പാക് അധിനിവേശ കാശ്മീരിൽനിന്നും ഗിൽജിത്തിൽനിന്നും ബലൂചിസ്താനിൽനിന്നും ഇന്ത്യയിലേക്ക് വന്ന അഭയാർഥികളെയും വരാൻ താത്പര്യമുള്ളവരെയും പുനരധിവസിപ്പിക്കാൻ കേന്ദ്രം 2000 കോടിയുടെ പദ്ധതി തയ്യാറാക്കുന്നു. ബലൂചിസ്താനിലെ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളെ പിന്തുണച്ച് സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക്കിസ്ഥാനെതിരെ ഇറക്കിയിരിക്കുന്നത് മറ്റൊരു തുറുപ്പുചീട്ടാണ്.

പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിവരികയാണ്. അടുത്തുതന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി പദ്ധതി സമർപ്പിക്കും. പാക് അധിനിവേശ കാശ്മീരിൽനിന്നെത്തിയ 36,348 കുടുംബങ്ങൾ ഉണ്ടെന്ന് ജമ്മു കാശ്മീർ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് അഞ്ചരലക്ഷം രൂപ വീതമാണ് ലഭിക്കുക.

ജമ്മു, കത്തുവ, രജൗറി ജില്ലകളിലായാണ് അഭയാർഥികളിലേറെയും താമസിക്കുന്നത്. എന്നാൽ, ഇവരെ ഇതേവരെ ഇന്ത്യയിലെ സ്ഥിരതാമസക്കാരായി പരിഗണിച്ചിട്ടില്ല. ഇവരിൽ ചില കുടുംബങ്ങൾ 1947-ലെ വിഭജനകാലത്ത് തന്നെ ഇന്ത്യയിലെത്തിയവരാണ്. 1965-ലെയും 1971-ലെയും യുദ്ധകാലത്ത് എത്തിയവരുമുണ്ട്.

അഭയാർഥികളായ ഇവർക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനാകുമെങ്കിലും ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടവകാശം ലഭിച്ചിട്ടില്ല. എന്നാൽ, അഭയാർഥികളെ മുഴുവൻ പുനരധിവസിപ്പിക്കുന്നതിന് കേന്ദ്രം ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജ് മതിയാവില്ലെന്നാണ് ജമ്മു കാശ്മിർ ശരണാർഥി ആക്ഷൻ കമ്മറ്റി പറയുന്നത്. 9200 കോടി രൂപയാണ് അവർ ആവശ്യപ്പെടുന്നത്.

പാക്കിസ്ഥാനിൽനിന്നെത്തിയ അഭയാർഥികളായി താമസിക്കുന്നവർക്് കഴിഞ്ഞവർഷം ജനുവരിയിൽത്തന്നെ ചില പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. അർധസൈനിക വിഭാഗത്തിലേക്കുള്ള റിക്രൂട്ട്‌മെന്റുൾപ്പെടെ തൊഴിൽ ലഭിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. അഭയാർഥികൾക്ക് സംസ്ഥാന സർവീസിൽ ജോലി നേടാനുള്ള അവസരവും കുട്ടികൾക്ക് കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനവും ഇതിന്റെ ഭാഗമായിരുന്നു.