പാലക്കാട്: ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് നിർത്തിവച്ച ഗെയ്ൽ പ്രകൃതിവാതക പദ്ധതിക്കു വീണ്ടും ജീവൻ വയ്ക്കുന്നു. പദ്ധതിയുടെ ഒന്നാംഘട്ടത്തിന് പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് മനിശ്ശേരിയിൽ ഓഗസ്റ്റിൽ തുടക്കമാകും.

മുമ്പ് മന്മോഹൻസിങ് തുടങ്ങിവച്ച പദ്ധതി കേരളത്തിൽ ബിജെപി. ഉൾപ്പെടെ രാഷ്ട്രീയ കക്ഷികളുടേയും നാട്ടുകാരുടേയും എതിർപ്പിനെ തുടർന്നാണ് നടക്കാതെ പോയത്. ബിജെപിക്കൊപ്പം എസ്.ഡി.പി.ഐ തുടങ്ങിയ കക്ഷികളും ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഓഗസ്റ്റ് ആദ്യവാരത്തിൽ പദ്ധതിയുടെ പ്രവൃത്തികൾക്ക് തുടക്കം കുറിക്കും. ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ കേരളത്തിൽ നടപ്പാക്കുന്ന ദ്രവീകൃത പ്രകൃതി വാതക പൈപ്പ്‌ലൈൻ പദ്ധതിയുടെ പ്രാഥമികഘട്ട നടപടികളാണ് പുരോഗമിക്കുന്നത്. പ്രകൃതിവാതകം കൊണ്ടുപോകുന്നതിനായി കൊച്ചിയിൽ നിന്ന് പാലക്കാട് ജില്ല വഴി ബാംഗ്ലൂരിലേക്കും മംഗലാപുരത്തേക്കും 505 കിലോമീറ്റർ ദൂരത്തിൽ പൈപ്പിടുന്നതാണ് പദ്ധതി. 2011 ൽ ആണ് ഇത് തുടങ്ങിവച്ചത്. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് പദ്ധതി ഇനിയും പൂർത്തിയാകാനുള്ളത്.

കേരളത്തിൽ ആദ്യഘട്ടത്തിൽ 31 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് സ്ഥാപിക്കുന്നത്. ഇതു കഴിഞ്ഞാൽ രണ്ടാംഘട്ടം പൈപ്പിടലിന് ടെണ്ടർ ക്ഷണിക്കും. കേരളത്തിൽ പദ്ധതിക്കായി പൈപ്പിറക്കിയ നാലു ജില്ലകളിൽ പണി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. കാസർഗോഡ്, പാലക്കാട്, എറണാകുളം,തൃശൂർ ജില്ലകളിലാണു പണി പൂർത്തിയാകാതെ കിടക്കുന്നത്. പാലക്കാട്ടെ പൈപ്പ് സ്ഥാപിക്കൽ കഴിഞ്ഞാൽ മറ്റു ജില്ലകളിലെ ജോലി തുടങ്ങും. 12 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി പദ്ധതി പൂർണമാക്കാൻ ആഗോളടെണ്ടർ വിളിക്കും. പാലക്കാട് ജില്ലയിൽ പദ്ധതിയുടെ പൈപ്പ്‌ലൈൻ കടന്നുപോകുന്നത് വയലുകളിലൂടെയും വീടുകൾക്ക് സമീപത്തെ പറമ്പുകളിലൂടെയുമാണ്. പലയിടത്തും വീടിനോട് അടുത്ത നിലയിലാണ് നേരത്തെ തന്നെ പൈപ്പുകൾ സ്ഥാപിച്ചിരുന്നത്. രണ്ടു വർഷം മുമ്പ് പൈപ്പ്‌ലൈൻ സ്ഥാപിച്ചത് എതിർപ്പിനെ തുടർന്ന് നിർത്തിവച്ചെങ്കിലും അതുപോലെതന്നെ കിടക്കുകയായിരുന്നു. ആ പൈപ്പുകളോട് യോജിപ്പിച്ചാണ് പുതിയ പൈപ്പിടൽ നടക്കാൻ പോകുന്നത്. ഇതിനായി സ്ഥലമുടമകൾ പ്രതിഫലത്തുക കൈപ്പറ്റിക്കഴിഞ്ഞു.

