മലപ്പുറം: പാവങ്ങളുടെയും ആദിവാസികളുടെയും സ്വന്തം ഡോക്ടർ എന്നറിയപ്പെടുന്ന നിലമ്പൂർ വടപുറം സ്വദേശി ഡോക്ടർ ഷാനവാസ് പി.സി യുടെ വിയോഗം കഴിഞ്ഞ് ഒരു വർഷം തികയാനിരിക്കെ ഡോക്ടറുടെ മരണം വീണ്ടും ചർച്ചയായിരിക്കുകയാണ്. ഷാനവാസിന്റെ ഉറ്റ സുഹൃത്തും ഷാനവാസ് രൂപീകരിച്ച ആത്മ ട്രസ്റ്റിന്റെ മേൽനോട്ടക്കാരനുമായ അനീഷ് എ.കെ.എസ്സിനെ പീഡന കേസിൽ ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതോടെയാണ് സമൂഹ്യമാദ്ധ്യമങ്ങളിൽ ഷാനവാസിന്റെ മരണം വീണ്ടും ചർച്ചയായിരിക്കുന്നത്. ഷാനവാസിന്റെ മരണം ദുരൂഹതകളുണ്ടെന്നും കൂട്ടുകാരന്റെ അറസ്റ്റ് വ്യത്യസ്ത വ്യാഖ്യാനങ്ങൾ നൽകി സോഷ്യൽ മീഡിയ ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ മറുനാടൻ മലയാളി സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്കൊരു അന്വേഷണം നടത്തുകയാണ്.

സർക്കാർ ഡോക്ടറായി മലപ്പുറം, പാലക്കാട് ജില്ലകളുടെ വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ടിച്ച ഡോക്ടർ ഷാനവാസിനെ വേറിട്ടു നിർത്തിയത് തന്റെ ആദിവാസികൾക്കിടയിലെ ചാരിറ്റി പ്രവർത്തനങ്ങളായിരുന്നു.കിലോമീറ്ററുകൾ താണ്ടി ഉൾവനത്തിലെ ആദിവാസി ഊരുകളിലെത്തി ഭക്ഷണവും വസ്ത്രവും ഒപ്പം സൗജന്യ ചികിത്സയും നൽകി ഷാനവാസിന്റെ നിസ്വാർത്ഥമായുള്ള പ്രവർത്തനങ്ങൾ ഏവരെയും അതിശയിപ്പിച്ചതാണ്. ഷാനവാസിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ ആദ്യമായി സമൂഹമധ്യത്തിലെത്തിച്ചത് മറുനാടൻ മലയാളിയായിരുന്നു. പിന്നീട് ഷാനവാസിന്റെ പ്രവർത്തിനങ്ങളിൽ ആകൃഷ്ടരായ നിരവധി പേർ പിന്തുണ നൽകുകയുണ്ടായി.

മരുന്ന് മാഫിയകളും അധികാരികളും തമ്മിലുള്ള കൂട്ടുകെട്ടിനെതിരെയും പാവങ്ങളെ ചൂഷണം ചെയ്യുന്ന മുരന്നു കമ്പനികൾക്കെതിരെയും ധീര നിലപാടെടുക്കാനും ഷാനവാസ് ജീവിതം മാറ്റി വെക്കുകയുണ്ടായി. ഇത് ഏറെ എതിർപ്പുകൾക്കും മറ്റു നടപടി നേരിടുന്നതിലേക്കും ഷാനവാസിനെ എത്തിച്ചു. എന്നാൽ ഡ്യൂട്ടിയിലെ വീഴ്ച ചൂണ്ടിക്കാട്ടിയ പരാതിന്മേൽ ഷാനവാസിനെ ആരോഗ്യ വകുപ്പ് മരണത്തിന് ദിവസങ്ങൾക്കു മുമ്പ് സ്ഥലം മാറ്റാൻ ഉത്തരവിടുകയായിരുന്നു.

