- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ഫ്രിഡ്ജിൽ നിന്നു തീ പടർന്ന് വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു; എൽ.ജി ഇലക്ട്രോണിക്സിനെ എതിർ കക്ഷിയാക്കിയ കേസിൽ 14.30 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
ചേർത്തല: പുതുതായി വാങ്ങിയ ഫ്രിഡ്ജിൽ നിന്നും തീപടർന്ന് വീടും വീട്ടുപകരണങ്ങളും കത്തിനശിച്ച സംഭവത്തിൽ വീട്ടുടമയ്ക്ക് 14.30 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. വടക്കനാര്യാട് പൊന്നിട്ടശേരി വീട്ടിൽ പുഷ്പാംഗദന് വേണ്ടി മകൻ വിനോദ് പി.ലാൽ എൽ.ജി ഇലക്ട്രോണിക്‌സ് ഉൾപ്പെടെയുള്ളവരെ എതിർ കക്ഷിയാക്കി നൽകിയ ഹർജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2017 ഫെബ്രുവരി 9ന് വാങ്ങിയ ഫ്രിഡ്ജിൽ നിന്നും 15ന് പുലർച്ചെ 1.30ന് തീപടർന്നാണ് വീട്, ടി.വി.,വാഷിങ് മെഷീൻ, വീട്ടുപകരണങ്ങൾ, വസ്തുവിന്റെ പ്രമാണം തുടങ്ങിയവ കത്തി നശിച്ചത്. എസ്.സന്തോഷ് കുമാർ പ്രസിഡന്റും സി.കെ.ലേഖമ്മ അംഗവുമായ കമ്മിഷനാണ് 9 ശതമാനം പലിശയടക്കം നഷ്ടപരിഹാരമായി 14.30 ലക്ഷം രൂപ നൽകാൻ ഉത്തരവായത്.ഹർജിക്കാരന് വേണ്ടി അഡ്വ.വി.പ്രമോദ് ഹാജരായി.
സമാനമായി വിധത്തിൽ ഫ്രിഡ്ജിൽ നിന്നും തീപടർന്ന് പൂട്ടിയിട്ട വീട് കത്തിനശിച്ച സംഭവം കഴിഞ്ഞ ദിവസം കുമ്പളയിൽ ഉണ്ടായിരുന്നു. ബംബ്രാണയിൽ റഷീദിന്റെ ഇരുനില കോൺക്രീറ്റ് വീട്ടിൽ ഇന്നലെ രാവിലെയാണ് സംഭവം. പാചക വാതക സിലിണ്ടർ ഒഴികെ ഗ്യാസ് സ്റ്റൗ, ഫ്രിജ്, പാത്രങ്ങളും മറ്റും അടുക്കി വച്ച കാബിൻ, സീലിങ്, ടൈൽസ് പാകിയ നിലം, പ്ലൈവുഡ്, ഇലക്ട്രോണിക്‌സ് സാമഗ്രികൾ ഉൾപ്പെടെ അടുക്കള എന്നിവ പൂർണമായും കത്തിനശിച്ചു.
താഴെയും മുകളിലും ഉള്ള കിടപ്പുമുറികളും മറ്റും പുക നിറഞ്ഞ് കരി മൂടിയ നിലയിലായിരുന്നു. ഫാനുകളും ഫർണിച്ചറും നശിച്ചു. പാചക വാതക സിലിണ്ടറിലേക്കു തീ പടരാഞ്ഞതിനാൽ വൻ അത്യാഹിതം ഒഴിവായി. സിലിണ്ടർ പ്രത്യേക അറയിലും വാൽവ് ഓഫ് ചെയ്ത നിലയിലും ആയിരുന്നു. ഇന്നലെ രാവിലെ 7നാണ് വീട്ടിൽ നിന്ന് പുറത്തേക്ക് പുക ഉയരുന്നത് കണ്ടത്. വിവരം അറിഞ്ഞ ഉടൻ എകെസി ക്ലബ് പ്രസിഡന്റ് കാക്കാ മുഹമ്മദ്, മൊയ്തീൻ എന്നിവരുടെ നേതൃത്വത്തിലും ഉപ്പളയിൽ നിന്നു അഗ്‌നിരക്ഷാസേനയും എത്തിയാണ് തീ പൂർണമായും അണച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