പൈപ്പിൽ എന്തെങ്കിലും വിള്ളലോ ചോർച്ചയോ ഉണ്ടായാൽ ഒരു പ്രദേശം തന്നെ നൊടിയിടയിൽ ഇല്ലാതാകുമെന്ന ഭീതിയിലാണ് നാട്ടുകാരും ചില രാഷ്ട്രീയ കക്ഷികളും ഇതിനെ എതിർത്തു വരുന്നത്. ജനവാസമുള്ള പ്രദേശങ്ങളി്‌ലും കൃഷിയിറക്കുന്ന പാടങ്ങളിൽ കൂടിയുമാണ് പൈപ്പ്‌ലൈൻ കടന്നുപോകുന്നത്. പൈപ്പ്‌ലൈൻ സ്ഥാപിച്ചാൽ അതിനടുത്ത ഭാഗത്ത് നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ പാടില്ല. കുഴിയെടുക്കുന്നതിന് പ്രത്യേക അനുമതി വേണ്ടിവരുമെന്നും പറയുന്നു. അമിതസമ്മർദ്ദം മൂലം പൈപ്പ് പൊട്ടി ചെറിയ ചോർച്ച വന്നാൽ പോലും അത് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് ഭീതിയുണ്ട്. അഞ്ഞൂറിലേറെ കിലോമീറ്റർ ദൂരത്തിൽനിന്നു വരുന്ന വാതകത്തെ നിയന്ത്രിക്കുക എളുപ്പമാകില്ലെന്ന് കരുതുന്നവരുണ്ട്. ചെറിയ ഭൂകമ്പങ്ങൾ പോലും പൈപ്പിന്റെ സുരക്ഷിതത്വത്തെ ബാധിച്ചേക്കാം എന്നും അഭിപ്രായമുണ്ട്. റെയിൽവെ പോലെ നീണ്ടു കിടക്കുന്ന ഒന്നായതിനാൽ ഇതിന് സുരക്ഷ ഏർപ്പെടുത്തിയില്ലെങ്കിൽ തീവ്രവാദികൾ പൈപ്പ് ലൈനിനെ ദുരുപയോഗം ചെയ്‌തേക്കും എന്നും ആശങ്കയുണ്ട്. പദ്ധതി വരുന്നതോടെ എതിർപ്പുമായി ചില കക്ഷികളും രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ ബിജെപി നയം വ്യക്തമാക്കിയിട്ടില്ല.

കേരളത്തിൽ 550 കിലോമീറ്ററാണ് പൈപ്പിടേണ്ടത്. ഇതിൽ 50 കിലോമീറ്റർ മാത്രമാണ് പൂർത്തിയാക്കിയത്. കേരളത്തിനായുള്ള വിവിധ പദ്ധതികൾ തടഞ്ഞുവച്ച് ഗെയ്ൽ പദ്ധതിനടത്തിപ്പിനായി സമ്മർദം തുടങ്ങിയതോടെയാണ് സംസ്ഥാനം ഉണർന്നത്. പദ്ധതി നടത്തിപ്പിനായി സ്ഥലസർവേ നടത്തി ഏറ്റെടുത്തുകൊടുക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനസർക്കാറിനാണ്. കൊച്ചിയിൽനിന്ന് പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി ബാംഗ്ലൂരിലേക്കും മംഗലാപുരത്തേക്കും പ്രകൃതിവാതക പൈപ്പ് ലൈനിടുന്നതാണ് ഗെയ്!ലിന്റെ കൊച്ചി-കൂറ്റനാട്-ബാംഗ്ലൂർ-മാംഗ്ലൂർ പൈപ്പ് ലൈൻ പദ്ധതി. ഇതിന്റെ പ്രാഥമികഘട്ട പൈപ്പിടൽ കൊച്ചിയിൽ 50 കിലോമീറ്ററിൽ പൂർത്തിയാക്കിയിരുന്നു. തുടർന്ന്, കൂറ്റനാടുനിന്ന് പാലക്കാട് കോയമ്പത്തൂർവഴി ബാംഗ്ലൂരിലേക്കും കൂറ്റനാടുനിന്ന് മലപ്പുറംവഴി മംഗലാപുരത്തേക്കും പൈപ്പിടുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തീകരിക്കാനായില്ല. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജനങ്ങളുടെ എതിർപ്പുമൂലം സ്ഥലസർവേ പോലും നടത്താനാവാതെ ഗെയ്ൽ പിന്മാറുകയായിരുന്നു.