ആലപ്പുഴ: ചെറുതും വലതുമായ തട്ടിപ്പുകൾ പലതും പുറത്തേക്കൊഴുകുന്നു, വെള്ളാപ്പള്ളി കൂടുതൽ കുരുക്കിലേക്ക്. മൈക്രോഫിനാൻസിന് പുറമെ യോഗം മുഖപത്രമായ യോഗനാദത്തിന്റെയും ശിവഗിരി അന്നദാനത്തിന്റെ പേരിലും തട്ടിപ്പ് നടന്നതായി സൂചന. വെള്ളാപ്പള്ളി മാനേജർ പദവി അലങ്കരിക്കുന്ന എസ് എൻ സ്ഥാപനങ്ങളിൽ പ്രവേശനത്തിനും നിയമനത്തിനും പണം നൽകുമ്പോൾ ഒപ്പം യോഗനാദത്തിന്റെ വാർഷിക വരിക്കാരനാവുകയും ശിവഗിരി ആശ്രമത്തിൽ അന്നദാനത്തിനുള്ള വരിസംഖ്യ അടയ്ക്കുകയും ചെയ്യണമെന്നാണ് നിയമം.

രണ്ടിനും നൂറു രൂപ വച്ചാണ് പിരിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് എൻ എൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന എണ്ണമറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് ഇത്തരത്തിൽ പണം പിരിച്ച് തട്ടിപ്പ് നടത്തുന്നത്. നൂറു കണക്കിനു സ്ഥാപനങ്ങളിലെ അദ്ധ്യാപകരും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുമായി ലക്ഷക്കണക്കിനു പേരിൽനിന്നു ഇത്തരത്തിൽ പിരിച്ചാൽകിട്ടുന്ന കോടികൾ എങ്ങോട്ടേക്കാണു പോകുന്നതെന്ന് ആർക്കുമറിയില്ലെന്നതാണു സ്ത്യം.

അവ വെള്ളാപ്പള്ളിയുടെ അക്കൗണ്ടിലേക്ക് വകമാറ്റിയെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്. നേരത്തെ വെള്ളാപ്പള്ളിയുടെ അടുത്ത അനുയായികളും ഇപ്പോൾ വിഘടിതരോടൊപ്പം നിൽക്കുന്നവരുമായ കണിച്ചുകുളങ്ങര കൂട്ടായ്മതന്നെയാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ തെളിവുകൾ പുറത്തുവിടുമെന്നാണ് ഇവർ സൂചന നൽകിയത്. നിയമപ്രകാരം ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ മാനേജർ പദവി യോഗം ജനറൽ സെക്രട്ടറിക്കാണ്.

അപ്പോൾ സ്ഥാപനങ്ങളിൽ ഏതുതരത്തിലുള്ള പണപ്പിരിവ് നടന്നാലും ഉത്തരവാദിത്വം സെക്രട്ടറിക്കാണ്. എന്നാൽ വർഷങ്ങളായി നടക്കുന്ന ഇത്തരത്തിലുള്ള പണപ്പിരിവിനെ കുറിച്ച് യാതൊന്നും വെള്ളാപ്പള്ളി പറഞ്ഞിട്ടില്ല. സമുദായംഗങ്ങൾക്കുപോലും ആണ്ടിനും സംക്രാന്തിക്കും മാത്രം കിട്ടുന്ന യോഗനാദം പണം കൊടുത്ത് വരിക്കാരായി മാറിയ വിദ്യാർത്ഥികളോ ജീവനക്കാരോ ഇതേവരെ കണ്ടിട്ടുപോലുമില്ല.

എങ്ങനെയെങ്കിലും പ്രവേശനമോ നിയമനമോ കിട്ടണമെന്ന ലക്ഷ്യം വച്ച്്് എത്തുന്നവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ലെന്നുള്ളതാണ് തട്ടിപ്പിന് കൂടുതൽ സാഹചര്യമൊരുക്കുന്നത്. പണം ഒടുക്കിക്കഴിഞ്ഞാൽ പിന്നെ അന്നദാനവുമില്ല യോഗനാദവുമില്ലാത്ത അവസ്ഥയാണിപ്പോൾ. വെള്ളാപ്പള്ളിയുടെ അന്നദാനത്തെക്കുറിച്ച് ശിവഗിരി മഠത്തിന് അറിയില്ല. ശിവഗിരിയിലെ അന്തേവാസികൾക്കുള്ള അന്നദാനത്തിന്റെ പേരിൽ പിരിച്ചെടുത്ത പണവും വെള്ളാപ്പള്ളി മുക്കിയെന്നാണ് വിഘടിത വിഭാഗം പറയുന്നത്. ശാശ്വതികാനന്ദയുടെ മരണശേഷം ശിവഗിരി വിട്ട വെള്ളാപ്പള്ളി പിന്നീട് മഠത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. സ്വാമിമാരുമായുള്ള വാഗ്വാദങ്ങളിൽ ഏർപ്പെട്ടതല്ലാതെ യാതൊരു ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്നാണ് മഠം നൽകുന്ന സൂചന.

മഠവുമായി തെറ്റിപ്പിരിഞ്ഞ വെള്ളാപ്പള്ളി അത്തരത്തിൽ പണപ്പിരിവ് നിർത്തിവെക്കാൻ നിർദേശിക്കുകയും ചെയ്തിട്ടില്ല. മഠത്തിനായി വെള്ളാപ്പള്ളി ചെയ്യുന്ന സേവനങ്ങൾ ഏതുസമയവും പരിശോധിക്കാവുന്നതാണെന്നാണു മഠവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞത്. മഠത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമാണ്. എല്ലാത്തിനും കൃത്യമായ രേഖകളും കണക്കുകളും സൂക്ഷിച്ചിട്ടുണ്ട്. ദുരൂഹതകളില്ലാതെയാണ് മഠം പ്രവർത്തിക്കുന്നതെന്നും അടുത്തവൃത്തങ്ങൾ സൂചിപിച്ചു.