കൊച്ചി: കന്യാസ്ത്രീക്കെതിരായ പീഡന കേിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജനവികാരം ശക്തമായതോടെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ഭയന്നാണ് ബിഷപ്പ് ഹൈക്കോടതിയിൽ പരാതി നൽകിയത്. കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന മെത്രാന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്തു വന്നു. കന്യാസ്ത്രീക്ക് തന്നോടുള്ള വ്യക്തി വിരോധമാണ് പരാതിക്ക് പിന്നിലെന്ന് മെത്രാൻ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു.

ഈ കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയാണ്. താൻ പലതവണ കന്യാസ്ത്രീയെ ശാസിച്ചിട്ടുണ്ടെന്നും ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. പീഡന പരാതിയിൽ തനിക്കെതിരെയുള്ളത് വ്യക്തമായ ഗൂഢാലോചനയാണ് അതുകൊണ്ട് അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും ബിഷപ്പ് ഹർജിയിൽ പറയുന്നു. ഹർജിക്കൊപ്പം കന്യാസ്ത്രിക്കെതിരായ പരാതികളും ഹാജരാക്കും. പീഡന പരാതി കെട്ടിച്ചമച്ചതാണ്. കന്യാസ്ത്രീയുടെ കുടുംബാംഗലങ്ങൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെുത്തി. തുടങ്ങി ഗുരുതര ആരോപണങ്ങളാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഫ്രാങ്കോ മുളയ്ക്കൽ ആരോപിക്കുന്നത്.

നാളെ രാവിലെ 10 മണിക്കാണ് ബിഷപ്പിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ന് തന്നെ ബിഷപ്പ് ഹാജരാകുമെന്ന് അന്വേഷണസംഘം കരുതുന്നുണ്ട്. എന്നാൽ, ബിഷപ്പ് ഹാജരാകുന്ന ദിവസം അറസ്റ്റിന് സാധ്യതയില്ല. മൂന്നുദിവസംവരെ ചോദ്യംചെയ്തേക്കുമെന്നാണ് സൂചനകൾ. സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തി. വൈക്കത്ത് അന്വേഷണസംഘത്തിന് മുന്നിൽ ബിഷപ്പ് ഹാജരായാലും മറ്റെവിടെയെങ്കിലുമാകും ചോദ്യംചെയ്യുക. സുരക്ഷയെ കരുതി ചോദ്യംചെയ്യൽ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റാനും നീക്കമുണ്ട്. അതിനിടെ, ബിഷപ്പ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നു സൂചനയുണ്ട്. അതേസമയം ബിഷപ്പ് കേരളത്തിലെത്തിയതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്.

നാളെ പൊലീസിന് മുമ്പിൽ ഹാജരാകുന്ന ബിഷപ്പിനെ ആദ്യ ദിവസം ചോദ്യം ചെയ്യുക അഞ്ചുപേരുടെ സംഘമാണ്. ഇതുവരെ ലഭിച്ച മൊഴികൾ, തെളിവുകൾ, പരാതികൾ എന്നിവ അടിസ്ഥാനമാക്കി നൂറിലേറെ ചോദ്യങ്ങളും അവയുടെ ഉപചോദ്യങ്ങളും പൊലീസ് തയാറാക്കി. വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷ് ചോദ്യം ചെയ്യലിനു നേതൃത്വം നൽകും. രണ്ടു സിഐമാരും രണ്ട് എസ്ഐമാരും ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിൽ പങ്കെടുക്കും. രണ്ടാം ഘട്ടത്തിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ഐജി വിജയ് സാക്കറെ എന്നിവരും ചോദ്യം ചെയ്യലിൽ പങ്കുചേരും.

