കണ്ണൂർ: സംസ്ഥാനത്തെ ആദ്യ വനിതാ സഹകരണ സംഘത്തിൽ നിന്നും ഇതാ ഒരു കോടി രൂപയുടെ തട്ടിപ്പിന്റെ കഥ. കണ്ണൂർ പാപ്പിനിശ്ശേരി വനിതാ സഹകരണ സംഘത്തിലെ വനിതാ കലക്ഷൻ ഏജന്റാണ് ഇടപാടുകാരിൽ നിന്നായി ഒരു കോടിയോളം രൂപയുടെ തട്ടിയെടുത്തത്. ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്‌ക്കീമിൽ ചേർന്ന സ്ത്രീകളടക്കമുള്ള 86 പേരെയാണ് ഈ സ്ത്രീ കബളിപ്പിച്ചത്.

ഈ ഇനത്തിൽ മാത്രം 86 ലക്ഷം രൂപയാണ് തട്ടിപ്പ് നടത്തിയത്. സ്വന്തം ജീവിത പ്രാരാബ്ദവും ദുരിതവും ഇടപാടുകാരോട് വിവരിച്ച് അനുകമ്പ നേടി ഓരോരുത്തരേയും ഈ വനിതാകലക്ഷൻ ഏജന്റ് തട്ടിപ്പിനിരയാക്കുകയായിരുന്നു. കലക്ഷൻ ഏജന്റിന്റെ പ്രലോഭനത്തിൽ കുടുങ്ങി വായ്പ എടുത്ത 86 പേരുടേയും വായ്പ തിരിച്ചടവില്ലാത്തതിനാൽ സംഘത്തിൽ നിന്നും നോട്ടീസ് അയച്ചതോടെയാണ് സംഭവം പുറത്തായത്.

ഇടപാടുകാർക്ക് വായ്പ തിരിച്ചടക്കാൻ വേണ്ടി സംഘം സഹകരണ ആർബിട്രേഷനെ സമീപിക്കുകയും അവർ ഇടപാടുകാർക്ക് നോട്ടീസ് അയക്കുകയും ചെയ്തതോടെയാണ് തട്ടിപ്പനിരയായവർ സഹകരണ വകുപ്പിനെ സമീപിച്ചത്. ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്‌ക്കീമിലെ തുകക്ക് പുറമേ സ്‌ക്കീം പ്രകാരം ശേഖരിച്ച 18 ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതി ഉയർന്നിട്ടുണ്ട്. പാപ്പിനിശ്ശേരി വെസ്റ്റ് പ്രദേശത്തുള്ളവരാണ് കലക്ഷൻ ഏജന്റിനാൽ വഞ്ചിക്കപ്പെട്ടവരിലേറേയും. സംഘത്തിൽ നിന്നും സഹകരണ വകുപ്പിൽ നിന്നും നോട്ടീസ് ലഭിച്ചതോടെ തട്ടിപ്പിനിരയായ വനിതകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി സംഘത്തിന് മുന്നിലെത്തി. വളപട്ടണം പൊലീസ് എത്തിയാണ് അവരെ ശാന്തരാക്കിയത്.

2016 ഓഗസ്റ്റിലാണ് ഈ വെട്ടിപ്പ് പുറത്തായത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഗ്രൂപ്പ് െഡപ്പോസിറ്റിൽനിന്ന് ഇടപാടുകാരെ വഞ്ചിച്ച് ലക്ഷങ്ങൾ വെട്ടിച്ചതിന്റെ കണക്കും പുറത്തായത്. തട്ടിപ്പ് കണ്ടെത്തിയതോടെ ബാങ്ക് ഭരണസമിതി സഹകരണ വകുപ്പിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കളക്ഷൻ ഏജന്റിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും തട്ടിപ്പ് നടത്തിയത് സമ്മതിക്കുകയും ചെയ്തിരുന്നു. തുടർന്ന് കളക്ഷൻ ഏജന്റിനെ രണ്ടുമാസം മുൻപ് ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു.

സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ വഞ്ചിക്കപ്പെട്ട ഇടപാടുകാരിൽ നിന്നും തെളിവെടുപ്പ് നടത്തി. തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വനിതാ കളക്ഷൻ ഏജന്റ് സ്ഥലത്തെത്തിയെങ്കിലും അവർ വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ല. ഇവരെ രണ്ടു മാസം മുമ്പ് സംഘത്തിൽ നിന്നും പിരിച്ചു വിട്ടതായും വിവരമുണ്ട്. ഇത്രയും ഭീമമായ തട്ടിപ്പ് നടത്തിയിട്ടും യഥാ സമയം ഇത് കണ്ടെത്താൻ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ഇടപാടുകാർ ആരോപിക്കുന്നു.

ഇക്കാര്യത്തിൽ ദുരൂഹതയുണ്ടെന്നും അവർ പറയുന്നു. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് വീണ്ടും സംഘത്തിലെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കും. അതോടെ തട്ടിപ്പ് സംബന്ധിച്ച് ഔദ്യോഗികമായി തന്നെ പൊലീസിന് പരാതി നൽകും. വനിതയായ കലക്ഷൻ ഏജന്റ് തനിച്ച് ഇത്രയും വലിയ തട്ടിപ്പ് നടത്തിയതിനെക്കുറിച്ചും ദുരൂഹതയുണ്ട്. ഈ തട്ടിപ്പിന് പിന്നിൽ മറ്റാരുടേയോ കൈകൾ കൂടിയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എട്ടാമത് സഹകരണ കോൺഗ്രസ്സ് കണ്ണൂരിൽ നടക്കാനിരിക്കേയാണ് സഹകരണ മേഖലക്കു തന്നെ കളങ്കമാകുന്ന ഇത്തരം ഒരു വാർത്ത പുറത്ത് വന്നത്.