ആലപ്പുഴ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാറിനെ വിമർശിച്ചു കൊണ്ടു രംഗത്തുവന്ന തിരുവിതാംകൂർ രാജകുടുംബത്തിനും പന്തളം കൊട്ടാരം അധികൃതർക്കുമെതിരെ മന്ത്രി ജി സുധാകരൻ രംഗത്തെത്തി. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാർ വർമയാണ് സർക്കാറിനെതിരെ കടുത്ത വിമർശനവുമായി രംഗത്തുവന്നിരുന്നത്. ഈ സാഹചര്യത്തിലാണ് സുധാകരന്റെ വിമർശനം. തിരുവിതാംകൂറിൽ മഹാറാണിയെന്നൊരു പദവിയില്ലെന്നും ഇപ്പോൾ രാജകുടുംബവുമില്ലെന്നും മന്ത്രി പറഞ്ഞു.

ശശികുമാർ വർമ മുൻ എസ്എഫ്‌ഐക്കാരനാണ്. പാർട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോൾ സർക്കാരിനെ ആക്ഷേപിക്കുന്നു. സർക്കാരിനെതിരെ അസംബന്ധം പറയാൻ ആരാണ് അനുമതി നൽകിയത് എന്നും മന്ത്രി ചോദിച്ചു. പുറക്കാട് എസ്എൻഎം എച്ച്എസ്എസിൽ മെറിറ്റ് ഈവ്‌നിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അതേസമയം കഴിഞ്ഞ ദിവസവും ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ ആഞ്ഞടിച്ച് സുധാകരൻ രംഗത്തുവന്നിരുന്നു. ഫ്യൂഡലിസത്തിന്റെ അവശേഷിക്കുന്ന ഉഛിഷ്ടം കഴിക്കുന്നവരാണ് സമരക്കാർ. പന്തളം രാജകുടുംബത്തിന് നിയമത്തോടും രാജ്യത്തോടും കൂറില്ല. ജസ്റ്റിസ് ഇന്ദു മൽഹോത്ര ചരിത്രം പഠിക്കണം. സമരം ചെയ്യുന്ന പ്രതിപക്ഷം വലിയ വില നൽകേണ്ടി വരുമെന്നും മന്ത്രി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ളതാണെന്നും അത് വിധി വന്ന നിമിഷത്തിൽ തന്നെ നടപ്പിലായി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ശബരിമലയുടെ കാര്യത്തിൽ പന്തളം രാജകുടുംബത്തിന് വേവലാതി വേണ്ടെന്ന് പറഞ്ഞ മന്ത്രി, ഇന്നിവിടെ കാര്യങ്ങൾ തീരുമാനിക്കാനും നടപ്പിലാക്കാനും ജനാധിപത്യ സർക്കാറുണ്ടെന്നും അതിൽ രാജകുടുംബം കൈകടത്തേണ്ട കാര്യമില്ലെന്നും പറഞ്ഞു. സുപ്രീം കോടതി വിധിയെക്കുറിച്ച് ചില സാംസ്‌കാരിക പ്രവർത്തകർ മൗനം പാലിക്കുകയാണ്. സമരത്തിന് പിന്തുണ കൊടുക്കുന്ന പ്രതിപക്ഷം നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പന്തളം കൊട്ടാരം ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകുമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തന്ത്രിമാരുമായിചേർന്ന് സംയുക്ത ഹർജി നൽകുന്നതിനെക്കുറിച്ച് നിയമോപദേശം തേടിയെന്നും ഇതനുസരിച്ച് മുന്നോട്ടുപോകുമെന്നും പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമയും പറഞ്ഞു. ഇതോെട, ഇക്കാര്യത്തിൽ വീണ്ടും നിയമപോരാട്ടത്തിനുള്ള അരങ്ങൊരുങ്ങുകയുണ്ടായി.

കോടതിവിധിക്കുശേഷമുണ്ടായ സാഹചര്യം വിലയിരുത്തുന്നതിന് ക്ഷേത്രം തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് മോഹനര്, കണ്ഠര് മഹേശ്വരര് മോഹനര് എന്നിവർ പന്തളം കൊട്ടാരത്തിലെത്തി ശശികുമാർ വർമ, കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ. നാരായണ വർമ എന്നിവരുമായി ചർച്ച ചെയ്തിരുന്നു. സ്ത്രീപ്രവേശനം അനുവദിച്ച കോടതി വിധി ശബരിമലയിലെ താന്ത്രികചടങ്ങുകൾക്ക് മുടക്കം വരുത്തുമെന്ന് താഴമൺ മഠത്തിലെ തന്ത്രിമാരും പന്തളം കൊട്ടാരവും അഭിപ്രായപ്പെട്ടു. ക്ഷേത്രചൈതന്യത്തിന് നാശം വരുന്ന ഈ സാഹചര്യം ഒഴിവാക്കാൻ സ്ത്രീകൾ ക്ഷേത്രപ്രവേശനത്തിൽനിന്ന് പിന്മാറണമെന്ന് രണ്ട് കുടുംബവും അഭ്യർത്ഥിച്ചു. ഇനി ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും ഭംഗിയായി നടത്താൻ കഴിയുമോയെന്നും അവർ ആശങ്കപ്പെട്ടു.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ പ്രവേശിക്കുന്നതിന് അനുമതി നൽകിയ സുപ്രീംകോടതി വിധിക്കെതിരേ പന്തളത്ത് വൻ ജനകീയക്കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനാ യാത്രയിലും ആചാരസംരക്ഷയോഗത്തിലും ഇരുപതിനായിരത്തോളംപേർ പങ്കെടുത്തു. ഒട്ടേറെ യുവതികളും ഇതിൽ പങ്കാളികളായി. ഇനിയുള്ള നിയമപോരാട്ടങ്ങൾക്കും പന്തളം കൊട്ടാരം മുഖ്യനേതൃത്വം വഹിക്കും. രാഷ്ട്രീയ, മത, സംഘടനാ ഭേദമെന്യേ ഒന്നിച്ചുള്ള നീക്കവും നിയമപോരാട്ടവും നടത്താനാണ് തീരുമാനം.