ വാക്സിൻ നിർബന്ധമാക്കുന്ന നിയമം ഉടൻ തന്നെ ആസ്ട്രിയയിൽ വരും എന്നത് ഉറപ്പാണ്. നേരത്തേ 14 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും വാക്സിൻ നിർബന്ധമാക്കാൻ ആയിരുന്നു ആലോചിച്ചിരുന്നതെങ്കിലും പിന്നീട് അത് 18 വയസ്സായി ഉയർത്തുകയായിരുന്നു.
ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ പാർട്ടികളും പാർലമെന്റിൽ ഈ ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരായ ഫ്രീഡം പാർട്ടി മാത്രമായിരുന്നു ഇതിനെ എതിർത്തത്. വാക്സിൻ വിരുദ്ധരെ പിന്തുണയ്ക്കുന്ന നിലപാടാണ് ഫ്രീഡം പാർട്ടിക്കുള്ളത്.-
മറുനാടന് ഡെസ്ക്