ചങ്ങനാശേരി: ശബരിമല പ്രതിഷേധത്തെ സുകുമാരൻ നായരുടെ പിടിവാശിയായി മാറ്റാനാണ് സർക്കാർ ശ്രമം. എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കി സിപിഎം ലക്ഷ്യമിടുന്നതും ഇതു തന്നെയാണ്. അതുകൊണ്ട് തന്നെ സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് എൻ എസ് എസ് നേതൃത്വത്തിന്റെ തീരുമാനം. ക്ഷേത്ര സ്വത്തുക്കളിൽ സർക്കാർ നിയന്ത്രണം അസഹനീയമാണെന്ന് വിശ്വാസികളെ ധരിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡിനു സർക്കാർ പണം വാരിക്കോരി നൽകുന്നുവെന്ന പ്രചാരണം തെറ്റിദ്ധാരണജനകമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കുറ്റപ്പെടുത്തുകയാണ്. സർക്കാരുമായി വിശ്വാസ പ്രശ്‌നങ്ങളിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തുകയാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ശബരിമല ഉൾപ്പെടെ 1200ൽപരം ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളുടെ ദൈനംദിനകാര്യങ്ങൾക്കായി സർക്കാർ വർഷം തോറും ഗ്രാന്റ് നൽകുന്നുവെന്നതു വാസ്തവവിരുദ്ധമാണ്. കേണൽ മൺറോയുടെ കാലത്തു തിരുവിതാംകൂറിലെ ക്ഷേത്രസ്വത്തുക്കളെല്ലാം നഷ്ടപരിഹാരം നൽകാതെ സർക്കാരിലേക്കു പിടിച്ചെടുത്തിരുന്നു. ഇന്ത്യ ഗവൺമെന്റും തിരുവിതാംകൂർ മഹാരാജാവുമായി 1949ൽ ഒപ്പുവെച്ച ഉടമ്പടി പ്രകാരം പത്മനാഭസ്വാമിക്ഷേത്രത്തിനും തിരുവിതാംകൂർ ദേവസ്വംബോർഡിനുമായി 46.5 ലക്ഷം രൂപ വർഷംതോറും വിഹിതമായി അന്നു മുതൽ നൽകുന്നുണ്ട്. ഇതിനെയാണു ഗ്രാന്റ് ആയി വിശേഷിപ്പിക്കുന്നത്-സുകുമാരൻ നായർ പറയുന്നു.

ഈ തുകയിൽ 6 ലക്ഷം രൂപ പത്മനാഭസ്വാമിക്ഷേത്രത്തിനുള്ളത്. ബാക്കി ബോർഡിനാണ്. 55 വർഷങ്ങൾക്കുശേഷം 2004ൽ എ.കെ. ആന്റണി മന്ത്രിസഭ ഈ തുക യഥാക്രമം 20 ലക്ഷം രൂപയും 80 ലക്ഷം രൂപയും ആയി വർധിപ്പിച്ചു. ഉടമ്പടി പ്രകാരം ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ തുക ഗ്രാന്റ് അല്ല മറിച്ച്, നിയമപ്രകാരം അർഹതപ്പെട്ട വിഹിതമാണ്. ഇതിനെയാണ് സൗജന്യമായി സർക്കാർ വിശദീകരിക്കുന്നതെന്ന് സുകുമാരൻ നായർ പറയുന്നു. ശബരിമല വികസനത്തിനുള്ള മാസ്റ്റർപ്ലാൻ നടപ്പിലാക്കുന്നതിനു നിശ്ചിത തുക മാസ്റ്റർപ്ലാൻ ഹൈപവർ കമ്മറ്റിക്ക് നൽകുന്നുണ്ട്. അതല്ലാതെ ക്ഷേത്രങ്ങൾക്കു ഗ്രാന്റായി ഒന്നുംതന്നെ നൽകുന്നില്ലെന്ന് സുകുമാരൻ നായർ പറയുന്നു

യഥാർത്ഥത്തിൽ, ദേവസ്വങ്ങൾക്കു നഷ്ടപ്പെട്ട സ്വത്തുക്കൾക്കു നഷ്ടപരിഹാരം നൽകേണ്ടതായിരുന്നു. ഒരു സർക്കാരും അക്കാര്യം പരിഗണിച്ചിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. നേരത്തെ ബിജെപിയും സമാനമായ ആരോപണം ഉയർത്തിയിട്ടുണ്ട്. ക്ഷേത്ര സ്വത്തുക്കൾ സർക്കാർ അടിച്ചെടുക്കുന്നുവെന്ന ബിജെപി നേതാക്കളുടെ നിലപാട് ഏറെ വിവാദങ്ങൾക്ക് വഴി വച്ചു. സർക്കാർ നൽകുന്ന ഗ്രാന്റിന്റെ കണക്ക് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇതിനെ പ്രതിരോധിച്ചത്. ഇതാണ് സുകുമാരൻ നായർ കണക്കുകൾ നിരത്ത് വൈകിയെങ്കിലും പൊളിക്കുന്നത്.ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ എൻഎസ്എസ്. വിധി നടപ്പാക്കാൻ മറ്റൊന്നിനുമില്ലാത്ത വ്യഗ്രതയാണ് സർക്കാരിനെന്നാണ് സമുദായ സംഘടന കുറ്റപ്പെടുത്തുന്നത്. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാൻ എൻ എസ് എസ് തീരുമാനിച്ചതും ഈ സാഹചര്യത്തിലാണ്.

