ന്യൂഡൽഹി: മദ്യം തലയ്ക്ക് കയറിയ യുവാവ് ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന്റെ നാലാംനിലയിൽനിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഡൽഹിയിലെ ബീഗംപൂരിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി രോഹിണിയിലെ ബി സ് എ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി രോഹൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ജോലി ചെയ്യുന്ന യുവതിയാണ് പീഡനത്തിനിരയായത്. യുവതിയെ ഡൽഹിയിലെ ബിഎസ്എ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ പീഡിപ്പിച്ച സുഹൃത്ത് രോഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുമായി ഒരുമിച്ച് ജോലി ചെയ്തിരുന്ന രോഹിത് തന്ത്രപരമായി അവരെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് സംഭവം. എല്ലാവരേയും അച്ഛന്റെ കാറിൽ കൊണ്ടിറക്കാമെന്ന് വാഗ്ദാനം ചെയ്ത രോഹിത് കാറെടുക്കാനെന്ന് പറഞ്ഞ് യുവതിയുമായി കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടു പോകുകയായിരുന്നു.

മറ്റ് സഹപ്രവർത്തകരോട് ബീഗംപൂരിൽ കാത്തിരിക്കാൻ പറഞ്ഞ ശേഷമാണ് യുവതിയെ കൂട്ടി ഇയാൾ പോയത്. കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്ത് തന്റെ അച്ഛന്റെ കാറ് പാർക്ക് ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ യുവതിയെ കൂട്ടിക്കൊണ്ടു വന്നത്. അര മണിക്കൂറിന് ശേഷം കെട്ടിടത്തിന് മുകളിൽ നിന്നും ആരോ വീഴുന്ന ശബ്ദം കേട്ട് മറ്റുള്ളവർ എത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

മദ്യപിച്ചിരുന്നതായും പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നും രോഹൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.