ന്യൂഡൽഹി: രാജ്യത്താകമാനം വൻതോതിലുള്ള പ്രതിഷേധത്തിനും ജനങ്ങളുടെ നടുവൊടിക്കുന്ന വിലക്കയറ്റത്തിനും വഴിയൊരുക്കി ഇന്ധനവില ദിനംപ്രതി കുതിച്ചുയരുകയാണ്. ഇന്നലെ കോൺഗ്രസ്സും ഇടതുപാർട്ടികളും ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ ചേർന്ന് നടത്തിയ ഭാരതബന്ദിൽ ആ പ്രതിഷേധം വ്യക്തമായിരുന്നു. അടുത്തകാലത്തൊന്നുമില്ലാത്തവിധം ഉത്തരേന്ത്യൻ നഗരങ്ങളിലുൾപ്പെടെ ഭാരതബന്ദ് ചലനങ്ങളുണ്ടാക്കി. ഇന്ധനവിലക്കയറ്റം തങ്ങളുടെ നിയന്ത്രണത്തിൽ വരുന്ന കാര്യമല്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ രംഗത്തുവരുമ്പോഴും ജനങ്ങൾ വിരൽചൂണ്ടുന്നത് കേന്ദ്ര സർ്ക്കാരിനുനേർക്കുതന്നെയാണ്.

തുടർച്ചായയ 42-ാം ദിവസവും പെട്രോളിനും ഡീസലിനും വില ഉയർന്നുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിൽ പെട്രോൾ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലേക്കെത്തി. എണ്ണ ഉദ്പാദക രാജ്യങ്ങൾ ഉദ്പാദനം കുറച്ചതാണ് വിലകൂടാൻ കാരണമായി കേന്ദ്രസർക്കാർ പറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് ഇന്ധനവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. ക്രൂഡ് ഓയിൽ വിലയിലെ വ്യത്യാസവും രൂപയുടെ വിനിമയ മൂല്യവുമാണ് ഇതിൽ പ്രധാനം. ക്രൂഡ് ഓയിൽവില കുറഞ്ഞെങ്കിലും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ഇന്ധനവില കൂടാൻ കാരണമെ്ന്ന് വിലയിരുത്തപ്പെടുന്നു.

2011-12 കാലയളവിനെക്കാൾ ക്രൂഡ് ഓയിൽ വിലയിൽ 35 ശതമാനത്തോളം ഇടിവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. 2011-12 കാലത്ത് 112 ഡോളറിനടുത്തായിരുന്നു ഒരു ബാരൽ ക്രൂഡിന്റെ വില. 40 ഡോളറിനടുത്തേക്ക് കുറഞ്ഞ ക്രൂഡ് വില ഇപ്പോൾ 73 ഡോളറിലെത്തി നിൽക്കുകയാണ്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഗണ്യമായ കുറവ് പെട്രോൾ വിലയിൽ പ്രതിഫലിച്ചില്ലെന്നതാണ് വാസ്തവം. 2011-12 കാലത്തെക്കാൾ 38 ശതമാനം ഉയർന്നുനിൽക്കുകയാണ് ഇപ്പോൾ പെട്രോൾ വില.

ക്രൂഡിന് 112 ഡോളറുണ്ടായിരുന്ന കാലത്ത് 58. 37 രൂപയായിരുന്നു പെട്രോൾ വില. എന്നാൽ, ക്രൂഡിന് 73 ഡോളറിൽനിൽക്കുമ്പോൾ പെട്രോൾ വില 80.73 രൂപയായി സർവകാല റെക്കോഡിലെത്തി നിൽക്കുന്നു. നികുതിഘടനയിലുണ്ടായ വ്യത്യാസമാണ് വിലക്കുറവ് ഇന്ധനവിലയിൽ പ്രതിഫലിക്കാതിരിക്കാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2011-12 കാലത്തേതിന് സമാനമായിരുന്നു നികുതിയെങ്കിൽ ഇപ്പോൾ പെട്രോൾ വില 54.94 രൂപയിൽ നിൽക്കുമായിരുന്നുവെന്ന് ഈ രംഗത്തുള്ളവർ പരയുന്നു.

ദക്ഷിണേഷ്യയിൽ ഇന്ധനവില ഏറ്റവും ഉയർന്നുനിൽക്കുന്ന രാജ്യം ഇന്ത്യയാണ്. 46 ശതമാനത്തോളം നികുതിയാണ് പല പേരുകളിലായി ഓരോ ലിറ്ററിനും മേൽ ഈടാക്കുന്നത്. ക്രൂഡ് വില വർധിക്കുന്നതനുസരിച്ച് സർക്കാരിന്റെ ലാഭം വർധിക്കുന്ന തരത്തിലുള്ള നികുതി ഘടനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര നികുതിയിൽവന്ന വൻതോതിലുള്ള വർധനയാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് പ്രധാനമായും വിലയിരുത്തുന്നത്. കേന്ദ്ര നികുതി ഇക്കാലയളവിൽ 250 ശതമാനത്തോളം വർധിച്ചപ്പോൾ, സംസ്ഥാന നികുതിയിലുണ്ടായത് 76 ശതമാനം മാത്രം വർധനവാണ്.

2011-12 കാലയളവിൽ ക്രൂഡിന് ബാരലിന് 5362 രൂപയായിരുന്നു വില. അന്ന് രൂപയുടെ മൂല്യം ഡോളറിനെതിരെ 48 രൂപയായിരുന്നു. ഇപ്പോൾ രൂപയുടെ മൂല്യത്തിൽ 31 ശതമാനത്തിലേറെ ഇടിവ് സംഭവിച്ചിട്ടും ക്രൂഡ് വില 5047 രൂപയിൽ നിൽക്കുകയാണ്. ഈ വില വ്യത്യാസം ഇന്ധനവിലയിൽ പ്രകടമാകേണ്ടതാണ്. എന്നാൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും എണ്ണക്കമ്പനികൾക്കും ലാഭമുണ്ടാക്കുന്ന വിലഘടന ഉപഭോക്താക്കളിൽനിന്ന് അതിന്റെ ഗുണം തട്ടിത്തെറിപ്പിക്കുന്നു.


ഗ്രാഫിക്‌സ് കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