പത്തനാപുരം: പ്രമുഖ പ്രവാസി വ്യവസായ എംഎ യൂസഫലി പത്തനാപുരത്തെ ഗാന്ധിഭവനിലെത്തി ഇതാണ് ഭൂമിയിലെ സ്വർഗ്ഗമെന്ന് വിശേഷിപ്പിച്ചിരുന്നു. ഈ സ്വർഗ്ഗത്തിന്റെ പ്രവർത്തനം ഇഷ്ടപ്പെടാത്ത ചിലർ ഇവിടെ തന്നെയുണ്ട്. മണലൂറ്റ് മാഫിയക്ക് ഒത്താശ പിടിക്കുകയും പിരിവ് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്ത ഇക്കൂട്ടർ അടുത്തിടെ ഗാന്ധിഭവനിൽ കയറി ഗുണ്ടാവിളയാട്ടം നടത്തുകയുണ്ടായി. പ്രാദേശിക കേരളാ കോൺഗ്രസ് നേതാവെന്ന് അവകാശപ്പെടുന്ന നൗഷാദ് എന്നയാളുടെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവന് നേരെ നിരന്തരം ആക്രമവും ഭീഷണികളുമാണ്. ഗാന്ധി ഭവൻ പ്രവർത്തനങ്ങളെ തടയുന്ന രീതിയിൽ പെരുമാറുകയും ഈ പ്രസ്ഥാനം പൂട്ടിക്കുമെന്ന ഭീഷണിയാണ് ഇപ്പോൾ ഇക്കൂട്ടർ നടത്തുകയും ചെയ്തത്. ഇവിടെ ഗുണ്ടാവിളയാട്ടം നടത്തിയ നൗഷാദിനെതിരെ കർശന നടപടി സ്വീകരിക്കാതെ പുനലൂർ ഡിവൈഎസ്‌പി ബി കൃഷ്ണകുമാർ ഒത്തുകളിക്കുകയാണെന്നാണ് ആരോപണം.

ഡിവൈഎസ്‌പിയെ മാറ്റി നിർത്തി സത്യസന്ധമായ അന്വേഷണം വേണമെന്ന് കാണിച്ച് ഗാന്ധിഭവൻ മേധാവി പുനലൂർ സോമരാജൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഗന്ധിഭവനിലെ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയവർക്കെതിരെ നടപടി കൈക്കൊള്ളണം എന്നുമവശ്യപ്പെട്ടാണ് സോമരാജൻ പരാതി നൽകിയിരിക്കുന്നത്. ഡിവൈഎസ്‌പിക്കെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിക്കുന്നു.

കൃഷ്ണകുമാറിന്റെ സ്വത്തു വിവരം ഉൾപ്പെടെ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഗുണ്ടകളെ ഉപയോഗപ്പെടുത്തി ഇഷ്ടമില്ലാത്തവരെ തകർത്തുന്ന പ്രവർത്തികളും അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. ഗുണ്ടാ സംഘങ്ങളുമായി രഹസ്യബന്ധമുള്ള ഡിവൈഎഫ്പിയെ ഗാന്ധിഭവൻ ഭയപ്പെടുന്നതായും ഗാന്ധിഭവനെതിരെ കള്ളക്കേസുകൾ ചുമത്താൻ സാധ്യതയുണ്ടെന്നും പരാതിയിൽ കുറ്റപ്പെടുന്നുണ്ട്. കുടിവെള്ള പൈപ്പുകൾ മാസങ്ങളായി അടിച്ച തകർക്കപ്പെട്ട നിലയിലാണ്. ഇത് പുനഃസ്ഥാപിക്കാനുള്ള നടപടി വേണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.

2018 ജനുവരി 6-ാം തീയതി ഗാന്ധിഭവൻ ആക്രമിച്ച ക്രിമിനലുകളെ ഗാന്ധിഭവന്റെ മുൻവശം വിളിച്ചുവരുത്തി ഗാന്ധിഭവൻ പ്രവർത്തകരുടെയും വനിതാ സബ്ബ് കളക്ടറുടെയും മുന്നിൽ വച്ച് ഡിവൈ.എസ്‌പി. ബി. കൃഷ്ണകുമാർ നടത്തിയ പ്രസംഗത്തിന്റെ പകർപ്പിന്റെ സിഡിയും ഹാജരാക്കിയാണ് പരാതി. പത്തനാപുരം കുണ്ടയം സ്വദേശിയായ നൗഷാദ് കല്ലടയാറ്റിൽ നിന്നും അനധികൃതമായി മണൽ കടത്ത് നടത്തിയും ഭീഷണിപ്പെടുത്തി പണം സമ്പാദിച്ചുമാണ് മുന്നോട്ട് പോകുന്നതെന്നും അത്തരക്കാരനെ ഗാന്ധിഭവനുമായി സഹകരിപ്പിക്കാതിരുന്നതിലെ വൈരാഗ്യമാണ് കുപ്രചരണങ്ങൾ നടത്താൻ ഇയാളെ പ്രേരിപ്പിച്ചതുമെന്നാണ് ഗാന്ധിഭവൻ അധികൃതർ പറയുന്നത്.

പണം നൽകാതെ വന്നതോടെ ഗാന്ധിഭവൻ പൂട്ടിക്കും എന്ന് ഭീഷണിയുമായി ഇയാൾ രംഗത്ത് വരികയായിരുന്നു.ഗാന്ധിഭവനിലേക്കുള്ള വഴികാട്ടിബോർഡുകൾ നശിപ്പിക്കുക, ഗാന്ധിഭവനിലെത്തുന്ന സന്ദർശകരെ അസഭ്യം പറയുക, ഗാന്ധിഭവനെതിരെ അപകീർത്തികരമായ പോസ്റ്ററുകളും ബാനറുകളും പതിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇയാൾ നിരന്തരം ആവർത്തിക്കുന്നതായും അധികൃതർ പറയുന്നു.

ഇരുവരുടെയും ബന്ധുക്കൾ ഉൾപ്പെടെയുള്ള സമീപവാസികളായ ഏതാനും സ്ത്രീകളെ അണിനിരത്തി ഗാന്ധിഭവനെതിരായി കുപ്രചരണങ്ങൾ നടത്തുക, ഗാന്ധിഭവൻ പ്രവർത്തകരെ ഒറ്റയ്ക്കും കൂട്ടായും തെറിവിളിക്കുക, വഴിതടയുക, ഗാന്ധിഭവനിലേക്കെത്തുന്ന വാഹനങ്ങൾ ഭീഷണിപ്പെടുത്തി തിരിച്ചുവിടുക, ഗാന്ധിഭവന്റെ വസ്തുവകകൾ നശിപ്പിച്ച് ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കുക, ഭീഷണിപ്പെടുത്തുക, ഗാന്ധിഭവനെതിരെ പോസ്റ്റർ, ഫ്ളക്സ് ബാനർ പ്രചരണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ നിരന്തരമായി നടത്തുകയാണ് ഇപ്പോൾ നൗഷാദും ലതയും നേതൃത്വം നൽകുന്ന സംഘം.

മാസങ്ങൾക്ക് മുമ്പ് ഗാന്ധിഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഒരു ചടങ്ങിൽ വച്ച് പത്മശ്രീ എം.എ. യൂസഫലി ഗാന്ധിഭവന് കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകുകയും, സമീപത്തായി വാങ്ങിയിട്ടിരുന്ന ഒരേക്കർ വസ്തുവിൽ ഹാബിറ്റാറ്റ് ഏറ്റെടുത്ത് കെട്ടിടനിർമ്മാണത്തിനുള്ള പയലിങ് വർക്കുകൾ ആരംഭിക്കുകയും ചെയ്തു. യു. നൗഷാദ്, ലത സി. നായർ എന്നിവർ ചേർന്ന് സമീപത്തുള്ള സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ഗാന്ധിഭവനെതിരെ അണിചേർക്കുകയായിരുന്നു. ബഹുനില കെട്ടിടം നിർമ്മിക്കുന്നതോടെ നാട്ടിൽ മറ്റാർക്കും ജീവിക്കാനാവാത്ത അവസ്ഥ വരുമെന്നുമൊക്കെ പറഞ്ഞാണ് സമീപവാസികളെ ഇവർ തെറ്റിദ്ധരിപ്പിച്ചത്.

