തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ അയ്യപ്പ ഭക്തരുടെ പ്രതിഷേധം ആളിക്കത്തുമ്പോഴും യുവതി പ്രവേശനത്തെ അനുകൂലിച്ചും തന്ത്രിക്കെതിരെ ആഞ്ഞടിച്ചും ജി സുധാകരൻ. ആചാരം ലംഘിച്ചാൽ നട അടച്ചിടുമെന്ന് പറഞ്ഞ തന്ത്രിക്കെതിരേ രൂക്ഷ വിമർശനമാണ് മന്ത്രി ജി. സുധാകരൻ അഴിച്ചു വിട്ടത്. ഫ്യൂഡൽ പൗരോഹിത്യത്തിന്റെ തകർച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയിലേത്. തന്ത്രിയുടെ നിലപാട് കേരളം ചർച്ച ചെയ്യണം. തന്ത്രി നട അടയ്ക്കുമെന്ന് പറഞ്ഞത് ഹർത്താലിന് കട പൂട്ടുന്ന ലാഘവത്തോടെയെന്നും സുധാകരൻ വിമർശിച്ചു.

ശബരിമലയിൽ പോകുന്നവരുടെ പൂർവകാല ചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ളവർ മാത്രം അങ്ങോട്ടു പോയാൽ മതി. ദർശനത്തിനെത്തിയ യുവതികൾ സന്നിധാനത്തുനിന്നും തിരികെ മടങ്ങിയത് നിരാശാജനകമാണെന്നും സുധാകരൻ പറഞ്ഞു. യുവതികൾ പ്രവേശിച്ചാൽ നിയമം കൈയിലെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താൻ ആരും നോക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്നിധാനത്തു യുവതികൾ എത്തിയാൽ നട അടച്ചു നാട്ടിലേക്കു പോകുമെന്നു തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സുധാകരന്റെ വിമർശനം

ശബരിമലയിൽ കൈ പൊള്ളിയ നിലയിലാണു സംസ്ഥാന സർക്കാരും സിപിഎമ്മും. ദേവസ്വത്തെ കൂട്ടുപിടിച്ച് ശബരിമല വിഷയത്തിൽ നിന്നും തലയൂരാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് ജി സുധാകരന്റെ വിമർശനം സർക്കാരിനും തലവേദനയായിരിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജും ഇന്നലെ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയും കവിതാ കോശിയും മല കയറാനെത്തി പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് തിരികെ പോയിരുന്നു. ഇതിനെതിരെയാണ് സുധാകരന്റെ വിമർശനം.

രഹ്നാ ഫാത്തിമയുടെ ശബരിമല പ്രവേശനത്തിനെതിരെ വൻ വിമർശമനമാണ് ഉയർന്നത്. ശബരിമല തന്ത്രിയും പന്തളം കൊട്ടാരവും പരി കർമ്മികളുമെല്ലാം രഹ്നയുടെ ശബരിമല പ്രവേശനത്തിനെതിരെ രംഗത്ത് വന്നിരുന്നു. യുവതികൾ പ്രവേശിച്ചാൽ നട അടച്ചിടുമെന്നായിരുന്നു തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ പരികർമ്മികളും പൂജാകർമ്മങ്ങൾ നിർത്തിവെച്ച് പതിനെട്ടാം പടിക്ക് തഴെ കുത്തിയിരുന്നു. ഇതെല്ലാം യുവതികളുടെ ശബരിമല പ്രവേശനത്തിന് തടസ്സമാവുകയും ചെയ്തു.

ഇന്ന് രാവിലെ വലിയ നടപ്പന്തലിൽ ഇരുമുടിക്കെട്ടുമായി വന്ന തിരുച്ചിറപ്പള്ളി സ്വദേശി ലതയുടെ പ്രായം സംബന്ധിച്ച സംശയത്തെത്തുടർന്നു ഭക്തർ പ്രതിഷേധിച്ചു. തനിക്ക് 52 വയസ്സുണ്ടെന്നു തിരിച്ചറിയൽ കാർഡ് കാണിച്ചു ലത ബോധ്യപ്പെടുത്തി. തുടർന്നു ഭക്തരും പൊലീസും ഇവരെ പതിനെട്ടാംപടി കയറാൻ സഹായിച്ചു. കൂടുതൽ യുവതികൾ വരാനിടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ശബരിമല ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നിരോധനാജ്ഞ നട അടക്കുംവരെ നീട്ടി. പ്രതിഷേധക്കാർ ഇപ്പോഴും സന്നിധാനം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ പൊലീസ് ജാഗ്രതയിലാണ്. സന്നിധാനത്തു യുവതികൾ വന്നാൽ നടയടയ്ക്കുമെന്ന കണ്ഠര് രാജീവരുടെ പ്രഖ്യാപനം കോടതിവിധിയുടെ ലംഘനമാണെന്നു ദേവസ്വം ബോർഡംഗം കെ.പി.ശങ്കർദാസ് പറഞ്ഞു.

സംസ്ഥാന ഇന്റലിജൻസിന്റെ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും തുടർനടപടിയെടുക്കുന്നതിലും സേനയെ വിന്യസിക്കുന്നതിലും പൊലീസ് വീഴ്ച വരുത്തി. സന്നിധാനം വരെ വൻസുരക്ഷയിൽ കൊണ്ടുപോയ 2 യുവതികളെ അതേ വേഗത്തിൽ മലയിറക്കേണ്ടി വന്നത് ഏകോപനമില്ലായ്മയുടെ തെളിവായി. ശബരിമലയിൽ ആക്ടിവിസ്റ്റുകൾ പ്രവേശിക്കരുതെന്ന നിലപാട് സിപിഎമ്മിനില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആക്ടിവിസ്റ്റുകൾക്കുള്ള സ്ഥലമല്ല ശബരിമലയെന്ന മുൻ നിലപാട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുത്തി. ശബരിമലയുടെ ആചാരസംരക്ഷണത്തിന് ഏതറ്റംവരെയും പോകുമെന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കി.