- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാൽവാൻ താഴ്വര കാക്കാൻ ജീവത്യാഗം; ധീരസൈനികരെ റിപ്പബ്ലിക്ക് ദിന പരേഡിൽ ആദരിക്കും; കേണൽ സന്തോഷ് ബാബു ഉൾപ്പെടെ അഞ്ച് സൈനികർക്ക് ബഹുമതിയെന്ന് റിപ്പോർട്ട്; ധീരതയ്ക്കുള്ള മെഡൽ സമ്മാനിക്കുക മരണാനന്തര ബഹുമതിയായി
ന്യൂഡൽഹി: ഗാൽവാൻ താഴ്‌വരയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ചൈനീസ് പട്ടാളത്തെ ധീരമായി നേരിട്ട് അതിർത്തി കാത്ത ധീര സൈനികർക്ക് റിപ്പബ്ലിക്ക് ദിന പരേഡിൽ രാജ്യം ആദരം അർപ്പിക്കും.
കേണൽ സന്തോഷ് ബാബു ഉൾപ്പെടെയുള്ള 16 ബീഹാർ ബറ്റാലിയനിലെ അഞ്ച് സൈനികർക്ക് ബഹുമതി നൽകുമെന്നാണ് റിപ്പോർട്ട്. മരണാനന്തര ബഹുമതിയായാണ് ധീരതയ്ക്കുള്ള മെഡൽ സമ്മാനിക്കുക.
എത്ര പേർക്കാണ് ബഹുമതി നൽകുകയെന്ന കാര്യം പ്രതിരോധ മന്ത്രാലയമോ സൈനിക വൃത്തങ്ങളോ പുറത്തുവിട്ടിട്ടില്ല. എന്നാൽ ചൈനീസ് സൈന്യത്തോട് ധീരമായി പോരാടി ജീവത്യാഗം ചെയ്ത രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കും മൂന്ന് സൈനികർക്കുമായിരിക്കും ബഹുമതി നൽകുകയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിൽ നിന്ന് വിപരീതമായി ഗാൽവാനിലെ പെട്രോളിങ് പോയിന്റ് 14 നിന്ന് ചൈനീസ് സൈന്യം പിന്മാറാതെ ഇന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. ഇത് പ്രതിരോധിക്കുന്നതിനിടെയാണ് ഇന്ത്യൻ സൈനികർക്ക് ജീവത്യാഗം സംഭവിച്ചത്.
എണ്ണത്തിൽ വളരെ കുറവായിരുന്നിട്ടും ഏഴ് മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിൽ ചൈനീസ് സൈന്യത്തെ പ്രദേശത്ത് നിന്ന് തുരത്താൻ ഇന്ത്യൻ സൈനികർക്കായി.
സംഭവശേഷം ലഡാക്ക് സന്ദർശിച്ച പ്രധാനമന്ത്രി ഇന്ത്യൻ സൈനികരുടെ ധീരതയെ അഭിനന്ദിക്കുകയും ജീവത്യാഗം ചെയ്ത സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തിരുന്നു. ചൈനീസ് ഭാഗത്ത് 600 ഓളം സൈനികരാണ് ഉണ്ടായിരുന്നത്. ശക്തമായ ഏറ്റുമുട്ടലിനിടെ ഇരു ഭാഗത്തുമുള്ള സൈനികർക്ക് പരിക്കേറ്റിരുന്നു.
ചൈനീസ് ഭാഗത്തും നിരവധി നാശനഷ്ടം ഉണ്ടായെങ്കിലും എത്ര പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന കാര്യം വെളിപ്പെടുത്താൻ ചൈനീസ് സൈന്യം തയ്യാറായിട്ടില്ല. 50 തോളം ചൈനീസ് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂസ് ഡെസ്ക്