ഗാംബിയയിൽ നിന്നും പോയവരോട് തിരിച്ച് വരാനും പുതിയൊരു ഗാംബിയ പണിതുയർത്താൻ തന്നെ സഹായിക്കാനുമാവശ്യപ്പെട്ട് പുതിയ പ്രസിഡന്റ് അഡമ ബാരോ രംഗത്തെത്തി. ഇദ്ദേഹത്തെ തെരഞ്ഞെടുത്തതോടെ കാൽനൂറ്റാണ്ടോളം നീണ്ട ഏകാധിപത്യത്തിനാണ് ഗാംബിയ അന്ത്യം കുറിച്ചിരിക്കുന്നത്. പുതിയ പ്രസിഡന്റായിരിക്കുന്നത് ലണ്ടനിലെ ആർഗോസിൽ സെക്യൂരിറ്റി പണി ചെയ്തിരുന്നയാളാണ്...തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ 51 കാരൻ ഈ ആഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ക്രിമിനലുകൾ തിങ്ങിപ്പാർക്കുുന്ന സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഹൗസിങ് എസ്റ്റേറ്റിൽ കുറേക്കാലം താമസിച്ചിരുന്നയാളാണ് പുതിയ പ്രസിഡന്റ്. എല്ലാ രാഷ്ട്രീയതടവുകാരെയും വിട്ടയക്കുമെന്നാണ് ഈ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തിന്റെ പുതിയ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഏകാധിപതിയും മുൻ പ്രസിഡന്റുമായ യഹിയ ജെമെഹിന്റെ 22 വർഷത്തെ ഏകാധിപത്യ ഭരണത്തിൽ നിന്നാണ് രാജ്യം മോചിപ്പിക്കപ്പെട്ടിരിക്കുന്നത്.

സെക്യൂരിറ്റി ഗാർഡായി പ്രവർത്തിച്ച ഇദ്ദേഹം പിന്നീട് ബിസിനസുകാരനായി തീരുകയായിരുന്നു. നിലവിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രസിഡന്റായിരിക്കുന്നത്.കോമൺവെൽത്തിൽ നിന്നും ഇന്റർനാഷണൽ ക്രിമിനൽ കോടതിയിൽ നിന്നും ഗാംബിയയെ പിൻവലിച്ച് മുൻ പ്രസിഡന്റിന്റെ നടപടിയെ തിരുത്തുമെന്നും ഇവയിലേക്ക് രാജ്യത്തെ വീണ്ടും കൊണ്ടു വരുമെന്നും ബാരോ പ്രഖ്യാപിച്ചിട്ടുണ്ട്. താൻ അധികാരമേറ്റെടുക്കുന്നതോടെ ഒരു പുതിയ ഗാംബിയ പിറക്കാൻ പോവുകയാണെന്നും ഇവിടെയുള്ള എല്ലാവരും രാജ്യത്തിന് വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.ബ്രിട്ടനിൽ താൻ നേരിട്ട കടുത്ത ജീവിതസാഹര്യങ്ങൾ മൂലമാണ് തനിക്കിപ്പോഴുള്ള ജീവിതവിജയം കൈവരിക്കാൻ സാധിച്ചിരിക്കുന്നതെന്നാണ് ബാരോ വ്യക്തമാക്കുന്നത്.

1998നും 2002നും ഇടയിൽ പ്രോപ്പർട്ടി മാനേജ്മെന്റ് പഠിക്കാനായിരുന്നു അദ്ദേഹം ബ്രിട്ടനിൽ കഴിഞ്ഞിരുന്നത്. അന്ന് തന്റെ ചെലവുകൾക്കുള്ള പണം കണ്ടെത്താനായിരുന്നു ബാരോ ഓഫീസുകൾ, മ്യൂസിക് ഫെസ്റ്റിവലുകൾ, ഹൈ സ്ട്രീറ്റ് സ്റ്റോറുകൾ എന്നിവയ്ക്കായി സെക്യൂരിറ്റി ജോലി ചെയ്തിരുന്നത്. താൻ ബില്യൺ കണക്കിന് വർഷങ്ങൾ ഗാംബിയ ഭരിക്കുമെന്ന അതിശയകരമായ പ്രസ്താവന നടത്തിയ ആളാണ് മുൻ പ്രസിഡന്റായ യഹിയ. എന്നാൽ ഈ ആഴ്ച നടന്ന തെരഞ്ഞെടുപ്പിൽ അഡമ അട്ടിമറി വിജയം നേടുകയായിരുന്നു. ഇതിനെ തുടർന്ന് വൻ വിജയാഘോഷങ്ങൾ ഗാംബിയയുടെ തെരുവുകളിൽ നടക്കുകയും ചെയ്തിരുന്നു.ലിബിയയിലെ മുൻ ഏകാധിപതിയായ ഗദ്ദാഫിയുടെ അടുത്ത സുഹൃത്തായിരുന്ന യഹിയ കടുത്ത ഏകാധിപത്യ ഭരണമായിരുന്നു കഴിഞ്ഞ 22 വർഷമായി ഗാംബിയയിൽ നടത്തി വന്നിരുന്നത്.

തന്റെ ശത്രുക്കളെ ക്രൂരമായി പീഡിപ്പിച്ചായിരുന്നു യഹിയ ഭരിച്ചിരുന്നത്. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിലെ ഫലം യഹിയ അംഗീകരിക്കുമോയെന്ന് പോലും പലരും ആശങ്കപ്പെട്ടിരുന്നു.എന്നാൽ വെള്ളിയാഴ്ച വൈകുന്നേരം ഗവൺമെന്റ് റേഡിയോയിലൂടെ രാഷ്ട്രത്തോട് സംസാരിക്കവെ അദ്ദേഹം തന്റെ തോൽവി അംഗീകരിക്കുകയും ബാരോവിന് സ്ഥാനം ഒഴിഞ്ഞ് കൊടുക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് തലസ്ഥാനമായ ബൻജുളിൽ വൻ ആഹ്ലാദ പ്രകടനമാണ് ജനങ്ങൾ നടത്തിയത്.ഏകാധിപത്യത്തിൽ നിന്നുമുള്ള മോചനമുണ്ടായതിലുള്ള സന്തോഷപ്രകടനമാണിത്. തെരുവുകളിൽ വൻ പൊലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആഹ്ലാദ പ്രകടനത്തിനിടെ ചെറിയ ചില പ്രശ്നങ്ങൾ അരങ്ങേറുകയും ചെയ്തിരുന്നു. 1.8 മില്യൺ ജനസംഖ്യയുടെ ഗാംബിയയിലെ 45.5 ശതമാനം വോട്ടും ബാരോയ്ക്കാണ് ലഭിച്ചത്. എന്നാൽ യഹിയക്ക് വെറും 36.7 ശതമാനം വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂ.