കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ്സ് അനുമതി റദ്ദാക്കിയിട്ടും ഗാലക്സി ഹോംസിന്റെ പുതിയ ഫ്ളാറ്റ് നിർമ്മാണം കണയന്നൂർ താലൂക്കിലെ എളംകുളത്ത് പുരോഗമിക്കുന്നു. 2015 ഫെബ്രുവരിയിൽ തുടങ്ങിയ ഫ്ളാറ്റിന്റെ നിർമ്മാണം, റോഡിന് വേണ്ടത്ര വീതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഡിസംബറിലാണ് ഹൈക്കോടതി തടഞ്ഞത്.

ബേസ്മെന്റും ഫ്ലോറുമടക്കം 13 നിലകൾ പാടില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ്സ് അശോക് ഭൂഷന്റെ ഉത്തരവിൽ പറയുന്നത്. റോഡിന്റെ വീതി 3.6 മീറ്റർ മാത്രമായതിനാൽ ബേസ്മെന്റടക്കം നാലു നിലകൾക്കായിരുന്നു അനുമതി. ഫ്രഡ്സ് നഗർ റസിഡന്റ്സ് അസോസിയേഷൻ നൽകിയ പരാതിയിൽ ഓബുഡ്സ്മാനും സമാനമായ വിധിയാണ് പുറപ്പെടുവിച്ചത്.

എന്നാൽ ഈ വർഷം ജനുവരിയിൽ ബേസ്മെന്റ് നിർമ്മാണം ഗാലക്സി ആരംഭിച്ചു. ഒന്നരമീറ്ററിലധികം മണ്ണ് കുഴിക്കണമെങ്കിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെയാണ്, യാതൊരുവിധ അനുമതിയും ഇല്ലാതെ നാലു മീറ്റർ കുഴിച്ചത്. ഇതിന് ഫൈൻ ഈടാക്കാനുള്ള നീക്കത്തിലാണ് മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ്.

ബേസ്മെന്റിന്റെ നിർമ്മാണം പുരോഗമിക്കവെ, തൊട്ടടുത്തുള്ള കീത്തറ കെ.വി ജോണിയുടെ വീട് ചെരിഞ്ഞു. നിലം വിണ്ടുകീറി. സുരക്ഷാ മതിൽ തീർത്ത് അനുമതിയുള്ളത്ര നിർമ്മാണം തുടരാമെന്ന് ജോണിയുടെ പരാതിയിന്മേൽ മുൻസിഫ് കോടതിയും തുടർന്ന് ഹൈക്കോടതിയും മെയ് മാസം നിർദ്ദേശിച്ചു. ഇതേതുടർന്ന് ഫ്ളാറ്റ് നിർമ്മാണം താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഗാലക്സി ഹോംസ്.

അതേസമയം, 16 ലക്ഷം രൂപ മുതൽ 32 ലക്ഷം രൂപവരെ ഫ്ലാറ്റിന് വിലകാണിച്ച് ഗാലക്സി ഹോംസ്, ബ്രിഡ്ജ് വുഡിന്റെ പരസ്യം മലയാള മനോരമ, മാതൃഭൂമി അടക്കമുള്ള മുഖ്യധാര മാദ്ധ്യമങ്ങളിൽ നൽകി. നാല് നിലയ്ക്കുള്ള അനുമതിയുടെ മറവിൽ 13 നിലയുടെ പരസ്യമാണ് നൽകിയത്. പണി തീരാത്ത ഫ്ലാറ്റിന്റെ 75 ശതമാനത്തോളം ബുക്കിംങ് പൂർത്തിയായെന്നാണ് ഗാലക്സി ഹോംസുമായി ബന്ധപ്പെട്ടപ്പോൾ മനസ്സിലാക്കാനായത്. ടു ബി.എച്ച്.കെ ബുക്കിംങിനായി മറുനാടൻ മലയാളി പ്രതിനിധി ഗാലക്സി ഹോംസുമായി ബന്ധപ്പെട്ടപ്പോൾ അവരുടെ പ്രതികരണം ഇതായിരുന്നു: ''ഏതാനും ഫ്ലാറ്റുകൾക്കൂടി മാത്രമാണ് ബാക്കിയുള്ളത്. 25,000 തന്ന് ബുക്ക് ചെയ്യാം. ലോൺ ആവശ്യമെങ്കിൽ ഞങ്ങളുടെ തന്നെ ഫിനാൻസ് ടീം ഉണ്ട്. 9.5 ശതമാനം പലിശയിൽ കുറഞ്ഞത് 80 ശതമാനം വരെ ലോൺ ലഭിക്കും. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറും''.

അതായത്, ഹൈക്കോടതിയും ഓബുഡ്സമാനും ഒരുപോലെ അനുമതി റദ്ദാക്കിയിട്ടും ഫ്ലാറ്റ് ബുക്കിംങ് തുടരുകയാണ്. എഴുപത്തിയഞ്ച് ശതമാനം ഫ്ലാറ്റും ബുക്കിംങ് കഴിഞ്ഞുവെന്ന് കമ്പനി അവകാശപ്പെടുമ്പോൾ, തട്ടിപ്പിന്റെ ആഴവും പരപ്പും കൂടുതൽ വ്യക്തമാകുകയാണ്. ഗാലക്സി ഹോംസിന്റെ മുപ്പത്തെയെട്ടാമത് പ്രോജക്ടാണ് ബ്രിഡ്ജ് വൂഡ്. അതേസമയം, വിഷയത്തിൽ വാർത്ത നൽകാനോ, കോടതി വാർത്ത റിപ്പോർട്ട് ചെയ്യാനോ മുഖ്യധാര മാദ്ധ്യമങ്ങൾ തയ്യാറാവുന്നില്ല. വൻതുകയാണ് ഫ്ലാറ്റിന്റെ പരസ്യം നൽകുന്നതിനായി പ്രമുഖ അച്ചടി- ദൃശ്യ മാദ്ധ്യമങ്ങൾക്ക് ഗാലക്സി ഹോംസ്‌നൽകി വരുന്നത്. കൊച്ചിയിൽ നടക്കാത്ത പദ്ധതിയുടെ മേൽ ബുക്കിംങ് നടത്തിയ സംഭങ്ങൾ നേരത്തേയും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഭരണാധികാരികളുടെ മൗനാനുവാദത്തോടെ ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്.