ശബരിമല വിഷയത്തിൽ റിവിഷൻ ഹർജി നൽകില്ലെന്ന സർക്കാർ നിലപാട് നിരാശാജനകമാണെന്ന് എൻഎസ്എസ് പ്രറയുന്നു.സ്വതന്ത്ര ചുമതലയുള്ള ദേവസ്വം ബോർഡ് സർക്കാർ നിലപാട് അംഗീകരിക്കുന്നത് മനസ്സിലാകുന്നില്ല. ശബരിമലയുടെയും അതോടനുബന്ധിച്ചുള്ള ആയിരത്തി ഇരുനൂറിൽ പരം ക്ഷേത്രങ്ങളുടെയും ആചാര-അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ദേവസ്വംബോർഡ് ഇങ്ങനെ നിലപാടെടുക്കാൻ പാടില്ലായിരുന്നു എന്നും എൻഎസ്എസ് കുറ്റപ്പെടുത്തുന്നു. ഭരണഘടന എല്ലാത്തിലും വലുത് തന്നെയാണ്. അനാചാരങ്ങൾ മാറ്റേണ്ടത് ആവശ്യമാണെന്നതും വിസ്മരിക്കുന്നില്ല. എന്നാൽ, മനുഷ്യന്റെ വിശ്വാസം സംരക്ഷിക്കാൻ ആവശ്യമായ ഭേദഗതികൾ കാലാകാലങ്ങളിൽ വരുത്തേണ്ടതും സർക്കാരുകളുടെ ചുമതലയാണ്. സംസ്ഥാനസർക്കാരും തിരുവിതാംകൂർ ദേവസ്വംബോർഡും പ്രശ്നത്തെ കുറച്ചുകൂടി അവധാനതയോടെ കൈകാര്യം ചെയ്ത് പരിഹാരം കാണാൻ ശ്രമിക്കണമെന്നും പ്രസ്താവനയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ക്ഷേത്ര സ്വത്തുക്കളുടെ കാര്യത്തിലും നിലപാട് വിശദീകരണം.

ശബരിമലയുടെയും അതിനോടനുബന്ധിച്ചുള്ള 1200-ൽപരം ക്ഷേത്രങ്ങളുടെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ദേവസ്വം ബോർഡിനെപോലെയുള്ള ഒരു സ്വതന്ത്രസ്ഥാപനത്തിന് എങ്ങനെ ഇത്തരം ഒരു തീരുമാനത്തിലെത്താൻ കഴിയുമെന്നു മനസ്സിലാകുന്നില്ലെന്ന് എൻ എസ് എസ് പറയുന്നു. വിശ്വാസികൾ കാണിക്ക അർപ്പിക്കുന്ന പണം കൊണ്ടാണു ദേവസ്വങ്ങളുടെയും ബോർഡിന്റെയും ഭരണം നടത്തിവരുന്നത്. ഇതിൽ സർക്കാരിന്റെ പങ്ക് എന്താണെന്നു വിശ്വാസികൾക്ക് അറിയാം. വിശ്വാസികളെ ബാധിക്കുന്ന തരത്തിലുള്ള സുപ്രീംകോടതിവിധി നടപ്പാക്കുന്ന കാര്യത്തിൽ മറ്റൊന്നിലുമില്ലാത്ത വ്യഗ്രതയും തിടുക്കവുമാണ് സർക്കാരിന്. അതുകൊണ്ടു തന്നെ വിശ്വാസികൾ അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിന് ആവശ്യമായതൊക്കെ ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്.

ഭരണഘടനയാണ് എല്ലാത്തിലും വലുത്. അനാചാരങ്ങൾ മാറ്റേണ്ടത് ആവശ്യവുമാണ്. എന്നാൽ മനുഷ്യന് അവന്റെ വിശ്വാസം സംരക്ഷിക്കുവാൻ ആവശ്യമായ ഭേദഗതികൾ കാലാകാലങ്ങളിൽ വരുത്തേണ്ടത് സർക്കാരുകളുടെ ചുമതലയാണ്. എങ്കിൽ മാത്രമേ രാജ്യത്ത് സമാധാനവും അഖണ്ഡതയും ഐശ്വര്യവും നിലനിർത്തനാകു. സംസ്ഥാനസർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഈ പ്രശ്‌നം കുറച്ചുകൂടി സാവകാശം കൈകാര്യം ചെയ്യാനും പരിഹരിക്കാനുമാണ് ശ്രമിക്കേണ്ടതെന്നും സുകുമാരൻ നായർ പറഞ്ഞു.