എന്നാൽ ആരോഗ്യ വകുപ്പിന്റെ ഈ ഉത്തരവിൽ ദുരൂഹതയുണ്ടെന്നും ഉന്നതരെ കൂട്ടുപിടിച്ച് തന്നോട് പ്രതികാരം ചെയ്യുകയാണെന്നും ഷാനവാസ് മരിക്കുന്നതിന്റെ മണിക്കൂറുകൾക്കു മുമ്പ് ലേഖകനെ വിളിച്ചറിയിക്കുകയുണ്ടായി. ഷാനവാസിന്റെ മരണ ശേഷം ഈ ശബ്ദരേഖ മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. സോഷ്യൽ മീഡിയ ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ട മരണമായിരുന്നു ഷാനവാസ് പിസിയുടേത്. എന്നാൽ ഭക്ഷണാവശിഷ്ടം അന്നനാളത്തിൽ പ്രവേശിച്ച് സ്‌പോട്ട് ഡെത്ത് സംഭവിക്കുകയായിരുന്നെന്ന് മെഡിക്കൽ റിപ്പോർട്ടുകളെല്ലാം തന്നെ വ്യക്തമാക്കുകയുണ്ടായി. കേസ് അന്വേഷ ഉദ്യോഗസ്ഥരെല്ലാം ഇതുതന്നെ ആവർത്തിച്ചു. ഷാനവാസിന്റെ മരണത്തിനു തൊട്ടു പിന്നാലെ ഷാനവാസ് ജീവിതകാലത്ത് രൂപവൽകരിച്ച ആത്മട്രസ്റ്റ് അംഗങ്ങൾക്ക് ഏറെ എതിർപ്പുകൾ നേരിടേണ്ടി വന്നതും മരണത്തിലെ ദുരൂഹതകളുമായി ബന്ധപ്പെട്ടായിരുന്നു. എന്നാൽ ഷാനവാസിന്റെ പേരിലുള്ള തുടർ പ്രവർത്തനമായി ആത്മയെ അനേകമാളുകൾ കണ്ടു.

2016 ഫെബ്രുവരി 13ന് ഷാനവാസ് പി.സിയുടെ മരണത്തിന് ഒരു വർഷം തികയാനിരിക്കെ ആത്മയുടെ ട്രസ്റ്റി കൂടിയായ അനീഷ് എ.കെ.എസ്സിന്റെ അറസ്റ്റും റിമാൻഡും വലിയ ആഘാതമാണ് ആത്മാചാരിറ്റബിൾ ട്രസ്റ്റിനും ഷാനവാസിനെ സ്‌നേഹിക്കുന്നവർക്കും ഉണ്ടാക്കിയിട്ടുള്ളത്. തൃശൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിലായിരുന്നു അനീഷിനെ കഴിഞ്ഞാഴ്ച പാവർട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ബി.ടെക്ക് ബിരുധദാരിയായ യുവതി ദുബായിൽ ഒരു കമ്പനിയിൽ ജോലിചെയ്തു വരികയാണ്. ഇതിനിടെ കഴിഞ്ഞ എട്ടു മാസമായി അനീഷുമായി ഫേയ്‌സ്ബുക്കിലൂടെ അടുക്കുകയും ഈ സൗഹൃദം പിന്നീട് പ്രണയമാകുകയും ചെയ്തു.

പിന്നീട് അനീഷ് സൗദിയിലെ പിതാവിന്റെ കടയിലേക്ക് പോകുകയുണ്ടായി. എന്നാൽ ഇതിനിടെ നാട്ടിലുള്ളപ്പോൾ പലതവണ യുവതിയെ അനീഷ് നേരിൽ കാണുകയും വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതായും കാണിച്ചാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഈ പരാതിന്മേൽ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് റിമാൻഡിലടക്കുകയുമായിരുന്നു. അനീഷ് വിവാഹം കഴിക്കാൻ തയ്യാറല്ലെന്ന് യുവതിയുടെ വീട്ടുകാരോട് പല തവണ പറഞ്ഞിരുന്നതായും ഇപ്പോഴുള്ള പരാതിക്കു പിന്നിൽ ചിലർ പ്രവർത്തിക്കുന്നതായും അനീഷിന്റെ കൂട്ടാകാർ പറയുന്നു. വിദേശത്തായിരുന്ന അനീഷിന്റെ വിവാഹം മറ്റൊരു യുവതിയുമായി വീട്ടുകാർ ഉറപ്പിച്ച സാഹചര്യത്തിലായിരുന്നു അനീഷിനെതിരെയുള്ള പരാതിയും അറസ്റ്റുമെല്ലാം ഉണ്ടായിരിക്കുന്നത്.