അതേസമയം അറസ്റ്റ് ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം 11-ാം ദിവസത്തിലേക്ക് കടന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരിയും തിങ്കളാഴ്ചമുതൽ ഹൈക്കോടതി ജങ്ഷനിലെ സമരപ്പന്തലിൽ നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. ബിഷപ്പ് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകുന്നത് കണക്കിലെടുത്ത് ചൊവ്വാഴ്ചമുതൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും സമരം തുടങ്ങുമെന്നും പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ. പി. ഗീതയും നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുറവിലങ്ങാട് ചൊവ്വാഴ്ച ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. സമരം നടത്തുന്ന കന്യാസ്ത്രീകൾക്ക് ആർ.എസ്‌പി. പ്രവർത്തകർ വേദിയിലെത്തി പിന്തുണ പ്രഖ്യാപിക്കും. മുന്മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തിലാണ് പാർട്ടി പ്രവർത്തകരെത്തുക.

അതേസമയം ബിഷപ് ഇന്ന് ഉച്ചയോടെ കേരളത്തിൽ എത്തുമെന്നാണ് ജലന്ധർ രൂപതയിൽ നിന്നുമുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പൊലീസ് സംരക്ഷണത്തിലോ പൊലീസ് വാഹനത്തിലോ ആയിരിക്കും ബിഷപ്പിനെ വൈക്കം ഡിവൈഎസ്‌പി ഓഫിസിൽ എത്തിക്കുക. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഇത്. ജില്ലാ പൊലീസ് മേധാവി ഹരി ശങ്കർ ഇന്നലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. ചോദ്യം ചെയ്യൽ നടക്കുന്നിടത്ത് വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും.

കൂടുതൽ പൊലീസുകാർ ഇന്ന് ഉച്ചയോടെ കോട്ടയത്ത് എത്തും. ചോദ്യം ചെയ്യൽ സ്ഥലത്തും ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും വിന്യസിക്കാനാണിത്. പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലും പൊലീസ് സുരക്ഷ ശക്തമാക്കി. കേസിൽ ബിഷപ് ഫ്രാങ്കോ മുൻകൂർ ജാമ്യത്തിനു ശ്രമിക്കേണ്ടതില്ലെന്ന നിലപാടാണു ജലന്തർ രൂപതാ നേതൃത്വം നേരത്തേ സ്വീകരിച്ചിരുന്നത്. കേസിൽ ചോദ്യം ചെയ്യലിനുവേണ്ടി നാളെ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാവാൻ നിർദ്ദേശിച്ചതോടെയാണു മുൻകൂർ ജാമ്യം അടക്കമുള്ള നിയമസാധ്യതകൾ പരിശോധിക്കാൻ ബിഷപ്പിനു വേണ്ടി നിലകൊള്ളുന്നവർ തയാറായത്. തെളിവുകൾ ബിഷപ്പിന് എതിരാണെന്ന വിലയിരുത്തലെത്തിയിരുന്നു. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അറസ്റ്റ ്ചെയ്യാനുള്ള സാധ്യത ഏറെയാണ്.

പീഡന പരാതിയിൽ രണ്ടാം തവണയാണ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ആദ്യ തവണ ജലന്ധറിൽ വെച്ച് ചോദ്യം ചെയ്തിരുന്നു. ഒമ്പതു മണിക്കൂറായിരുന്നു അന്ന് ചോദ്യം ചെയ്തത്. നാളത്തെ ചോദ്യം ചെയ്യലിൽ നൽകുന്ന മറുപടി കൃത്യമല്ലെങ്കിൽ ചിലപ്പോൾ അറസ്റ്റിലേക്ക് വരെ അത് നീണ്ടോക്കാമെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തൽ. ജലന്ധറിൽ നിന്നും കേരളത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്ന ബിഷപ്പിനൊപ്പം സന്തത സഹചാരിയും രൂപത പിആർഒ യുമായ ഫാ. പീറ്റർ കാവുംപുറവും ഉണ്ടാകും. അതേസമയം ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമേ ബിഷപ്പിന് ജലന്ധറിലേക്ക് മടങ്ങാൻ കഴിയൂ.