ആയിരത്തിലധികം നിരാലംബർ വസിക്കുന്ന ഗാന്ധിഭവനിലെ ജലവിതരണ പൈപ്പുകൾ പലതവണ തകർക്കുകയും അന്തേവാസികൾ ദുരിതത്തിലാവുകയും ഇതിനെതുടർന്ന് നാല് ദിവസം വൻ വിലയ്ക്ക് ടാങ്കറുകളിൽ വെള്ളം വാങ്ങി ഉപയോഗിക്കേണ്ടിവരികയും ചെയ്ത സാഹചര്യമുണ്ടാക്കി. ഗാന്ധിഭവന്റെ കൃഷിയിടത്തിൽ കടന്ന് കാർഷികവിളകളെല്ലാം നശിപ്പിച്ചു. നിർമ്മാണപ്രവർത്തനങ്ങൾ പൂർണ്ണമായും മുടക്കി. സമീപത്ത് ഭിന്നശേഷിയുള്ള കുട്ടികളുടെ സ്പെഷ്യൽ സ്‌കൂളും, ജെ.ജെ. ആക്ട് പ്രകാരം പെൺകുട്ടികളുടെ ചിൽഡ്രൻസ് ഹോമും പ്രവർത്തിക്കുന്ന ഗാന്ധിഭവന്റെ വസ്തുവിൽ നിർമ്മാണപ്രവർത്തനങ്ങൾക്കായി എത്തുന്ന ജോലിക്കാരെ മാരകായുധങ്ങളുമായി സംഘം ചേർന്ന് വിരട്ടിയോടിക്കുകയാണെന്നും ഗാന്ധിഭവൻ പരാതിപ്പെട്ടിരുന്നു.

ഗാന്ധിഭവന്റെ ഭൂമിയിൽ തകരവേലി സ്ഥാപിച്ചപ്പോൾ അത് മുഴുവൻ തല്ലിത്തകർക്കുകയും ചെയ്യകുണ്ടായി. ഹാബിറ്റാറ്റിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന രണ്ടേക്കറോളം വരുന്ന പുരയിടത്തിലെ ഇരുമ്പുപൈപ്പുകളും ടിൻഷീറ്റും ഉപയോഗിച്ച് നിർമ്മിച്ച ചുറ്റുമതിൽ കോടാലി, ഇരുമ്പ് ആയുധങ്ങൾ മുതലായവ ഉപയോഗിച്ച് പൂർണ്ണമായും നശിപ്പിച്ചു.ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഗാന്ധിഭവനിലെ ചിലപ്രവർത്തകർ എത്തിയപ്പോൾ അവർക്ക് നേരെ കല്ലെറിയുകയും തെറിവിളിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പത്തനാപുരം പൊലീസിൽ വിവരമറിയിച്ചപ്പോൾ സംഭവസ്ഥലത്തേക്ക് ഏറെ സമയം കഴിഞ്ഞ് സ്‌കൂട്ടറിൽ രണ്ട് കോൺസ്റ്റബിൾമാരെ വിടുകയാണ് ആദ്യം ചെയ്തത്. അവർ വന്ന് നിഷ്‌ക്രിയരായി നിൽക്കുകയായിരുന്നു. തുടർന്ന് നാലഞ്ചു മണിക്കൂറുകൾ വൈകിയാണ് എസ്.ഐ. ഉൾപ്പെടെയുള്ള പൊലീസ് സംഘം എത്തിയത്. അപ്പോഴേക്കും ഏകദേശം 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടാക്കിയശേഷം അക്രമികൾ പിരിഞ്ഞുപോയിരുന്നു. മതിലിന്റെ കുറേ ഭാഗങ്ങൾ പൊളിച്ചു കടത്തിക്കൊണ്ടുപോകുകയും ചെയ്തുവെന്നും ഗാന്ധി ഭവൻ അധികൃതർ പറയുന്നു.

ഈ സംഭവത്തിൽ അടക്കം ഡിവൈഎസ്‌പി വേണ്ട വിധത്തിൽ നടപടി സ്വീകരിക്കുന്നല്ലെന്നാണ് ഗാന്ധിഭവന്റെ പരാതി. അതുകൊണ്ട് ഡിവൈഎസ്‌പിയെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.