എന്നാൽ സത്യം ബോധ്യപ്പെടും വരെ ആത്മയുടെ സ്ഥാനങ്ങളിൽ നിന്നും മാറിനിൽക്കുന്നതായി അനീഷ് ആത്മ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. അനീഷിന്റെ സംഭവത്തിൽ ആത്മ ട്രസ്റ്റിന് യാതൊരു പങ്കുമില്ലെന്നും ഈ സംഭവം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം മാത്രമാണെന്നും ആത്മ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ജാഫർ കൊണ്ടോട്ടി മറുനാടനോടു പറഞ്ഞു. കേസിനു പിന്നിൽ ഇപ്പോഴുള്ളത് ആത്മയോട് വൈരാഗ്യമുള്ളവരാണെന്നും ഇനി പരാതിക്കാരിക്ക് നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ കുറ്റവാളി ശിക്ഷിക്കപ്പെടണമെന്നും ജാഫർ വ്യക്തമാക്കി. ഷാനവാസ് ഏറ്റെടുത്ത ദൗത്യങ്ങളുടെ തുടർച്ചയെന്നോണം ചാരിറ്റി പ്രവർത്തനങ്ങൾ ആദിവസി ഊരുകൾ കേന്ദ്രീകരിച്ചും നിത്യരോഗികൾക്ക് തണലേകിയും ആത്മ പ്രവർത്തനം നടത്തി വരികയാണ്. എന്നാൽ ഷാനവാസിന്റെ മരണ ദിവസം കാറിലുണ്ടായിരുന്ന അനീഷിന്റെ അറസ്റ്റോടെ സംശയത്തിന്റെ മുനകളോടെയാണ് അനീഷ് അടക്കമുള്ള സുഹൃത്തുക്കളുടെ നേരെ ശത്രുക്കൾ അമ്പെയ്ത് നടത്തുന്നത്.

2015 ഫെബ്രുവരി 13ന് രാത്രിയിൽ അമിതമായി മദ്യപിച്ച ഷാനവാസ് സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും കാറിൽ വരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. യാത്രക്കിടെ ഷാനവാസിനെ വിളിച്ചുണർത്തിയെങ്കിലും ഉണരാതായതോടെ സുഹൃത്തുക്കൾ ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. മദ്യപിച്ച് ഛർദിച്ചതിനാൽ വസ്ത്രം മുഷിഞ്ഞിരുന്നു. ആദ്യം വീട്ടിലെത്തി ശരീരം കഴുകിയ ശേഷം വസ്ത്രം ധരിപ്പിച്ച് എടവണ്ണ രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ ഷാനവാസിനെ അറിയുന്ന ഡോക്ടർമാർ ഉണ്ടെന്നതാണ് ഇവിടെ പ്രവേശിക്കാതെ എടവണ്ണയിൽ കൊണ്ടുപോയതെന്ന് കൂടെയാത്ര ചെയ്ത സുഹൃത്തുക്കൾ പറയുന്നു. ഷാനവാസ് അമിതമായി മദ്യപിച്ച വിവരം അറിയാതിരിക്കാനാണ് സുഹൃത്തുക്കൾ ഇതു ചെയ്തതെങ്കിലും ഈ സംഭവമാണ് ഇവർക്കു നേരെ സംശയത്തിന്റെ മുനകൾ ഉയർത്താൻ ഇടയാക്കിയത്.

ഷാനവാസിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെയും കൂടെയാത്ര ചെയ്തവരുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം മൊഴികൾ എടവണ്ണ പൊലീസ് എടുത്തിരുന്നു. ഇതിൽ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അന്ന നാളത്തിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടമാണ് മരണ കാരണമെന്ന് രേഖപ്പെടുത്തിയതായും എടവണ്ണ എസ്.ഐ മറുനാടൻ മലയാളിയോടു പറഞ്ഞു. മാത്രമല്ല, ഏതാനും ദിവസങ്ങൾക്കു മുമ്പ് പുറത്തു വന്ന ആന്തരികാവസവങ്ങളുടെ പരിശോധനാ ഫലത്തിലും ഭക്ഷണാവശിഷ്ടം കണ്ടെത്തിയതായും മറ്റു അസ്വാഭാവികതകൾ ഇല്ലെന്നും പൊലീസ് പറഞ്ഞു. ഈ കേസ് റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചതായും എസ്.ഐ പറഞ്ഞു. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഷാനവാസിന്റെ സുഹൃത്തുക്കളായ ചിലരെ ചോദ്യം ചെയ്യാനും പ്രതിചേർക്കാനും കടുത്ത സമ്മർദമുണ്ടായതായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.